കാന്തന്‍ പാറ വെള്ളച്ചാട്ടവും കണ്ട് ഉച്ചഭക്ഷണവും കഴിച്ചശേഷം ഞങ്ങള്‍ പോയത് ‘തൊള്ളായിരം കണ്ടി’ എന്ന മലമുകളിലെ കാണാക്കാഴ്ചകള്‍ നിറഞ്ഞ ഒരു സ്ഥലത്തേക്ക് ആണ്. തൊള്ളായിരം കണ്ടി എന്നാല്‍ 900 ഏക്കര്‍ എന്നാണു അര്‍ത്ഥമാക്കുന്നത്. തൊള്ളായിരം ഏക്കര്‍ സ്ഥലം പല ആളുകളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഇന്ന്.

900 കണ്ടിയിലേക്കുള്ള യാത്രയില്‍ ഞങ്ങളോടൊപ്പം ഒരാള്‍ കൂടി പങ്കുചേര്‍ന്നു. കല്‍പ്പറ്റ സ്വദേശിയായ നൌഫല്‍. Discover Wayanad ന്‍റെ അഡ്വഞ്ചര്‍ ടൂറിസം പരിപാടിയൊക്കെ നോക്കിനടത്തുന്നയാളാണ് നൌഫല്‍. നല്ല ഒന്നാന്തരം ഓഫ് റോഡ്‌ ഡ്രൈവിംഗ് എക്സ്പെര്‍ട്ട് കൂടിയാണ് നൌഫല്‍. തൊള്ളായിരം കണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ ഈ സ്ഥലത്തെക്കുറിച്ചുള്ള കഥകളെല്ലാം നൌഫല്‍ പറയുകയുണ്ടായി.

ജീപ്പിനു മാത്രമേ തൊള്ളായിരം കണ്ടിയിലേക്ക് മര്യാദയ്ക്ക് പോയിവരാന്‍ പറ്റുള്ളൂ. ഇതൊക്കെ കേട്ടിട്ട് ബൈക്കിലും മറ്റും പോകാന്‍ പ്ലാന്‍ ഉണ്ടേല്‍ അത് സ്വന്തം റിസ്ക്കില്‍ മാത്രം പോകുക. കാരണം തൊള്ളായിരം കണ്ടി ഒരു പ്രൈവറ്റ് പ്രോപ്പര്‍ട്ടിയാണ്. അനുമതിയില്ലാതെ കയറുന്നവര്‍ക്ക് ചിലപ്പോള്‍ പണി കിട്ടാന്‍ ചാന്‍സ് ഉണ്ടെന്നു നൌഫല്‍ മുന്നറിയിപ്പ് തന്നു.

കാടിനു നടുവിലൂടെ ഒരു കിടിലന്‍ യാത്ര… അതാണു തൊള്ളായിരം കണ്ടി യാത്രയുടെ പ്രധാന ആകര്‍ഷണം. കാട് എന്നു പറയുമ്പോള്‍ ചുറ്റും തോട്ടങ്ങളാണ്. പക്ഷേ രാത്രിയായാല്‍ ആനയും മറ്റു മൃഗങ്ങളുമൊക്കെ സ്വതന്ത്രരായി വിഹരിക്കുന്ന ഒരു ഇടം കൂടിയാണ് ഇവിടം. കിളികളുടെ ശബ്ദം മാത്രമേ ഇവിടെ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കൂ. ഏകദേശം ഒരു മണിക്കൂറിനടുത്ത് എടുക്കും തൊള്ളായിരം കണ്ടിയുടെ മുകളില്‍ എത്തിച്ചേരാന്‍.

പോകുന്ന വഴിയില്‍ ചിലയിടങ്ങളില്‍ കാട്ടുചോലകള്‍ കാണാമായിരുന്നു. അവിടെയൊക്കെ ഞങ്ങള്‍ വണ്ടി നിര്‍ത്തി മുഖം കഴുകുകയും വെള്ളം കുടിക്കുകയുമൊക്കെ ചെയ്തു. നല്ല തണുത്ത ജലം… ഔഷധഗുണങ്ങളുള്ള വെള്ളമാണ് ഇതെന്നു ഹൈനാസ് ഇക്കയും നൌഫലും ഒരേസ്വരത്തില്‍ പറഞ്ഞു. ഓഫ് റോഡ്‌ യാത്രയും കാട്ടിലെ കാഴ്ചകളും ശുദ്ധവായുവും ഒക്കെ ആസ്വദിച്ച് ഞങ്ങള്‍ അവസാനം മുകളിലെ ഒരു ഹോം സ്റ്റേയില്‍ എത്തി. എല ബ്ലൂം എന്നാണു അതിന്‍റെ പേര്. നൌഫലിന് പരിചയമുള്ള സ്ഥലമായിരുന്നു അത്.

അവിടെ മേല്‍നോട്ടക്കാരനായ ഒരു ചേട്ടന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒറ്റയ്ക്കുള്ള ജീവിതത്തില്‍ ആ ചേട്ടനു കൂട്ടിനായി ഒരു പട്ടിയും രണ്ടു പൂച്ചകളും മാത്രം… സഞ്ചാരികള്‍ വരുന്ന സമയങ്ങളില്‍ മാത്രം മറ്റു മനുഷ്യസ്പര്‍ശമേല്‍ക്കുന്ന ഒരു സ്ഥലമായിരുന്നു അവിടം. ആ ചേട്ടന്‍ ഞങ്ങള്‍ക്ക് നല്ല കട്ടന്‍ ചായ ഇട്ടു തരികയും കുറച്ചുനേരം ഞങ്ങള്‍ അവിടെ വിശേഷങ്ങളൊക്കെ പറഞ്ഞുകൊണ്ട് ചെലവഴിക്കുകയും ചെയ്തു.

ഇപ്പോഴും തൊള്ളായിരം കണ്ടിയുടെ മുകള്‍ഭാഗം എത്തിയിരുന്നില്ല. ഞങ്ങള്‍ കുറച്ചുകൂടി ഉള്ളിലേക്ക് ജീപ്പുമായി പോയി. അവസാനം തൊള്ളായിരം കണ്ടി എന്ന അത്ഭുത സ്ഥലത്തിന്‍റെ അവസാന പോയിന്റില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നു. ഒരിക്കലും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരനുഭവമായിരുന്നു ഈ യാത്ര… ശരിക്കും എല്ലാ ടെന്‍ഷനുകളും മാറിപ്പോകുന്ന ഒരു അനുഭവം തരുന്ന തൊള്ളായിരം കണ്ടി ഒരു വയനാടന്‍ അത്ഭുതം തന്നെ… കൂടുതല്‍ കാഴ്ചകള്‍ മുകളിലെ വീഡിയോയില്‍ ആസ്വദിക്കാവുന്നതാണ്.

വീഡിയോ ഷെയർ ചെയ്യൂ, ഈ മനോഹരമായ സ്ഥലം കൂടുതൽ ആളുകളിലേക്ക് എത്തട്ടെ. 900 കണ്ടി പോകാനും അവിടെ താമസിക്കാനും ഡിസ്കവറി വയനാടിനെ വിളിക്കാം 9072299665.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.