യിവുവിൽ നിന്നും ഏതാണ്ട് മൂന്നര മണിക്കൂർ നേരത്തെ ബുള്ളറ്റ് ട്രെയിൻ യാത്രയ്ക്കു ശേഷം ഞങ്ങൾ ‘ചാങ്ഷാ’ എന്ന സ്റ്റേഷനിൽ എത്തിച്ചേർന്നു. അവിടെ നിന്നും ഷൻജിയാജി എന്ന സ്ഥലത്തേക്ക് റോഡ് മാർഗ്ഗം പോകുവാനാണ് ഞങ്ങളുടെ പ്ലാൻ. അന്നത്തെ ദിവസം ഒരു ഞായറാഴ്ച ആയിരുന്നതിനാൽ എല്ലാവരും വളരെ ഉത്സാഹഭരിതരായി കാണപ്പെട്ടു.

ഞങ്ങൾ ട്രെയിനിൽ നിന്നും ഇറങ്ങി പ്ലാറ്റഫോമിലൂടെ നടന്നു. അവിടെ റെയിൽവേ സ്റ്റേഷനിലൊക്കെ പുകവലിക്കുവാൻ വേണ്ടിയുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു. മിക്കയാളുകളും ചുണ്ടിൽ സിഗരറ്റും പുകച്ചുകൊണ്ടായിരുന്നു സ്റ്റേഷനിലൂടെ നടന്നിരുന്നത്. അങ്ങനെ ഞങ്ങൾ റെയിൽവേ സ്റ്റേഷന്റെ പുറത്തേക്ക് ഇറങ്ങി.

അവിടെ നിന്നും ഞങ്ങൾക്ക് പോകേണ്ടിയിരുന്ന ഷൻജിയാജിയിലേക്ക് ഏകദേശം നാന്നൂറോളം കിലോമീറ്റർ ദൂരമുണ്ടായിരുന്നു. സഹീർഭായി സ്റ്റേഷന്റെ പുറത്തു നിന്നും ഒരു ടാക്സി വിളിച്ചു. വേണമെങ്കിൽ ഞങ്ങൾക്ക് അവിടേക്ക് നേരിട്ട് വിമാനമാർഗ്ഗം പോകാമായിരുന്നു. പക്ഷെ വ്യത്യസ്തമായ യാത്രാനുഭവങ്ങൾ പരീക്ഷിക്കുന്നതിനായാണ് ഞങ്ങൾ ബുള്ളറ്റ് ട്രെയിനും ടാക്സിയുമൊക്കെ ഉപയോഗിച്ചത്.

ടാക്സി വിളിച്ചതിനു ശേഷം ഞങ്ങൾ അടുത്തുകണ്ട ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുവാനായി കയറി. ടാക്സി ഡ്രൈവറായ ചൈനക്കാരൻ ചേട്ടനും ഞങ്ങളുടെയൊപ്പം കൂടി. ഒരു ചൈനീസ് മീൻ കറിയായിരുന്നു ഞങ്ങൾ ഓർഡർ ചെയ്തത്. കൂടെ നല്ല വെള്ളച്ചോറും. ഞങ്ങളുടെ ടേബിളിൽ ഒരു ചെറിയ ഗ്യാസ് സ്റ്റവ് സെറ്റ് ചെയ്തശേഷം പാതി വേവിച്ച മീൻ അവിടെ വെച്ചാണ് മുഴുവനായും കുക്ക് ചെയ്തെടുത്തത്. എന്തായാലും മീൻകറി സൂപ്പർ തന്നെയായിരുന്നു.

ഭക്ഷണത്തിനു ശേഷം ഞങ്ങൾ ടാക്സിയിൽക്കയറി യാത്രയാരംഭിച്ചു. കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിയിരുന്നതിനാൽ ഒരു ബിസ്സിനസ്സ് ക്ലാസ് ടാക്സിയായിരുന്നു ഞങ്ങൾ തിരഞ്ഞെടുത്തിരുന്നത്. അത്യാവശ്യം വലിയൊരു കാർ ആയിരുന്നു അത്. യാത്രയ്ക്കിടെ ഡ്രൈവർ ചേട്ടൻ ഞങ്ങൾക്ക് കഴിക്കുവാൻ ചില പാക്കറ്റുകൾ തന്നു.

