‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നറിയപ്പെടുന്ന കേരളം, അതെ നമ്മുടെ കേരളം അത്രയ്ക്ക് സുന്ദരിയാണ്. മലകളും കായലുകളും പഞ്ചരമണലുള്ള കടൽത്തീരങ്ങളുമെല്ലാം കൊണ്ട് വിനോദസഞ്ചാരത്തിനു പേരുകേട്ട സ്ഥലങ്ങളിലൊന്ന്. കേരളത്തിലെ 14 ജില്ലകളിൽ വയനാട്, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നിവയൊഴികെ മറ്റെല്ലായിടത്തും ബീച്ചുകളുണ്ട്. അപ്പോൾ നമുക്ക് ഇത്തവണ കേരളത്തിലെ തെക്കു മുതൽ വടക്കു വരെയുള്ള പ്രധാനപ്പെട്ട ബീച്ചുകളെ ഒന്നു പരിചയപ്പെട്ടാലോ?
1 കോവളം (തിരുവനന്തപുരം ജില്ല) : കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശ സഞ്ചാരികൾ വരുന്നതും പേരു കേട്ടതുമായ ബീച്ച് ആണ് കോവളം. തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 14 കിലോമീറ്ററോളം മാറിയാണ് കോവളം സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടുകളാല്‍ വേര്‍തിരിക്കപ്പെട്ട മൂന്ന് ബീച്ചുകളാണിവിടെ. ലൈറ്റ് ഹൗസ് ബീച്ച്, ഹവ്വാ ബീച്ച്, സമുദ്ര ബീച്ച് എന്നിവ ഓരോന്നും വ്യത്യസ്തമാണ്. സൺ ബാത്തിനു അനുയോജ്യമായതിനാൽ ഇവിടെ വിദേശ സഞ്ചാരികൾ കൂടുതലായി വരുന്നു. കോവളം ബീച്ചിനു സമീപത്തായി ധാരാളം റിസോർട്ടുകളും സ്ഥിതി ചെയ്യുന്നുണ്ട്. കോവളം സന്ദർശിക്കുവാനുള്ള ഏറ്റവും നല്ല സമയം നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ്. തിരുവനന്തപുരത്തെ പ്രധാന ബസ് സ്റ്റാൻറായ കിഴക്കേക്കോട്ട ബസ് സ്റ്റാൻറിൽ നിന്നും കോവളത്തിന് എപ്പോഴും ബസ്സ് ലഭിക്കും.
2. ശംഖുമുഖം (തിരുവനന്തപുരം ജില്ല) : തിരുവനന്തപുരം നഗരത്തിൽ നിന്നും 8 കി.മീ അകലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം സ്ഥിതിചെയ്യുന്ന ഒരു കടൽത്തീരമാണ് ശംഖുമുഖം. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ശാന്തമായ കടൽത്തീരവും വെളുത്ത മണൽത്തരികളും ഉള്ള ഇവിടം വിനോദസഞ്ചാരികളുടെയും സായാഹ്ന സവാരിക്കാരുടെയും ഒരു പ്രധാന ആകർഷണ കേന്ദ്രമാണ്. “നക്ഷത്രമത്സ്യ ഭക്ഷണശാല” എന്ന ഒരു ഭക്ഷണശാലയും ഇവിടെ ഉണ്ട്. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ജലകന്യക എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. നഗരത്തിലെ കിഴക്കേക്കോട്ട ബസ് സ്റ്റാന്റിൽ നിന്നും കെ.എസ്.ആർ.ടി.സി ബസുകൾ ലഭ്യമാണ്. 1.എം.ജി. റോഡ് വഴി പാളയത്ത് ചെന്ന്, കേരള സർവ്വകലാശാലക്ക് മുന്നിൽകൂടി പോകുന്ന റോഡ് വഴി പള്ളിമുക്ക്, പേട്ട, ചാക്ക വഴി ശംഖുമുഖത്ത് എത്തിച്ചേരാം. 2.കിഴക്കേക്കോട്ട നിന്നും പെരുന്താന്നി-വള്ളക്കടവ്-വലിയതുറ-വിമാനത്താവളം വഴി ശംഖുമുഖത്ത് എത്തിച്ചേരാം. ധാരാളം സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
