നാല് ദിവസത്തെ അഹമ്മദാബാദ് കറക്കമെല്ലാം കഴിഞ്ഞു പിറ്റേദിവസം രാവിലെ തന്നെ അത്രയും ദിവസം ഞങ്ങൾ താമസിച്ച ഹോട്ടലിനോട് വിടപറഞ്ഞു.അടുത്ത പ്ലാൻ മറ്റൊന്നുമല്ല, പ്രശസ്തമായ സ്റ്റാച്യു ഓഫ് യൂണിറ്റി കാണാൻ പോകണം. രണ്ടു മാസം മുൻപ് ഞാൻ അവിടെ പോയതാണെങ്കിലും അച്ഛനും അമ്മയും അനിയനും കൂടി കാണുവാൻ വേണ്ടിയാണ് വീണ്ടും അവിടേക്ക് തന്നെ യാത്രയായത്. അങ്ങനെ ഞങ്ങൾ അഹമ്മദാബാദ് സിറ്റിയിലെ തിരക്കുകളെല്ലാം കഴിഞ്ഞു ഞങ്ങൾ എക്സ്പ്രസ്സ് ഹൈവേയിലേക്ക് കയറി. അഹമ്മദാബാദിൽ നിന്നും വഡോദരയിലേക്ക് എക്സ്പ്രസ്സ് ഹൈവേയിലൂടെ ഒരു കിടിലൻ ഡ്രൈവ് ആണ് ഇനി. NE 1 (മഹാത്മാഗാന്ധി എക്സ്പ്രസ്സ് ഹൈവേ) എന്നാണു ഈ എക്സ്പ്രസ്സ് ഹൈവേയുടെ പേര്. ഞാൻ ആദ്യമായിട്ടാണ് ഒരു എക്സ്പ്രസ്സ് ഹൈവേയിലൂടെ ഡ്രൈവ ചെയ്യുന്നത്.
ടൂവീലറുകൾ, ഓട്ടോറിക്ഷകൾ തുടങ്ങിയ ചെറു വാഹനങ്ങൾക്ക് എക്സ്പ്രസ്സ് ഹൈവേയിലൂടെ പോകുവാൻ പാടില്ല. ഞങ്ങൾ Zoom Car ൽ നിന്നും വാടകയ്ക്ക് എടുത്തിരുന്ന കാർ ആയതിനാൽ 80 കി.മീ. വേഗതയിൽ സ്പീഡ് ഗവർണർ ഘടിപ്പിച്ചിരുന്നു. അതിനാൽ എക്സ്പ്രസ്സ് ഹൈവേയിലൂടെ ചീറിപ്പാഞ്ഞു പോകുവാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. പക്ഷേ അതിൽ ഞങ്ങൾക്ക് സങ്കടവുമില്ല, പതിയെ കാഴ്ചകൾ കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. ഇപ്പോൾ പുതുതായി പണിയുന്ന എക്സ്പ്രസ്സ് ഹൈവേകൾക്ക് കുറഞ്ഞത് ആറുവരിപ്പാതയെങ്കിലും ഉണ്ടാകും. എന്നാൽ ഇത് പഴയ എക്സ്പ്രസ്സ് ഹൈവേ ആയതിനാൽ നാല് വരിപ്പാതയായിരുന്നു. എങ്കിലും നല്ല വീതിയുള്ളതാണ്. കാറുകളെല്ലാം 100 – 140 കിലോമീറ്റർ വേഗത്തിലായിരുന്നു ചീറിപ്പാഞ്ഞു പോയ്‌ക്കൊണ്ടിരുന്നത്. GSRTC യുടെ ബസ്സുകളും ഹൈവേയിലൂടെ സർവ്വീസ് നടത്തുന്നുണ്ട്.
