ചൈനയിലെ കാന്റൺ ഫെയറിലെ കാഴ്ചകൾ കണ്ടുകൊണ്ടു നടക്കുകയായിരുന്നു ഞങ്ങൾ. ഞങ്ങളെന്നു പറഞ്ഞാൽ ഞാനും മാനുക്കയും. ബാക്കി ആളുകളൊക്കെ കാന്റൺ ഫെയറിനുള്ളിൽ തന്നെയുള്ള മറ്റേതൊക്കെയോ സ്റ്റാളുകളിൽ ആയിരുന്നു. ബിൽഡിങ് മെറ്റിരിയലുകളും സൈക്കിളുകളുമൊക്കെ കണ്ടതിനു ശേഷം ഞങ്ങൾ വാഹനങ്ങളുടെ പ്രദർശനം കാണുവാനായിരുന്നു പിന്നീട് പോയത്.

വാഹനങ്ങളുടെ സ്റ്റാളിലേക്ക് ചെന്നപ്പോൾ ഞങ്ങൾ ശരിക്കും അത്ഭുതപ്പെട്ടുപോയി. കാരണം വ്യത്യസ്തങ്ങളായ ചൈനീസ് നിർമ്മിത വാഹനങ്ങളുടെ ഒരു വലിയ പൂരം തന്നെയായിരുന്നു ഞങ്ങൾക്ക് അവിടെ കാണുവാൻ കഴിഞ്ഞത്. അവിടെ കണ്ട വാഹനങ്ങളെല്ലാം ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വണ്ടികളായിരുന്നു. ലൈറ്റ് ഗുഡ്‌സ് വാഹനങ്ങളുടെ കൂട്ടത്തിൽ നമ്മുടെ നാട്ടിലെ അശോക് ലെയ്‌ലാൻഡ് ദോസ്ത് പോലുള്ള വാഹനങ്ങളും കാണുവാൻ സാധിച്ചു.

അവിടെ കണ്ട വാഹനങ്ങളുടെ കമ്പനികളുടെ പേരൊക്കെ അധികമാരും കേൾക്കാത്തതായിരുന്നു. അവിടെയൊക്കെ കുറച്ചു നടന്നു കണ്ടുകഴിഞ്ഞപ്പോഴാണ് ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലായത്. ലോകമെമ്പാടും പ്രശസ്തമായ വാഹനങ്ങളുടെ മോഡലുകളുടെ രൂപഭാവങ്ങളോടു കൂടിയ വാഹന മോഡലുകളായിരുന്നു അവിടെ ഭൂരിഭാഗവും. ഒരിക്കലും കോപ്പി എന്നു പറയാൻ പറ്റില്ല, പക്ഷേ Concept കടമെടുത്തു നിർമ്മിച്ച് നിരത്തിലിരിക്കിയിരിക്കുകയാണ് ചൈനീസ് വിരുതന്മാർ.

അവിടെ JMMC എന്നൊരു കമ്പനിയുടെ വണ്ടികൾ കണ്ടപ്പോൾ ഗൾഫ് രാജ്യങ്ങളിലൊക്കെ ധാരാളമായി കാണുന്ന GMC എന്ന കമ്പനിയുടെ വാഹനങ്ങളെ ഓർമ്മ വന്നു. ലാൻഡ്റോവറിന്റെ പിൻഭാഗം പോലെ തയ്യാറാക്കിയിരിക്കുന്ന വാഹനത്തിനു ഇവിടെ ചൈനയിൽ ലാൻഡ് വിൻഡ് എന്നായിരുന്നു പേര്. അപ്പുറത്തു നോക്കിയപ്പോൾ അതാ കിടക്കുന്നു ഒരു കുട്ടിബസ്. നമ്മുടെ നാട്ടിൽ അതുപോലുള്ള മോഡലുകൾ കുറവാണെങ്കിലും ഗൾഫ് രാജ്യങ്ങളിലൊക്കെ ഇത്തരം മിനി ബസ്സുകൾ വ്യാപകമാണ്. അതും JMMC കമ്പനിയുടേത് ആയിരുന്നു.

അതിനുമപ്പുറത്തായി ഒരു ചെറിയ കാർ ആയിരുന്നു ഞങ്ങൾക്ക് കാണുവാൻ സാധിച്ചത്. നമ്മുടെ നാട്ടിലെ ഹ്യൂണ്ടായ് EON പോലുള്ള ഒരു ചെറിയ കാർ ആയിരുന്നു അത്. ഓട്ടോമാറ്റിക് ഗിയർ സംവിധാനത്തിലുള്ള ആ കാർ അത്യാവശ്യം ആധുനിക സൗകര്യങ്ങളൊക്കെ ഉള്ളതായിരുന്നു. സന്ദർശകർക്ക് എഞ്ചിൻ കാണുവാനായി ആ കാറിന്റെ ബോണറ്റ് തുറന്നു വെച്ചിട്ടുണ്ടായിരുന്നു. എന്തായാലും അടിപൊളി തന്നെ.