3. വർക്കല പാപനാശം (തിരുവനന്തപുരം ജില്ല) : തിരുവനന്തപുരം ജില്ലയിലെ വർക്കലയ്ക്കടുത്തുള്ള കടൽത്തീരമാണ് വർക്കല പാപനാശം. ഇവിടെനിന്ന് ഒരു കിലോമീറ്റർ ദൂരമേ 900 വർഷത്തെ പഴക്കം കണക്കാക്കപ്പെടുന്ന വൈഷ്ണവക്ഷേത്രമായ വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലേക്കുള്ളൂ. പാപനാശം കടപ്പുറത്ത് ബലിതർപ്പണത്തിനായി ആയിരക്കണക്കിന് ജനങ്ങൾ എത്താറുണ്ട്. ഇവിടെ മുങ്ങിക്കുളിച്ചാൽ എല്ലാ പാപവും പോകുമെന്നാണ് വിശ്വാസം. ഇതുകൂടാതെ മികച്ചൊരു വിനോദസഞ്ചാരകേന്ദ്രവും കൂടിയാണ് ഇവിടം. കേരളത്തിലെ ഗോവ എന്നൊരു വിളിപ്പേര് കൂടി വർക്കലയ്ക്ക് ഉണ്ട്. ഹിപ്പികൾ കൂടുതലായും തിരഞ്ഞെടുക്കുന്ന ബീച്ചുകളിൽ ഒന്നാണിത്.
4. കൊല്ലം ബീച്ച് (കൊല്ലം ജില്ല) : കേരളത്തിലെ ഒരു പ്രമുഖ കടൽപ്പുറമാണ് മഹാത്മാഗാന്ധി കടൽപ്പുറം എന്ന കൊല്ലം കടൽപ്പുറം (കൊല്ലം ബീച്ച്). കടൽപ്പുറത്തോടനുബന്ധിച്ച് ഉദ്യാനവും മറ്റും ഉണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മഹാത്മാഗാന്ധി പാർക്ക് 1967 ജനുവരി 1ന് അന്നത്തെ ഉപരാഷ്ട്രപതിയായിരുന്ന സക്കീർ ഹുസൈനാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ ഏറ്റവും വലിയ വിളക്കുമാടമായ തങ്കശ്ശേരി ഇതിനു സമീപത്തായാണ്.
5. തിരുമുല്ലവാരം ബീച്ച് (കൊല്ലം ജില്ല) : കൊല്ലം നഗരത്തിൽ നിന്നും ആറു കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന പ്രദേശമാണു തിരുമുല്ലവാരം. കടപ്പുറത്തിന്റെ പേരിലാണിവിടം അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ പത്തു കടൽപ്പുറങ്ങളിൽ ഒന്നായി ഡിസ്കവറി ചാനൽ തിരുമുല്ലാവാരത്തിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവിടുത്തെ മഹാവിഷ്ണുസ്വാമിക്ഷേത്രവുമായി ബന്ധപ്പെട്ട് വാവിനു ബലിയിടാറുണ്ട്. മാർത്താണ്ഡവർമ്മയുടെ സംരക്ഷകരായിരുന്ന തിരുമല്ലന്മാരിൽ നിന്നാണു ഈ പേരു ലഭിച്ചത്.
6. മാരാരി ബീച്ച് (ആലപ്പുഴ ജില്ല) : ആലപ്പുഴ ജില്ലയിൽ, ആലപ്പുഴ നഗരത്തിൽ നിന്നും 11 കിലോമീറ്റർ വടക്കുമാറി മാരാരിക്കുളത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ബീച്ചാണ് മാരാരി ബീച്ച്. ആലപ്പുഴ നഗരത്തിൽനിന്നും ആലപ്പുഴ- എറണാകുളം തീരദേശപാതയിലൂടെ 11 കിലോമീറ്റർ സഞ്ചരിച്ചാൽ മാരാരി ബീച്ചിലെത്താം. ഒരു റിസോർട്ട് ബീച്ചാണിത്. കടലിനഭിമുഖമായി ഒരു കിലോമീറ്ററോളം നീളത്തിൽ വളർന്നു നിൽക്കുന്ന തെങ്ങിൻതോപ്പുകൾ ഇവിടുത്തെ പ്രധാന ആകർഷണമാണ്. തനത് ഗ്രാമീണ ജീവിതം ഇവിടെ നിങ്ങൾക്ക് കാണാനാകും.
