കാലാപാനിയിലെ സന്ദർശനത്തിനു ശേഷം പിറ്റേദിവസം ഞങ്ങൾ പോയത് ആൻഡമാനിലെ ബീച്ചുകൾ കാണുവാനാണ്. ആദ്യമായി ഞങ്ങൾ പോയത് വണ്ടൂർ എന്നു പേരുള്ള ഒരു ബീച്ചിലേക്ക് ആയിരുന്നു. പേര് കേട്ടപ്പോൾ ആദ്യം ഞാനൊന്ന് അമ്പരന്നുപോയി. കാരണം വണ്ടൂർ എന്ന പേരിൽ മലപ്പുറത്ത് ഒരു സ്ഥലമുണ്ട്. അതെ പേരിൽത്തന്നെ ആൻഡമാനിൽ ഒരു ബീച്ചും ഉണ്ടെന്നു ഇപ്പോൾ മനസ്സിലായില്ലേ? വണ്ടൂർ കൂടാതെ മഞ്ചേരി എന്ന പേരിൽ ഒരു സ്ഥലവും ഇവിടെയുണ്ടത്രേ. എന്തായാലും ഞങ്ങൾ വണ്ടൂർ ബീച്ചിലേക്ക് യാത്രയായി.

പോർട്ട്ബ്ലയറിൽ നിന്നും ഏകദേശം 17 കിലോമീറ്ററോളം കാറിൽ സഞ്ചരിച്ചു വേണം വണ്ടൂർ ബീച്ചിലേക്ക് എത്തുവാൻ. പോകുന്ന വഴിക്ക് ഞങ്ങളുടെ വാഹനം ഇന്ധനം,നിറയ്ക്കുവാനായി ഒരു പമ്പിൽ കയറി. അവിടത്തെ ഇന്ധന വില നമ്മുടെ നാട്ടിലേക്കാളും കുറവായിരുന്നു. കേന്ദ്രഭരണ പ്രദേശം ആയതുകൊണ്ടാണ് ഇങ്ങനെ. ഇന്ധനം നിറച്ച ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ശരിക്കും മറ്റൊരു നാട്ടിലൂടെയാണ് സഞ്ചരിക്കുന്നത് എന്നൊരു ചിന്തയേ ഈ യാത്രയിലുടനീളം ഞങ്ങൾക്ക് അനുഭവപ്പെട്ടിരുന്നില്ല. കാരണം വഴികളും കാഴ്ചകളും മരങ്ങളും ഒക്കെ നമ്മുടെ നാട് പോലെ തന്നെയായിരുന്നു. ചിലയിടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഗോവയിൽ എത്തിയ ഒരു ഫീലും അനുഭവപ്പെടുന്നുണ്ടായിരുന്നു. ടൂറിസം ഒക്കെ ഉണ്ടെങ്കിലും കൃഷിയും മീൻപിടുത്തവും ആണ് അവിടത്തുകാരുടെ പ്രധാന ഉപജീവന മാർഗ്ഗം. തെങ്ങും കവുങ്ങും ഒക്കെയാണ് പ്രധാന കൃഷികൾ.

അങ്ങനെ കുറച്ചു സമയത്തെ യാത്രയ്ക്ക് ശേഷം ഞങ്ങൾ വണ്ടൂർ എന്ന സ്ഥലത്ത് എത്തിച്ചേർന്നു. ഇനിയും കുറച്ചു കൂടി പോകണം ബീച്ചിലേക്ക്. ബീച്ചിലേക്കുള്ള വഴിയുടെ ഒരു വശത്ത് കടലിന്റെ ഒരു ഭാഗമായിരുന്നു. നമ്മുടെ നാട്ടിലെപ്പോലെയായിരുന്നില്ല അവിടത്തെ വെള്ളം. ഹോളിവുഡ് സിനിമകളിലും മൊബൈൽ വാൾപേപ്പറുകളിലുമൊക്കെ കണ്ടിട്ടുള്ള തരത്തിലെ ഇളം നീല നിറത്തിലുള്ള വെള്ളമായിരുന്നു അവിടെ. ഞങ്ങൾ പോകുന്ന വഴിയിൽ ഒരിടത്ത് വണ്ടി നിർത്തി വെള്ളത്തിലെ കാഴ്ചകൾ ഒക്കെ ആസ്വദിച്ചു.

