ഡോച്ചുലാ പാസിലൂടെ ഞങ്ങൾ വീണ്ടും പുനാഖാ ലക്ഷ്യമാക്കി യാത്ര തുടർന്നുകൊണ്ടേയിരുന്നു. യാത്രയ്ക്കിടയിൽ ഞങ്ങൾക്ക് അകമ്പടിയായി ചാറ്റൽ മഴയും ആരംഭിച്ചു. പോകുന്നതിനിടയിൽ വഴിയരികിൽ ഒരു സ്തൂപം കണ്ടു. മലമുകളിൽ നിന്നും വരുന്ന വെള്ളം അതിലൂടെ ഇറങ്ങി ഒരു ചെറിയ കുഴലിലൂടെ പുറത്തേക്ക് ഒഴുകുന്നു. യാത്രക്കാർക്ക് വേണമെങ്കിൽ ഈ വെള്ളം കുടിക്കുവാൻ വേണ്ടി എടുക്കാവുന്നതാണ്. വാഹനങ്ങൾ അവിടെ വെച്ച് കഴുകുവാൻ പാടില്ലെന്ന് ഒരു ബോർഡ് കണ്ടിരുന്നു. കുറച്ചു സമയം ഞങ്ങൾ അവിടെ ഇറങ്ങി, വെള്ളമൊക്കെ കുടിച്ചു ഫ്രഷ് ആയിട്ട് വീണ്ടും യാത്ര തുടരുകയാണുണ്ടായത്.

കാട്ടിലൂടെയുള്ള (ചുരം) യാത്ര വളരെ മനോഹരമായിരുന്നു. പോകുന്ന വഴിയ്ക്ക് ഒരിടത്ത് പട്ടികളെ കണ്ടപ്പോൾ സലീഷേട്ടൻ അവിടെ വണ്ടി നിർത്തിച്ചു. നല്ല രോമാവൃതമായ ശരീരമുള്ള പട്ടികളായിരുന്നു അവിടെയൊക്കെ. ഞങ്ങൾ അവയ്ക്ക് ബിസ്‌ക്കറ്റുകൾ ഒക്കെ കഴിക്കുവാൻ കൊടുത്തു. ചുരുങ്ങിയ സമയം കൊണ്ട് അവർ ഞങ്ങളുമായി നന്നായി ഇണങ്ങി.

അങ്ങനെ നിൽക്കുമ്പോഴാണ് വഴിയരികിൽ കുറച്ചപ്പുറത്തായി ഒരു ഭൂട്ടാനീസ് കാർ നിർത്തിയിട്ടിരിക്കുന്ന കാഴ്ച ഞങ്ങൾ കണ്ടത്. അവിടെ ചെന്നപ്പോഴാണ് രസം, ഒരു മ്ലാവിനെ കണ്ടിട്ട് (മ്ലാവ് ആണെന്ന് തോന്നുന്നു) അവർ ഫോട്ടോസ് എടുക്കുവാൻ വേണ്ടി ഇറങ്ങിയതാണ്. മ്ലാവ് ആണെങ്കിൽ തല ചെടികൾക്കിടയിൽ പൂഴ്ത്തിയിട്ട് എന്തൊക്കെയോ ഭക്ഷിക്കുകയായിരുന്നു. അൽപ്പസമയത്തിനകം മ്ലാവ് അവിടെ നിന്നും റോഡിലേക്ക് കയറി ഞങ്ങൾക്കരികിലൂടെ ആ ഭൂട്ടാനീസ് കാർ ലക്ഷ്യമാക്കി നടന്നു.

