സിനിമകളിലും കഥകളിലും അധോലോക രാജാക്കന്മാർ വാഴുന്ന സ്ഥലമാണ് മുംബൈ. എന്നാൽ ഒരിക്കലെങ്കിലും നിങ്ങൾ അവിടെ പോയി വന്നാൽ തീരാവുന്നതേയുള്ളൂ കഥകൾ കേട്ടുള്ള ഈ പേടിയൊക്കെ. മുംബൈയിൽ കാണുവാൻ ഒത്തിരി സ്ഥലങ്ങളുണ്ട്. അവയിൽ പ്രധാനമാണ് അവിടത്തെ വ്യത്യസ്തങ്ങളായ മാർക്കറ്റുകൾ. ഷോപ്പിംഗ് നടത്തുവാനും നടന്നുകൊണ്ട് കാഴ്ചകൾ കാണാനും പറ്റിയ ചില മുംബൈ മാർക്കറ്റുകളെ അറിഞ്ഞിരിക്കാം.

1. കൊളാബ കോസ് വേ : മുംബൈയിൽ വരുന്ന സഞ്ചാരികൾ കണ്ടിരിക്കേണ്ട പ്രധാന മാർക്കറ്റാണ് കൊളാബ കോസ് വേ. ഷോപ്പിംഗിനാണ് പ്രധാനമായും ഇവിടേക്ക് ആളുകൾ വരുന്നത്. തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ, സ്ട്രീറ്റ് ഫുഡുകൾ തുടങ്ങി എന്തും ഇവിടെ വിലക്കുറവിൽ ലഭിക്കും. കോളനി ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങളിലാണ് കോസ്വേയിലെ മിക്കവാറും ഷോപ്പുകളും പ്രവര്‍ത്തിക്കുന്നത്.

2. ചോർ ബസാർ : മുംബൈയിലെ പ്രസിദ്ധമായ മറ്റൊരു മാർക്കറ്റാണ് ചോർ ബസാർ. ‘ചോർ’ എന്നാൽ ഹിന്ദിയിൽ കള്ളൻ എന്നാണു അർത്ഥം. എന്നുകരുതി ഇത് മോഷണവസ്തുക്കൾ വിൽക്കുന്ന ചന്തയാണെന്നു വിചാരിക്കല്ലേ. ‘ഷോർ ബസാർ; എന്ന പേരിൽ നിന്നുമാണ് ഇന്നിത് ചോർ ബസാർ ആയി മാറി.. 150 ഓളം വര്ഷങ്ങളുടെ പാരമ്പര്യമുണ്ട് ചോർ ബസാറിന്. ദിവസേന രാവിലെ 11 മാണി മുതൽ രാത്രി 7.30 വരെയാണ് ചോർ ബസാർ പ്രവർത്തിക്കുന്നത്. വെള്ളിയാഴ്ച ഈ ചന്ത മുടക്കാണെന്നാണ് അറിയുവാൻ കഴിഞ്ഞത്.

3. ക്രൗഫോര്‍ഡ് മാര്‍ക്കെറ്റ് : മുംബൈയിൽ പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന ഏറ്റവും പ്രസിദ്ധമായ മാർക്കറ്റ് ആണ് ഇത്. ഇതുകൂടാതെ വളർത്തുന്നതിനായുള്ള പക്ഷികളെയും ഇവിടെ നിന്നും വാങ്ങാവുന്നതാണ്. മുംബൈയിലെ ഛത്രപതി ശിവജി റെയിൽവേ സ്റ്റേഷന്റെ അടുത്തായാണ് ക്രൗഫോര്‍ഡ് മാര്‍ക്കെറ്റ് സ്ഥിതി ചെയ്യുന്നത്. കോളനി കാലത്ത് നിര്‍മ്മിച്ച നിരവധി പഴയ കെട്ടിടങ്ങള്‍ ചരിത്രം പറയുന്ന ക്രൗഫോര്‍ഡ് മാര്‍ക്കറ്റിന്റെ ആ പഴമ ഇന്നും നിലനിൽക്കുന്നുണ്ട്.

4. സവേരി ബസാർ : മുംബൈയിൽ സ്ഥിതി ചെയ്യുന്ന സവേരി ബസാർ ഇന്ത്യയിലെത്തന്നെ ഏറ്റവും പഴക്കമുള്ളതും വലുതുമായ സ്വർണ്ണ വിൽപ്പന കേന്ദ്രങ്ങളിൽ ഒന്നാണ്. ഇവിടത്തെ കെട്ടിടങ്ങൾ കണ്ടാൽ പഴകി ദ്രവിച്ചതാണെന്നു ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും അവയുടെ ഉള്ളിലെല്ലാം നിറയെ സ്വർണ്ണമാണ് എന്നതാണ് സത്യം.