പിന്നെയും കുറച്ചു ദൂരം ചെന്നപ്പോൾ ബീച്ചിൽ എത്തിച്ചേർന്നു. നല്ല വൃത്തിയുള്ള ഒരു ബീച്ച് ആയിരുന്നു അത്. ബീച്ചിനടുത്തായി നമ്മുടെ നാട്ടിലെപ്പോലെ തന്നെ പാർക്കിംഗ് ഏരിയയും കുറെ കടകളും ഒക്കെയുണ്ടായിരുന്നു. വണ്ടി പാർക്ക് ചെയ്‌തശേഷം ഞങ്ങൾ ബീച്ചിലേക്ക് നടന്നു. നേരത്തെ പറഞ്ഞപോലെ വെള്ളത്തിന്റെ നിറമാണ് ഈ ബീച്ചിന്റെ ആകർഷണം. വണ്ടൂർ ബീച്ചിൽ സന്ദർശകർക്ക് കുളിക്കുവാൻ അനുവാദമില്ല. ഇവിടെ മുതലകൾ ഉണ്ടെന്നതും പിന്നെ അപകടങ്ങൾ സംഭവിക്കുവാൻ സാധ്യതയുണ്ടെന്നതും മൂലമാണ് കടലിൽ ആരെയും കുളിക്കുവാൻ അനുവദിക്കാത്തത്. ബീച്ചിനു തൊട്ടു മുകളിലായി നേവിയുടെ ഹെലികോപ്ടർ പരീക്ഷണപ്പറക്കൽ നടത്തുന്നുണ്ടായിരുന്നു. ഞങ്ങൾ വീഡിയോ പിടിക്കുന്നത് കണ്ട് അതിലെ പൈലറ്റ് ഞങ്ങളെ നോക്കി കൈവീശി കാണിച്ചു. തൊട്ടുമുകളിലൂടെ കടന്നുപോയതിനാൽ അതൊക്കെ വ്യക്തമായി കാണുവാൻ സാധിച്ചു.

ബീച്ചിൽ ആ സമയത്ത് സഞ്ചാരികൾ കുറവായിരുന്നു. ഇതിനിടെ ബീച്ചിൽ വന്ന ഒരു തെരുവ് നായയുമായി ഞങ്ങൾ ചങ്ങാത്തത്തിലായി. അതിനു ഞങ്ങൾ ബിസ്ക്കറ്റ് ഒക്കെ വാങ്ങി കഴിക്കുവാനായി നൽകി. ഒരൽപം കുറുമ്പുകാരനായിരുന്നു അവൻ. എന്നാലും ഭക്ഷണം കിട്ടിയപ്പോൾ അവനുണ്ടായ സന്തോഷം ഒന്ന് വേറെതന്നെയായിരുന്നു. ബീച്ചിൽ നടന്നു ദാഹിച്ചപ്പോൾ ഞങ്ങൾ അടുത്ത് കണ്ട കടയിൽ നിന്നും കരിക്ക് വാങ്ങി കുടിച്ചു. വില നമ്മുടെ നാട്ടിലെപ്പോലെ തന്നെയായിരുന്നു. ഒരു കരിക്കിന് മുപ്പത് രൂപ. ആ സമയത്തും നമ്മുടെ പട്ടിക്കുട്ടൻ ഞങ്ങളുടെ പിന്നാലെ തന്നെയുണ്ടായിരുന്നു. ബിസ്‌ക്കറ്റിന്റെ രസം പിടിച്ചു വന്നതാണ് ആ പാവം. ഒപ്പം അവന്റെ ഒരു കൂട്ടുകാരൻ നായയും കൂടെയുണ്ടായിരുന്നു. കുറെ സമയം ഞങ്ങൾ വണ്ടൂർ ബീച്ചിൽ ചെലവഴിച്ച ശേഷം അവിടെ നിന്നും യാത്രയായി. ഞങ്ങൾ പോകുന്നതും നോക്കി ആ പട്ടിക്കുട്ടൻ അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. കുറച്ചു നേരത്തെ പരിചയമേയുള്ളൂ എങ്കിലും അവനുമായി ഞങ്ങളും നല്ല കൂട്ടായിക്കഴിഞ്ഞിരുന്നു. പക്ഷെ എന്തു ചെയ്യാം നമുക്ക് പോയല്ലേ പറ്റൂ.

