പാണ്ടിക്കുഴി വ്യൂ പോയിന്റിൽ നിന്നും ഇറങ്ങിയശേഷം ഞങ്ങൾ ചെല്ലാർകോവിൽ വ്യൂ പോയിന്റ് കാണുവാനാണ് പോയത്. തുറന്ന ജീപ്പിൽ മനോഹരമായ ഒരു റൈഡിനു ശേഷം ഞങ്ങൾ ഒരു സ്ഥലത്ത് എത്തിച്ചേർന്നു. അവിടെ ഒരു വീടിനു മുന്നിലായി ജീപ്പുകൾ പാർക്ക് ചെയ്തതിനു ശേഷം ഞങ്ങൾ അവിടെയുള്ള ഒരു കാട്ടുവഴിയിലൂടെ നടന്നു.
ഞങ്ങൾ ജീപ്പുകൾ പാർക്ക് ചെയ്ത സ്ഥലവും ആ വീടുമൊക്കെ കേരളത്തിൽ ആയിരുന്നു സ്ഥിതി ചെയ്തിരുന്നതെങ്കിലും കുറച്ചപ്പുറത്തേക്ക് മാറിയാൽ സംസ്ഥാനം മാറി തമിഴ്‌നാട് ആയി മാറും. ഞങ്ങൾക്ക് പോകേണ്ടിയിരുന്നത് കേരളത്തിൽ നിന്നും ഉത്ഭവിച്ച് തമിഴ്‌നാട്ടിലേക്ക് ഒഴുകുന്ന അരുവിക്കുഴി വെള്ളച്ചാട്ടത്തിലേക്ക് ആയിരുന്നു. എന്നാൽ ഇപ്പോൾ ഞങ്ങൾ നടക്കുന്നത് ആ വെള്ളച്ചാട്ടത്തിന്റ വിദൂരദൃശ്യം കാണിച്ചു തരുന്ന ഒരു വ്യൂപോയിന്റിലേക്ക് ആയിരുന്നു.
വ്യൂ പോയിന്റിൽ നിന്നുകൊണ്ട് ഫോട്ടോകൾ എടുത്തും കാഴ്ചകൾ ആസ്വാദിച്ചും കുറെ സമയം ഞങ്ങൾ അവിടെ ചെലവഴിച്ചു. എത്രനേരം നിന്നിട്ടും കണ്ടിട്ടും മതിയാവാത്ത ഒരു കിടിലൻ പ്രദേശമായിരുന്നു അത്. പിന്നീട് ഞങ്ങൾ അവിടെ നിന്നും തിരികെ വന്നു ജീപ്പിൽ കയറി വെള്ളച്ചാട്ടത്തിനടുത്തേക്ക് യാത്രയായി.
ഏകദേശം 15 മിനിറ്റ് യാത്രയ്ക്ക് ശേഷം ഞങ്ങൾ അരുവിക്കുഴി വെള്ളച്ചാട്ടത്തിനു അടുത്തെത്തിച്ചേർന്നു. അധികം പ്രശസ്തമല്ലാത്തതിനാൽ വെള്ളച്ചാട്ടവും പരിസരവും ഒട്ടും തിരക്കില്ലാതെയായിരുന്നു ഞങ്ങൾ കണ്ടത്. പക്ഷെ അവിടെ ടൂറിസം വകുപ്പ് വികസനപ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. വെള്ളച്ചാട്ടം തുടങ്ങുന്നത് കേരളത്തിലും ഒഴുകി താഴേക്ക് പതിക്കുന്നയിടം മുതൽ തമിഴ്‌നാടും ആണ്.
അധികമാളുകളും അറിയാത്ത സ്ഥലമായതിനാൽ ഇപ്പോൾ വെള്ളച്ചാട്ടത്തിലും പരിസരത്തുമൊക്കെ മാലിന്യങ്ങൾ കാണുവാൻ കഴിഞ്ഞില്ല. അത് ഒരു ഭാഗ്യം തന്നെ. കാഴ്ചകൾ കാണേണ്ടവർ ഇവിടെ വന്നു കാണുക, ആസ്വദിക്കുക. ഒരിക്കലും അവിടം മലിനമാക്കാതിരിക്കുക. അതുപോലെ ഇവിടെ വെള്ളച്ചാട്ടത്തിൽ കുളിക്കുവാനായി ഇറങ്ങാതിരിക്കുക. കാരണം ഇവിടെ അൽപ്പം റിസ്ക്ക് ഉള്ള ഏരിയയാണ്.
വെള്ളച്ചാട്ടം ആസ്വദിച്ചതിനു ശേഷം ഞങ്ങൾ അവിടെ നിന്നും തിരികെ യാത്രയായി. മൂന്നാർ – തേക്കടി റോഡിലൂടെ നല്ല കാറ്റും ആസ്വാദിച്ച് തുറന്ന ജീപ്പിലെ ആ യാത്ര അടിപൊളി തന്നെയായിരുന്നു. ഒടുവിൽ ഞങ്ങൾ എല്ലാം കഴിഞ്ഞു റിസോർട്ടിൽ തിരിച്ചെത്തി. ഫ്രഷായി ലഞ്ചും കഴിച്ച ശേഷം ഞങ്ങൾ റിസോർട്ടിൽ നിന്നും ചെക്ക്‌ഔട്ട് ആകുവാൻ തീരുമാനിച്ചു. ലഞ്ചിനു ഞങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ബീഫ് പൊതിപൊറോട്ട ആയിരുന്നു.
അങ്ങനെ ഒരു ദിവസം മനോഹരമായി കടന്നുപോയി. നല്ല കിടിലൻ ഓർമ്മകൾ സമ്മാനിച്ച സ്‌പൈസസ് ലാപ് റിസോർട്ടിൽ നിന്നും ഞങ്ങൾ വിടപറഞ്ഞു കൊണ്ട് മടക്കയാത്ര ആരംഭിച്ചു. ഈ വിശേഷങ്ങൾ കേട്ടിട്ട് നിങ്ങൾക്കും ഇവിടെ വന്നു താമസിക്കുവാൻ തോന്നുന്നുണ്ടോ? എങ്കിൽ റിസോർട്ടിന്റെ കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 8592969697.