ദുബായിലെ ഡെസേർട്ട് സഫാരിയും, കിടിലൻ ബെല്ലി ഡാൻസും, അറേബ്യൻ ഫുഡുമൊക്കെ ആസ്വദിച്ചതിനു ശേഷം പിറ്റേന്ന് ഞങ്ങൾ അബുദാബിയിലേക്ക് ആയിരുന്നു പോകുവാൻ തയ്യാറായത്. യു.എ.ഇ രാജ്യത്തിന്റെ ഏഴ് അംഗരാഷ്ട്രങ്ങളിലൊന്നാണു അബുദാബി എമിറേറ്റ്. ദുബായിൽ നിന്നും അബുദാബിയിലേക്ക് റോഡ് മാർഗ്ഗം പോകാവുന്നതാണ്. ഇതൊന്നും ആർക്കും പ്രത്യേകിച്ച് പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ. മലയാളി പ്രവാസികളിൽ നല്ലൊരു ശതമാനം അബുദാബിയിലും ഉണ്ട്.
അങ്ങനെ രാവിലെ തന്നെ ഞങ്ങൾ അബുദാബിയിലേക്കുള്ള യാത്രയാരംഭിച്ചു. ദെയ്‌റ ട്രാവൽസ് ആയിരുന്നു ഞങ്ങളുടെ ഈ അബുദാബി ട്രിപ്പ് സ്പോൺസർ ചെയ്തത്. ദെയ്‌റ ട്രാവൽസിലെ മലയാളിയായ വിവേകും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. മലപ്പുറം സ്വദേശിയായ അഷ്‌റഫ് ആയിരുന്നു ഞങ്ങളുടെ കാറിന്റെ സാരഥി. ദുബായിൽ നിന്നും ഏകദേശം 150 കിലോമീറ്റർ ദൂരമുണ്ട് അബുദാബിയ്ക്ക്. ഏകദേശം ഒന്നര മണിക്കൂറിനുള്ളിൽ അവിടെയെത്താം എന്ന് അഷ്‌റഫ് പറഞ്ഞു.
കിടിലൻ ദുബായ് കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. ഷാർജയിലേക്ക് പോകുന്ന ഡബിൾ ഡക്കർ ബസ്സുകൾ, നീളം കൂടിയ കാറുകളായ ലിമോസിനുകൾ, വിവിധ വാഹനങ്ങളുടെ പരസ്യ ബോർഡുകൾ, അകലെ ദുബായ് ഫ്രെയിം, മനോഹരങ്ങളായ കെട്ടിടങ്ങൾ, റോഡുകൾ, ഫ്ലൈ ഓവറുകൾ തുടങ്ങിയ കാഴ്ചകളൊക്കെ ആദ്യം കാണുന്നതു പോലെത്തന്നെ ഞങ്ങൾ നോക്കിയിരുന്നു. അങ്ങനെ നല്ലൊരു യാത്രയ്ക്കു ശേഷം ഞങ്ങൾ അബുദാബിയിലേക്ക് പ്രവേശിച്ചു.
അബുദാബിയിൽ പ്രവേശിച്ചപ്പോൾ പെട്ടെന്ന് എനിക്ക് തോന്നിയ ഒരു മാറ്റം അവിടത്തെ റോഡുകളുടെ ചെറിയ നിറവ്യത്യാസം ആയിരുന്നു. അബുദാബിയിലെ ആ റോഡിൽക്കൂടി മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ വാഹനങ്ങൾ ഓടിക്കുവാൻ സാധിക്കും. ഇത്രയും നേരം പിന്നിലിരുന്ന് ശ്വേത നല്ല ഉറക്കം പാസ്സാക്കുകയായിരുന്നു. അബുദാബിയിൽ എത്തിയപ്പോൾ എല്ലാവരും എഴുന്നേറ്റ് റെഡിയായി.
അബുദാബിയിൽ ആദ്യം ഞങ്ങൾ പോയത് പ്രശസ്തമായ ഫെരാരി വേൾഡിലേക്ക് ആയിരുന്നു. ലോകത്തിലെ മികച്ച ആഡംബര കാർ നിർമ്മാതാക്കളായ ഫെരാരിയുടെ പേരിലുള്ള ഒരു തീം പാർക്ക് ആണ് അബുദാബിയിലെ ഫെരാരി വേൾഡ്. 2010 ലാണ് ഈ തീം പാർക്ക് തുറന്നത്. വലിയൊരു മാളിന് തുല്യമായ ഒരു വമ്പൻ സെറ്റപ്പും ഇതോടൊപ്പം ഉണ്ട്. ഫെരാരി ബ്രാൻഡ് കാറുകളുടെ പ്രദർശനത്തിന് പുറമെ ധാരാളം ഷോപ്പുകളും അവിടെയുണ്ട്. പക്ഷെ അവിടെ നിന്നും എന്തെങ്കിലും വാങ്ങണമെങ്കിൽ നല്ല തുക മുടക്കേണ്ടി വരും. അതോടൊപ്പം തന്നെ പലതരത്തിലുള്ള റൈഡുകളും അവിടെയുണ്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർകോസ്റ്റർ ഫെരാരി വേൾഡിലാണ് സ്ഥിതി ചെയ്യുന്നത്. ചുരുക്കിപ്പറഞ്ഞാൽ UAE യിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് ആകർഷണങ്ങളിൽ ഒന്നാണ് ഫെരാരി വേൾഡ്.
