ഏകദേശം പത്തു ദിവസത്തോളം നീണ്ടു നിന്ന മേഘാലയ എക്സ്പ്ലോറിനു ശേഷം ഞങ്ങൾ ചിറാപ്പുഞ്ചിയിൽ നിന്നും വെളുപ്പിന് 3.45 മണിയോടെ മടക്കയാത്ര ആരംഭിച്ചു. ആ ഭാഗത്തൊക്കെ വെളുപ്പിന് നാലരയോക്കെയാകുമ്പോൾ നേരം വെളുത്തു തുടങ്ങും. അതുകൊണ്ടാണ് ഞങ്ങൾ ആ സമയത്തു തന്നെ യാത്ര തുടങ്ങിയത്. വഴിയിലെ തിരക്കുകളെയൊക്കെ ഒരു പരിധി വരെ അതിജീവിക്കാമല്ലോ. ഞങ്ങൾ ഷില്ലോംഗിന് അടുത്തെത്തിയപ്പോൾ നേരം പുലർന്നിരുന്നു. ശരിക്കും ചിറാപ്പുഞ്ചിയിലേക്കാൾ തണുപ്പും കോടയും മഴയുമൊക്കെ ഷില്ലോംഗിലായിരുന്നു. അങ്ങനെ ഞങ്ങൾ അതിരാവിലെയുള്ള ആ മഞ്ഞുമൂടിയ അന്തരീക്ഷത്തിലൂടെ വെസ്റ്റ് ബംഗാളിലെ സിലിഗുരിയി ലക്ഷ്യമാക്കിയാണ് ഞങ്ങൾ സഞ്ചരിച്ചത്. സിലിഗുരിയിൽ ചെന്നിട്ട് അവിടുന്ന് വേണം പിന്നീട് നേപ്പാളിലേക്ക് കടക്കുവാൻ.
അങ്ങനെ ഞങ്ങൾ ആസ്സാമിൽ എത്തിച്ചേർന്നു. ബോഡോലാൻഡ് വഴി ഒഴിവാക്കി മറ്റൊരു റൂട്ടിലൂടെയായിരുന്നു ഞങ്ങൾ യാത്ര ചെയ്തിരുന്നത്. വലിയ വീതിയൊന്നും ഇല്ലാതിരുന്ന റോഡ് ആയിരുന്നു അത്. അതിലൂടെ ബസ്സുകാരൊക്കെ വളരെ റാഷ് ആയിട്ടായിരുന്നു ഓടിയിരുന്നത്. ഞങ്ങളാണെങ്കിൽ രണ്ടു ബസ്സുകളുടെ നടുവിലായിട്ടായിരുന്നു കുറേദൂരം യാത്ര ചെയ്തിരുന്നത്. ഏതാണ്ട് ഒരു ബസ് സിമുലേറ്റർ റേസ് ഗെയിം കളിക്കുന്ന പോലത്തെ കിളിപോയ ഫീൽ ആയിരുന്നു ഞങ്ങൾക്ക്.
യാത്രയ്ക്കിടയിൽ ഞാൻ ഒരു വീഡിയോ മുഴുവനും എഡിറ്റ് ചെയ്തു തീർത്തു. അപ്പോഴും മുന്നിൽ ബസുകാരുടെ വക മുട്ടൻ റേസ് നടക്കുകയായിരുന്നു. അതിനിടയിൽ ചില ബൈക്കുകാരുടെ വക കുത്തിക്കയറ്റൽ കളിയും കൂടിയായപ്പോൾ പൂർത്തിയായി. നമ്മുടെ നാട്ടിൽ ആയിരുന്നെങ്കിൽ വട്ടം വെച്ച് നാലു തെറി പറയാമായിരുന്നു. ഇതിപ്പോൾ അറിയാത്ത നാടും നാട്ടുകാരുമൊക്കെയായിപ്പോയില്ലേ. സഹിക്കുക, അല്ലാതെന്തു ചെയ്യാനാ? നമ്മുടെ നാട്ടിലെ ബസ് ഡ്രൈവർമാരൊക്കെ എന്ത് പാവങ്ങളാണെന്നു വരെ തോന്നിപ്പോയി.
