വിവരണം – വൈശാഖ് കീഴെപ്പാട്ട്.
വ്യത്യസ്ത തരം ഭക്ഷണം കഴിക്കാൻ ഇഷ്ടമുള്ളവർ ആണ് നാമെല്ലാവരും. അതുകൊണ്ട് തന്നെയാണ് ഒരു വീഡിയോ കണ്ടതിന്റെ പിന്നാലെ ഇങ്ങനെ ഒരു യാത്ര പ്ലാൻ ചെയ്തതും. 650 രൂപയുടെ ഉച്ചഭക്ഷണം. യാത്രയുടെ തലേദിവസം പെരുന്തുറൈ ഉള്ള UBM ഹോട്ടലിൽ വിളിച്ചു ബുക്ക് ചെയ്യുമ്പോൾ ആണ് ആദ്യ പണി വരുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ഫാമിലിക്കാണ് മുൻഗണന എന്നറിയുന്നത്. അതിനാൽ കാലത്തു വിളിച്ചു നോക്കിയിട്ട് വന്നാൽ മതി എന്നാണ് അവിടുന്ന് കിട്ടുന്ന മറുപടി.
പദ്ധതികൾ എല്ലാം തകിടംമറിഞ്ഞ നിമിഷം. ഉടനെ തന്നെ പദ്ധതിയിൽ ചില മാറ്റം വരുത്തി. രാവിലെ തന്നെ കൊടകരയിൽ നിന്ന് യാത്ര ആരംഭിച്ചു. തലേ ദിവസം തന്നെ സുഹൃത്ത് ഹരികുട്ടന്റെ വീട്ടിലേക്ക് ഞാൻ എത്തിയിരുന്നു. തുടർന്ന് മറ്റു സുഹൃത്തുക്കൾ ആയ ഗോകുൽ, ആദിത്, ഹരീഷ് എന്നിവരേം കൂട്ടി പൊള്ളാച്ചി വഴി വണ്ടി വിട്ടു. പാലക്കാടൻ സൗന്ദര്യം ആസ്വദിച്ച് നെന്മാറ വഴി പൊള്ളാച്ചിയിലേക്ക്. UBM ഇപ്പോഴും ഉറപ്പില്ലാതെ ആണ് യാത്ര. അത് തരപെട്ടിലില്ലേൽ പൊള്ളാച്ചിയിലെ ഒരു സ്പെഷ്യൽ ഐറ്റം കഴിച്ചു പറമ്പിക്കുളം പോകാനാണ് പദ്ധതി.
പ്രഭാത ഭക്ഷണം പൊള്ളാച്ചിയിൽ നിന്നുമാണ് അതിനു മുന്നേ UBM ലേക്ക് വിളിച്ചു. മറുപടി രണ്ടരയോടെ അവിടെ എത്താൻ. പറമ്പിക്കുളം പദ്ധതിയിൽ വന്നതിനാൽ ആ വഴി കുറച്ചു ദൂരം യാത്ര ചെയ്തു. തണൽ മരങ്ങളാൽ സമ്പുഷ്ടമായ ഹൈവേ.. അന്നേരം ആണ് റോഡിനു അരികിൽ ‘കമ്പം കൂഴ്’ എന്ന പാനീയം ശ്രദ്ധയിൽ പെട്ടത്. ഇന്നത്തെ ആദ്യ ഭക്ഷണം. ചൂടിന് പറ്റിയ ഐറ്റം ആണ്. കൂട്ടത്തിൽ മാങ്ങയും മുളകും എല്ലാം ടച്ചിങ്‌സ് ആയി കിട്ടും. ഇനി നേരെ പൊള്ളാച്ചിയിലെ ബർകത് ഹോട്ടലിലേക്ക്. ഹരികുട്ടനാണ് ഈ ഹോട്ടലിനെ പറ്റി പറയുന്നത്. വലതു വശത്തായി ഒരു ചെറിയ ഹോട്ടൽ. കുഷ്‌ക ക്കു പ്രസിദ്ധമാണ് ഈ ഹോട്ടൽ. കൂട്ടത്തിൽ കുടൽ ഫ്രൈയും.
