തലേദിവസം ആൻഡമാനിലെ ഭാരതംഗ് ദ്വീപിലെ കാഴ്ചകൾ കണ്ടതിന്റെ ത്രില്ലിലായിരുന്നു ഞങ്ങൾ. പിറ്റേ ദിവസം ഞങ്ങൾ പോയത് വ്യത്യസ്തമായ ഒരിടത്തേക്ക് ആയിരുന്നു. ചാത്തം എന്ന പേരുള്ള ഒരു ദ്വീപിലെ തടിമില്ല് കാണുവാനാണ് ഞങ്ങളുടെ ഉദ്ദേശ്യം. ഒരു തടിമില്ല് കാണാൻ ഇത്രയെന്താ? വല്ല പെരുമ്പാവൂരോ മറ്റോ പോയാൽപ്പോരേ എന്നു ചിന്തിക്കുന്നുണ്ടാകും ഇപ്പോൾ നിങ്ങൾ. പക്ഷെ ഇതൊരു സാധാരണ തടിമില്ലല്ല. ഏഷ്യയിലെ ഏറ്റവും വലിയ തടിമില്ലാണിത്. അതും സർക്കാർ ഉടമസ്ഥതയിൽ ഉളളത്. സന്ദർശകർക്ക് 20 രൂപയാണ് ഇവിടേക്കുള്ള പ്രവേശന ഫീസ്.

1942 കാലഘട്ടത്തിൽ ബ്രിട്ടീഷുകാർ ആൻഡമാൻ വിട്ടുപോയശേഷം ജപ്പാൻകാർ ഇവിടം കയ്യേറിയിരുന്നു. ജപ്പാന്റെ ഈ കയ്യേറ്റം ഒഴിപ്പിക്കുവാനായി ബ്രിട്ടീഷുകാർ ഇവിടെ ബോംബ് ആക്രമണം നടത്തിയിരുന്നു. അത്തരത്തിൽ ബോംബ് വർഷിച്ച ഒരു സ്ഥലത്തു കൂടിയാണ് ഈ തടിമില്ല് നിലനിൽക്കുന്നത്. തടിമില്ല് സർക്കാരിന്റേതായതിനാൽ അവിടത്തെ ജീവനക്കാരെല്ലാം ഗവ. ജീവനക്കാർ ആയിരുന്നു. വലിയ താടിയെല്ലാം ഉരുട്ടിക്കൊണ്ട് പോയി മുറിക്കുവാൻ സാധ്യമല്ലല്ലോ, ആ പ്രശ്നം പരിഹരിക്കാനായി ഇവിടെ റെയിൽപ്പാളങ്ങൾ നിർമ്മിച്ചിട്ടുണ്ട്. തടി വെച്ച വാഹനം അതിലൂടെയായിരുന്നു മുറിക്കുവാനായി കൊണ്ടുപോയിരുന്നത്.

അവിടെ തടിമില്ല് മാത്രമല്ല ഒരു ഫോറസ്റ്റ് മ്യൂസിയവും മറ്റുചില കാഴ്ചകളും ഒക്കെയുണ്ടായിരുന്നു. തടിമില്ലിലെ പുറം കാഴ്ചകൾ കണ്ട ശേഷം ഞങ്ങൾ അതേ കോംബൗണ്ടിലുള്ള ഫോറസ്റ്റ് മ്യൂസിയത്തിലേക്ക് കയറി. ഞാൻ ആദ്യമായിട്ടായിരുന്നു വനം വകുപ്പിന്റെ ഒരു മ്യൂസിയത്തിൽ കയറുന്നത്. ഈ മ്യൂസിയത്തിൽ കയറുന്ന സ്ഥലത്തു തന്നെ ആന്ഡമാനിലുള്ള പ്രധാനപ്പെട്ട മരങ്ങളുടെയും, ചരിത്രപരമായ മറ്റു സ്ഥലങ്ങളുടെയും, ബീച്ചുകളുടെയും ചിത്രങ്ങൾ ഉണ്ടായിരുന്നു. ഒപ്പം തടിയിൽ തീർത്ത ഉപകരണങ്ങളും ഒക്കെ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. തടിമില്ലിന്റെ ചരിത്രം വിളിച്ചോതുന്ന ചിത്രങ്ങളും നമുക്ക് ഈ മ്യൂസിയത്തിൽ കാണാം.