ഭൂട്ടാൻകാരുടെ ഒപ്പമുണ്ടായിരുന്ന വയസ്സായ ഒരു ചേട്ടൻ വേഗംതന്നെ കാറിൽക്കയറി ഡോർ അടച്ചു. മ്ലാവുണ്ടോ വിടുന്നു? എൻ്റെ ഫോട്ടോയൊക്കെ എടുത്തതല്ലേ, പകരം എനിക്ക് എന്തെങ്കിലും കഴിക്കാൻ തന്നിട്ട് പോയാൽ മതി എന്ന നിലപാടായിരുന്നു അതിന്. ഒടുവിൽ ആ കാർ ഡ്രൈവർ കാറിൽ നിന്നും ഒരു പഴം എടുത്ത് മ്ലാവിനു കൊടുത്തു. അത് സന്തോഷത്തോടെ കഴിക്കുകയും പിന്നീട് ഫോട്ടോയ്ക്ക് നല്ല രീതിയിൽ പോസ് ചെയ്യുകയും ചെയ്തു. ഇതിനിടയിൽ നമ്മുടെ പട്ടിക്കുട്ടന്മാരിൽ ഒരാൾ ഭക്ഷണം തനിക്കും കിട്ടുമെന്നു പ്രത്യാശിച്ചു കൊണ്ട് അവിടെയെത്തി. മ്ലാവിനോടും പട്ടിക്കുട്ടന്മാരോടും യാത്ര പറഞ്ഞുകൊണ്ട് ഞങ്ങൾ അവിടെ നിന്നും വീണ്ടും യാത്ര തുടർന്നു.

പോകുന്ന വഴിയിൽ വളരെ മനോഹരമായ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലിൽ ഞങ്ങൾ ചായ കുടിക്കുവാൻ കയറി. ഹോട്ടലിന്റെ പേര് രേഖപ്പെടുത്തിയിരുന്നത് കോളക്കുപ്പികളുടെ അടപ്പുകൾ കൊണ്ടായിരുന്നു. അത് വ്യത്യസ്തമായ ഒരു കാഴ്ചയായി ഞങ്ങൾക്ക്. ഹോട്ടലിനകത്ത് കയറിയപ്പോൾ കുറച്ചു ഭൂട്ടാനീസ് ചെറുപ്പക്കാരെ പരിചയപ്പെട്ടു. ഞങ്ങൾ സൗത്ത് ഇന്ത്യയിൽ നിന്നുമാണെന്നറിഞ്ഞപ്പോൾ തെലുങ്ക് സിനിമയെക്കുറിച്ചും രജനീകാന്തിനെക്കുറിച്ചുമൊക്കെ അവർ വാചാലരായി. ജാക്കി ചാനെപ്പോലും വെല്ലുന്ന രീതിയിലാണ് നമ്മുടെ സിനിമകളിലെ നായകന്മാരുടെ ആക്ഷൻ രംഗങ്ങളെന്ന് അവർ അഭിപ്രായപ്പെട്ടു. അങ്ങനെ ചായയും കുടിച്ചു ഞങ്ങൾ അവിടെ നിന്നും വീണ്ടും യാത്രയായി.

പോകുന്ന വഴിയ്ക്ക് ഞങ്ങൾ വഴിയരികിൽ കണ്ട മലമുകളിൽ നിന്നും വരുന്ന ശുദ്ധമായ വെള്ളം വലിയ ബോട്ടിലിൽ ശേഖരിച്ചു. അവിടെ നിന്നും വെള്ളം നിറയ്ക്കുവാൻ ധാരാളം വണ്ടിക്കാർ ക്യൂ നിൽക്കുന്നുണ്ടായിരുന്നു. വെള്ളം ബോട്ടിൽ കാറിനകത്തു വളരെ സൂക്ഷിച്ചു വെച്ചുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. അങ്ങനെ ഒടുവിൽ ഞങ്ങൾ പുനാഖായിലെ ലൊബേസാ എന്ന സ്ഥലത്തു എത്തിച്ചേർന്നു.

ലൊബേസായിൽ ‘ടെറസ്’ എന്നു പേരുള്ള ഒരു ഹോട്ടലിൽ ഞങ്ങൾ റൂമെടുത്തു. പുറത്തു നിന്നും കണ്ടപ്പോൾ ഹോട്ടൽ വലിയ ലുക്കൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അകത്ത് കയറിയപ്പോൾ സ്വർഗ്ഗം കിട്ടിയ പ്രതീതിയായിരുന്നു. മൂന്നു ബെഡുകളുള്ള നല്ലൊരു റൂം തന്നെയായിരുന്നു ഞങ്ങൾക്ക് ലഭിച്ചിരുന്നത്. ഇനി ഇവിടെ അൽപ്പനേരം വിശ്രമിച്ചിട്ട് ഒന്നു ഫ്രഷായ ശേഷം പുനാഖായിലെ കാഴ്ചകൾ കാണുവാനായി പോകണം. ആ വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ കാണാം..

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.