അങ്ങനെ ബ്രഹ്മപുത്ര നദിയൊക്കെ കടന്നുകൊണ്ട് ഞങ്ങൾ ആസ്സാമിലെത്തന്നെ ഏതോ ഒരു ഗ്രാമപ്രദേശത്ത് എത്തിച്ചേർന്നു. അവിടെ ഒരു മൊബൈൽ ടവറിനരികിൽ ഞങ്ങൾ കാർ നിർത്തിയിട്ടിട്ട്, നേരത്തെ എഡിറ്റ് ചെയ്ത വീഡിയോ അവിടെയിരുന്നു യൂട്യൂബിൽ അപ്‌ലോഡ് ചെയ്തു. വീഡിയോ അപ്‌ലോഡ് ചെയ്തതിനു ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. അങ്ങനെ ഞങ്ങൾ ആസ്സാം അതിർത്തിയും കടന്നു വെസ്റ്റ് ബംഗാളിലേക്ക് കയറി. ഹൈവേയ്ക്കരികിൽ ഒരു ഹോട്ടൽ തപ്പി ഞങ്ങൾ യാത്ര തുടർന്നു.
അങ്ങനെ ഞങ്ങൾ ഒരു വൈൽഡ് ലൈഫ് സാങ്ച്വറിയിലേക്ക് കടന്നു. അതിലൂടെ പൊയ്‌ക്കൊണ്ടിരിക്കുമ്പോൾ അതാ വഴിയരികിൽ പോലീസ് ചെക്കിംഗ്. എമിൽ വണ്ടിയുടെ എല്ലാ ഡോക്യ്‌മെന്റുകളുമായി പോലീസ് ഉദ്യോഗസ്ഥനരികിൽ ചെന്നു. അവിടം മൃഗങ്ങൾ ക്രോസ്സ് ചെയ്യുന്ന ഏരിയയായതിനാൽ വളരെ പതുക്കെ മാത്രമേ അതിലൂടെ പോകുവാൻ പാടുള്ളതായിരുന്നു. അത് ഞങ്ങൾക്ക് അറിയാൻ പാടില്ലായിരുന്നു.
അവിടെയുള്ള സ്പീഡ് ലിമിറ്റിനേക്കാൾ 5 കിലോമീറ്റർ അധികം വേഗത്തിലായിരുന്നു ഞങ്ങളുടെ യാത്ര. അതിനു 400 രൂപ പിഴയടക്കണമായിരുന്നു. പക്ഷേ ഞങ്ങൾ പുറത്തു നിന്നുള്ളവർ ആയിരുന്നതിനാൽ കാര്യങ്ങളെല്ലാം പറഞ്ഞു മനസിലാക്കി ഞങ്ങളെ പിഴ അടപ്പിക്കാതെ വെറുതെ വിടുകയാണുണ്ടായത്. വളരെ മാന്യതയുള്ള പോലീസുകാർ ആയിരുന്നു അവിടെ. ഞങ്ങൾ യാത്ര തുടങ്ങി ഏതാണ്ട് ഒരു മാസമായെങ്കിലും ആദ്യമായിട്ടായിരുന്നു ഒരു പോലീസ് ചെക്കിംഗിനെ അഭിമുഖീകരിക്കുന്നത്. അങ്ങനെ ഞങ്ങൾ അവിടെ നിന്നും വേഗത കുറച്ച് യാത്ര തുടർന്നു.
കാട്ടുപാത പിന്നിട്ട് ഞങ്ങൾ വീണ്ടും വീതിയുള്ള ഹൈവേയിൽ കയറി. സിലിഗുരി എത്തുന്നതിനു ഏതാണ്ട് 70 കിലോമീറ്റർ മുൻപായി ഹൈവേയിൽ വെച്ച് ഞങ്ങൾ തൃശ്ശൂരിൽ നിന്നും വന്നിട്ടുള്ള ഒരു മലയാളി ടീമിനെ പരിചയപ്പെട്ടു. അവരുമായി കുറച്ചു സമയം ഞങ്ങൾ ചെലവഴിച്ചു. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന തൃശ്ശൂർക്കാരൻ ചേട്ടൻ നല്ല ആക്റ്റീവ് ആയിരുന്നു. അങ്ങനെ അവരോട് യാത്രയും പറഞ്ഞു ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഒടുവിൽ ഞങ്ങൾ സിലിഗുരി എത്തിയിട്ട് അവിടെ ഒരു റൂമെടുത്ത് തങ്ങി.
അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങൾ നേപ്പാളിലേക്കുള്ള യാത്രയ്ക്ക് തയ്യാറായി. ഹാരിസ് ഇക്ക വൈകീട്ട് മൂന്നരയോടെ അവിടെയെത്തിച്ചേരുമായിരുന്നു. അങ്ങനെ ഞങ്ങൾ നേപ്പാൾ ബോർഡറിലേക്ക് യാത്രയായി. സിലിഗുരിയിൽ നിന്നും നേപ്പാളിലേക്കുള്ള റോഡ് വളരെ ഗുണമേന്മയുള്ളതായിരുന്നു. നല്ല കിടിലൻ റോഡിലൂടെ യാത്ര ചെയ്‌തുകൊണ്ട് അവസാനം ഞങ്ങൾ ബോർഡറിൽ എത്തിച്ചേർന്നു. ഒരു പാലം ആയിരുന്നു ഇന്ത്യ – നേപ്പാൾ അതിർത്തി. ഞങ്ങൾ ആ പാലം കടന്നു നേപ്പാളിൽ പ്രവേശിച്ചു.
ബോർഡറിലുള്ള നേപ്പാൾ ഇമിഗ്രെഷൻ ഓഫീസിൽ (കസ്റ്റംസ് ഓഫീസ്) പെർമിറ്റ് എടുക്കുവാനായി ഞങ്ങൾ ചെന്നു. നേപ്പാളിൽ ഇന്ത്യൻ വാഹനങ്ങൾ ഉപയോഗിക്കുവാനായി 500 നേപ്പാളി രൂപയാണ് ഒരു ദിവസത്തേക്ക് ചാർജ്ജ്. അതായത് നമ്മുടെ 310 ഓളം ഇന്ത്യൻ രൂപ. ഈ പെർമിറ്റ് എളുപ്പത്തിൽ സെറ്റ് ചെയ്യുവാനായി ഒരു ഏജന്റ് ഞങ്ങളെ സഹായിക്കുകയുണ്ടായി. അയാൾക്ക് അതിനുള്ള ചെറിയ കമ്മീഷൻ അടക്കമുള്ള തുക ഞങ്ങൾ കൊടുത്തു.
വാഹനത്തിനു മാത്രമല്ലേ പെർമിറ്റ് ആയുള്ളൂ, ഞങ്ങൾ ആളുകൾക്ക് വേണ്ടേ എന്നന്വേഷിച്ചു ഞങ്ങൾ ആ ഓഫീസിൽ വീണ്ടും ചെന്നു. നേപ്പാളിൽ പ്രവേശിച്ചു എന്ന് പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അതിനു തയ്യാറായില്ല. ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു “ഇവിടെ ധാരാളം ആളുകൾ ദിവസേന അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട്. നിങ്ങൾക്ക് പാസ്സ്‌പോർട്ട് സ്റ്റാമ്പ് ഒന്നുമില്ലാതെ എവിടെ വേണേലും കറങ്ങിക്കോ.” സത്യത്തിൽ ഇതു കേട്ടപ്പോൾ ഞങ്ങൾ ഒരു നിമിഷം വിചാരിച്ചത് ഇത് മറ്റൊരു രാജ്യം തന്നെയാണോ, അതോ ഇന്ത്യയിലെ ഒരു സംസ്ഥാനമാണോ എന്നൊക്കെയായിരുന്നു.
