ഡാർജിലിംഗിലെ ഞങ്ങളുടെ ആദ്യത്തെ പകൽ പിറന്നു. ഞങ്ങൾ രാവിലെ തന്നെ വേഗം റെഡിയായി പ്രസിദ്ധമായ ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിയിലൂടെയുള്ള യാത്രയ്ക്കായി പുറപ്പെട്ടു. സിൽഗുടി, ഡാർജിലിംഗ് എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് ഡാർജിലിംഗ് ഹിമാലയൻ തീവണ്ടിപ്പാത. 2 ft (610 mm) വീതിയുള്ള നാരോ ഗേജ് റെയിൽവേ കുട്ടി ട്രെയിൻ അഥവാ ടോയ് ട്രെയിൻ എന്നും അറിയപ്പെടുന്നു. ഇതിന്റെ നിർമ്മാണം കഴിഞ്ഞത് 1879 നും 1881 ഇടക്കാണ്. 86 km നീളമുള്ള ഈ പാത സമുദ്ര നിരപ്പിൽ നിന്നും 100 മീ. സിൽഗുടിയിലും 2,200 മീ ഡാർജിലിംഗിലും ഉയരമുണ്ട്. ഇതിലെ ട്രെയിനുകൾ നീരാവി എൻജിൻ ഉപയോഗിച്ചാണ് ഓടുന്നത്. ഡാർജിലിംഗ് മെയിൽ ട്രെയിൻ ഡീസൽ എൻജിൻ ഉപയോഗിക്കുന്നു. 1999 ൽ ഇത് ലോകപൈതൃക സ്മാരകമായി യുനെസ്കോ അംഗീകരിക്കുകയും ചെയ്തു. ഈ ബഹുമതിയ്ക്കർഹമായ ലോകത്തിലെ രണ്ടാമത്തെ തീവണ്ടിപ്പാതയാണ് ഇത്.
വളരെ ചെറിയൊരു റെയിൽവേ സ്റ്റേഷനായിരുന്നു ഡാര്ജിലിംഗിലേത്. അഞ്ച് ട്രാക്കുകളും മൂന്നു പ്ലാറ്റ്ഫോമുകളും അടങ്ങിയ ആ സ്റ്റേഷൻ ഏതാണ്ട് 6812 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. റെയിൽവേ സ്റ്റേഷനിൽ ചെന്ന ഞങ്ങൾക്ക് റെയിൽവേ അധികൃതരുടെ അനുവാദപ്രകാരം ട്രെയിനുകളിൽ കൽക്കരി നിറയ്ക്കുന്നതിന്റെയും തീ കത്തിച്ചുകൊണ്ട് പ്രവർത്തന സജ്ജമാക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ കാണുവാനും ക്യാമറയിൽ പകർത്തുവാനും സാധിച്ചു. ഊട്ടിയിലെ നീലഗിരി ട്രെയിനിൽ ഞങ്ങൾ മുൻപ് സഞ്ചരിച്ചിരുന്നുവെങ്കിലും അതിൽ നിന്നുമൊക്കെ വളരെ വ്യത്യസ്തമായിരുന്നു ഡാർജിലിംഗ് ടോയ് ട്രെയിൻ.