5. സി.പി. ടാങ്ക് : മുംബൈയിൽ വ്യത്യസ്തങ്ങളായ വളകൾ (സ്വർണ്ണമല്ല) ലഭിക്കുന്ന സ്ഥലം ആണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ നേരെ സി.പി. ടാങ്കിലേക്ക് പൊയ്‌ക്കോളൂ. ധരിക്കുവാൻ ഉദ്ദേശിക്കുന്ന സാരിയോ മറ്റു വസ്ത്രങ്ങളോ കൂടെ കരുതിയാൽ അതിനു യോജിക്കുന്ന വളകൾ കടക്കാർ തിരഞ്ഞെടുത്തു തരും. ‘കവാസ്‌ജി പട്ടേൽ ടാങ്ക്’ എന്ന പേരാണ് ലോപിച്ച് സി.പി. ടാങ്ക് എന്നായത്.

6. കാല ഘോട : കാല ഘോട എന്ന മറാത്തി വാക്കിന്റെ അര്‍ത്ഥം കറുത്ത കുതിരയെന്നാണ്. സൗത്ത് മുംബൈയുടെ സമീപ പ്രദേശമാണ് കാലഘോട. ചന്ദ്രകല പോലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം മുംബൈയിലെ കലാകാരന്മാരുടെ താവളം കൂടിയാണ്. ഇവിടെ വന്നാൽ നിരവധി കലാകാരന്മാരുടെ സൃഷ്ടികൾ കാണുവാനും വേണമെങ്കിൽ അവ വിലകൊടുത്തു വാങ്ങുവാനും സാധിക്കും. ഒപ്പം കലാകാരന്മാരുമായി പരിചയപ്പെടുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യാം. ദിവസേന രാവിലെ 11 മുതൽ രാത്രി 7 വരെയാണ് കാല ഘോട ആർട്ട് പ്ലാസ പ്രവർത്തിക്കുന്നത്.

7. ദാദർ പൂ മാർക്കറ്റ് : മുംബൈയിലെ ഏറ്റവും വലിയ പൂ മാർക്കറ്റാണ് ദാദറിൽ സ്ഥിതി ചെയ്യുന്നത്. നൂറുകണക്കിന് സ്റ്റാളുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. മുംബൈയിലെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളെല്ലാം ആവശ്യങ്ങൾക്കായി പൂക്കൾ ഇവിടെ നിന്നുമാണ് വാങ്ങുന്നത്. സൂര്യൻ കുടിക്കുന്നതിനും മുൻപേ ദാദർ പൂ മാർക്കറ്റ് ഉണരും. ദാദർ റെയിൽവേ സ്റ്റേഷന് അടുത്തയാണ് ഈ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്.

8. ഫാഷൻ സ്ട്രീറ്റ് : നിങ്ങളുടെ മനസ്സിനിണങ്ങിയ വസ്ത്രങ്ങൾ വിലക്കുറവിൽ വാങ്ങണമെന്നുണ്ടോ? എങ്കിൽ പോകാം മുംബൈ എംജി റോഡിലെ ഫാഷൻ സ്ട്രീറ്റിലേക്ക്. ഏകദേശം 150 ഓളം കടകൾ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. വിവിധ ബ്രാൻഡുകളുടെ ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള ഡ്യൂപ്ലിക്കേറ്റ് ഐറ്റംസ് വിലക്കുറവിൽ ഇവിടെ ലഭിക്കും എന്നതാണ് ഫാഷൻ സ്ട്രീറ്റിനെ ആളുകൾക്കിടയിൽ ഇത്രയും പ്രശസ്തമാക്കിയത്. തുണിത്തരങ്ങൾ കൂടാതെ ഷൂസുകൾ, ബെൽറ്റുകൾ തുടങ്ങിയവയും ഇവിടെ ലഭ്യമാണ്.

മുംബൈയിൽ ഇനിയും കാണുവാൻ ഏറെയുണ്ട്. അവയെല്ലാം ഒറ്റ ലേഖനത്തിൽ വിവരിക്കുവാൻ ബുദ്ധിമുട്ടാണ് എന്നതിനാൽ തിരഞ്ഞെടുത്തവ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. ഇനി മുംബൈയിൽ വരുമ്പോൾ ഈ വ്യത്യസ്തങ്ങളായ മാർക്കറ്റുകൾ കൂടി സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.