ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ദീർഘദൂര യാത്രയ്ക്കായി ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. ഏറ്റവും ചെലവ് കുറഞ്ഞ മാർഗ്ഗം ആയതുകൊണ്ട് സാധാരണക്കാർ അടക്കമുള്ള യാത്രക്കാർ തങ്ങളുടെ യാത്രയ്ക്കായി ട്രെയിനുകളെ തിരഞ്ഞെടുക്കുന്നു. പൊതുവെ ഏതു ട്രെയിൻ എടുത്തു നോക്കിയാലും എല്ലാ കോച്ചുകളിലും തിരക്കായിരിക്കും കാണുവാൻ സാധിക്കുക. ഏറ്റവുമധികം ആളുകൾ യാത്ര ചെയ്യുന്നത് സാധാരണക്കാരന്റെ കോച്ച് എന്നറിയപ്പെടുന്ന ജനറൽ കോച്ചുകളിൽ ആയിരിക്കും. ചില ട്രെയിനുകളിലെ ജനറൽ കോച്ചുകളിൽ ആളുകൾ തൂങ്ങിക്കിടന്നു വരെ യാത്ര ചെയ്യുന്ന കാഴ്ചകൾ നാം കണ്ടിട്ടുണ്ടാകും. ഇത്രയധികം തിരക്കുണ്ടായിട്ടും ട്രെയിനുകളിലെ ജനറൽ കോച്ചിന്റെ എണ്ണം എന്തുകൊണ്ടാണ് ഇന്ത്യൻ റെയിൽവേ വർദ്ധിപ്പിക്കാത്തത്? മിക്കവാറും നമ്മളിൽ ചിലർക്കെങ്കിലും ഈ സംശയം തോന്നിയിട്ടുണ്ടാകും. അതിനുള്ള കാരണം അന്വേഷിച്ചപ്പോൾ കണ്ടെത്തിയ കാര്യങ്ങളാണ് ഈ ലേഖനത്തിലൂടെ വിവരിക്കുന്നത്.
കുറഞ്ഞ യാത്രാ ചാർജ്ജും, റിസർവ്വേഷൻ ഇല്ലാത്തതുമാണ് ജനറൽ കോച്ചുകളിൽ ഇത്രയും തിരക്ക് വർദ്ധിക്കുവാനുള്ള പ്രധാന കാരണം. ഈ കോച്ചുകളിൽ യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗം ആളുകളും ടിക്കറ്റെടുക്കാതെയായിരിക്കും (കേരളത്തിനു പുറത്ത്) എന്നുള്ളത് മറ്റൊരു സത്യം. എല്ലാ ട്രെയിനുകളിലും മൊത്തം 24 കോച്ചുകളാണ് ഉണ്ടായിരിക്കുക. ഈ 24 കോച്ചുകളിൽ 2AC, 3AC, സ്ലീപ്പർ, ജനറൽ കമ്പാർട്ട്മെന്റ് എന്നിവയായിരിക്കും ഉള്ളത്. ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടുകയാണെങ്കിൽ 24 കോച്ചുകൾ എന്നത് വർദ്ധിപ്പിക്കേണ്ടി വരും. ചില റെയിൽവേ സ്റ്റേഷനുകൾ ഒഴിച്ചാൽ ഒട്ടുമിക്ക സ്റ്റേഷനുകളിലെയും പ്ലാറ്റ് ഫോമുകളുടെ നീളം 24 കോച്ചുകൾക്കായി തരപ്പെടുത്തിയിരിക്കുകയായിരിക്കും. ഈ അവസ്ഥയിൽ കോച്ചുകൾ വർധിപ്പിച്ചാൽ ചില ട്രെയിനിലെ കൊച്ചുകളെ മുഴുവൻ പ്ലാറ്റ് ഫോമിൽ ഉൾക്കൊള്ളിക്കുവാൻ കഴിയാതെ വരും.
ഇതുകൂടാതെ റെയിൽവേയ്ക്ക് ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്നത് റിസർവേഷൻ സൗകര്യമുള്ള കോച്ചുകളാണ് (സ്ലീപ്പർ മുതൽ മുകളിലേക്കുള്ളവ). അതുകൊണ്ട് ജനറൽ കോച്ചുകൾ വർദ്ധിപ്പിക്കുവാൻ സ്വാഭാവികമായും റെയിൽവേ താല്പര്യം കാണിക്കില്ല. എണ്ണത്തിൽ കൂടുതൽ കോച്ചുകൾ ഉൾപ്പെടുത്തുകയാണെങ്കിൽ ചിലപ്പോൾ ലോക്കോയ്ക്ക് അത് താങ്ങാൻ ബുദ്ധിമുട്ടായിരിക്കും. കൂടാതെ ഇത് ട്രെയിനിന്റെ വേഗതയെ ബാധിക്കുകയും ചെയ്യും.
പിന്നെയൊരു കാര്യം ഉള്ളത് എന്താണെന്നു വെച്ചാൽ, യാത്രക്കാരുടെ സൗകര്യത്തെക്കാൾ റെയിൽവേ കൂടുതൽ പ്രാധാന്യം നൽകുന്നത് പരമാവധി ചെലവു ചുരുക്കലിനായിരിക്കും. അതുകൊണ്ട് വരുമാനം താരതമ്യേന കുറവായ ജനറൽ കോച്ചുകൾ വർദ്ധിപ്പിക്കുവാൻ റെയിൽവേ മെനക്കെടുകയുമില്ല. എങ്കിലും സാധാരണക്കാരായ യാത്രക്കാരുടെ സൗകര്യത്തിനു വേണ്ടി മുഴുവൻ കോച്ചുകളും ജനറൽ ആയിട്ടുള്ള അന്ത്യോദയ എക്സ്പ്രസ്സ് ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ സർവ്വീസ് നടത്തുന്നുണ്ട്. സാധാരണ ജനറൽ കോച്ചുകളിലേതിൽ നിന്നും വ്യത്യസ്തമായി മൊബൈൽഫോൺ, ലാപ്ടോപ്പ് തുടങ്ങിയവ ചാർജ്ജ് ചെയ്യുന്നതിനുള്ള ചാർജ്ജിംഗ് പോയിന്റുകൾ, ബയോ ടോയ്‌ലറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ അന്ത്യോദയയിൽ ഉണ്ട്.
ഇന്ത്യൻ റെയിൽവേയിൽ നിലവിൽ സർവ്വീസ് നടത്തുന്ന അന്ത്യോദയ എക്സ്പ്രസ്സുകൾ – Howrah – Ernakulam Antyodaya Express, Jaynagar – Udhna Antyodaya Express, Darbhanga – Jalandhar City Antyodaya Express, Santragachi – Chennai Central Antyodaya Express, Lokmanya Tilak Terminus – Tatanagar Antyodaya Express, Durg – Firozpur Cantonment Antyodaya Express, Bikaner – Bilaspur Antyodaya Express, Bandra Terminus – Gorakhpur Antyodaya Express, Tambaram – Nagercoil Antyodaya Express, Tambaram – Sengottai Antyodaya Express, Kochuveli – Mangaluru Junction Antyodaya Express, Jaynagar – Lokmanya Tilak Terminus Antyodaya Express, Darbhanga – Varanasi City Antyodaya Express, Hasdeo Antyodaya Express, Gorakhpur-Mumbai CSMT Antyodaya Express, Chhapra-Mumbai CSMT Antyodaya Express.