ഹാരിസ് ഇക്കയോടൊത്ത് വ്ലോഗ് ചെയ്യുന്നതിനിടെയാണ് കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്‌ജിദിൽ എത്തിച്ചേരുന്നത്. എന്താണ് ഈ മസ്ജിദിനു ഇത്ര പ്രത്യേകതയെന്ന് ചോദിച്ചാൽ, ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് ചേരമാൻ ജുമാ മസ്ജിദ്‌. ഇന്ത്യയിലെ തന്നെ ജുമ‍‘അ നമസ്കാരം ആദ്യമായി നടന്ന പള്ളിയാണിത്. മതസൗഹാര്‍ദത്തിന്റെ കേന്ദ്രമായ ചേരമാന്‍ പെരുമാള്‍ ജുമാ മസ്ജിദിനെ കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ അവിടെ നിന്നും ഞങ്ങൾക്ക് അറിയുവാൻ സാധിച്ചു.

ക്രിസ്തുവർഷം 629 -ലാണ് ഈ പള്ളി സ്ഥാപിക്കപ്പെട്ടത്. അറബ് നാട്ടിൽ നിനും വന്ന മാലിക് ഇബ്നു ദിനാർ ആണ് ഇതു പണികഴിപ്പിച്ചത്. അന്നത്തെ കേരളീയ വാസ്തു ശില്പകലയുടെ മാതൃകയിലാണ് ഇത് അന്ന് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് വളരെയേറേ മാറ്റം വന്നിട്ടുണ്ട്. എന്നാലും പഴയ ക്ഷേത്രക്കുളങ്ങളെ അനുസ്മരിപ്പിക്കുന്ന കുളം ഇന്നു സം‍രക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ പള്ളിയായ ചേരമാൻ പെരുമാളിന്റെ കാലത്തെ ബുദ്ധവിഹാരമായിരുന്നു. ശക്തി ക്ഷയിച്ച ബൗദ്ധരിൽ നിന്നും ഇബ്നു ബത്തൂത്തയുടെ അനുയായികൾക്ക് ചേരരാജാവ് പള്ളി പണിയാൻ ഇത് അനുവദിച്ചു കൊടുത്തു എന്നാണ് വിശ്വാസം. പള്ളിയുടെ പഴയ ചിത്രം കേരളീയമായ ക്ഷേത്രമാതൃകയെ ഓർമ്മിപ്പിക്കുന്നു. ഇസ്ലാം മതം രൂപപ്പെട്ട 7 ആം നൂറ്റാണ്ടിൽ തന്നെ ഇത് സ്ഥാപിതമായി എന്നു ചിലർ കരുതുന്നു.

നിലവിളക്ക്‌ കൊളുത്തിവയ്ക്കുന്ന, വ്യത്യസ്തമായ ഒരു മുസ്ലിം പള്ളിയാണ്‌ ചേരമാൻ പള്ളി. ഈ നിലവിളക്ക്‌ ചേരമാൻ പള്ളിയുടെ സാംസ്കാരികചരിത്രത്തിന്റെ ഭാഗമായിത്തന്നെ നിലനില്ക്കുകയാണ്‌. പള്ളി സന്ദർശിക്കുന്നവർക്ക്‌ ഈ വിളക്കിലെ എണ്ണ പ്രസാദമായി നല്കുകയും ചെയ്യുന്നു. ഹിന്ദുവെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ലാതെയാണ്‌ ഈ എണ്ണ പ്രസാദമായി വാങ്ങാൻ കൊടുങ്ങല്ലൂർ നിവാസികൾ ഈ പള്ളിയിലെത്തുന്നത്‌.

മസ്ജിദിനോട് ചേർന്ന് ഒരു മ്യൂസിയവും സ്ഥിതി ചെയ്യുന്നുണ്ട്. അഞ്ചു രൂപയാണ് മ്യൂസിയത്തിലേക്കുള്ള പ്രവേശന ഫീസ്. ആദ്യകാലത്തെ പള്ളിയുടെ ഒരു ചെറിയ മോഡൽ നമുക്ക് മ്യൂസിയത്തിൽ കാണാവുന്നതാണ്. കൂടാതെ പണ്ടുകാലത്തെ ഇസ്ലാം രീതിയിലുള്ള പലതരം സാധനങ്ങളും ഉപകാരണങ്ങളുമൊക്കെ മ്യൂസിയത്തിൽ കാണാം.

ചേരമാൻ മസ്ജിദ് ലോകത്തിന് നൽകുന്നത് മത, സാംസ്‌കാരിക മൈത്രിയുടെ അതുല്യ സന്ദേശമാണ്. അത് അവിടത്തെ ചീഫ് ഇമാം ഞങ്ങളോട് വ്യക്തമായി പറഞ്ഞു തന്നു. ഏതു മതക്കാർക്കും ചേരമാൻ ജുമാ മസ്ജിദിൽ കയറാവുന്നതാണ്. മതസൗഹാർദ്ദം നമ്മുടെ പുരഹ് തലമുറയിൽ പൂക്കട്ടെ. അപ്പോൾ ഇനി നിങ്ങളാരെങ്കിലും കൊടുങ്ങല്ലൂർ വഴി സഞ്ചരിക്കുകയാണെങ്കിൽ ചേരമാൻ മസ്ജിദിൽ ഒന്നു കയറുവാൻ ശ്രമിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.