അതിനിടെ ഞങ്ങൾക്ക് പോകേണ്ടിയിരുന്ന ട്രെയിൻ കോച്ചുകൾ പ്ലാറ്റ്ഫോം നമ്പർ 2 ൽ കിടപ്പുണ്ടായിരുന്നു. കോച്ചുകളിൽ യാത്രക്കാരെല്ലാം കയറി ഇരിപ്പുണ്ടായിരുന്നുവെങ്കിലും എഞ്ചിൻ എത്തിയിരുന്നില്ല. സ്റ്റേഷനിൽ നിന്നും ഡീസൽ എഞ്ചിൻ ട്രെയിനുകളും ഉണ്ടായിരുന്നുവെങ്കിലും ഞങ്ങൾ യാത്രയ്ക്കായി തിരഞ്ഞെടുത്തത് കൽക്കരി എഞ്ചിൻ തീവണ്ടിയായിരുന്നു. കൽക്കരി എഞ്ചിൻ ട്രെയിൻ ആണെങ്കിലും യാത്രക്കാരുടെ കോച്ചുകളൊക്കെ വളരെ വൃത്തിയുള്ളതും കാഴ്ചകൾ കാണുന്നതിനായി ചില്ലിട്ടതുമായിരുന്നു. ഏതാണ്ട് ഒന്നര മണിക്കൂർ ഞങ്ങളെ പോസ്റ്റാക്കി അവസാനം കൽക്കരി എഞ്ചിൻ വന്നു ട്രെയിനിൽ ഘടിപ്പിച്ചു. എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നതു മൂലം എഞ്ചിൻ ട്രെയിനിൽ ഘടിപ്പിക്കുവാൻ കുറച്ചു സമയമെടുത്തു.
ആ സമയത്ത് യാത്രക്കാരിൽ ചിലരൊക്കെ അതിനടുത്തു വന്നുകൊണ്ട് ഫോട്ടോയെടുക്കുകയും മറ്റുമൊക്കെ ചെയ്യുന്നത് കാണാമായിരുന്നു. അവസാനം ഞങ്ങളെയും കൊണ്ട് ട്രെയിൻ യാത്രയാരംഭിച്ചു. കൊൽക്കത്തയിൽ കണ്ട ട്രാം പോകുന്നതു പോലെ റോഡിനു കുറുകെയും വഴിയരിലൂടെയുമൊക്കെയായിട്ടാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്. ഞങ്ങളുടെ ട്രെയിൻ റോഡിനു കുറുകെ കടക്കുവാൻ ശ്രമിക്കുന്നതിനിടെ മുന്നിൽ ട്രാഫിൽ ബ്ലോക്കിൽപ്പെട്ട ഒരു കാർ തടസ്സമായി കിടന്നിരുന്നു. ട്രെയിൻ ഡ്രൈവർ കുറെ ഹോണടിച്ചെങ്കിലും ഒരു രക്ഷയുമുണ്ടായില്ല. അവസാനം ട്രെയിൻ ഡ്രൈവർ എഞ്ചിനിൽ നിന്നും ഇറങ്ങിച്ചെന്ന് കാർ മാറ്റിയിടീക്കേണ്ട അവസ്ഥയുണ്ടായി. നമ്മുടെ നാട്ടിൽ എവിടെയെങ്കിലും കാണാൻ സാധിക്കുമോ ഇതുപോലുള്ള വ്യത്യസ്തമായ കാഴ്ച?
അങ്ങനെ ബ്ലോക്കൊക്കെ നീക്കി ഞങ്ങളുടെ ട്രെയിൻ റോഡ് ക്രോസ്സ് ചെയ്ത് പിന്നീട് വഴിയുടെ ഓരത്തുള്ള പാതയിലൂടെ യാത്ര തുടങ്ങി. ട്രെയിനിന്റെ വശങ്ങളിലും മുകളിലുമെല്ലാം ചില്ലായിരുന്നു ഇട്ടിരുന്നത്. യാത്രക്കാരെല്ലാം ഞങ്ങളെപ്പോലെ ടൂറിസ്റ്റുകൾ തന്നെയായിരുന്നു. യാത്രയ്ക്കിടയിൽ നിശ്ചിത സ്ഥലങ്ങളിൽ നിന്നും ട്രെയിനിൽ ആവശ്യത്തിനു വെള്ളം നിറയ്ക്കുന്നുണ്ടായിരുന്നു. ഊട്ടിയിലെ ട്രെയിനിലും ഇങ്ങനെ ചെയ്യുന്നത് അന്ന് പോയപ്പോൾ ഞങ്ങൾ കണ്ടത് ഓർമ്മ വന്നു. അങ്ങനെ റോഡിലെ തിരക്കുകളിൽ നിന്നും മാറി ട്രെയിൻ ഒരു പാർക്ക് പോലെ തോന്നിപ്പിച്ച ഒരു സ്ഥലത്ത് വെള്ളം നിറയ്ക്കുവാൻ നിർത്തിയിടുകയുണ്ടായി. ആ സമയത്ത് യാത്രക്കാരെല്ലാം പാർക്കിൽ ചുറ്റിക്കറങ്ങുവാനായി പോയി. പാർക്കിന്റെ ഒത്ത നടുവിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് സ്മരണ അർപ്പിച്ചുകൊണ്ടുള്ള ഒരു സ്തൂപം ഉണ്ടായിരുന്നു. ഞങ്ങളും പാർക്കിൽ ചുറ്റികകറങ്ങി ചിത്രങ്ങളും വീഡിയോകളുമൊക്കെ എടുത്തു. അതിനിടെ ഞങ്ങളുടെ ട്രെയിനിലുണ്ടായിരുന്ന ചില ടൂറിസ്റ്റുകളെ പരിചയപ്പെടുകയും ചെയ്തു.
ഞങ്ങൾ അവിടെ യാത്ര അവസാനിപ്പിച്ചിട്ട് തിരികെ ഹോട്ടലിലേക്ക് യാത്രയായി. എന്നാൽ ഹോട്ടലിലേക്ക് പോകുവാനായി ഞങ്ങൾക്ക് ഒരു മാർഗ്ഗവും കിട്ടിയില്ല. ബസ് സർവ്വീസുകൾ ആണെങ്കിൽ അവിടെയില്ലതാനും. ഒടുവിൽ ഞങ്ങളുടെ നിസ്സഹായാവസ്ഥ കണ്ടിട്ട് ഒരാൾ വന്നു കഷ്ടപ്പെട്ട് ടാക്സിയോക്കെ ഒപ്പിച്ചു തന്നു. അദ്ദേഹത്തിനു നന്ദി പറഞ്ഞുകൊണ്ട് ഞങ്ങൾ ഹോട്ടലിലേക്ക് യാത്രയായി. സത്യം പറഞ്ഞാൽ ഇതുവരെയുള്ള യാത്രയ്ക്കിടയിൽ ഞങ്ങൾക്ക് വളരെ മുഷിപ്പുണ്ടാക്കിയ സ്ഥലം ഡാർജിലിംഗ് ആയിരുന്നു. ആകെക്കൂടി ലാഭമുണ്ടായത് ആ ട്രെയിൻ യാത്ര മാത്രമായിരുന്നു. എന്തായാലും ഡാർജിലിംഗ് വിചാരിച്ചപോലല്ല; ഞങ്ങൾക്ക് നല്ല പണിയാണ് തന്നത്. അതുകൊണ്ട് സ്നേഹത്തോടെ പറയുകയാണ് ഒരിക്കലും ഹണിമൂൺ ആഘോഷിക്കുവാനായി ഇവിടേക്ക് വരരുത്.
അങ്ങനെ ഞങ്ങൾ ട്രെയിനിൽ വന്നപ്പോൾ കണ്ട ട്രാഫിക് ബ്ലോക്കെല്ലാം കടന്നു നേരെ ഹോട്ടലിലേക്ക് പോയി. ഇനി ഹോട്ടൽ റൂം ചെക്ക് ഔട്ട് ചെയ്തിട്ട് ഡാർജിലിംഗിൽ നിന്നും നേരെ സിക്കിമിലേക്ക് പോകണം. ആ വിശേഷങ്ങളെല്ലാം അടുത്ത എപ്പിസോഡിൽ കാണാം.
Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. (Follow to get discounts: https://www.instagram.com/sr_jungle_resort_coimbatore/). 3) Goosebery Mens Apparel: http://goosebery.co.in(TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.