വഴുതന കൃഷി രീതികൾ : എല്ലാ കാലാവസ്ഥയിലും വളർത്തിയെടുക്കാൻ കഴിയുന്ന പച്ചക്കറിയാണ് വഴുതന. ജനുവരി- ഫെബ്രുവരി, മേയ് – ജൂൺ, സെപ്റ്റംബർ – ഒക്ടോബർ എന്നീ മാസങ്ങളിൽ വഴുതന കൃഷി ചെയ്യാം.
മൂപ്പെത്തിയ കായ്കൾ പറിച്ചെടുത്ത് അതിലെ വിത്ത് ശേഖരിച്ച് ഉണക്കി സൂക്ഷിക്കുക. വിത്തുകൾ തീരെ ചെറുതാണ്, വിത്ത് ശേഖരിക്കാൻ മൂത്ത കായ്കൾ എടുത്തു നടുവേ മുറിക്കുക എന്നിട്ട് ഒരു പാത്രത്തിൽ വെള്ളം എടുത്ത് വിത്തുള്ള ഭാഗം അതിൽ ഇടുക, നന്നായി കഴുകി വിത്തുകൾ ഉണക്കി സൂക്ഷിക്കുക.
വിത്തുകൾ നടുന്നതിനു മുമ്പ് വെള്ളത്തുണിയിൽ കിഴികെട്ടി കുറച്ചു നേരം വെള്ളത്തിൽ മുക്കി വയ്ക്കുന്നത് നല്ലതാണ്.വഴുതന വിത്തുകൾ പാകി കിളിർപ്പിച്ച് ഒരു മാസം പ്രായമാകുമ്പോൾ പറിച്ച് മാറ്റി നടാവുന്നതാണ്. തൈ പറിച്ച് മാറ്റി നടുന്നതിന് മുമ്പായി സ്യൂഡോമോണസ് ലായനിയിൽ അല്പസമയം മുക്കി വയ്ക്കുകയാണെങ്കിൽ ബാക്ടീരിയ വാട്ടം തടയാം.
വിത്ത് വിതച്ച ശേഷം രണ്ടുനേരം വെള്ളം സ്പ്രേ ചെയ്യണം. വിത്ത് മുളച്ച് ഇലകൾ വന്നതിനു ശേഷവും നനച്ചു കൊടുത്തു കൊണ്ടിരിക്കണം. ഗ്രോ ബാഗിലോ, ചെടിച്ചട്ടിയിലോ, കൃഷിക്കായി ഒരുക്കിയ നിലത്തോ വഴുതന കൃഷി ചെയ്യാം. തൈ നടുന്നതിന് 15 ദിവസം മുമ്പ് മണ്ണിൽ കുമ്മായം ചേർക്കുക. തൈ നടുന്നതിന് 5, 6 ദിവസം മുമ്പ് ഉണക്ക ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ മണ്ണുമായി യോജിപ്പിക്കുകയും, അതിന് ശേഷം മണ്ണ് ദിവസവും നനച്ചു കൊടുക്കുകയും വേണം.
ഈ മണ്ണിൽ തടം എടുത്ത് വഴുതന തൈപറിച്ച് മാറ്റി നടാവുന്നതാണ്. തൈ പറിച്ച് മാറ്റിനടുമ്പോൾ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തിയ ലായനിയിൽ മുക്കിയതിനു ശേഷം നടുകയാണെങ്കിൽ തൈചീയൽ രോഗബാധ തടയാൻ സഹായിക്കും. വേനൽക്കാലത്ത് പുതയിടൽ, നനയ്ക്കൽ, കള നീക്കം ചെയ്യൽ എന്നീ പരിപാലനമുറകൾ ആവശ്യാനുസരണം നൽകണം.
സൂര്യ, ശ്വേത, ഹരിത, നീലിമ, അർക്ക നീലകണ്ഠ്, അർക്ക നിധി, അർക്കനവനീത്, ശ്യാമള, ഭാഗ്യവതി, കരപ്പുറം വഴുതന തുടങ്ങിയവ വിവിധ തരത്തിലുള്ള വഴുതനകൾ ആണ്.
പല തരത്തിലുള്ള കീടങ്ങളുടെ ആക്രമണം വഴുതനയെ ബാധിക്കാറുണ്ട്. കായ്കൾ തുരന്നു കേടാക്കുന്ന കായ്തുരപ്പൻ പുഴുവിനെയും, തണ്ടുതുരപ്പൻ പുഴുവിനെയും നശിപ്പിക്കാൻ വേപ്പെണ്ണ, വെളുത്തുള്ളി എമൽഷൻ തളിക്കുക. ബന്തിച്ചെടി ഇടവിളയായി നടുന്നത് കീടങ്ങളുടെ ആക്രമണ തോത് കുറയ്ക്കും. വേപ്പിൻ പിണ്ണാക്ക് തടത്തിൽ ഇട്ടു കൊടുക്കുന്നതും കീടങ്ങളുടെ ആക്രമണത്തെ ചെറുക്കും.
ഇലപ്പുള്ളി രോഗം 2 ശതമാനം വീര്യത്തിലുള്ള സ്യൂഡോമോണാസോ ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതമോ തളിച്ചു നിയന്ത്രിക്കാം. മീലിമുട്ട, മുഞ്ഞ തുടങ്ങിയ നീരൂറ്റും കീടങ്ങൾ വഴുതനയെ ബാധിക്കാറുണ്ട്. മീലിമുട്ടയെ കണ്ടു തുടങ്ങുമ്പോൾ തന്നെ ഇത് കാണപ്പെടുന്ന ഇലകൾ പറിച്ച് നശിപ്പിക്കുക. വെളുത്തുള്ളി മുളക് സത്ത് ഉപയോഗിച്ച് ഇവയെ തടയാം.
സ്യൂഡോമോണാസ് ലായനിയിൽ വിത്തിട്ടും, തൈകൾ പറിച്ചു മുക്കിയും വഴുതന വളരാൻ തുടങ്ങുമ്പോൾ തന്നെ മണ്ണിൽ എത്തിക്കാം. വഴുതനയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ കലക്കി ഒഴിച്ചും സ്പ്രേ ചെയ്തും മണ്ണിലും, സസ്യ ഭാഗങ്ങളിലും എത്തിക്കാം. ഇങ്ങനെ ഫൈറ്റോഫ് തോറ, ഫ്യൂസേറിയം തുടങ്ങിയ കുമിളകളുടെ നിയന്ത്രണം സാദ്ധ്യമാക്കാം. ഇവയുടെ സാന്നിദ്ധ്യത്തിൽ ആഗിരണ ശേഷി കൂടുകയും വഴുതനയിൽ കൂടുതൽ ശിഖരം പൊട്ടുകയും, ഉയരം വയ്ക്കുകയും ഒക്കെ ചെയ്ത് വിളവ് കൂടുകയും ചെയ്യും. അങ്ങനെ രോഗം നിയന്ത്രിക്കുകയും സസ്യ വളർച്ച ഗണ്യമായി വർദ്ധിക്കകയും ചെയ്യും.
വിറ്റാമിൻ എ ,വിറ്റാമിൻ സി, വിറ്റാമാൻ ഇ, കൊഴുപ്പ്, സ്റ്റാർച്ച് എന്നിവയെല്ലാം വഴുതനങ്ങയിൽ അടങ്ങിയിരിക്കുന്നു. നമ്മുടെ അടുക്കളത്തോട്ടത്തിൽ വഴുതന വച്ചുപിടിപ്പിക്കാൻ ശ്രമിക്കാം…
Buy seeds online – www.AgriEarth.com