ഫെരാരി വേൾഡിലെ കാഴ്ചകളെല്ലാം ഞങ്ങൾ ആസ്വദിച്ച് നടന്നു. താല്പര്യമില്ലാതിരുന്നതിനാൽ (അല്ലാതെ പേടിച്ചിട്ടാല്ലാട്ടോ..) അഡ്വഞ്ചർ റൈഡുകളിലൊന്നും കയറാൻ നിൽക്കാതെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി അടുത്ത കാഴ്ചകൾ കാണുവാനായി നീങ്ങി. പിന്നീട് ഞങ്ങൾ പോയത് അബുദാബിയിലെ ഷെയ്ക്ക് സയീദ് ഗ്രാൻഡ് മോസ്‌ക്ക് സന്ദർശിക്കുവാൻ ആയിരുന്നു. മോസ്‌ക്കിന്റെ അടുത്തുള്ള പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക് ചെയ്തിട്ട് ഞങ്ങൾ അകത്തേക്ക് നടന്നു.
UAE യിലെ ഏറ്റവും വലിയ മോസ്ക്ക് എന്ന സവിശേഷത കൂടിയുണ്ട് ഷെയ്ക്ക് സയീദ് ഗ്രാൻഡ് മോസ്‌ക്കിന്. ഒരു ഷോപ്പിംഗ് മാളിലേക്ക് കയറുന്ന പ്രതീതിയായിരുന്നു അവിടെ അനുഭവപ്പെട്ടത്. മോസ്‌ക്കിലേക്ക് കയറുവാനുള്ള എൻട്രി പാസ് ഓൺലൈനായി എടുക്കാവുന്നതാണ്. ഇതിനു പ്രവേശന ഫീസ് ഒന്നുംതന്നെയില്ല. ഒരു പാസ്സ് എടുക്കണം എന്നു മാത്രം. അതല്ലെങ്കിൽ അവിടെ ചെന്നിട്ട് കിയോസ്‌ക്ക് വഴി സ്വന്തമായി എടുക്കുവാനും സാധിക്കും. മോസ്‌ക്കിലേക്കുള്ള എൻട്രിയുടെ അടുത്തുനിന്നും ഞങ്ങൾ അകത്തേക്ക് കയറുവാനുള്ള പാസ്സ് എടുത്തു അകത്തേക്ക് നടന്നു.
മോസ്‌ക്കിൽ കയറുവാൻ ഡ്രസ്സ് കോഡ് ഉണ്ട്. സ്ത്രീകൾ തലയും ശരീരവുമൊക്കെ മുഴുവനായി മറയ്ക്കുന്ന തരത്തിലുള്ള ഡ്രസ്സ് അവിടെ വാടകയ്ക്ക് ലഭിക്കും. ശ്വേത ആ ഡ്രസ്സ് ധരിച്ചായിരുന്നു അകത്തേക്ക് കയറിയത്. വളരെ മനോഹരമായ രീതിയിൽ പണികഴിപ്പിച്ചതായിരുന്നു ആ മോസ്‌ക്ക്. മുഴുവനും മാർബിൾ കല്ലുകളാൽ നിർമ്മിതമായവ. അധികം സന്ദർശകരുടെ തിരക്കുകളൊന്നും അവിടെയുണ്ടായിരുന്നില്ല. പുറത്താണെങ്കിൽ നല്ല വെയിലും ആയിരുന്നു. ഇവിടേക്ക് വരുന്നവർ സൺഗ്ലാസ് ധരിക്കുന്നത് നല്ലതായിരിക്കും. സത്യം പറഞ്ഞാൽ ഷെയ്ക്ക് സയീദ് ഗ്രാൻഡ് മോസ്‌ക്കിനെ വർണ്ണിക്കുവാൻ വാക്കുകൾ പോരാതെ വരും. അതുകൊണ്ട് കൂടുതലൊന്നും ഇനി പറയുന്നില്ല. ബാക്കിയെല്ലാം ഇതോടൊപ്പമുള്ള വീഡിയോയിൽ കാണാവുന്നതാണ്.
ഗ്രാൻഡ് മോസ്‌കിലെ കാഴ്ചകളെല്ലാം കണ്ടതിനു ശേഷം ഞങ്ങൾ അവിടെ നിന്നും പുറത്തേക്ക് നീങ്ങി. സമയം ഉച്ചയായിരുന്നതിനാൽ പിന്നീട് ഞങ്ങൾ ലഞ്ച് കഴിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. എല്ലാവരോടുമായി ഒന്നേ പറയാനുള്ളൂ, UAE യിൽ വരുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളാണ് ഫെരാരി വേൾഡും ഷെയ്ക്ക് സയീദ് ഗ്രാൻഡ് മോസ്‌കും. ഒരിക്കലും ഇവ മിസ്സ് ചെയ്യരുത്.