7. ആലപ്പുഴ ബീച്ച് (ആലപ്പുഴ ജില്ല) : ഹൗസ് ബോട്ടും കുട്ടനാടൻ കായൽയാത്രകളും കള്ളുഷാപ്പും ഒക്കെ കഴിഞ്ഞാൽ പിന്നെ ആലപ്പുഴയിലെ മറ്റൊരു പ്രധാന ആകർഷണമാണ് ആലപ്പുഴ ബീച്ച്. വർഷങ്ങൾ പഴക്കമുള്ള കടൽപ്പാലവും ലൈറ്റ് ഹൗസുമാണ് ഇവിടത്തെ പ്രധാന ആകർഷണം. ധാരാളം സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ആലപ്പുഴ നഗരത്തിൽ നിന്നും ഏകദേശം അഞ്ചു കിലോമീറ്ററോളം ദൂരമുണ്ട് ബീച്ചിലേക്ക്.
8. അന്ധകാരനഴി ബീച്ച് (ആലപ്പുഴ ജില്ല) : ആലപ്പുഴ ജില്ലയിൽത്തന്നെയുള്ള അധികമാരും അറിയാത്ത ഒരു മനോഹരമായ കടൽത്തീരമാണിത്. അന്ധകാരനഴി ബീച്ചിൽ വർഷംതോറും ബീച്ച് ഫെസ്റ്റിവൽ നടക്കാറുണ്ട്. ഇവിടെ സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി തെക്കേപ്പാലം, ബീച്ച് ടൂറിസം പദ്ധതികൾ, ലേലഹാൾ എന്നിവ ആരംഭിച്ചിട്ടുണ്ട്.
9. ഫോർട്ട്കൊച്ചി ബീച്ച് (എറണാകുളം ജില്ല) : എറണാകുളം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഫോർട്ട്കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ബീച്ചാണിത്. ബീച്ചിനു സമീപത്തുകൂടി കാഴ്ചകൾ കണ്ടുകൊണ്ട് നടക്കുവാനായി വാക്ക് വേകളും ഇവിടെയുണ്ട്. ശരിക്കും പറഞ്ഞാൽ ഫോർട്ട്കൊച്ചി ബീച്ച് സ്ഥിതി ചെയ്യുന്നത് അഴിമുഖത്താണ്. മധ്യ കേരളത്തിൽ ധാരാളം വിദേശ സഞ്ചാരികൾ വരുന്ന ഒരു സ്ഥലമാണിത്. വൈകുന്നേര സമയങ്ങളിൽ പോകുന്നതാണ് ഉത്തമം.
10. ചെറായി ബീച്ച് (എറണാകുളം ജില്ല) : എറണാകുളം ജില്ലയിലെ ഏറ്റവും പേരുകേട്ട ബീച്ചാണ് ചെറായി. കൊച്ചിയിൽ നിന്നും ഏകദേശം 30 കിലോമീറ്റർ ദൂരത്തായാണ് ചെറായി ബീച്ച് സ്ഥിതി ചെയ്യുന്നത്. 15 കിലോമീറ്റർ നീളമുള്ള ഈ കടൽത്തീരം ആഴം കുറഞ്ഞതും വൃത്തിയുള്ളതുമാണ്. ഒരുപാട് വിനോദസഞ്ചാരികൾ കടലിൽ നീന്തുവാനും വെയിൽ കായുവാനുമായി ചെറായി കടൽത്തീരത്ത് എത്തുന്നു. നിരവധി വാട്ടർ സ്പോർട്സ് ആക്ടിവിറ്റികളും ഇവിടെ ലഭ്യമാണ്. കൂടുതലായും നോർത്ത് ഇന്ത്യക്കാരായ ടൂറിസ്റ്റുകളാണ് ചെറായിയിൽ എത്താറുള്ളത്. ഫോർട്ട്കൊച്ചിയിൽ നിന്നും വൈപ്പിൻ വഴി ചെറായി ബീച്ചിൽ എളുപ്പം എത്താവുന്നതാണ്.