അങ്ങനെ ആദ്യ ഭക്ഷണം ഓർഡർ ചെയ്തു. കുഷ്‌ക,റോസ്റ്റ് ,കുടൽ ഫ്രൈ. കുഷ്‌ക മിക്ക സ്ഥലങ്ങളിലും കിട്ടുമെങ്കിലും അവിടെ എല്ലാം ബിരിയാണി റൈസ് ആണ് കൊടുക്കാറ്. ഇവിടെ മാത്രമാണ് പ്രത്യേകം ആയി കുഷ്‌ക തയ്യാറാക്കുന്നത്. ഇവിടത്തെ മറ്റൊരു പ്രത്യേകത റോസ്റ്റും അതിന്റെ കൂടെയുള്ള ചമ്മന്തി ചട്ടിണി. കിടിലൻ എന്ന് പറയാതെ പറ്റില്ല. പിന്നെ ആടിന്റെ കുടൽ ഫ്രൈയും. എല്ലാം ഒന്നിനൊന്നു മെച്ചം..അധികമില്ലാത്ത വിലയും. കുഷ്‌ക 40 ,റോസ്റ്റ് 30 ,കുടൽ ഫ്രൈ 60. കാലത്തേ ഭക്ഷണം കെങ്കേമം..
പൊള്ളാച്ചി നിന്ന് തിരുപ്പൂർ വഴിയാണ് പെരുന്തുറൈ പോകുന്നത്. പാലക്കാട് നിന്ന് ആണെകിൽ നേരെ ഹൈവേ വഴി പോയാൽ മതി. സമയം ഉള്ളതിനാൽ മെല്ലെ വണ്ടി നിർത്തി സമയമെടുത്താണ് പോയത്. കാരണം കാലത്തേ ഭക്ഷണം ദഹിക്കാനുള്ള സമയമെങ്കിലും കൊടുക്കേണ്ടേ. ഗൂഗിൾ പറഞ്ഞുതന്ന ഏതൊക്കെയോ ഊടുവഴിയിലൂടെയാണ് സഞ്ചാരം. ഒടുവിൽ ഉച്ചക്ക് ഒന്നരയോടെ ലക്ഷ്യസ്ഥാനത്തു എത്തിച്ചേർന്നു.
പുറത്തു രണ്ടു മൂന്നു കാറുകൾ മാത്രമേ കാണാൻ ഒള്ളു. മരങ്ങൾ നിറഞ്ഞ ഹൈവേയുടെ വശത്തായി ഒരു ചെറിയ ഹോട്ടൽ. അതാണ് UBM. ഹോട്ടലിനു മുൻവശത്തും മറ്റുമായി ഒരുപാട് ഫ്ളക്സ് കാണാൻ ഉണ്ട്. എല്ലാത്തിലും പേരും നമ്പറും ആണ് പ്രധാനം ആയി കാണുന്നത്. രണ്ടു ഹാളുകളിൽ ആയാണ് ഭക്ഷണം കൊടുക്കുന്നത്. നമ്മുക് കിട്ടിയ സ്ഥലത്തു ഞങൾ ആണ് ആദ്യമായി കയറുന്നത്. പിന്നാലെ കുറച്ചു സമയം കൊണ്ട് അവിടെയും ഫുൾ ആയി. നോൺ ആണ് ഇവിടെ പ്രധാനം. വെജ് ഉണ്ട് പക്ഷെ ചോറും തൈരും രസവും മാത്രമേ കാണൂ.
