ബെംഗളൂരുവിൽ ഒരു ദിവസം ചുമ്മാ കറങ്ങി നടക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ലത് ടാക്‌സിയും ഓട്ടോയുമൊന്നുമല്ല അവിടത്തെ BMTC ബസ്സുകളാണ്. ഈ BMTC ബസ്സുകളുടെ ഒരു പ്രത്യേകത എന്തെന്നാൽ ഇതിൽ ഡെയിലി പാസ്സ് എടുത്താൽ ഒരു ദിവസം മുഴുവനും ബസ്സുകളിൽ (BMTC) എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം എന്നതാണ്.

147 രൂപയുടെ പാസ് എടുത്താൽ BMTC യുടെ AC/Non AC ബസ്സുകളിൽ ഒരു ദിവസം മുഴുവൻ ബാംഗ്ലൂരിൽ എവിടെ വേണമെങ്കിലും കറങ്ങാം. ഇനി 70 രൂപയുടെ പാസ്സ് എടുക്കുകയാണെങ്കിൽ Non AC ബസുകളിൽ മാത്രമായും യാത്ര ചെയ്യാവുന്നതാണ്. പക്ഷേ AC ബസ് പാസ്സ് എടുക്കുന്നതായിരിക്കും കുറച്ചു കൂടി ലാഭം. ഇങ്ങനെ പാസ്സ് എടുത്തു യാത്ര ചെയ്യുന്നതു കൊണ്ട് നമുക്ക് മറ്റൊരു ലാഭം കൂടിയുണ്ട്. പൊതുവെ BMTC ബസുകളിലെ കണ്ടക്ടർമാർ ടിക്കറ്റ് ചാർജ്ജ് കഴിഞ്ഞുള്ള ബാലൻസ് തുക തിരികെ കൊടുക്കുവാൻ മടിയുള്ളവരാണ്. എന്നാൽ പാസ്സ് മൂലം യാത്ര ചെയ്യുന്നവർക്ക് ഈ പ്രശ്നമൊന്നും ബാധകമല്ല.

ഇത്തരത്തിലുള്ള പാസുകൾ ബസ്സിലെ കണ്ടക്ടർമാരുടെ പക്കൽ ലഭിക്കുന്നതാണ്. പാസ്സ് എടുക്കുന്നതിനായി നമ്മുടെ ഏതെങ്കിലും ഐഡന്റിറ്റി കാർഡ് നിർബന്ധമായും കാണിക്കണം. അതല്ലെങ്കിൽ ബസ് സ്റ്റാൻഡുകളിൽ നിന്നും ഇത്തരം പാസുകൾ ലഭിക്കും. രാത്രി 12 മണി വരെയാണ് ഒരു ഡെയ്‌ലി പാസ്സിന്റെ വാലിഡിറ്റി. ഡെയിലി പാസ്സുകൾക്ക് പുറമെ ഒരു മാസം മുഴുവൻ ഉപയോഗിക്കുവാൻ സാധിക്കുന്ന പാസ്സുകളും ലഭ്യമാണ്.

147 രൂപയുടെ യാത്രാപാസ്സുകൾ ഉപയോഗിച്ച് BMTC യുടെ എല്ലാത്തരം ബസ്സുകളിലും വേറെ ടിക്കറ്റുകളൊന്നും എടുക്കാതെ സഞ്ചരിക്കാവുന്നതാണ്. എന്നാൽ ബെംഗളൂരു എയർപോർട്ടിലേക്ക് സർവ്വീസ് നടത്തുന്ന ബസ്സുകളിൽ ഈ പാസ്സ് ബാധകമായിരിക്കില്ല. അതിൽ വേറെ ടിക്കറ്റ് എടുത്തു യാത്ര ചെയ്യേണ്ടി വരും. കഴിഞ്ഞയിടെ നടത്തിയ സർവ്വേ റിപ്പോർട്ട് പ്രകാരം BMTC യിൽ യാത്ര ചെയ്യുന്നവരിൽ 48% ആളുകളും പാസ്സ് ഉപയോഗിക്കുന്നവരാണത്രെ.

നമ്മുടെ നാട്ടിലെ ബസുകളെ അപേക്ഷിച്ച് BMTC ബസ്സുകൾ എവിടെ കൈകാണിച്ചാലും മിക്കവാറും നിർത്തി തരും. അതുപോലെ തന്നെ അതിലെ ഡ്രൈവർമാർ ആളുകളെ വിളിച്ചുകയറ്റുന്ന കാഴ്ചയും അവിടെ സാധാരണമാണ്.

ബെംഗളൂരുവിൽ ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം പോക്കറ്റടിയാണ്. ഭയങ്കര തിരക്കുള്ള ബസ്സുകളിൽ കഴിവതും കയറാതിരിക്കുക. ഇനി കയറിയാൽത്തന്നെ പഴ്‌സും മൊബൈൽഫോണും സൂക്ഷിക്കുക. യാതൊരു കാരണവശാലും തിരക്കിൽപ്പെട്ടു നിൽക്കുവാൻ പാടില്ല. ഈ ഒരു കാര്യം ബസ് യാത്രക്കാർ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ്.

ബെംഗളൂരുവിലെ പ്രധാന മുക്കിലും മൂലയിലും വരെ BMTC യുടെ സർവ്വീസുകൾ ലഭ്യമാണ്. അതുകൊണ്ട് ഒരു ദിവസം മുഴുവനും കാഴ്ചകൾ കണ്ടുകൊണ്ട് ചുമ്മാ ചുറ്റിയടിക്കുവാൻ താല്പര്യമുള്ളവർക്ക് മേൽപ്പറഞ്ഞ പാസുകളിൽ ഇഷ്ടമുള്ളത് എടുത്തുകൊണ്ട് യാത്ര ചെയ്യാവുന്നതാണ്. വെറും 147 രൂപ മുടക്കി ഒരു ദിവസം മുഴുവൻ ബെംഗളൂരു പോലുള്ള ഒരു മെട്രോ നഗരത്തിൽ ചുറ്റിയടിക്കാമെന്നുള്ളത് ഒരു നിസ്സാര കാര്യമല്ലല്ലോ.. അപ്പോൾ ഇനി ബെംഗളൂരുവിൽ പോകുമ്പോൾ എല്ലാവരും ഈ കാര്യം ഒന്നോർത്തിരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.