11. അഴീക്കോട് അഥവാ മുനയ്ക്കല്‍ ബീച്ച് (തൃശ്ശൂർ ജില്ല) : അഴീക്കോട് എന്ന പേരിൽ ഒന്നിലധികം സ്ഥലങ്ങളുണ്ട്. എന്നാല്‍ ഇവിടെ പറയുന്ന അഴീക്കോട് കൊടുങ്ങല്ലൂരിനടുത്തുള്ള ഒരു തീരപ്രദേശമാണ്. കൊടുങ്ങല്ലൂർ താലൂക്കിലെ, എറിയാട് ഗ്രാമപഞ്ചായത്തിന്റെ ഭരണപരിധിയിലാണ് അഴീക്കോട് ഉൾപ്പെടുന്നത്. തൃശ്ശൂർ ജില്ലയിൽ ഭൂവിസ്തൃതി കൊണ്ട് ഏറ്റവും വലിയതായ മുനയ്ക്കൽ ബീച്ച് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അഴീക്കോട് ബീച്ച് എന്നും ഇതിനു വിളിപ്പേരുണ്ട്.വൈകുന്നേരങ്ങളില്‍ ഈ ബീച്ചില്‍ നിരവധി സഞ്ചാരികള്‍ എത്തുന്നുണ്ട്. കൊടുങ്ങല്ലൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി വരുന്നവര്‍ക്ക് മുനയ്ക്കല്‍ ബീച്ചിലും കൂടി ഒന്ന് സന്ദര്‍ശിക്കാവുന്നതാണ്. ഇവിടെ എത്തിച്ചേരുവാന്‍ – എറണാകുളം ജില്ലയിലെ മുനമ്പത്തുനിന്ന് അഴീക്കോട്ടേക്ക് ഒരു ജങ്കാർ സർവ്വീസുണ്ട്. കൊടുങ്ങല്ലൂർ നിന്നും അഴീക്കോട്ടേക്ക് കാര, എറിയാട്, പടാകുളം, ചേരമാൻ, അഞ്ചപ്പാലം എന്നീ അഞ്ചു വഴികളിലൂടെ ബസ് സർവ്വീസുണ്ട്. കൂടുതലും പ്രൈവറ്റ് ബസ്സുകളാണ് ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നത്.
12. സ്നേഹതീരം ബീച്ച് (തൃശ്ശൂർ ജില്ല) : തൃശൂരിൽ നിന്നും ഏകദേശം 30 കിലോമീറ്റർ അകലെ തളിക്കുളം എന്ന സ്ഥലത്തെ കടപ്പുറമാണ് സ്നേഹതീരം. അത്യാവശ്യം പ്രശസ്തമായ ഒരു ബീച്ച് ആണിത്. വിനോദസഞ്ചാരികൾക്കായി നടപ്പാതകളും ഇരിപ്പടങ്ങളും കൽമണ്ഡപങ്ങളും ഇവിടെ നിർമ്മിച്ചിരിക്കുന്നു. കൂടാതെ ഭക്ഷണശാലകളും സമീപത്തുണ്ട്. തളിക്കുളം എന്ന സ്ഥലത്ത് സ്ഥിതിചെയുന്നതിനാല്‍ സ്നേഹതീരം ബീച്ചിനെ തളിക്കുളം ബീച്ച് എന്നും അറിയപ്പെടുന്നു. തൃപ്രയാര്‍ ക്ഷേത്ര ദര്‍ശനത്തിനായി വരുന്നവര്‍ക്ക് അധികം ദൂരെയല്ലാത്ത സ്നേഹതീരം ബീച്ച് കൂടി സന്ദര്‍ശിക്കാവുന്നതാണ്. എങ്ങനെ എത്തിച്ചേരാം? – തൃശ്ശൂരിൽ നിന്നും ഈ ഭാഗത്തേക്ക് ബസ് സര്‍വ്വീസ് ലഭ്യമാണ്. ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് ബസ് കയറേണ്ടത്. ബസ് ജീവനക്കാരോട് ചോദിച്ചാല്‍ അവര്‍ കൃത്യമായി സ്റ്റോപ്പ് പറഞ്ഞുതരും. ബസ്സില്‍ കയറി തളിക്കുളം എന്ന സ്ഥലത്തിറങ്ങുക. അവിടെ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ അകലെയാണ് സ്നേഹതീരം ബിച്ച്. ബസ് ഇറങ്ങിയശേഷം ഓട്ടോറിക്ഷയെ ആശ്രയിക്കാവുന്നതാണ്. എറണാകുളം – ഗുരുവായൂർ റോഡിലൂടെയും ഈ സ്ഥലത്ത് എത്തിച്ചേരാം. പറവൂർ – കൊടുങ്ങല്ലൂർ – തൃപ്രയാർ വഴി തളിക്കുളത്തെത്താവുന്നതാണ്.