കൈ കഴുകി ഇരിക്കാൻ പറഞ്ഞു. ഒരു വാഴയില മുഴുവനായാണ് വെക്കുക. അതിൽ രണ്ടു പേർക്കുള്ള ഭക്ഷണം വിളമ്പും. ഉപ്പു തൊട്ടു തുടങ്ങി. ചോറും ബിരിയാണിയും ആദ്യം. പിന്നെ മട്ടൻ വിഭവങ്ങൾ. ആദ്യം രക്തപൊരിയൽ. ആടിന്റെ രക്തം കൊണ്ടാണ് ഉണ്ടാക്കുന്നത്. പിന്നെ കുടൽ കറി ,കൊത്തു കറി, തലക്കറി അങ്ങനെ നീളും മട്ടൻ വിഭവങ്ങൾ. പിന്നെ ചിക്കൻ വിഭവങ്ങൾ അതിൽ നാടൻ, ബ്രോയ്‌ലർ, കാട, ടർക്കി എല്ലാം വരും. കൂടാതെ ചിക്കൻ കാൽ വറുത്തത്, മീൻ വറുത്തത്, കോഴിമുട്ട, മീൻകറി ,തൈര്, രസം, സാലഡ് ഇങ്ങനെ പോകും വിഭവങ്ങൾ.
എല്ലാം എത്ര വേണമെങ്കിലും തരും. കഴിക്കാതേ ഇരുന്നാൽ കഴിപ്പിക്കും. ചോറ് കുറച്ചു കഴിച്ചു മറ്റു വിഭവങ്ങൾ കൂടുതൽ കഴിക്കാനാണ് അവിടത്തെ ‘അമ്മ പറയുക. കൂടാതെ ഭക്ഷണം കഴിക്കുമ്പോ ഫോട്ടോ എടുക്കുന്നതും അവർ പ്രോത്സാഹിപ്പിക്കില്ല. ആസ്വദിച്ച് മെല്ലെ മെല്ലെ ഓരോന്നായി കഴിക്കാം. എല്ലാം കഴിഞ്ഞാൽ അവസാനം ഒരു ഐസ്ക്രീമും കൂടി ആകുമ്പോഴെ ഇതിനു അവസാനം ഉണ്ടാകു. എല്ലാത്തിനും ചേർത്ത് ഒരാൾക്കു 650 രൂപ മാത്രം.
27 കൊല്ലമായി ഈ ഹോട്ടൽ തുടങ്ങിയിട്ട്. ഈ അമ്മയും മക്കളും വെജിറ്റേറിയൻ ആണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഭക്ഷണ ശേഷം കുറച്ചു അധികം സമയം അവിടെ വിശ്രമിച്ചതിനു ശേഷമാണ് UBM നിന്നും വിടപറഞ്ഞത്. ഭക്ഷണപ്രിയർ ഒരിക്കൽ എങ്കിലും വന്നിരിക്കണം ഇവിടെ. ഒരു പ്രത്യേക അനുഭവം തന്നെയാണ് ഈ ഉച്ച ഭക്ഷണം. അവരുടെ രീതികളും സംസാരവും ഭക്ഷണവും എല്ലാം നമ്മുക്ക് ഇഷ്ടമാകും. തിരിച്ചുള്ള പാലക്കാട് യാത്ര നേരെ NH വഴി..ഒറ്റ വഴി..പാലക്കാട് കോട്ടയുടെ അവിടെ നിന്ന് ഒരു മിൽമ ചായ കുടിച്ചതോടെയാണ് തിന്നാൻ വേണ്ടിയുള്ള യാത്രയുടെ അവസാനം. അവിടെ നിന്ന് മ്മടെ സ്വന്തം ആനവണ്ടിയിൽ മ്മടെ നാടായ എടപ്പാളിലേക്ക്..
വീഡിയോകൾ കാണാം – https://bit.ly/313UiSH, https://bit.ly/2wuzlSF .
പൊള്ളാച്ചി ബർകത് ഹോട്ടൽ ലൊക്കേഷൻ https://goo.gl/maps/KPJe7xKz2SQxhRww7, പെരുന്തുറൈ UBM ഹോട്ടൽ ലൊക്കേഷൻ https://goo.gl/maps/HMuzWZr6Y5n2pBt88
09362947900.