ചൈനയിലെ Beijing Lu Street ലെ വാച്ച്, ബാഗ് ഷോപ്പിംഗിനു ശേഷം പിറ്റേദിവസം ഞങ്ങൾ പോയത് അവിടെത്തന്നെയുള്ള ഇലക്ട്രോണിക്സ് ഷോപ്പിംഗ് ഏരിയയിലേക്കായിരുന്നു. രാവിലെ തന്നെ ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ ഞങ്ങളെ പിക് ചെയ്യുവാനായി മിനിബസ് എത്തിച്ചേർന്നു. അങ്ങനെ ചൈനയുടെ മനോഹരമായ റോഡുകളിൽക്കൂടി Beijing Lu Street ലേക്ക്.

അങ്ങനെ ഞങ്ങൾ സ്ട്രീറ്റിൽ എത്തിച്ചേർന്നു. രാവിലെ ആയിരുന്നതിനാൽ അവിടെ തിരക്ക് പൊതുവെ കുറവായിരുന്നു. അവിടെ വന്നിറങ്ങിയ പാടെ ഒരു റെസ്റ്റോറന്റിലേക്ക് ആയിരുന്നു ഞങ്ങളുടെ ശ്രദ്ധ നീങ്ങിയത്. പക്ഷെ ഹോട്ടലിൽ നിന്നും ബ്രേക്ക്ഫാസ്റ്റ് കഴിച്ചിരുന്നതിനാൽ അവിടെ നിന്നും ഭക്ഷണം കഴിക്കുവാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നില്ല.

പതിയെ ഞങ്ങൾ ഷോപ്പിംഗിനായി നീങ്ങി. പലതരത്തിലുള്ള സാധനങ്ങൾ വിൽക്കുന്ന കടകൾ ഞങ്ങൾക്ക് അവിടെ കാണുവാൻ സാധിച്ചു. സ്‌കൂൾ കുട്ടികൾക്കായുള്ള ഒരു കടയിൽ നിന്നും പഠിക്കുന്ന കുട്ടികൾക്ക് എഴുതുവാനായി ഉപയോഗിക്കുവാൻ കഴിയുന്ന ബോർഡുകൾ (സ്ലേറ്റ് മോഡൽ) ഞങ്ങൾ വാങ്ങി. ഇവയെല്ലാം കൂടാതെ പേനകൾ മാത്രം വിൽക്കുന്ന കടകൾ, കീ ചെയിനുകൾ മാത്രം വിൽക്കുന്ന കട, ടാറ്റൂ മാത്രം വിൽക്കുന്ന കട എന്നിങ്ങനെ ഓരോന്നിനും സ്‌പെഷലൈസ് ആയിട്ടുള്ള കടകൾ അവിടെ ഉണ്ടായിരുന്നു.

എൻ്റെ കൂടെ ഉണ്ടായിരുന്ന മാനുക്ക ചൈനീസ് അറിയില്ലെങ്കിലും അവരോടെല്ലാം നന്നായി ആശയവിനിമയം നടത്തുന്ന കാഴ്ച ശരിക്കും എന്നെ അത്ഭുതപ്പെടുത്തി. മലയാളം ഗൂഗിൾ ട്രാൻസ്‌ലേറ്റർ വഴി ചൈനീസ് ഭാഷയിലേക്ക് മാറ്റം ചെയ്തായിരുന്നു മാനുക്കയുടെ ആശയവിനിമയങ്ങൾ. എന്തായാലും ഒരു സഞ്ചാരിയ്ക്ക് വേണ്ട ഒരു പ്രത്യേക ഗുണമാണത്.

ഷോപ്പിംഗ് മാളിലെ കറക്കമെല്ലാം കഴിഞ്ഞു കുറച്ചുനേരം ഞങ്ങൾ പുറത്തു കറങ്ങിയടിച്ചു നടന്നു. പുറംകാഴ്ചകളൊക്കെ കണ്ടു നടന്നതിനു ശേഷം ഞങ്ങൾ വീണ്ടും മാളിനകത്തേക്ക് കയറി. ഫോൺ കവറുകൾ വിൽക്കുന്ന ഒരു ഷോപ്പിൽ നിന്നും ഐഫോൺ 11 പ്രോയുടെ സിലിക്കൺ കവർ അഞ്ചെണ്ണം 1500 രൂപയ്ക്ക് ലഭിച്ചു. നല്ലൊരു ഡീൽ തന്നെയായിരുന്നു അത്.

ആ മാളിൽ കുട്ടികൾക്കായുള്ള കളിപ്പാട്ടങ്ങൾ 80 രൂപ, 100 രൂപ നിരക്കിലൊക്കെ ലഭ്യമായിരുന്നു. നമ്മുടെ നാട്ടിലാണെങ്കിൽ അവയ്ക്ക് കുറഞ്ഞത് 500 രൂപ കൊടുക്കേണ്ടി വന്നേനെ. നമ്മുടെ നാട്ടിൽ ചൈനീസ് ഉൽപ്പന്നങ്ങളുടെ വിപണി വിജയകരമായി തുടരുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലായല്ലോ. ഞങ്ങളുടെ കൂടെ വന്നവരെല്ലാം നല്ല രീതിയിൽത്തന്നെ ഒരു ഷോപ്പിംഗ് ഒക്കെ നടത്തിയായിരുന്നു അവിടെ നിന്നും ഇറങ്ങിയത്.

ഷോപ്പിംഗ് മാളിൽ നിന്നും ഞങ്ങൾ പോയത് അവിടെ അടുത്തുള്ള നദിക്കരയിലെ കാഴ്ചകൾ കാണുവാനായിരുന്നു. സമയം വൈകുന്നേരം ആയിരുന്നു അപ്പോൾ. ഇത്രയും നേരം ഞങ്ങളെല്ലാവരും ഷോപ്പിംഗിൽ മുഴുകിയിരിക്കുകയായിരുന്നു എന്നതാണ് സത്യം. പിന്നീട് ഇലക്ട്രോണിക്സ് സാധനങ്ങൾ ലഭിക്കുന്ന ഷോപ്പിംഗ് ഏരിയയിലേക്ക് ആയിരുന്നു ഞങ്ങൾക്ക് പോകേണ്ടിയിരുന്നത്. അവിടെ അടുത്ത് കണ്ട ഒരു റെസ്റ്റോറന്റിൽ കയറി ഇന്ത്യൻ ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ അടുത്ത ഷോപ്പിംഗ് സെഷനിലേക്ക് തിരിഞ്ഞു. ആ വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ കാണാം. ചൈനാ യാത്രയെക്കുറിച്ച് കൂടുതൽ അറിയാൻ: +91 7594022166.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.