കശ്മീരിലെ ധൂത്പത്രി എന്ന കിടിലൻ സ്ഥലത്ത് പോയതിനു ശേഷം ഞങ്ങൾ തിരികെ ശ്രീനഗറിൽ എത്തി. ശ്രീനഗറിലെ പ്രശസ്തമായ ദാൽ തടാകത്തിലൂടെ ഒരു ശിക്കാര വഞ്ചി യാത്രയായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. ഞങ്ങളുടെ ഗൈഡ് ഷാഫിയുടെ കെയറോഫിൽ ശിക്കാര വള്ളങ്ങൾ ഉണ്ടായിരുന്നു. ദാൽ തടാകക്കരയിലെ ജെട്ടിയിൽ നീണ്ടു നിരന്നങ്ങനെ കിടക്കുകയാണ് നമ്മുടെ ശിക്കാര വള്ളങ്ങൾ. ഓരോന്നിനും ഓരോ പേരുകളൊക്കെ ഇട്ടിട്ടുണ്ട്. ‘ന്യൂ സൺഷൈൻ ഡീലക്സ്’ എന്ന ബോട്ടിലായിരുന്നു ഞങ്ങൾ കയറിയത്.

ഞങ്ങളെല്ലാം ആദ്യമായിട്ടായിരുന്നു അതുപോലുള്ള ശിക്കാര വള്ളത്തിൽ യാത്ര ചെയ്യുന്നത്. എമിലിന്റെ വാക്കുകൾ കടമെടുത്താൽ ‘മണിയറ’ ഒരുക്കിയിരിക്കുന്നത് പോലെയായിരുന്നു വള്ളത്തിനുള്ളിൽ ഞങ്ങൾക്ക് അനുഭവപ്പെട്ടത്. ദാൽ തടാകത്തിലെ ഒരു ബോട്ട് പോലെയായിരുന്നു നമ്മുടെ ഷാഫിയുടെ വീട്. ഞങ്ങൾ വള്ളത്തിൽ സഞ്ചരിച്ചു ഷാഫിയുടെ വീടിനോടു ചേർന്ന് അടുപ്പിച്ചു. ഞങ്ങളുടെ ബാഗൊക്കെ ഷാഫിയുടെ വീട്ടിൽ വെച്ചതിനു ശേഷം ഞങ്ങൾ വീണ്ടും സവാരി തുടർന്നു.

ദാൽ തടാകത്തിൽ ഒട്ടും തിരക്കുകളൊന്നും ഉണ്ടായിരുന്നില്ല. സഞ്ചാരികളൊക്കെ വള്ളത്തിൽ സവാരി നടത്തുന്നുണ്ടായിരുന്നെങ്കിലും ആകെക്കൂടി നല്ല നിശ്ശബ്ദതയായിരുന്നു അവിടെ. കുറച്ചു സമയത്തെ സവാരിയ്ക്കു ശേഷം ഞങ്ങൾ ഷാഫിയുടെ സ്വന്തം ഹൗസ് ബോട്ടിലേക്ക് കയറി. അവിടെയാണ് ഇന്ന് ഞങ്ങളുടെ താമസം. പുറമെ നിന്നും കാണുന്നതു പോലെയായിരുന്നില്ല ഹൌസ് ബോട്ടിന്റെ അകത്തെ കാഴ്ചകൾ. അകത്ത് നല്ല കിടിലൻ സെറ്റപ്പ് തന്നെയായിരുന്നു. വിക്ടോറിയൻ കാലഘട്ടത്തിലെ നിർമ്മാണരീതിയിൽ ഉള്ള ഹൌസ് ബോട്ടുകളാണ് ദാൽ തടാകത്തിൽ നിലകൊള്ളുന്നത്. കുറച്ചു സമയം ഹൗസ് ബോട്ടിലെ കാഴ്ചകളൊക്കെ കണ്ടതിനു ശേഷം ഞങ്ങൾ ഹൗസ്ബോട്ടിലെ ഡൈനിംഗ് റൂമിൽ എത്തി. അവിടെ ഷാഫിയുടെ അച്ഛനും സഹോദരനും ഞങ്ങളെ വരവേൽക്കാൻ നിൽക്കുന്നുണ്ടായിരുന്നു.

ഡൈനിങ്ങ് ഹാളിൽ നിന്നും പിന്നീട് ഞങ്ങൾ വീണ്ടും ശിക്കാര വള്ളത്തിൽ ഒരു സായാഹ്‌ന സവാരിയ്ക്കായി നീങ്ങി. ഒക്ടോബർ മാസത്തിലാണ് അവിടം സന്ദർശിക്കുവാൻ ഏറ്റവും അനുയോജ്യമായ സമയമെന്നു ഷാഫി ഞങ്ങളോട് പറഞ്ഞു. അങ്ങനെ വിശേഷങ്ങളൊക്കെ പറഞ്ഞുകൊണ്ട് ഞങ്ങൾ തടാകത്തിന്റെ കാതലായ ഭാഗത്തേക്ക് നീങ്ങി. അങ്ങനെ പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളുടെ വള്ളത്തെ ചുറ്റിപ്പറ്റി വഞ്ചിയിൽ സഞ്ചരിക്കുന്ന കച്ചവടക്കാർ വന്നത്. ഒരുതരത്തിൽ പറഞ്ഞാൽ ഫ്‌ളോട്ടിങ് മാർക്കറ്റ് തന്നെ. ഫോട്ടോഗ്രാഫർമാർ മുതൽ സ്വർണ്ണക്കച്ചവടക്കാർ വരെയുണ്ടായിരുന്നു അക്കൂട്ടത്തിൽ.

തടാകത്തിൽ കിടക്കുന്ന ഹൌസ് ബോട്ടുകൾക്കിടയിലൂടെ ഞങ്ങൾ ദാൽ തടാകത്തിന്റെ സായാഹ്‌ന സൗന്ദര്യം ആസ്വദിച്ചുകൊണ്ട് തുഴഞ്ഞു നീങ്ങി. ഹിമാലയന്‍ മലനിരകളുടെ പശ്ചാത്തലം തടാകത്തെ കൂടുതല്‍ മനോഹരമാക്കി. യാത്രയ്ക്കിടയിൽ ഷാഫിയുടെ വക നല്ല പാട്ടുകളും ഞങ്ങൾക്ക് ആസ്വദിക്കാൻ പറ്റി. അതിലൂടെയുള്ള വഞ്ചിയാത്ര നടത്തുന്നതിനിടെ എനിക്ക് ഓർമ്മ വന്നത് ‘കീർത്തിചക്ര’ സിനിമയിലെ “ഖുദാസേ മന്നത്..” എന്ന പാട്ടും അതിലെ രംഗങ്ങളുമായിരുന്നു. അങ്ങനെ പോകെപ്പോകെ നേരം ഇരുട്ടി തുടങ്ങിയിരുന്നു. അതോടെ ഞങ്ങൾ തിരികെ ഞങ്ങൾ താമസിക്കുന്ന ഹൗസ് ബോട്ടിലേക്ക് യാത്രയായി.

Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.