എക്സ്പ്രസ്സ് ഹൈവേയിൽ ടോൾ കൊടുക്കേണ്ടതായുണ്ട്. വഡോദര വരെ 110 രൂപയാണ് കാറുകൾക്ക് ടോൾ തുക. എക്സ്പ്രസ്സ് ഹൈവേയിലേക്ക് കയറിക്കഴിഞ്ഞാൽ പിന്നെ തോന്നുന്നയിടത്തൊന്നും വാഹനം നിർത്തുവാൻ പാടില്ല എന്നതാണ് നിയമം. അതുപോലെ തന്നെ വളരെ അപകടസാധ്യതയുള്ള ഏരിയയാണ് എക്സ്പ്രസ്സ് ഹൈവേ എന്നു മനസ്സിലായത് Zoom Car ൽ നിന്നും വന്ന മെസ്സേജ് കണ്ടപ്പോൾ ആയിരുന്നു. “നിങ്ങൾ ഇപ്പോൾ പ്രവേശിച്ചിരിക്കുന്നത് അപകടസാധ്യതയുള്ള ഏരിയയിലാണ്. ശ്രദ്ധിച്ചു ഡ്രൈവ് ചെയ്യുക” എന്നതായിരുന്നു അവരുടെ മെസ്സേജ്. നമ്മൾ സഞ്ചരിക്കുന്ന കാറിന്റെ GPS ട്രാക്ക് ചെയ്താണ് അവർ നമ്മൾ എവിടെയാണെന്നൊക്കെ മനസിലാക്കുന്നത്. എന്തായാലും സംഭവം കൊള്ളാം.
അങ്ങനെ വഡോദര എത്താറായപ്പോൾ ഹൈവേയിൽ നിന്നും പുറത്തേക്ക് മാറി ഒരു റസ്റ്റ് ഏരിയയും പെട്രോൾ പമ്പുമൊക്കെ സ്ഥിതി ചെയ്യുന്നുണ്ട്. അവിടെ കുറച്ചു സമയം വിശ്രമിച്ചിട്ട് ഞങ്ങൾ വീണ്ടും എക്സ്പ്രസ്സ് ഹൈവേയിലേക്ക് കയറി വഡോദര ലക്ഷ്യമാക്കി നീങ്ങി. അങ്ങനെ വഡോദര എത്തിയപ്പോൾ ഞങ്ങൾ എക്സ്പ്രസ്സ് ഹൈവേയിൽ നിന്നും പുറത്തു കടന്നു. പിന്നീട് ഞങ്ങൾ സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്കുള്ള സ്റ്റേറ്റ് ഹൈവേയിലൂടെ യാത്രയാരംഭിച്ചു. അപ്പോഴേക്കും സമയം ഉച്ചയായിരുന്നു. ഞങ്ങൾക്ക് വിശപ്പിന്റെ വിളി വന്നു തുടങ്ങി. വഴിയരികിൽ കണ്ട ഒരു നല്ലതെന്നു തോന്നിച്ച ഹോട്ടലിൽ കയറി ഞങ്ങൾ ഭക്ഷണം കഴിച്ചു. അവിടെ കണ്ട വ്യത്യസ്തമായ ഒരു കാര്യമെന്തെന്നാൽ ഹോട്ടലിൽ നിന്നും പാഴ്‌സൽ വാങ്ങിയാൽ 10% ഡിസ്‌കൗണ്ട് ലഭിക്കും. നമ്മുടെ നാട്ടിലാണെങ്കിൽ പാഴ്‌സലിന് എക്സ്ട്രാ പൈസ വാങ്ങുന്ന ഹോട്ടലുകാരാണ് കൂടുതലും. എന്താല്ലേ? അങ്ങനെ ഭക്ഷണശേഷം ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.
വഴിയ്ക്ക് ഇരുവശത്തുമായി ധാരാളം പരുത്തികൃഷിത്തോട്ടങ്ങൾ കാണാമായിരുന്നു. അങ്ങനെ യാത്രയ്‌ക്കൊടുവിൽ ഞങ്ങൾ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ എത്തിച്ചേർന്നു. അച്ഛനും അമ്മയും അനിയനുമെല്ലാം വളരെ ഹാപ്പിയായിരുന്നു. രാത്രിയായപ്പോൾ സ്റ്റാച്യു ഓഫ് യൂണിറ്റിയിലെ അതിമനോഹരമായ ലേസർഷോയും ഞങ്ങൾ ആസ്വദിച്ചു കണ്ടു. ഹോ… അത് ശരിക്കും നേരിട്ടനുഭവിച്ചറിയേണ്ട കാര്യം തന്നെയാണ്. വല്ലാത്തൊരു ഫീൽ ആയിരിക്കും. ഒരിന്ത്യക്കാരൻ എന്നതിൽ നമുക്ക് അഭിമാനിക്കാം. അങ്ങനെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ നിന്നും ഞങ്ങൾ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് യാത്രയായി. ഇനി ഞങ്ങൾ അൽപ്പം കുടുംബകാര്യങ്ങളിലേക്ക് കടക്കട്ടെ. അപ്പോൾ എല്ലാവർക്കും നന്ദി.. ബൈ…