കുറേനാളായി മൂന്നാലു ദിവസം വയനാട് തങ്ങി കാഴ്ചകളൊക്കെ ആസ്വദിക്കണം എന്നു വിചാരിച്ചിട്ട്. അങ്ങനെ കാത്തുകാത്തിരുന്ന ആ ദിനം വന്നെത്തി. രാവിലെ തന്നെ എന്‍റെ ഇക്കോ സ്പോര്‍ട്ട് 10000 ത്തിന്‍റെ സര്‍വ്വീസിനായി ഷോറൂമില്‍ കയറ്റി. രണ്ടു മൂന്നു മണിക്കൂര്‍ കൊണ്ട് അവര്‍ വണ്ടി നന്നായി സര്‍വ്വീസ് ചെയ്തു തന്നു. അങ്ങനെ ഉച്ചയോടെ എറണാകുളത്തു നിന്നും ഞങ്ങളുടെ വയനാട് യാത്ര ആരംഭിച്ചു.

സഹയാത്രികനായ പ്രശാന്തിനെ കൂടെക്കൂട്ടുവാനായി യാത്ര പറവൂര്‍ – അങ്കമാലി വഴിയാക്കി. ഉച്ചയ്ക്ക് ഊണു സമയമായപ്പോള്‍ പ്രശസ്തമായ മാഞ്ഞാലി ബിരിയാണിയും കഴിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഹൈവേയിലോക്കെ അത്യാവശ്യം തിരക്കുള്ള സമയമായിരുന്നു. സത്യത്തില്‍ നമ്മുടെ ഹൈവേയിലോക്കെ വാഹനങ്ങള്‍ ലൈന്‍ ട്രാഫിക് കീപ്‌ ചെയ്യുന്നില്ല. പതിയെ യാത്ര ചെയ്യുന്നവര്‍ പോലും വലതുവശത്തുകൂടി ആടിപ്പാടി പോകുന്നത് ബാക്കിയുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് അവര്‍ ആലോചിക്കുന്നില്ല.

ചാലക്കുടിയ്ക്ക് അടുത്തുള്ള ഒരു സിഗ്നലില്‍ വെച്ച് എറണാകുളം സ്വദേശിയായ ഒരു ഫോളോവര്‍ അടുത്തുവന്ന് പരിചയപ്പെടുകയുണ്ടായി. എവിടെപ്പോയാലും ഇതുപോലെ ആരെങ്കിലും ഓണ്‍ലൈന്‍ സുഹൃത്തുകളെ കാണുവാന്‍ സാധിക്കും. അതൊരു വലിയ കാര്യമാണ്. പലപ്പോഴും ഇതുപോലുള്ള സുഹൃത്തുക്കള്‍ എനിക്ക് സഹായകരമാകാറുണ്ട്.

തൃശ്ശൂര്‍ – കോഴിക്കോട് റൂട്ടില്‍ ഭയങ്കര തിരക്കായിരുന്നു. പലപ്പോഴും ക്ഷമ നശിച്ചുപോകുന്ന അവസ്ഥ. എല്ലാവരും കുത്തിക്കയറ്റി ബ്ലോക്ക് വര്‍ദ്ധിപ്പിക്കുവാനേ ശ്രമിക്കുന്നുള്ളൂ. അവസാനം കോഴിക്കോട് നഗരത്തില്‍ കയറാതെ ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ മറ്റൊരു റൂട്ടിലൂടെ കുന്ദമംഗലത്ത് എത്തിച്ചേര്‍ന്നു. പിന്നെ അവിടുന്ന് താമരശ്ശേരി – അടിവാരം – ചുരം വഴി വയനാട്ടിലേക്ക്.

ഭാഗ്യമെന്നു പറയട്ടെ താമരശ്ശേരി ചുരത്തില്‍ അധികം തിരക്ക് അനുഭവപ്പെട്ടില്ല. സൂര്യന്‍ അപ്പോഴേക്കും അസ്തമിച്ചു കഴിഞ്ഞിരുന്നു. താമരശ്ശേരി ചുരത്തില്‍ മിക്കയിടങ്ങളിലും റോഡ്‌ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്നു. ഇതിലൂടെ വോള്‍വോയും സ്കാനിയയും ഒക്കെ ഓടിക്കുന്ന ഡ്രൈവര്‍മാരെ സമ്മതിക്കണം. അങ്ങനെ നേരം ഇരുട്ടിത്തുടങ്ങിയപ്പോള്‍ ഞങ്ങള്‍ വയനാട് എത്തിച്ചേര്‍ന്നു. വയനാട് തണുത്തു തുടങ്ങിയിരുന്നു അപ്പോള്‍.

ഇനി നേരെ കല്‍പ്പറ്റയിലേക്ക് ആണ് പോകേണ്ടത്. വയനാട് സ്വദേശിയായ ഹൈനാസ് എന്ന നമ്മുടെ ഒരു സുഹൃത്തിന്‍റെ വില്ല(cottages)യിലാണ് ഈ ദിവസങ്ങളില്‍ ഞങ്ങളുടെ താമസം. കല്‍പ്പറ്റയില്‍ അദ്ദേഹം ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ടൌണില്‍ നിന്നും 1.5 കി.മീ. ദൂരം മാറി മേപ്പാടി റൂട്ടിലാണ്‌ ഈ വില്ലകള്‍. 3000 -3500 രൂപയ്ക്ക് രണ്ടു ബെഡ്റൂമുകളുള്ള ഈ ഇരുനില വില്ല താമസത്തിനായി ലഭിക്കും. നിങ്ങള്‍ക്കും ഇവിടെ താമസിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ വിളിക്കാം –  ഹൈനസ്‌: 9072299665.

എറണാകുളം മുതല്‍ വയനാട് വരെ യാത്രചെയ്ത് ക്ഷീണിച്ച ഞങ്ങള്‍ക്ക് ഈ കിടിലന്‍ വില്ലയിലെ താമസം ശരിക്കും ഒരു ലക്ക് ആയിരുന്നു. ഇനി ഒന്നു വിശ്രമിക്കണം… എന്നിട്ടുവേണം നാളെ മുതല്‍ വയനാടന്‍ കാഴ്ചകളിലേക്ക് പതിയെ ആഴ്ന്നിറങ്ങുവാന്‍…

LEAVE A REPLY

Please enter your comment!
Please enter your name here