© Sarath.

പൊതുവെ എല്ലാവർക്കും മഴയും തണുപ്പും ഒക്കെ ഇഷ്ടമായിരിക്കും. മഴ എന്നു പറയുമ്പോൾ പ്രളയം വന്നതു പോലത്തെ പേമാരിയൊന്നും അല്ല കേട്ടോ. കാണുമ്പോൾ മനംകുളിരുന്ന, കേൾക്കുവാൻ ഇമ്പമുള്ള താളത്തോടു കൂടിയ ചെറിയ ചാറ്റൽ മഴ. മഴയെ അധികം വർണ്ണിച്ചു സമയം കളയുന്നില്ല. കാര്യത്തിലേക്ക് കടക്കാം.

മഴ പെയ്യുമ്പോൾ പൊതുവെ നമ്മളെല്ലാം യാത്രകൾ ചെയ്യുന്നത് കുറവായിരിക്കും. എവിടെയെങ്കിലും ഒതുങ്ങിക്കൂടി ഇരിക്കുവാനായിരിക്കും മിക്കവരും ആഗ്രഹിക്കുന്നത്. എന്നാൽ ഒന്നറിഞ്ഞോളൂ കേരളത്തിൽ മഴയും തണുപ്പും ആസ്വദിക്കുവാൻ പറ്റിയ ധാരാളം സ്ഥലങ്ങളുണ്ട്. അവയിൽ ചിലത് നിങ്ങൾക്കു മുന്നിൽ പരിചയപ്പെടുത്തി തരാം. ഈ ലേഖനം രണ്ടു പാർട്ടുകളായാണ് പ്രസിദ്ധീകരിക്കുന്നത്. വടക്കൻ കേരളത്തിലെ ജില്ല തിരിച്ചുള്ള സ്ഥലങ്ങളാണ് ആദ്യ ഭാഗത്തിൽ. അവ ഏതൊക്കെയെന്നു ഒന്നു നോക്കാം.

കാസർഗോഡ് – റാണിപുരം : കാസർഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പ്രദേശമാണു റാണിപുരം.  കാഞ്ഞങ്ങാടിന് 48 കിലോമീറ്റർ കിഴക്കായി പാണത്തൂർ റോഡ് പാനത്തടിയിൽ പിരിയുന്ന ഇടത്തു നിന്നും ഒമ്പതു കിലോമീറ്റർ അകലെയാണ് റാണിപുരത്തിന്റെ സ്ഥാനം. 1016 മീറ്റർ ഉയരത്തിലായി സ്ഥിതി ചെയ്യുന്ന റാണിപുരത്തെ വേണമെങ്കിൽ ഊട്ടിയോട് ഉപമിക്കാമെന്നാണ് അനുഭവസ്ഥർ പറയുന്നത്. ജൈവ-വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുള്ള സ്ഥലമാണ് ഇത്.  പനത്തടിയിൽ നിന്നും ജീപ്പുവഴി റാണിപുരത്തേക്ക് പോവുന്നതാണ് ഇന്ന് ഏറ്റവും എളുപ്പത്തിൽ എത്തുവാനുള്ള മാർഗ്ഗം. സോഷ്യൽ മീഡിയ വഴി പ്രശസ്തമായ ഇവിടെ താമസ സൗകര്യത്തിനായി കെ.ടി.ഡി.സിയുടെ ഗസ്റ്റ് ഹൌസുകളും ചില സ്വകാര്യ റിസോർട്ടുകളും പ്രവർത്തിക്കുന്നുണ്ട്.

