ബെംഗളൂരുവിലെ രണ്ടാമത്തെ ദിവസം ഞങ്ങൾ രാവിലെ കറങ്ങുവാനായി ഹോട്ടലിൽ നിന്നും ഇറങ്ങി. ഇത്തവണ ഞങ്ങളുടെ ഒരു സുഹൃത്തായ ശേഖർ സ്വാമിയും കൂടെയുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ രാവിലെ തന്നെ സ്പെഷ്യൽ ഫുഡ് എന്തെങ്കിലും കഴിക്കുവാനായി നീങ്ങി. അവസാനം ഞങ്ങളെത്തിയത് ബസവ നഗറിലുള്ള അയ്യർ ഇഡ്‌ലിക്കടയിലേക്ക് ആയിരുന്നു. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഒരു ഇഡ്‌ലിക്കടയാണിത്. ഞങ്ങൾ ചെന്നപ്പോൾ നല്ല തിരക്കായിരുന്നു അവിടെ.

രാവിലെ 6.30 മുതൽ 11 മണി (രാവിലെ) വരെയാണ് ഈ കട പ്രവർത്തിക്കുന്നത്. സാധാരണ ഇഡ്ഡലിയുടെ കൂടെ കിട്ടുന്ന സാമ്പാർ ഇവിടെയില്ല, ചട്ട്നി മാത്രമേയുള്ളൂ. കൂടുതലും പാഴ്സലുകളാണ് ഇവിടെ നിന്നും പോകാറുള്ളത്. ഞങ്ങൾ അൽപനേരം ക്യൂ നിന്നിട്ടാണ് അവിടെ നിന്നും ഇഡ്ഡലി വാങ്ങി കഴിച്ചത്. ഹോ.. നല്ല മൃദുവായ ഇഡ്ഡലിയും നല്ല കിടിലൻ ചമ്മന്തിയും. പത്തു രൂപയാണ് ഇവിടെ ഒരു ഇഡ്ഡലിയ്ക്ക് ചാർജ്ജ് ഈടാക്കുന്നത്. ബെംഗളൂരുവിൽ വരുന്നവർ തീർച്ചയായും രുചിച്ചിരിക്കേണ്ട ഒന്നാണ് അയ്യർ ഇഡ്ഡലി.

ഇഡ്ഡലിയും കഴിച്ചു സന്തോഷത്തോടെ ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് യാത്രയായി. അൽപ്പം ഷോപ്പിംഗ് ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. കൊമേഴ്‌സ്യൽ സ്ട്രീറ്റിനരികെ വാഹനങ്ങൾ ഫ്രീയായി പാർക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ട്. ബെംഗളൂരുവിൽ ശിവാജി നഗറിന്റെയും എംജി റോഡിന്റെയും ഒക്കെ അടുത്തയാണ് കൊമേഴ്ഷ്യൽ സ്ട്രീറ്റ് സ്ഥിതി ചെയ്യുന്നത്. വളരെ കുറഞ്ഞ വിലയ്ക്ക് (വില പേശണം) സാധനങ്ങൾ ലഭിക്കുന്ന ബെംഗളൂരുവിലെ ഒരു ഇക്കോണമി ഹബ്ബ് ആണ് ഇത്.

കൊമേഴ്ഷ്യൽ സ്ട്രീറ്റിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കച്ചവടക്കാരെ കാണാവുന്നതാണ്. അതിനിടെ ശ്വേതയുടെ ഒരു കസിൻ സിസ്റ്റർ ഞങ്ങളോടൊപ്പം ചേരുകയുണ്ടായി. അങ്ങനെ ഞങ്ങൾ അവിടത്തെ കാഴ്ചകൾ കണ്ടുകൊണ്ട് നടന്നു. അവിടെ ലഭിക്കുന്ന എല്ലാ സാധനങ്ങളും ആദ്യം അവർ വില കൂടിയായിരിക്കും പറയുക. അവസാനം വില പേശി പേശി പകുതി തുകയ്ക്ക് വരെ ലഭിക്കും. അതെല്ലാം നമ്മുടെ കഴിവും കച്ചവടക്കാരുടെ മനസ്സും പോലെയിരിക്കും.