വണ്ടൂർ ബീച്ചിൽ നിന്നും ഞങ്ങൾ പിന്നീട് പോയത് ചിഡിയാ താപ്പു ബീച്ചിലേക്ക് ആയിരുന്നു. അവിടേക്ക് പോകുന്ന വഴിയിൽ ഞങ്ങൾ ഉച്ചയൂണ് കഴിക്കുവാനായി ഒരു ഹോട്ടലിൽ കയറി. നല്ല ഉഗ്രൻ ഊണായിരുന്നു. തൃശ്ശൂർ സ്വദേശിയായ ഒരു ചേട്ടന്റെ ഹോട്ടലായിരുന്നു അത്. ആ ചേട്ടൻ 50 വർഷങ്ങൾക്ക് മുൻപ് ഇവിടെ വന്നു താമസമാക്കിയതാണ്. ഭക്ഷണം നല്ല രുചിയുള്ളതാണ് എങ്കിലും നമ്മുടെ നാട്ടിലെ അപേക്ഷിച്ച് വളരെ ചാർജ്ജ് കൂടുതലാണ്. വെജ് വിഭവങ്ങൾക്ക് വില കുറവാണ്. ഭക്ഷണത്തിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. അവിടുന്ന് അരമണിക്കൂറോളം സഞ്ചരിക്കണം ചിഡിയാ താപ്പു ബീച്ചിലേക്ക് എത്തുവാൻ.

ബീച്ചിലേക്കുള്ള വഴിയിൽ മറ്റു ചെറു ബീച്ചുകളൊക്കെ കാണാനായി. ഞങ്ങൾ അവിടെയൊക്കെ ഇറങ്ങി കുറച്ചു നേരം ചെലവഴിക്കുകയുണ്ടായി. അങ്ങനെ കുറച്ചു സമയത്തിനു ശേഷം ഞങ്ങൾ ചിഡിയാ താപ്പു ബീച്ചിൽ എത്തിച്ചേർന്നു. വണ്ടൂർ ബീച്ച് പോലെ നീല നിറം തന്നെയായിരുന്നു ഈ ബീച്ചിനും. ഒരു എക്കോ ഫ്രണ്ട്ലി ബീച്ച് ആയിരുന്നു അത്. മുതലകൾ എപ്പോൾ വേണമെങ്കിലും വരാം എന്നതിനാൽ ഈ ബീച്ചിലും ആളുകളെ ഇറങ്ങുവാൻ അനുവദിക്കുന്നുണ്ടായിരുന്നില്ല. വളരെ ഫോട്ടോജനിക് ആയിരുന്നു ചിഡിയാ താപ്പു ബീച്ച്. ഞങ്ങളെക്കൂടാതെ കുറച്ചു സഞ്ചാരികൾ കൂടി മാത്രമേ ബീച്ചിൽ ഉണ്ടായിരുന്നുള്ളൂ. ബീച്ചിനു തൊട്ടടുത്തായി കണ്ടൽക്കാടുകൾ ഉണ്ടായിരുന്നു. കുറെ സമയം ഞങ്ങൾ ബീച്ചിൽ ചിലവഴിച്ചശേഷം ഞങ്ങൾ തിരികെ യാത്രയായി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.