13. ചാവക്കാട് ബീച്ച് (തൃശ്ശൂർ ജില്ല) : ഗുരുവായൂർ നിന്നും 4 കിലോമീറ്റർ അകലെയാണ് ചാവക്കാട് ബീച്ച്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു വരുന്നവര്‍ക്ക് എളുപ്പത്തില്‍ സന്ദര്‍ശിക്കാവുന്ന ഒരു സ്ഥലമാണിത്. തമിഴ്നാട്ടില്‍ നിന്നുള്ള സഞ്ചാരികള്‍ വരെ ഈ ബീച്ച് സന്ദര്‍ശിക്കാറുണ്ട്. സായാഹ്നങ്ങളില്‍ കുടുംബമായി ചെലവഴിക്കാന്‍ പറ്റിയ ഒരിടം കൂടിയാണ് ചാവക്കാട് ബീച്ച്.ആധുനികവൽക്കരണം കൊണ്ട് ഈ കടൽത്തീരം ഇതുവരെ മലിനമായിട്ടില്ല എന്നുള്ളത് ആശ്വാസകരമായ ഒരു കാര്യമാണ്. ബീച്ചിന് അരികിലായി ധാരാളം തെങ്ങിന്തോപ്പുകളും ഒരു വിളക്കുമാടവും ഉണ്ട്. തൊട്ടടുത്ത് മലപ്പുറം ജില്ലയായതിനാല്‍ ഒരു മലബാര്‍ ടച്ചും ഈ സ്ഥലത്തിനുണ്ട്. തൃശ്ശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇവിടേക്ക് ബസ് ലഭിക്കും. എറണാകുളത്തു നിന്നും വരുന്നവര്‍ക്ക് വൈറ്റില ഹബ്ബില്‍ നിന്നോ ജെട്ടി ബസ് സ്റ്റാന്‍ഡില്‍ നിന്നോ ഗുരുവായൂര്‍ ബസ് കയറി ചാവക്കാട് ഇറങ്ങാവുന്നതാണ്. ചാവക്കാട് ടൌണില്‍ നിന്നും ബീച്ചിലേക്ക് ഓട്ടോറിക്ഷ പിടിച്ചാലും മതി. എറണാകുളം ജെട്ടി – ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ബസ് സമയം അറിയുവാന്‍ www.aanavandi.com നോക്കുക.
14. പൊന്നാനി ബീച്ച് (മലപ്പുറം ജില്ല) : മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട ബീച്ചാണിത്. പൊതുവെ തദ്ദേശീയരായ ആളുകളാണ് ഇവിടേക്ക് വരാറുള്ളത്. പ്രളയത്തിനു ശേഷം ഇവിടെ ഒരു കിലോമീറ്ററോളം നീളത്തിൽ കടലിലേക്ക് ഒരു മണൽത്തിട്ട രൂപപ്പെട്ടിരുന്നു. ഇത് കാണുവാനായി ആ സമയത്ത് ധാരാളം സഞ്ചാരികളാണ് പൊന്നാനി ബീച്ചിലേക്ക് എത്തിയിരുന്നത്. ഇതിനെല്ലാം പുറമെ ദേശാടനക്കിളികളുടെ താവളം കൂടിയാണ് പൊന്നാനി ബീച്ച്. ഭാരതപ്പുഴയും തിരൂര്‍ പുഴയും ഒന്നിച്ച് അറബിക്കടലില്‍ സംഗമിക്കുന്ന പൊന്നാനി ബീച്ചില്‍ ആയിരക്കണക്കിന് ദേശാടനക്കിളികളാണ് വിരുന്നെത്തുന്നത്. ഇതിനു പുറമെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലൈറ്റ് ഹൗസ് വൈകുന്നേരങ്ങളില്‍ സന്ദര്‍ശകരായി തുറന്ന് കൊടുത്തിട്ടുമുണ്ട്.
