കൊറോണ വൈറസ് ലോകമെമ്പാടും വ്യാപിച്ചതു മൂലം ഏറ്റവുമധികം പ്രതിസന്ധി നേരിട്ട ഒരു മേഖലയാണ് ടൂറിസം. ഇന്നു റെഡിയാകും, നാളെ റെഡിയാകുമെന്നു പറഞ്ഞു കാത്തിരിപ്പ് മാസങ്ങൾ പിന്നിട്ടെങ്കിലും നമ്മുടെ കേരളത്തിലെ ടൂറിസം മേഖല ലോക്ക്ഡൗണിൽ തന്നെയായിരുന്നു. ഇതിനിടയിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിയന്ത്രണങ്ങളോടെ ടൂറിസം പുനരാരംഭിച്ചിരുന്നു. ഇപ്പോഴിതാ നമ്മുടെ കേരളത്തിലും ടൂറിസം ഉയർത്തെഴുന്നേൽക്കുകയാണ്.
മാസമായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ ഒക്ടോബർ 12 തിങ്കളാഴ്ച മുതൽ മുതൽ തുറക്കുവാൻ തീരുമാനമായിരിക്കുകയാണ്. എന്നാൽ ബീച്ചുകൾ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാത്രമായിരിക്കും ഇപ്പോൾ തുറക്കുക. അതേസമയം നവംബർ മുതൽ ബീച്ചുകളും സഞ്ചാരികൾക്കായി തുറന്നു കൊടുക്കും.
ടൂറിസ്റ്റു കേന്ദ്രങ്ങൾ തുറന്നുവെന്നു കരുതി പഴയപോലെ മതിമറന്നാസ്വദിക്കാൻ കഴിയില്ലെന്നു കൂടി ഓർക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം. കോവിഡ് രോഗലക്ഷണങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ ടൂറിസ്റ്റുകൾ യാത്ര ചെയ്യാൻ പാടില്ല. മാസ്ക് നിർബന്ധമായും ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും രണ്ട് മീറ്റർ സാമൂഹിക അകലം മറ്റുള്ളവരിൽ നിന്നും പാലിക്കുകയും വേണം. സന്ദർശനവേളത്തിൽ കോവിഡിൻ്റെ ലക്ഷണങ്ങളെന്തെങ്കിലും ഉണ്ടാകുകയാണെങ്കിൽ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരുടെ സേവനം തേടേണ്ടതാണ്.
സന്ദര്ശകരെപ്പോലെതന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളും, ഹോട്ടലുകളും, അവിടത്തെ ജീവനക്കാരുമെല്ലാം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചിരിക്കണം. സഞ്ചാരികളുടെ ടെമ്പറേച്ചർ പരിശോധിക്കുന്നതിനും, കൈകൾ സോപ്പിട്ട് കഴുകുന്നതിനും, സാനിട്ടൈസർ ഉപയോഗിക്കുന്നതിനുമെല്ലാം സൗകര്യങ്ങൾ ഒരുക്കിയിരിക്കണം. നടപ്പാതകളും കൈവരികളും ഇരിപ്പിടങ്ങളുമെല്ലാം സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം. അതോടൊപ്പം തന്നെ ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തുകയും വേണം.
ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ടിക്കറ്റുകൾ എടുക്കുന്നത് പരമാവധി ഓൺലൈൻ മുഖേനയാക്കണം. സഞ്ചാരികൾ ഹോട്ടലുകളിൽ റൂം എടുക്കുന്നതും ഇത്തരത്തിൽ ഓൺലൈനായി തന്നെ ചെയ്യണം. ഇതിനായി വിവിധ ബുക്കിംഗ് സൈറ്റുകളെ ആശ്രയിക്കാവുന്നതാണ്. ഹോട്ടലുകളും റിസോർട്ടുകളും പൂർണ്ണമായും തുറന്നു പ്രവർത്തിക്കുന്നതോടൊപ്പം തന്നെ ഹൗസ്ബോട്ടുകൾ, ടൂറിസ്റ്റ് ബോട്ടുകൾ മുതലായവയ്ക്കും സർവ്വീസ് നടത്തുവാൻ അനുമതിയുണ്ട്. ഏറെ നാളുകളായി പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ആലപ്പുഴ, കുമരകം എന്നിവിടങ്ങളിലെ ഹൗസ്ബോട്ട് ഉടമകൾക്കും ജീവനക്കാർക്കും ആശ്വാസകരമാണ് ഈ വാർത്ത.
കേരളത്തിന് പുറത്തു നിന്നുള്ള സഞ്ചാരികൾക്ക് ഏഴു ദിവസം വരെയുള്ള സന്ദർശനത്തിന് ഇവിടെ ക്വാറന്റൈൻ നിർബന്ധമല്ല. എന്നാൽ ഇത്തരത്തിൽ അതിർത്തി കടന്നു വരുന്ന സഞ്ചാരികൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇങ്ങനെ വരുന്നവർ ഏഴു ദിവസത്തിൽക്കൂടുതൽ ഇവിടെ തങ്ങുവാനിടയായാൽ സ്വന്തം ചെലവിൽ കോവിഡ് ടെസ്റ്റിന് വിധേയരാകേണ്ടതുണ്ട്.
കോവിഡിനെതിരെ പൊരുതുന്നതിനോടൊപ്പം സുരക്ഷിതമായ മാർഗ്ഗങ്ങൾ കൈക്കൊണ്ട് നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകണം. യാത്രകൾ പോകാതെ എക്കാലത്തും വീട്ടിലിരിക്കുക എന്നത് എല്ലാവർക്കും പറ്റുന്ന ഒരു കാര്യമല്ലല്ലോ. ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് കുടുംബങ്ങൾ നമുക്കിടയിലുണ്ട്. അവർക്കും ജീവിക്കണം.. അതുപോലെ നമുക്ക് എല്ലാവർക്കും ജീവിക്കണം. പഴയപോലെ കോവിഡിനെ ഒട്ടും പേടിക്കാതെ, മാസ്‌ക്ക് ഇടാതെ പുറത്തിറങ്ങി നടക്കുവാനുള്ള സമയം ഉടനെ കൈവരുമെന്ന പ്രത്യാശ മനസ്സിൽ നിറയ്ക്കാം.