ട്രെയിനുകളിൽ യാത്ര ചെയ്യാത്തവർ കുറവായിരിക്കും. കൂടുതലും ദീർഘദൂര യാത്രകൾക്കാണ് ഭൂരിഭാഗമാളുകളും ട്രെയിനുകൾ തിരഞ്ഞെടുക്കാറുള്ളത്. ബസ്സുകളെ അപേക്ഷിച്ച് ട്രെയിൻ ചാർജ്ജ് വളരെ കുറവാണെന്നതു തന്നെയാണ് പ്രധാന കാരണം. പിന്നെ ആവശ്യമെങ്കിൽ ഒന്ന് നിവർന്നു നിൽക്കുവാനും നടക്കുവാനുമൊക്കെ സാധിക്കുമല്ലോ. പക്ഷേ ട്രെയിൻ യാത്രകൾ പോകുന്നതിനു മുൻപ് നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് (മുൻകരുതലുകൾ), പ്രത്യേകിച്ച് നിങ്ങളുടെ യാത്ര 24 മണിക്കൂറിൽ കൂടുതൽ സമയമെടുക്കുമെങ്കിൽ. ആ വിവരങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. അടുത്ത യാത്രയ്ക്ക് മുൻപ് ഇതെല്ലാം ഒന്നോർത്തു വെക്കുക.
24 മണിക്കൂറിനു മുകളിലുള്ള യാത്രയാണ് നിങ്ങളുടേതെങ്കിൽ തീർച്ചയായും മിനിമം സ്ലീപ്പർ കോച്ച് തിരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം. ജനറൽ കോച്ചിലെ ചാർജ്ജ് കുറവ് നിങ്ങളെ വല്ലാതെ സ്വാധീനിക്കുന്നുണ്ടെങ്കിലും അതിനു പിന്നിലെ ഭീകരത വളരെ വലുതാണ്. സംഭവം വേറൊന്നുമല്ല, കേരളം കഴിഞ്ഞാൽ ജനറൽ കോച്ചിൽ യാത്രക്കാരുടെ ഇടിച്ചുകയറ്റമായിരിക്കും. ഒന്ന് എഴുന്നേൽക്കാനോ ടോയ്‌ലറ്റിൽ പോകുവാണോ പറ്റാത്ത അവസ്ഥയായിരിക്കും. ഇനി അഥവാ എങ്ങനെയെങ്കിലും ഒന്നു ടോയ്‌ലറ്റിൽ പോകാമെന്നു വെച്ചാൽ നിങ്ങളുടെ സീറ്റ് പോകുകയും ചെയ്യും. ഞാൻ ആദ്യമേ ഉണ്ടായിരുന്ന ആളാണെന്നും എൻറെ സീറ്റാണെന്നുമൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമുണ്ടാകില്ല. അന്യസംസ്ഥാനക്കാരുടെ ഗുണ്ടായിസം തന്നെയായിരിക്കും പിന്നെയങ്ങോട്ട് നിങ്ങൾക്ക് കാണാനാകുക. പ്രത്യേകിച്ച് തമിഴ്‌നാടും കൂടി കടന്നാൽ പിന്നെ പറയുകയേ വേണ്ട.
യാത്രയ്ക്ക് ദിവസങ്ങൾ മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുവാൻ ശ്രമിക്കുക. ടിക്കറ്റ് Confirm ആക്കുവാൻ ഇത് നിങ്ങളെ സഹായിക്കും. യാത്രകളിലെ ബോറടി മാറ്റുവാൻ പ്രധാന സഹായി ഇപ്പോൾ മൊബൈൽ ഫോൺ ആണല്ലോ. യാത്രയ്ക്ക് ഒരുങ്ങുമ്പോൾ മൊബൈലിൽ രണ്ടോ മൂന്നോ സിനിമകൾ കയറ്റിയിടുക. പക്ഷേ ഫോണിലെ ചാർജ്ജ് എങ്ങാനും തീർന്നു പോയാലോ? അതുകൊണ്ട് സാധാരണ ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ കൂടെ നല്ലൊരു പവർബാങ്ക് കരുതുക. യാത്രയ്ക്കിടയിൽ ശുദ്ധമായ കുടിവെള്ളം ലഭിക്കുക എന്നത് ഒരു ചലഞ്ച് തന്നെയാണല്ലോ. അതുകൊണ്ട് വീട്ടിൽ നിന്നും രണ്ടു ലിറ്ററിന്റെ കുപ്പിയിൽ വെള്ളം കരുതുക. യാതൊരു കാരണവശാലും ടാപ്പുകളിൽ നിന്നും വെള്ളം കുടിക്കുവാൻ ശ്രമിക്കരുത്. അതുപോലെ തന്നെ സ്‌നാക്‌സ് എന്തെങ്കിലും വീട്ടിൽ നിന്നും കൂടെ കരുതുക.
സ്ലീപ്പർ കോച്ചിൽ നിങ്ങൾ മുകളിലെ ബർത്ത് ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ആരും നിങ്ങളെ ശല്യംചെയ്യുവാൻ വരില്ല. അല്ലെങ്കിൽ മുകളിലെ ബർത്തിലുള്ളവരുടെ കയറ്റവും ഇറക്കവുമൊക്കെ ചിലപ്പോൾ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. ലഗേജുകളും ബാഗുകളും നന്നായി ലോക്ക് ചെയ്ത് ചങ്ങല ഉപയോഗിച്ച് ട്രെയിനിലെ ബർത്തിലോ സീറ്റിനു വശങ്ങളിലോ സുരക്ഷിതമാക്കി വെക്കുക. ചെറിയ ബാഗുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് അവ തലയിണയായി ഉപയോഗിക്കാവുന്നതുമാണ്.
യാത്ര പോകുമ്പോൾ കൂടെ ഒരു ജോഡി സ്ലിപ്പർ ചെരിപ്പുകൾ കരുതുന്നത് നല്ലതായിരിക്കും. ട്രെയിനിലെ ടോയ്‌ലറ്റിലും മറ്റും പോകുന്ന സമയത്തു നിങ്ങൾക്കിത് ഉപകാരപ്പെടും. സ്ലീപ്പർ കോച്ചുകളിൽ നല്ല വൃത്തിയുള്ള ടോയ്‌ലറ്റുകൾ പ്രതീക്ഷിക്കാതിരിക്കുക. എങ്കിലും ഇപ്പോഴെല്ലാം കുറെയൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ട്. പക്ഷേ കേരളം വിട്ടു കഴിഞ്ഞാൽ പിന്നെ ടോയ്‌ലറ്റുകളുടെ കാര്യം ശോകം തന്നെയായിരിക്കും. ഫാമിലിയായിട്ടുള്ള അല്ലെങ്കിൽ കപ്പിൾസ് ആയിട്ടുള്ള യാത്രകളാണെങ്കിൽ കഴിയുമെങ്കിൽ എസി കോച്ചുകൾ തിരഞ്ഞെടുക്കുവാൻ ശ്രമിക്കുക. സ്ലീപ്പർ കോച്ചുകളേക്കാൾ സുരക്ഷിതത്വവും സ്വകാര്യതയും എസി കോച്ചുകളിൽ ലഭിക്കും. കൂടാതെ ടോയ്‌ലറ്റുകളും അത്യാവശ്യം വൃത്തിയുള്ളതായിരിക്കും.