വണ്ടിയുടെ കസ്റ്റംസ് പെർമിറ്റായ ‘ബൻസാർ’ ആയിരുന്നു ഞങ്ങൾ ഇപ്പോൾ എടുത്തിരിക്കുന്നത്. ഇനി അവിടെ നിന്നും ഏതാണ്ട് 17 കിലോമീറ്റർ ദൂരം സഞ്ചരിച്ചു അവിടത്തെ RT ഓഫീസിൽ ചെന്നിട്ട് റൂട്ട് പെർമിറ്റായ ‘യതായത്ത്’ എടുക്കേണ്ടതായുണ്ട്. അവിടെ റൂട്ട് പെർമിറ്റിനായി ആകെ 500 നേപ്പാൾ രൂപ കൊടുത്താൽ മതി. ഹാരിസ് ഇക്ക വൈകുന്നേരമേ എത്തുകയുള്ളൂ. അതുവരെയുള്ള സമയത്ത് ഞങ്ങൾ പെർമിറ്റ് ഒക്കെ എടുക്കുവാനായി വിനിയോഗിച്ചു. റോഡരികിൽ ധാരാളം ആളുകൾ ഇന്ത്യൻ രൂപയ്ക്ക് പകരം നേപ്പാളി രൂപ ‘മണി എക്സ്ചേഞ്ച്’ നടത്തുന്നുണ്ടായിരുന്നു. അത്തരത്തിൽ വഴിയരികിൽ നിന്നിരുന്ന ഒരു നേപ്പാളി ചേച്ചിയുടെ കയ്യിൽ നിന്നും ഞങ്ങൾ ഇന്ത്യൻ രൂപ കൊടുത്ത് നേപ്പാൾ രൂപ വാങ്ങി. എന്താല്ലേ?
കറൻസി മാറിക്കഴിഞ്ഞ ശേഷം ഞങ്ങൾ ഒരു മൊബൈൽഷോപ്പിൽ കയറി നേപ്പാൾ സിംകാർഡ് എടുത്തു. 250 നേപ്പാളി രൂപയ്ക്ക് 7 ദിവസത്തേക്ക് ഞങ്ങൾക്ക് കണക്ഷൻ കിട്ടി. സത്യത്തിൽ മറ്റൊരു രാജ്യത്താണ് ഞങ്ങൾ എന്ന തോന്നൽ അവിടെച്ചെന്നപ്പോൾ അനുഭവപ്പെട്ടിരുന്നില്ല. ഏതോ ഒരു നോർത്ത് ഇന്ത്യൻ സംസ്ഥാനത്തിലൂടെ യാത്ര ചെയ്യുന്ന ഫീൽ ആയിരുന്നു. ഒടുവിൽ ഞങ്ങൾ ‘യതായത്’ പെർമിറ്റ് എടുക്കുവാനായി ആർടി ഓഫീസിലേക്ക് ചെന്നു. ഭൂട്ടാൻ പോലെ ‘നേരെ വാ.. നേരെ പോ’ ആയിരുന്നില്ല നേപ്പാളിൽ. അനങ്ങിയാൽ കൈക്കൂലി. ഏജന്റുകളെ ആശ്രയിക്കാതെ യതായത് പെർമിറ്റ് എടുക്കുവാൻ ചെന്ന എന്നിൽ നിന്നും കമ്മീഷൻ വാങ്ങിയത് അവിടത്തെ ഉദ്യോഗസ്ഥൻ തന്നെയായിരുന്നു. പണം കിട്ടിയപ്പോൾ അങ്ങേരുടെ സ്നേഹത്തോടെയുള്ള പെരുമാറ്റം ഒന്നു കാണേണ്ടതു തന്നെയായിരുന്നു.
അങ്ങനെ യതായത് പെർമിറ്റും എടുത്തുകൊണ്ട് ഞങ്ങൾ നേപ്പാളിൽ കറങ്ങുവാനുള്ള കടമ്പകളെല്ലാം കടന്നു. ഇനി ഹാരിസ് ഇക്ക കൂടി എത്തിയതിനു ശേഷം ബാക്കി നേപ്പാൾ കാഴ്ചകളിലേക്ക് കടക്കാം. ആ വിശേഷങ്ങളെല്ലാം അടുത്ത എപ്പിസോഡിൽ…
Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.