ടീം BONVO യ്ക്കൊപ്പം ചൈനയിലാണ് ഞാനടങ്ങുന്ന പന്ത്രണ്ടംഗ മലയാളി സംഘം. ഒരു കിടിലൻ ബിസ്സിനസ്സ് ട്രിപ്പിനായാണ് ഞങ്ങൾ ചൈനയിലേക്ക് വന്നത്. ചൈനയിൽ എത്തിയശേഷം ആദ്യത്തെ പകൽ ഒന്നു രണ്ടു ഫാക്ടറി വിസിറ്റുകൾ നടത്തിയശേഷം ഞങ്ങൾ രാത്രിയോടെ ചൈനയിലെ പ്രശസ്തമായ കാന്റൺ ടവർ എന്ന പടുകൂറ്റൻ ടവർ കാണുവാനായി ഇറങ്ങി.

ദുബായിലെ ബുർജ്ജ് ഖലീഫ പോലെത്തന്നെ ചൈനയിലെ ഏറ്റവും ഉയരമുള്ള ടവർ ആണ് കാന്റൺ ടവർ. ബുർജ്ജ് ഖലീഫ പൂർത്തിയാകുന്നത് വരെ ഇതായിരുന്നു ലോകത്തിലെ ഏറ്റവും ഉയരമുള്ള ടവർ. രാത്രിയായിരുന്നതിനാൽ പല വർണ്ണങ്ങളാൽ അതിമനോഹരമായിരുന്നു ടവറിന്റെ ദൃശ്യം. ടവറിനു താഴെയായി ഒരു ഷോപ്പിംഗ് ഏരിയയാണ്‌.

താഴെയുള്ള ഈസ്റ്റ് ടിക്കറ്റ് ഓഫീസിൽ ചെന്നാൽ ടവറിനു മേലേക്കുള്ള ടിക്കറ്റുകൾ എടുക്കാവുന്നതാണ്. ഏതാണ്ട് 1500 രൂപ മുതലുള്ള ടിക്കറ്റുകൾ ലഭ്യമാണ്. ഏറ്റവും ഉയരത്തിലുള്ള നിലയിലേക്ക് പോകുവാനാണെങ്കിൽ ടിക്കറ്റ് ചാർജ്ജ് കൂടും. വേണമെങ്കിൽ സന്ദർശകർക്ക് ഓൺലൈനായി ടിക്കറ്റ് എടുക്കാവുന്നതാണ്. ടിക്കറ്റുകൾ എടുത്തുകൊണ്ട് ഞങ്ങൾ കാന്റൺ ടവറിലേക്കുള്ള എൻട്രൻസിലേക്ക് നീങ്ങി.

എൻട്രൻസിൽ ടിക്കറ്റുകൾക്കൊപ്പം ഞങ്ങളുടെ പാസ്സ്പോർട്ടും അവർ പരിശോധിച്ചതിനു ശേഷമാണ് അകത്തേക്ക് കടത്തി വിട്ടത്. അകത്ത് കാന്റൺ ടവർ ഉൾപ്പെട്ട ആ പ്രദേശത്തിന്റെ ഒരു ചെറിയ രൂപം തയ്യാറാക്കി പ്രദർശിപ്പിച്ചിട്ടുണ്ടായിരുന്നു. അവിടെ ചൈനീസ് ഭാഷയിലായിരുന്നു വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നത്. അതിനാൽ അത് എന്താണെന്നു ശരിക്കു വ്യക്തമായുമില്ല.

മുകളിലേക്കുള്ള ലിഫ്റ്റ് അന്വേഷിച്ചായിരുന്നു ഞങ്ങളുടെ നടത്തം. ഒടുവിൽ എസ്‌കലേറ്റർ വഴി മുകളിലെ നിലയിലേക്ക് കയറിയതിനു ശേഷം ലിഫ്റ്റ് ഞങ്ങൾ കണ്ടെത്തി. ഞങ്ങളെല്ലാവരും ലിഫ്റ്റിലേക്ക് കയറി മുകളിലേക്ക് യാത്രയായി. ബുർജ്ജ് ഖലീഫയിലെ ലിഫ്റ്റിന്റെയത്ര വേഗതയുണ്ടായിരുന്നില്ലെങ്കിലും പുറത്തെ കാഴ്ചകൾ ഇവിടത്തെ ലിഫ്റ്റിൽ നിന്നും കുറച്ചൊക്കെ ദൃശ്യമായിരുന്നു.

അങ്ങനെ 108 ആമത്തെ നിലയിലേക്ക് ഞങ്ങൾ എത്തിച്ചേർന്നു. അവിടെ പല നിറങ്ങളിലുള്ള ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. ധാരാളം സന്ദർശകരും ആ നിലയിലുണ്ടായിരുന്നു. ആ നിലയിൽ നിന്നും സമീപ പ്രദേശങ്ങളുടെ 360 ഡിഗ്രി ദൃശ്യങ്ങൾ കാണുവാൻ സാധിക്കുമായിരുന്നു. എല്ലാവരും പുറംകാഴ്ചകൾ കാണുകയും ഫോട്ടോകൾ എടുക്കുകയും ചെയ്യുന്ന തിരക്കിലായിരുന്നു.

മുകളിൽ നിന്നുള്ള കാഴ്ചകളെല്ലാം ആസ്വദിച്ചതിനു ശേഷം ഞങ്ങൾ ലിഫ്റ്റിൽ കയറി താഴേക്ക് തന്നെ പോയി. താഴെ ഇറങ്ങിയതിനു ശേഷം LG യുടെ ഒരു കിടിലൻ സംഭവത്തിലേക്ക് ആയിരുന്നു പോയത്. ഒരു തുരങ്കത്തിന്റെ രൂപത്തിലായിരുന്നു അവിടം. LG യുടെ ഡിസ്പ്ളേകൾ ഉപയോഗിച്ച് മനോഹരമായ ദൃശ്യാവിഷ്കാരങ്ങൾ അവിടെ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. ശരിക്കും പറഞ്ഞാൽ ഒരു മാർക്കറ്റിങ് തന്ത്രമായിരുന്നു അത്.

ഈ കാഴ്ചകളെല്ലാം കണ്ടതിനു ശേഷം ഞങ്ങൾ ബസ്സിൽ കയറി ചൈനീസ് സ്പെഷ്യൽ ഭക്ഷണം കഴിക്കുവാനായി യാത്രയായി. ഒടുവിൽ ഞങ്ങൾക്ക് ഡിന്നർ തയ്യാറാക്കിയിരുന്ന റെസ്റ്റോറന്റിൽ ഞങ്ങൾ എത്തിച്ചേർന്നു. ചോപ് സ്റ്റിക്കുകൾ ഉപയോഗിച്ച് ഭക്ഷണം കഴിക്കുവാൻ ഞങ്ങളിൽ പലരും അല്പം ബുദ്ധിമുട്ടി. എന്നാലും വ്യത്യസ്തങ്ങളായ ചൈനീസ് വിഭവങ്ങൾ ഞങ്ങൾ ആസ്വദിച്ചു കഴിച്ചു. ഡിന്നറിനു ശേഷം തിരികെ ഞങ്ങൾ ഹോട്ടൽ റൂമിലേക്ക് പോയി. നല്ല യാത്രാക്ഷീണം ഉണ്ടായിരുന്നതിനാൽ അധികം വൈകാതെ ഉറങ്ങുവാനായി ഞങ്ങൾ ബെഡിലേക്ക് ചാടി. ചൈനാ യാത്രയെക്കുറിച്ച് കൂടുതൽ അറിയാൻ: +91 7594022166.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.