നല്ല റോഡ് ആയിരുന്നതിനാൽ ടാക്സി വളരെ സ്പീഡിലായിരുന്നു പോയിരുന്നത്. ഷൻജിയാജി എന്നത് ഒരു ഹൈറേഞ്ച് ഏരിയ ആയിരുന്നതിനാൽ പോകുന്ന വഴി തുരങ്കങ്ങളിൽക്കൂടി പോകേണ്ടി വന്നിരുന്നു. അങ്ങനെ രാത്രിയോടെ ഞങ്ങൾ ഷൻജിയാജി നഗരത്തിൽ എത്തിച്ചേർന്നു. വളരെ മനോഹരമായ, അത്യാവശ്യം പ്രൗഢഗംഭീരമായ ഒരു നഗരമായിരുന്നു ഷൻജിയാജി. ധാരാളം ടൂറിസ്റ്റുകൾ വന്നുപോകുന്ന സ്ഥലമായിരുന്നതിനാൽ വഴിയിലാകെ ധാരാളം ടൂറിസ്റ്റ് ബസ്സുകൾ കാണുവാൻ സാധിച്ചിരുന്നു.

നല്ലൊരു ഓട്ടം കിട്ടിയതിനാൽ ടാക്സിക്കാരൻ ചേട്ടൻ നല്ല ഹാപ്പിയായിരുന്നു. ഞങ്ങളെ ഹോട്ടലിൽ ആക്കിയതിനു ശേഷം ടാക്‌സിച്ചേട്ടൻ ബൈ പറഞ്ഞു പോയി. ‘പുൾമാൻ’ എന്ന ഒരു ഹോട്ടലിലായിരുന്നു ഞങ്ങൾ റൂം ബുക്ക് ചെയ്തിരുന്നത്. ചെക്ക് – ഇൻ പരിപാടികളൊക്കെ കഴിഞ്ഞു ഞങ്ങൾ റൂമിലേക്ക് നീങ്ങി.

നല്ല കിടിലൻ റൂം തന്നെയായിരുന്നു ഞങ്ങളുടേത്. ബാത്ത് റൂം ഒക്കെ അടിപൊളി തന്നെയായിരുന്നു. ടോയ്‌ലറ്റിൽ പോയാൽ കഴുകാൻ വെള്ളമില്ലെന്ന ഒരു പോരായ്മ മാത്രമേ എനിക്ക് അവിടെ അനുഭവപ്പെട്ടിരുന്നുള്ളൂ. ആ പോരായ്മ നമുക്ക് മാത്രമായിരിക്കും തോന്നുക, കാരണം ബാക്കി രാജ്യക്കാരെല്ലാം ടിഷ്യു പേപ്പർ ഉപയോഗിക്കുന്നവരാണല്ലോ.

ലഗേജുകളൊക്കെ റൂമിൽ വെച്ചതിനു ശേഷം ഞങ്ങൾ ചെറുതായൊന്നു ഫ്രഷായി. എന്നിട്ട് ഡിന്നർ കഴിക്കുവാനായി ഒരു റെസ്റ്റോറന്റ് തപ്പി പുറത്തേക്ക് ഇറങ്ങി. സമയം രാത്രി വൈകിയിരുന്നതിനാൽ റോഡുകളൊക്കെ വിജനമായിരുന്നു. കടകളൊക്കെ അടച്ചിരുന്നതിനാൽ ഞങ്ങൾ റെസ്റ്റോറന്റും നോക്കി നടത്തം തുടങ്ങി. ഒടുവിൽ ഒരു ടാക്സി വിളിച്ച് കുറച്ചു ദൂരെയുള്ള ഒരു റെസ്റ്റോറന്റിലേക്ക് ഞങ്ങൾ പോയി.

ഫ്രൈഡ് റൈസ്, ചിക്കൻ തുടങ്ങിയ ഗംഭീര വിഭവങ്ങളടങ്ങിയ കിടിലൻ ഡിന്നറിനു ശേഷം ഞങ്ങൾ റോഡിലേക്ക് ഇറങ്ങി. അവിടെ വെച്ച് കുറച്ചു ചൈനക്കാരെ പരിചയപ്പെട്ടു. അവർ ഞങ്ങളോടൊപ്പം നിന്ന് സെൽഫിയെടുക്കുകയും മറ്റുമൊക്കെ ചെയ്യുകയുണ്ടായി. അതിനുശേഷം അവരോടെല്ലാം യാത്ര പറഞ്ഞു ഞങ്ങൾ ഒരു ടാക്സി വിളിച്ച് ഹോട്ടലിലേക്ക് പോയി. ബാക്കി വിശേഷങ്ങൾ ഇനി അടുത്ത എപ്പിസോഡിൽ. To contact Saheer Bhai in China : https://www.instagram.com/saheerchn/, Whatsapp: 008615669591916.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.