കൊമേഴ്ഷ്യൽ സ്ട്രീറ്റിൽ വരുന്നവർക്ക് സാധനങ്ങൾ വാങ്ങുന്നതിനോടൊപ്പം കിടിലൻ ഫുഡ് കൂടി പരീക്ഷിക്കുവാനുള്ള സൗകര്യങ്ങളുണ്ട്. അങ്ങനെ ഞങ്ങൾ അവിടെ കണ്ട ഒരു കടയിലേക്ക് ഫുഡ് പരീക്ഷിക്കുവാനായി കയറി. പാവ് ബജിയും ഗുലാബ് ജാമുനുമായിരുന്നു ഞങ്ങൾ കഴിച്ചത്. നിർഭാഗ്യവശാൽ പാവ് ബജി വളരെ മോശമായിരുന്നു. ഗുലാബ് ജാമുൻ വല്യ കുഴപ്പമില്ലായിരുന്നു. ഞങ്ങളുടെ കട സെലക്ഷൻ തെറ്റിപ്പോയി എന്നുതന്നെ പറയാം. നല്ല രുചി പ്രതീക്ഷിച്ചു കയറിയിട്ട് അവസാനം ‘പവനായി ശവമായ’ രീതിയിലായിരുന്നു ഞങ്ങൾ ആ ഹോട്ടലിൽ നിന്നും ഇറങ്ങിയത്.

പുറത്തേക്ക് ഇറങ്ങി നടക്കുന്നതിനിടെയാണ് വഴിയരികിൽ ഒരു മഞ്ഞ സ്‌കൂട്ടർ ഇരിക്കുന്നത് സുഹൃത്ത് ശേഖർ കാണിച്ചു തന്നത്. Bounce എന്ന ഒരു ആപ്പ് ഉപയോഗിച്ച് വാടകയ്ക്ക് എടുക്കാവുന്ന തരത്തിലുള്ള സ്‌കൂട്ടറായിരുന്നു അത്. മറ്റു കടമ്പകൾ ഒന്നുംതന്നെയില്ലാതെ ഓൺലൈനായി പണം അടച്ചാൽ മാത്രം മതി ഈ വണ്ടി റെന്റിനു എടുക്കുവാൻ. യാത്രയ്ക്ക് ശേഷം വണ്ടി ടൗണിൽ എവിടെ വേണമെങ്കിലും തിരിച്ചു പാർക്ക് ചെയ്തു വെക്കാവുന്നതാണ്. നോ പാർക്കിംഗ് ഏരിയകൾ, ബേസ്‌മെന്റ് പാർക്കിംഗുകൾ ഒഴികെയുള്ള സ്ഥലങ്ങളിലായിരിക്കണം ഇത്തരത്തിൽ വാഹനം പാർക്ക് ചെയ്യേണ്ടത്. എന്തായാലും സംഭവം കൊള്ളാം. നമ്മുടെ നാട്ടിലും ഇത്തരം സംഭവങ്ങൾ വരുന്നത് വളരെ നല്ലതായിരിക്കും അല്ലേ?

അങ്ങനെ ഞങ്ങൾ കൊമേഴ്ഷ്യൽ സ്ട്രീറ്റിലുള്ള കടകളിലെല്ലാം കറങ്ങി നടന്നു. അതിനിടയ്ക്ക് ആവശ്യമെന്നു തോന്നിയ സാധനങ്ങൾ ഞങ്ങൾ വാങ്ങുകയും ചെയ്തു. അപ്പോൾ ഒരിക്കൽക്കൂടി പറയുകയാണ് – ബെംഗളൂരുവിൽ വന്നിട്ട് ഷോപ്പിംഗ് മാളുകളും മറ്റും സന്ദർശിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നിങ്ങൾക്ക് പ്രയോജനം ചെയ്യുക ഇത്തരത്തിലുള്ള മാർക്കറ്റുകൾ ആയിരിക്കും. അതുകൊണ്ട് ഇനി ഇവിടെ വരുന്നവർ തീർച്ചയായും ഷോപ്പിംഗിനു കൊമേഴ്ഷ്യൽ സ്ട്രീറ്റിൽ വരിക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.