വെണ്മലൈനാട് എന്നറിയപ്പെട്ടിരുന്ന പഴയ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു പുരാതനകാലത്ത് വൈക്കം. വൈക്കം ക്ഷേത്രം അല്ലാതെ അവിടെ മറ്റൊന്നിനെയും കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് കോട്ടയത്തുള്ള ഒരു സുഹൃത്ത് മുഖേന ഒരു ദിവസത്തെ വൈക്കം ടൂര്‍ പാക്കേജിനെക്കുറിച്ച് അറിയുവാന്‍ ഇടയായത്. സുഹൃത്തിന്‍റെ പരിചയക്കാരനായ രമേശേട്ടനാണ് ടൂര്‍ നടത്തുന്നത്. മറ്റൊരു ആവശ്യത്തിനായി ഞാന്‍ എറണാകുളത്ത് എത്തിയ സമയമായിരുന്നു അത്. ഉടനെതന്നെ രമേശേട്ടനെ വിളിച്ച് അടുത്ത ദിവസത്തെ ടൂര്‍ പാക്കേജ് ബുക്ക് ചെയ്തു.

ടൂര്‍ പാക്കേജ് ബുക്ക് ചെയ്തവരെ എറണാകുളത്തു നിന്നും അവര്‍ തന്നെ നമ്മളെ പിക്ക് ചെയ്യും. എന്നാല്‍ എന്‍റെ കാര്‍ കയ്യിലുണ്ടായിരുന്നതിനാല്‍ ഞാന്‍ നേരിട്ടു വൈക്കത്തേക്ക് പോകുകയാണ് ഉണ്ടായത്. വൈക്കം മുറിഞ്ഞപുഴ പാലത്തിനു സമീപം എന്നെയും കാത്ത് രമേശേട്ടനും ഗൈഡ് അഷ്കറും നില്‍ക്കുന്നുണ്ടായിരുന്നു. ശിക്കാര എന്നറിയപ്പെടുന്ന ഒരു വള്ളത്തിലൂടെയുള്ള കായല്‍ സവാരിയാണ്‌ പാക്കേജില്‍ ആദ്യം. എന്‍റെയൊപ്പം രണ്ടു വിദേശ സഞ്ചാരികള്‍ കൂടി വള്ളത്തില്‍ സവാരിയ്ക്കായി ഉണ്ടായിരുന്നു. മുറിഞ്ഞപുഴ കായലിലൂടെ ഞങ്ങളുടെ വള്ളം മന്ദംമന്ദം നീങ്ങി. പോകുന്ന വഴിയില്‍ പരമ്പരാഗത രീതിയില്‍ കള്ളു ചെത്തുന്നതും കക്ക സംസ്കരിക്കുന്നതും ഒക്കെ കാണുവാനുള്ള അവസരം ഉണ്ട്. വേണമെങ്കില്‍ ലേശം കള്ള് രുചിച്ചും നോക്കാം കെട്ടോ.

കുമരകത്തെക്കാളും ആലപ്പുഴയെക്കാളും വേറിട്ട രീതിയിലാണ് വൈക്കം കായല്‍ സവാരി.. എനിക്ക് അങ്ങനെയാണ് അനുഭവപ്പെട്ടത്. അധികം സഞ്ചാരികള്‍ ശ്രദ്ധിക്കാതെ കിടക്കുന്ന ഒരു സ്ഥലമാണ് വൈക്കം. ചെറുവഞ്ചികളില്‍ സഞ്ചരിക്കുന്ന സ്ത്രീകളും, പുഴയില്‍ നീന്തിത്തുടിക്കുന്ന കുട്ടികളും, മീന്‍പിടുത്തക്കാരും… അങ്ങനെ കിടിലന്‍ കാഴ്ചകളായിരുന്നു കായലില്‍ ഞങ്ങളെ കാത്തിരുന്നത്. ഞങ്ങളോടൊപ്പമുണ്ടായിരുന്ന വിദേശസഞ്ചാരികള്‍ക്ക് ഈ യാത്രയും കാഴ്ചകളും വളരെ ഇഷ്ടപ്പെട്ടുവെന്നു അവരുടെ മുഖം കണ്ടപ്പോള്‍ത്തന്നെ മനസ്സിലായി.