കുറച്ചുകൂടി അകത്തേക്ക് കയറുമ്പോളാണ് നമ്മുടെ കണ്ണുകളെ അതിശയിപ്പിക്കുന്ന പലതരം ഫർണ്ണീച്ചറുകളും കരകൗശല വസ്തുക്കളും ഒക്കെ മരത്തിൽ തീർത്ത് പ്രദർശിപ്പിച്ചിട്ടുള്ളത്. ഞങ്ങൾ മലയാളത്തിൽ സംസാരിക്കുന്നത് കണ്ടിട്ട് ഷീജ എന്നു പേരുള്ള ഒരു ചേച്ചി ഞങ്ങളെ വന്നു പരിചയപ്പെട്ടു. ആന്ഡമാനിലാണ് വര്ഷങ്ങളായി ജീവിക്കുന്നതെങ്കിലും ആ ചേച്ചി തിരുവനന്തപുരം സ്വദേശിയായിരുന്നു. ഷീജ ചേച്ചിയുടെ ഭർത്താവായ തുളസി ചേട്ടനാണ് ഇവിടെ മരംകൊണ്ടുള്ള പലതരം വസ്തുക്കളൊക്കെ നിർമ്മിക്കുന്നത്. തുളസി ചേട്ടനെയും ഞങ്ങൾ പരിചയപ്പെട്ടു. ചേട്ടൻ അപ്പോൾ ഒരു മരത്തടിയിൽ മഹാവിഷ്ണുവിന്റെ രൂപം ഉണ്ടാക്കുകയായിരുന്നു. ഇതെല്ലം മ്യൂസിയത്തിലേക്ക് വേണ്ടിയിട്ടുള്ളതായിരുന്നു.

1942 മുതൽ 45 വരെ ജപ്പാൻകാർ ആയിരുന്നു ഇവിടെയുണ്ടായിരുന്നത്. ബോംബ് ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടുവാനായി അവർ നിർമ്മിച്ച ഭൂമിക്കടിയിലുള്ള ഒരു ബങ്കർ ഈ പരിസരത്തുണ്ട്. മ്യൂസിയത്തിലെ കാഴ്ചകൾ കണ്ടശേഷം ഞങ്ങൾ ഈ ബങ്കർ കാണുവാനായി പോയി. നല്ല ഇരുട്ടായിരുന്നു ബങ്കറിനകത്ത്. അതിനുള്ളിൽ നല്ല തണുപ്പും ഉണ്ടായിരുന്നു. സഞ്ചാരികൾ അധികമാരും ഉണ്ടാകാതിരുന്നതിനാൽ ഞങ്ങൾക്ക് അവിടെയെല്ലാം വിശദമായി ആസ്വദിച്ചു കാണുവാൻ പറ്റി.

പുറത്തെ കാഴ്ചകളെല്ലാം കണ്ടശേഷം ഞങ്ങൾ തടിമില്ലിന് അകത്തെ കാഴ്ചകൾ കാണുവാനായി കയറി. വളരെ വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു എനിക്ക് അവിടെ കാണുവാൻ സാധിച്ചത്. വളരെ വലിയൊരു തടിമില്ലു തന്നെയായിരുന്നു അത്. ജീവനക്കാരെല്ലാം ഞങ്ങളോട് സൗഹാർദ്ദപരമായാണ് സംസാരിച്ചത്. നമ്മുടെ നാട്ടിൽ നിന്നും ആൻഡമാനിൽ വരുന്ന ടൂറിസ്റ്റുകളിൽ 95% ആളുകളും ഇവിടേക്ക് വരാറില്ല എന്നതാണ് സത്യം. എന്നിരുന്നാലും വളരെ വ്യത്യസ്തമായ ഈ കാഴ്ചകളൊക്കെ നമ്മൾ കണ്ടിരിക്കേണ്ടത് തന്നെയാണ് എന്നെ എനിക്ക് പറയാനാകൂ. അങ്ങനെ ഞങ്ങൾ ചാത്തം ദ്വീപിൽ നിന്നും തിരികെ പോർട്ട് ബ്ലെയറിലേക്ക് യാത്ര തിരിച്ചു. ഇനി നാട്ടിലേക്കുള്ള മടക്കമാണ്. അഞ്ചു ദിവസത്തെ ആൻഡമാൻ യാത്രയ്ക്ക് അവസാനമായിരിക്കുന്നു. ഈസി ട്രാവൽസിന്റെ പാക്കേജിൽ ഇവിടെ വന്ന ഞങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരുവാൻ മുന്നിട്ടു നിന്ന ഈസി ട്രാവൽസ് ഉടമ സുജിത്തിനോട് ഈ അവസരത്തിൽ പ്രത്യേകം നന്ദി പറയുകയാണ്.

നിങ്ങൾക്ക് ആൻഡമാനിൽ പോകണമെന്നുണ്ടോ? ആൻഡമാൻ ട്രാവൽ പാക്കേജുകൾക്ക് ഈസി ട്രാവൽസിനെ വിളിക്കാം: 9387676600.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.