കൊറോണ വൈറസ് അഥവാ കോവിഡ്-19 കാരണം ലോകത്തെമ്പാടുമുള്ള ടൂറിസം മേഖല നിശ്ചലമായി കിടക്കുകയാണ്. മിക്ക രാജ്യങ്ങളും വിദേശികളായ സഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസ നൽകിയിരുന്നുമില്ല. എന്നാൽ ടൂറിസം മേഖല പതിയെ തിരിച്ചു വരുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

പല രാജ്യങ്ങളും സഞ്ചാരികളെ ആകർഷിക്കുവാനായി പലതരത്തിലുള്ള ഇളവുകളും വാഗ്‌ദാനങ്ങളുമൊക്കെ പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഉസ്‌ബെക്കിസ്ഥാൻ എന്ന രാജ്യം നടത്തിയ പ്രഖ്യാപനം അൽപ്പം കൗതുകമുണർത്തുന്നതാണ്. തങ്ങളുടെ രാജ്യത്ത് എത്തിയിട്ട് കൊറോണ പിടിപെട്ടാൽ അയാൾക്ക് 3000 ഡോളർ (ഏതാണ്ട് രണ്ടേകാൽ ലക്ഷം രൂപ) നഷ്ടപരിഹാരമായി നൽകുമെന്ന് പ്രഖ്യാപിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഉസ്‌ബെക്കിസ്ഥാൻ.

‘സെയ്ഫ് ട്രാവല്‍ ഗ്യാരന്റീഡ്’ എന്ന ടൂറിസം ക്യാംപെയിന്റെ ഭാഗമായാണ് ഉസ്‌ബെക്കിസ്ഥാൻ ഈ വാഗ്ദാനം ലോകസഞ്ചാരികൾക്ക് മുന്നിൽ നീട്ടിയിരിക്കുന്നത്. തങ്ങളുടെ രാജ്യം സന്ദർശിക്കുന്നവർക്ക് ഒരിക്കലും കൊറോണ പിടിപെടില്ല എന്ന 100% ഉറപ്പ് അവിടത്തെ സർക്കാരിനുണ്ട്. അതുകൊണ്ടു തന്നെയാകണം ഇത്തരത്തിലുള്ള ഒരു ഓഫർ അവർ ധൈര്യപൂർവ്വം മുന്നോട്ടു വെച്ചിരിക്കുന്നതും.

സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഈ തുക ലഭിക്കണമെങ്കിൽ ചില നിബന്ധനകളും കൂടിയുണ്ട്. അവ ഇനി പറയുന്നവയാണ് – രാജ്യം ചുറ്റിക്കറങ്ങുന്നത് അവിടത്തെ ഏതെങ്കിലും പ്രാദേശിക ഗൈഡിനൊപ്പം ആയിരിക്കണം. ഗൈഡുകള്‍, ഹോട്ടലുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് പ്രാദേശിക ഭരണകൂടത്തില്‍ നിന്നും കൈപ്പറ്റിയിരിക്കണം. ചൈന, ഇസ്രയേല്‍, ജപ്പാന്‍, സൗത്ത് കൊറിയ എന്നീ അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെയാണ് ആദ്യഘട്ടത്തിൽ സ്വീകരിക്കുന്നത്. യുകെ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് 14 ദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഇതൊക്കെ കേട്ടിട്ട് ഉസ്ബെക്കിസ്ഥാനിൽ ചെന്ന് എങ്ങനെയെങ്കിലും കൊറോണ പിടിപെട്ട്, കുറച്ചു ദിവസം റെസ്റ്റ് എടുത്ത് രോഗവും മാറ്റി, ആ രണ്ടേകാൽ ലക്ഷം രൂപയും വാങ്ങി വരാമെന്ന് ആരും വിചാരിക്കേണ്ട. കോവിഡ് 19 രോഗം വന്നാൽ ചികിൽസിക്കുന്നതിനു ഉസ്ബെക്കിസ്ഥാനിൽ ഏതാണ്ട് 3000 യു.എസ്. ഡോളറുകളാണ് ചെലവ് വരുന്നത്. ആ തുകയാണ് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ 3000 ഡോളർ.

കോവിഡ്-19 എന്ന മഹാമാരിയെ ഫലപ്രദമായി നേരിട്ട രാജ്യങ്ങളിലൊന്നാണ് ഉസ്ബെക്കിസ്ഥാന്‍. ഇതേ ആത്മവിശ്വാസമാണ് ഇവിടേക്ക് സഞ്ചാരികളെ ധൈര്യപൂർവ്വം ക്ഷണിക്കുവാന്‍ രാജ്യത്തിന് ആത്മവിശ്വാസം നല്കുന്നതും. നിലവിൽ ഉസ്ബെക്കിസ്ഥാനിൽ ഏഴായിരത്തോളം കൊറോണ വൈറസ് പോസിറ്റീവ് കേസുകളും 20 മരണങ്ങളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.