ഗംഭീരമായ കായല്‍ യാത്രയ്ക്കിടെ ഒരു സ്ഥലത്ത് വള്ളം അടുപ്പിച്ച് ഞങ്ങള്‍ക്കുള്ള ഊണ് ശരിയാക്കിയിരുന്നു. ഇലയിട്ടുള്ള നല്ല അസ്സല്‍ കേരള ഊണ്. ഊണിനു ശേഷം പിന്നീട് ഞങ്ങളുടെ വള്ളം സഞ്ചരിച്ചത് കായല്‍ തുരുത്തുകള്‍ക്കിടയിലുള്ള ഒരു ചെറിയ തോട്ടിലൂടെയായിരുന്നു. ശരിക്കും ആമസോണ്‍ ഭാഗത്തൊക്കെ സഞ്ചരിക്കുന്ന ഒരു ഫീല്‍ കിട്ടും നമുക്ക് ഇവിടെ. കൂടാതെ പിന്‍ ഡ്രോപ്പ് നിശബ്ദതയും.

രാവിലെ തുടങ്ങിയ ശിക്കാര വള്ളസവാരി വൈകീട്ട് മൂന്നു മണിയോടുകൂടി അവസാനിച്ചു. ഇനി അടുത്തത് തുണി നെയ്ത്തു കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശനമാണ്. ഞങ്ങളുടെ കൂടെ ഗൈഡ് അഷ്കറും ഉണ്ടായിരുന്നു. നെയ്ത്തുകേന്ദ്രത്തില്‍ കുറേ തൊഴിലാളികള്‍ നെയ്യുന്നത് തത്സമയം കാണാനായി. ഇങ്ങനെയൊക്കെയാണ് നമ്മുടെ തുണിത്തരങ്ങള്‍ ഇപ്പോഴുള്ള ഈ രൂപത്തിലാകുന്നത്. പിന്നീട് ഞങ്ങള്‍ പോയത് മണ്‍പാത്ര നിര്‍മ്മാണ കേന്ദ്രത്തിലേക്കായിരുന്നു. കാശു കുടുക്ക, കൂജ, ചട്ടി, പുട്ടു കുടം മുതലായ പലതരത്തിലുള്ള മണ്‍പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന രീതി അവര്‍ നമ്മളെ കാണിച്ചു തരും. നല്ലൊരു അനുഭവമായിരിക്കും അത്.

ഇതെല്ലാം കഴിഞ്ഞപ്പോഴേക്കും പാക്കേജിന്‍റെ അവസാന ഘട്ടമായി. വൈക്കത്ത് ഏറ്റവും പ്രശസ്തനയത് ആരാണ്? വൈക്കത്തപ്പന്‍… ഇവിടെ വരെ വന്നിട്ട് അദ്ദേഹത്തെ കാണാതെ പോകുന്നതെങ്ങനെ? അതെ… നമ്മുടെ വൈക്കം പാക്കേജിന്‍റെ അവസാനം വൈക്കം മഹാദേവ ക്ഷേത്രദര്‍ശനമായിരുന്നു. ശബരിമല സീസണ്‍ ആയതിനാല്‍ ക്ഷേത്ര പരിസരത്ത് വൈകുന്നേരവും തിരക്കായിരുന്നു. ഞാന്‍ കയറിയ സമയത്ത് മഴ പെയ്തതിനാല്‍ ക്ഷേത്ര ദര്‍ശനത്തിനു ഈ തിരക്ക് എനിക്ക് അനുഭവപ്പെട്ടില്ല.

ക്ഷേത്ര ദര്‍ശനത്തിനു ശേഷം വൈക്കം ടൌണിലുള്ള ഒരു വെജ്. റെസ്റ്റോറന്റില്‍ നിന്നും ചായയും കുടിച്ച് എന്‍റെ അന്നത്തെ വൈക്കം വണ്‍ഡേ ടൂര്‍ സമാപിച്ചു. സത്യം പറഞ്ഞാല്‍ നല്ലൊരു ദിവസമായിരുന്നു എനിക്കത്. ആലപ്പുഴയിലും മറ്റും ഞാന്‍ കുറേ യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതുപോലെ എന്‍റെ മനസ്സു കീഴടക്കിയത് ഈ വൈക്കം യാത്രയായിരുന്നു.

സ്പെഷ്യലൈസ്ഡ് വൈക്കം സൈറ്റ്സീയിങ് ട്രിപ്പുകൾക്കായി രമേശേട്ടനെ വിളിക്കാം: 9447037527 വീഡിയോ ഇഷ്ടമായെങ്കിൽ നിങ്ങളുടെ കൂട്ടുകാരുമായി ഷെയർ ചെയ്യുക. അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here