പാക്കിസ്ഥാൻ സന്ദർശനത്തിനു ശേഷം ഞങ്ങൾ തിരികെ ഡൽഹിയിലേക്ക് യാത്രയാരംഭിച്ചു. ബൈജു ചേട്ടന് മാരുതി കമ്പനി റിവ്യൂ ചെയ്യാൻ നൽകിയിരുന്ന മാരുതിയുടെ എസ് ക്രോസ്സ് കാറിലായിരുന്നു ഞങ്ങളുടെ യാത്ര. വീതി കുറവാണെങ്കിലും നല്ല വൃത്തിയുള്ള റോഡ്. പഞ്ചാബ് ഗ്രാമങ്ങൾക്കിടയിലൂടെയുള്ള ആ യാത്ര ഞങ്ങൾ ശരിക്കും ആസ്വദിച്ചു. ചിലയിടങ്ങളിൽ മനോഹരമായ കാഴ്ചകൾ കണ്ട് ഞങ്ങൾ വണ്ടി നിർത്തി ഇറങ്ങിയിരുന്നു.
റോഡിനിരുവശത്തുമുള്ള കൃഷികളെക്കുറിച്ച് കൂടെയുണ്ടായിരുന്ന അനൂപ് ടെക്നൊളജിസ്റ്റ് നന്നായി വിവരിച്ചു തന്നു. അങ്ങനെ കാഴ്ചകൾ കണ്ടു പോകുന്നതിനിടെ റോഡരികിലെ വിശാലമായ പറമ്പിൽ ഒരു എരുമ ഫാം ശ്രദ്ധയിൽപ്പെട്ടു. എരുമകളെക്കുറിച്ചും അനൂപ് വാചാലനായി. മുറെ എന്ന ഇനത്തിൽപ്പെട്ട എരുമകളാണ് അവയെന്ന് ഞങ്ങൾ മനസ്സിലാക്കി. അനൂപ് ടെക്നൊളജിസ്റ്റ് എന്ന പേര് വെറുതെയല്ല എന്ന് എനിക്ക് മനസ്സിലായി. അറിവുകളുടെ കാര്യത്തിൽ ആള് ഒരു ഒന്നൊന്നര പുലിയാണ്.
എരുമ ഫാമിന്റെ അരികിലൂടെയുണ്ടായിരുന്ന ചെറിയ നാട്ടുവഴിയിലൂടെ ഞങ്ങൾ ചുമ്മാ നടന്നു. ഫാമിനു സമീപത്തായി ആളുകൾ താമസിക്കുന്നുമുണ്ട്. നമ്മുടേത് പോലത്തെ വലിയ വീടുകളല്ല, മണ്ണ് കൊണ്ടുണ്ടാക്കില്ല ചെറിയ കുടിലുകളിലായിരുന്നു അവിടത്തുകാർ താമസിച്ചിരുന്നത്. അവരുടെ സമ്മതത്തോടെ ഒരു വീട്ടിൽ ഞങ്ങൾ ഒന്ന് കയറിനോക്കി. പുറമെ നിന്നും നോക്കിയാൽ ഒരു കുടിൽ എന്നു തോന്നുമെങ്കിലും അകത്ത് നല്ല വൃത്തിയുള്ളതായാണ് ഞങ്ങൾക്ക് കാണുവാൻ കഴിഞ്ഞത്. അതുപോലെത്തന്നെ തൊഴുത്തുകളും നല്ല വൃത്തിയും വെടിപ്പുമുള്ളവയായിരുന്നു.
പഞ്ചാബികൾ പൊതുവെ വളരെ സ്നേഹമുള്ളവരായാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. കേരളത്തിൽ നിന്നും വന്ന നമ്മളെ അതിഥികളെപ്പോലെയാണ് അവർ കണക്കാക്കുന്നത്. അങ്ങനെ ഗ്രാമക്കാഴ്ചകൾ കണ്ടുകൊണ്ട് ഞങ്ങൾ വീണ്ടും ഡൽഹി ലക്ഷ്യമാക്കി യാത്ര തുടർന്നു. രാത്രിയാകുന്നതിനു മുൻപ് ഡൽഹിയിൽ എത്തുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് ചിലപ്പോൾ യാത്ര ലുധിയാന വരെയായിരിക്കും.
ഗ്രാമങ്ങൾ പിന്നിട്ട് ഞങ്ങൾ നഗരത്തിലേക്ക് കടന്നു. പഞ്ചാബിന്റെ സൗന്ദര്യം അവിടത്തെ ഗ്രാമങ്ങളിലാണ്. നഗരക്കാഴ്ചകൾ എവിടാതെയും പോലെത്തന്നെ മടുപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. പതിവിലും ഭയങ്കര തിരക്കായിരുന്നു പിന്നീടങ്ങോട്ട് ഞങ്ങൾക്ക് അനുഭവപ്പെട്ടത്. അങ്ങനെ ഞങ്ങളുടെ യാത്ര ലുധിയാന വരെ എത്തിയില്ല. ജലന്ധർ കഴിഞ്ഞുള്ള ഒരു സ്ഥലത്ത് ഹോട്ടൽ റൂമെടുത്തു ഞങ്ങൾ താങ്ങുവാൻ തീരുമാനിച്ചു. നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ ഡിന്നറും കഴിച്ചു നേരെ ബെഡിലേക്ക് വീണു.
പിറ്റേന്ന് രാവിലെ തന്നെ ഹോട്ടലിൽ നിന്നും ചെക്ക്‌ഔട്ട് ചെയ്തു ഞങ്ങൾ അവിടെനിന്നും യാത്ര പുറപ്പെട്ടു. കുറെ അലഞ്ഞതിനു ശേഷം ഞങ്ങൾ ബ്രേക്ക് ഫാസ്റ്റ് കഴിക്കുവാനായി ഒരു ധാബ കണ്ടെത്തി. അവിടെ നിന്നും പഞ്ചാബി സ്പെഷ്യൽ പൊറോട്ടയും പരിപ്പ് കറിയും കടലക്കറിയും കൂട്ടി ബ്രേക്ക്ഫാസ്റ്റ് ഉഷാറാക്കി. നല്ല വിശപ്പുണ്ടായിരുന്നതിനാൽ നല്ല രുചിയായിരുന്നു ഞങ്ങൾക്ക് ആ ഭക്ഷണത്തിനു അനുഭവപ്പെട്ടത്.
ഡൽഹിയിലേക്ക് പിന്നെയും 300 കിലോമീറ്ററുകളോളം ഞങ്ങൾക്ക് താണ്ടുവാനുണ്ടായിരുന്നു. ഞങ്ങൾ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് യാത്ര ആസ്വദിച്ചങ്ങു പോയി.
1 comment
Scenic drive through punjab.Loved it.