15. കാപ്പാട് ബീച്ച് (കോഴിക്കോട് ജില്ല) : കോഴിക്കോട് ജില്ലയിലെ ചരിത്രപ്രധാനമായ കടൽത്തീരം ആണ് കാപ്പാട് . പോർച്ചുഗീസ് കപ്പിത്താനായ വാസ്കോ ഡ ഗാമ ഇവിടെ കപ്പലിറങ്ങി എന്നപേരിൽ ഈ തീരം പ്രസിദ്ധമായി. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കടൽത്തീരവും പാറക്കെട്ടുകളുംകൊണ്ട് പ്രസിദ്ധമാണിപ്പോൾ. തദ്ദേശീയർക്കിടയിൽ ഈ സ്ഥലം കപ്പക്കടവ് എന്നും അറിയപ്പെടുന്നു. വാസ്കോ ഡ ഗാമ കപ്പൽ ഇറങ്ങിയതിന്റെ ഓർമ്മക്കായി സമീപകാലത്തുണ്ടാക്കിയ ഒരു ചെറിയ സ്മാരകം ഇവിടെ ഉണ്ട്. മലബാറിലെ പ്രദേശങ്ങൾ സന്ദർശിക്കുന്ന സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകൾ അവരുടെ സന്ദർശന പട്ടികയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി കാപ്പാടിനെ പരിഗണിക്കുന്നു. തദ്ദേശീയരും സമീപ പ്രദേശങ്ങളിലുള്ളവരും വൈകുന്നേരങ്ങളിലെ ഒരു വിശ്രമകേന്ദ്രമായി കാപ്പാടിനെ കണക്കാക്കുന്നു. സഞ്ചാരികളെ ആകർഷിക്കാൻ തക്ക സുന്ദരവും വിസ്തൃതവുമായ കടൽത്തീരം കൊണ്ട് അനുഗൃഹീതമാണ് കാപ്പാട്.
16. മുഴുപ്പിലങ്ങാട് ബീച്ച് (കണ്ണൂർ ജില്ല) : കണ്ണൂരിനും തലശ്ശേരിയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു ബീച്ചാണ് മുഴുപ്പിലങ്ങാട് ബീച്ച്. കണ്ണൂരിൽ നിന്നും 15 കിലോമീറ്ററും തലശ്ശേരിയിൽ നിന്നും 8 കിലോമീറ്ററും ദൂരമുണ്ട് ഇവിടേക്ക്. നാഷണൽ ഹൈവേ 17 നു സമാന്തരമായി 5 കിലോമീറ്ററോളം നീളത്തിൽ സ്ഥിതിചെയ്യുന്ന മുഴുപ്പിലങ്ങാട് ബീച്ച് പ്രശസ്തമായത് മറ്റൊരു സവിശേഷത കൊണ്ടാണ്. എന്താണെന്നോ? കേരളത്തിലെ ഏക ഡ്രൈവ് – ഇൻ ബീച്ച് (വാഹനങ്ങൾ ഓടിക്കാവുന്ന ബീച്ച്) ആണിത് എന്നതുതന്നെയാണ് കാരണം. അതോടൊപ്പം തന്നെ ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീസിച്ചും നമ്മുടെ മുഴുപ്പിലങ്ങാട് ബീച്ചാണ്. ഇത് കേട്ടപ്പോൾ കുറച്ച് അഭിമാനമൊക്കെ തോന്നുന്നില്ലേ? നാല് കിലോമീറ്റർ ദൂരം വരെ മുഴപ്പിലങ്ങാട് കടൽത്തീരത്തുകൂടി വെള്ളത്തിലും കരയിലുമായി വാഹനം ഓടിച്ച് യാത്രചെയ്യാനും (ഡ്രൈവ്-ഇൻ-ബീച്ച്) സൂര്യാസ്തമനം കാണാനും കഴിയും എന്നതാണ് ഇവിടേക്ക് സഞ്ചാരികൾ കൂടുതലായി എത്തുവാനുള്ള കാരണം. ബീച്ചിൽ വാഹനങ്ങൾ ഇറക്കുന്നതിനു പ്രത്യേകം പാസുകൾ എടുക്കണം.