കണ്ണൂർ – പൈതൽമല : കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124 ഏക്കർ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ഒരു കിടിലൻ സ്ഥലമാണ് പൈതൽമല. വൈതൽ മല എന്നും ഇത് അറിയപ്പെടുന്നു. ട്രെക്കിംഗ് നടത്തുന്നവർക്കും കാഴ്ചകൾ ആസ്വദിക്കുന്നവർക്കും ഈ സ്ഥലം വളരെ അനുയോജ്യമാണ്. മഴക്കാലത്ത് പൈതൽമലയ്ക്ക് ഒരു പ്രത്യേക ഭംഗിയാണ്. പക്ഷേ ഇവിടെ വില്ലനായി അട്ടകൾ ധാരാളമുണ്ട്. അതുകൊണ്ട് വരുന്നവർ അട്ടകളെ പ്രതിരോധിക്കുന്നതിനുള്ള കാര്യങ്ങൾ സജ്ജീകരിക്കുക. കണ്ണൂരിൽ നിന്നും ഏകദേശം 60 കിലോമീറ്ററോളം ദൂരമുണ്ട് കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പൈതൽമലയിലേക്ക്. ഇവിടേക്ക് കണ്ണൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ നിന്നും ബസ് സർവ്വീസുകളും ലഭ്യമാണ്.

വയനാട് – താമരശ്ശേരി ചുരം : കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ ലക്കിടി സ്ഥിതി ചെയ്യുന്നത് വയനാട്ടിലാണ്. മഴക്കാലത്ത് വയനാട്ടിൽ ഏറ്റവും കൂടുതൽ സൗന്ദര്യം കൈവരിക്കുന്നത് ലക്കിടിയും അതിനോട് ചേർന്നു കിടക്കുന്ന താമരശ്ശേരി ചുരവുമാണ്. താമരശ്ശേരി ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണെങ്കിലും അറിയപ്പെടുന്നത് വയനാടൻ ചുരമെന്നാണല്ലോ. പക്ഷേ ഭയങ്കര മഴയുള്ള സമയത്ത് താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതാണ്.

കോഴിക്കോട് – കക്കാടംപൊയിൽ : കോഴിക്കോട് – മലപ്പുറം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കക്കാടംപൊയിൽ ചെറിയ മഴക്കാലത്ത് സന്ദർശിക്കുവാൻ പറ്റിയ സ്ഥലമാണ്. ഇവിടെ സ്ഥിതി ചെയ്യുന്ന കോഴിപ്പാറ വെള്ളച്ചാട്ടം സഞ്ചാരികൾക്കിടയിൽ പ്രശസ്തമാണ്. വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. നിലമ്പൂരിൽ നിന്നും അകമ്പാടം വഴി മൂലേപ്പാടം പാലം കടന്ന് കക്കാടം പൊയിലിൽ എത്താം. കോഴിക്കോട്ട് നിന്നും വരുന്നവർക്ക് മുക്കം കാരമ്മൂല കൂടരഞ്ഞിവഴിയും എത്താം.രണ്ട് വഴിക്കും കെ എസ് ആർ ടി സി ബസ് സർവീസ് ഉണ്ട്. അവിടുന്ന് 3 കിലോമീറ്ററോളം നായാടമ്പൊയിൽ വഴിയിൽ പോകുമ്പോൾ കോഴിപ്പാറ വെള്ളച്ചാട്ടത്തിനടുത്തേത്താം.

മലപ്പുറം – കൊടികുത്തിമല : മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു മനോഹര സ്ഥലമാണ് കൊടികുത്തിമല. സമുദ്രനിരപ്പിൽ നിന്ന് 522 മീറ്റർ ഉയരമുള്ള  കൊടികുത്തിമലയെ മലപ്പുറം ജില്ലയുടെ ഊട്ടി എന്നും വിളിക്കാറുണ്ട്. കാലാവസ്ഥ അടിക്കടി മാറിവരുന്ന ഇവിടെ നിന്നാൽ മലപ്പുറത്തിന്റെയും പെരിന്തൽമണ്ണയുടെയും പ്രകൃതിരമണീയത ആസ്വദിക്കാം. ബാക്കിയുള്ള ജില്ലകളിലെ സ്ഥലങ്ങളുടെ വിവരങ്ങൾ അടുത്ത ഭാഗത്തിൽ വായിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.