കാറിന്റെ അകത്തേയും പുറത്തെയും സംഭവങ്ങളൊക്കെ കണ്ടു മനസ്സിലാക്കിയ ശേഷം അടുത്ത സ്റ്റാളിലേക്ക് ഞങ്ങൾ നടന്നു. അവിടെയതാ കിടക്കുന്നു CAMC എന്ന പേരുള്ള ഒരു കിടിലൻ ട്രക്ക്. ഒന്നൊന്നര പൊക്കമായിരുന്നു ആ ട്രക്കിന്. അതിന്റെ കാബിനിലേക്ക് കയറുവാനായി ഉയരത്തിലുള്ള മൂന്നു ചവിട്ടുപടികൾ കയറണം. ഒരാൾ പൊക്കമുണ്ട് ഏറ്റവും മുകളിലെ ചവിട്ടു പടി വരെ. ഞാൻ ഒരുകണക്കിന് അതിനകത്തു കയറിപ്പറ്റി. ട്രക്കിന്റെ കാബിനിൽ അത്യാധുനിക സൗകര്യങ്ങളൊക്കെ ഉണ്ടായിരുന്നു. ഒരു പ്രീമിയം ട്രക്ക് ആണെന്നു തോന്നുന്നു.

ട്രക്ക്, കാർ തുടങ്ങിയവയൊക്കെ കണ്ടശേഷം ഞങ്ങൾ പിന്നീട് കണ്ടത് ഒരു കിടിലൻ കാരവൻ ആയിരുന്നു. അകത്ത് ബെഡ്, ടോയ്‌ലറ്റ്, കബോർഡുകൾ, കിച്ചൻ സെറ്റപ്പ് തുടങ്ങി ഒരു കൊച്ചു വീടിന്റെ എല്ലാ സൗകര്യങ്ങളും അതിലുണ്ടായിരുന്നു. ഇതുപോലൊരു കാരവനിൽ താമസിച്ചു സഞ്ചരിച്ചുകൊണ്ട് ഒരു ട്രിപ്പ് പോകണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? എന്റെയും ഒരു സ്വപ്നമാണ് അത്. ആ സ്വപ്നം എന്നെങ്കിലും സഫലമാകും എന്ന വിശ്വാസത്തോടെ ഞങ്ങൾ അടുത്ത സ്റ്റാളിലേക്ക് നീങ്ങി.

ഒരു ബൈക്കിന്റെയത്ര വലിപ്പമുള്ള ഫോർ വീലർ, പലതരം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വ്യത്യസ്തതരം ട്രക്കുകൾ, ചലിക്കുന്ന ഹോട്ടലുകളായി ഉപയോഗിക്കാവുന്ന വാഹനങ്ങൾ തുടങ്ങി പലതരം കാഴ്ചകളായിരുന്നു ഞങ്ങൾക്ക് അവിടെ കാണുവാൻ സാധിച്ചത്. എല്ലാം കണ്ടു കണ്ടു തീരുന്നില്ല. ഞങ്ങൾക്കാണെങ്കിൽ അന്ന് അധികം സമയവും ഉണ്ടായിരുന്നില്ല. ബാക്കി വാഹനക്കാഴ്ചകൾ അടുത്ത ദിവസം കാണാമെന്നു ഉറപ്പിച്ച് ഞങ്ങൾ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി.

പുറത്ത് ഞങ്ങളുടെ വണ്ടി കാത്തുകിടക്കുന്നുണ്ടായിരുന്നു. ബാക്കി ആളുകളെല്ലാം വണ്ടിയിൽക്കയറി ഞങ്ങളെയും കാത്തിരിപ്പായിരുന്നു. അങ്ങനെ ഞങ്ങളും പിന്നെ ബാക്കി കയറാനുണ്ടായിരുന്ന ഒന്നുരണ്ടു പേരും കൂടി കയറിയതോടെ വണ്ടി അവിടെ നിന്നും ഡിന്നർ കഴിക്കുവാനായി റെസ്റ്റോറന്റിലേക്ക് യാത്രയായി. കിടിലൻ ചൈനീസ് ഡിന്നറും കഴിച്ചു ഞങ്ങൾ അന്നത്തെ കറക്കം അവസാനിപ്പിച്ച് താമസിച്ചിരുന്ന ഹോട്ടലിലേക്ക് യാത്രയായി.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.