17. പയ്യാമ്പലം ബീച്ച് (കണ്ണൂർ ജില്ല) : കണ്ണൂർ നഗരത്തിനു അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ബീച്ചാണ് പയ്യാമ്പലം കടപ്പുറം. ഈ കടൽത്തീരം അതിന്റെ പ്രകൃതിസൗന്ദര്യത്തിന് പേരുകേട്ടതും ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവുമാണ്. പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച അമ്മയും കുഞ്ഞും എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. ശാന്ത സുന്ദരമായ ഈ കടൽത്തീരത്തിനു സമീപമാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ. ഗോപാലൻ, പാമ്പൻ മാധവൻ, കെ.ജി. മാരാർ, ഇ.കെ. നായനാർ,അഴീക്കോടൻ രാഘവൻ, സി.കണ്ണൻ, ചടയൻ ഗോവിന്ദൻ, സുകുമാർ അഴീക്കോട് എന്നിവരുടെ ശവകുടീരങ്ങൾ.
18. തോട്ടട ബീച്ച് (കണ്ണൂർ ജില്ല) : കണ്ണൂർ-തലശ്ശേരി ദേശീയ പാതയിൽ (NH17) നിന്നും 2.5 കിലോ മീറ്റർ അകലെയാണ് തോട്ടട ബീച്ചിൻറെ സ്ഥാനം. 800 മീറ്ററോളം നീളമുള്ള ഈ ബീച്ചിൽ സൂര്യസ്നാനത്തിനായി വിനോദ സഞ്ചാരികൾ എത്താറുണ്ടെങ്കിലും കേരളത്തിലെ ടൂറിസം ഭൂപടത്തിൽ ഇടംനേടാൻ ഈ ബീച്ചിനു കഴിഞ്ഞിട്ടില്ല. തോട്ടടയിലെ അരുവി ഒഴുകി ചേരുന്നത് ഈ തീരത്തിലാണ്.
20. ബേക്കൽ (കാസർഗോഡ് ജില്ല) : കാസർഗോഡ് ജില്ലയിലുള്ള പള്ളിക്കര ഗ്രാമത്തിലാണ് ബേക്കൽ എന്ന കടലോര പ്രദേശം. ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് ഈ സ്ഥലം. കാസർഗോഡ് പട്ടണത്തിൽ നിന്നും 14 കി.മീ തെക്കായാണ് ബേക്കൽ സ്ഥിതിചെയ്യുന്നത്. ബേക്കൽ കോട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണ്. ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന കോട്ടയും ഇതുതന്നെ. കോട്ടയിൽ നിന്നുള്ള കടൽത്തീരത്തിന്റെ മനോഹരമായ ദൃശ്യവും നയനാനന്ദകരമായ പ്രകൃതി ദൃശ്യങ്ങളും അനേകം വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു. ധാരാളം സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. അതിൽ എടുത്തു പറയാവുന്നത് ‘ബോംബെ’ സിനിമയിലെ “ഉയിരേ..” എന്ന ഗാനരംഗമാണ്.
21 തൃക്കണ്ണാട് ബീച്ച് (കാസർഗോഡ് ജില്ല) : കാസർഗോഡ് ജില്ലയിലെ ഒരു കടലോര ഗ്രാമമാണ് തൃക്കണ്ണാട്. ബേക്കൽ കോട്ടയ്ക്ക് അടുത്താണ് തൃക്കണ്ണാട്. പശ്ചിമമുഖമായി നിലകൊള്ളുന്ന പ്രശസ്തമായ തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രം ഇവിടെ കടലോരത്തായി ഉണ്ട്. ദക്ഷിണകാശി എന്നും ഈ സ്ഥലം അറിയപ്പെടുന്നു. കരയിൽ നിന്നും 2കിലോമീറ്റർ അകലെ കടലിൽ ഉയർന്നു നിൽക്കുന്ന വലിയൊരു പാറ കാണാം. ഇത് പാണ്ഡ്യൻ കല്ല് എന്നാണു അറിയപ്പെടുന്നത്. സാഹസിക നീന്തൽക്കാർക്ക് പ്രിയങ്കരമാണ് ഈ സ്ഥലം.
1 comment
MALAPPURAM KADALUNDIYEYUM PAKSHI SANKETHATHEYUM PATTI ORU VDO CHEYYAMO……………………..