ലക്ഷദ്വീപിലാണ് ഞങ്ങൾ. ഞങ്ങളെന്നു പറഞ്ഞാൽ ഞാനും മാനുക്കയും. നാസർ ഇക്കയോടൊപ്പം ബീച്ചിനു തൊട്ടരികിലെ റിസോർട്ടിൽ താമസം തയ്യാറാക്കുവാൻ വന്നതാണ് ഞങ്ങൾ. നല്ല കിടിലൻ ബീച്ച് ആയിരുന്നു അവിടത്തേത്. ഞാനും മാനുക്കയും കുറച്ചു സമയം ബീച്ചിലിറങ്ങി കളിച്ചു തിമിർത്തു നടന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ ബീച്ചിലേക്ക് നാസറിക്കയും വന്നു. ഞങ്ങൾ ബീച്ചിൽ കുറേസമയം സംസാരിച്ചുകൊണ്ടിരുന്നു. ദ്വീപിൽ കപ്പൽ അടുക്കുന്നതിനെക്കുറിച്ചും, കപ്പലിൽ വരുമ്പോൾ ലഭിക്കുന്ന കാഴ്ചകളെയും അനുഭവങ്ങളെയും കുറിച്ചുമൊക്കെ നാസറിക്കയും മാനുക്കയും വാചാലരായി.
ഇത്രയും നാൾ ഞാൻ വിചാരിച്ചിരുന്നത് ലക്ഷദ്വീപിൽ കപ്പൽ അടുക്കില്ലെന്നായിരുന്നു. ജെട്ടിയിൽ നിന്നും കുറച്ചു ദൂരത്തായി നങ്കൂരമിട്ട കപ്പലിൽ നിന്നും ബോട്ടിൽക്കയറി ദ്വീപിലേക്ക് പോകുന്ന കാഴ്ചയൊക്കെ ധാരാളം കണ്ടിട്ടുള്ളത് കൊണ്ടാണ്. എന്നാൽ ‘കവരത്തി’ എന്ന് പേരുള്ള വലിയ കപ്പൽ ഒഴികെ മറ്റു കപ്പലുകളെല്ലാം ദ്വീപിൽ നേരിട്ട് അടുക്കുമെന്നു നാസറിക്ക പറഞ്ഞു തന്നു. അതുപോലെതന്നെ ആന്ത്രോത്ത് ദ്വീപിൽ കപ്പൽ അടുക്കില്ലെന്നും പറഞ്ഞു. അങ്ങനെ എൻ്റെ സംശയങ്ങൾ കുറച്ചൊക്കെ മാറിക്കിട്ടി.
ബീച്ച് റിസോർട്ടിൽ ഞങ്ങൾക്ക് കോട്ടേജ് റെഡിയായതോടെ വന്ന ബൈക്കിൽ കയറി ഞാനും മാനിക്കയും കൂടി ബാഗുകൾ ഒക്കെ എടുക്കുവാനായി ആദ്യം വന്ന വീട്ടിലേക്ക് പോയി. ദ്വീപിലൂടെയുള്ള ബൈക്ക് യാത്രയുടെ സുഖം പറഞ്ഞറിയിക്കാനാവാത്തതാണ്. ഗതാഗതനിയമങ്ങൾ ഒക്കെ അവിടെയും കർശനമാണെങ്കിലും ഹെൽമറ്റ് ഉപയോഗം അവിടെ ഒട്ടും ഇല്ല.
പോകുന്ന വഴി സ്‌കൂൾ വിട്ടു വരുന്ന കുട്ടികളെയൊക്കെ കാണുവാൻ തുടങ്ങി. കുട്ടികളിൽ ചിലരൊക്കെ നടന്നും ചിലരൊക്കെ സൈക്കിളുകളിലുമായി വീട്ടിലേക്ക് പോകുന്ന തിരക്കിലായിരുന്നു. ചില കുട്ടികൾ ഞങ്ങളെ നോക്കി കൈവീശി കാണിച്ചുകൊണ്ടായിരുന്നു കടന്നു പോയത്. ചിലരൊക്കെ നാണം കൊണ്ട് തല താഴ്ത്തി. വലിയവരെപ്പോലെ തന്നെ ദ്വീപിലെ കുട്ടികളും നിഷ്കളങ്കരും സ്നേഹമുള്ളവരും ആയിരുന്നു.
പോകുന്ന വഴി ഞങ്ങളെ ഒരു വീട്ടിലേക്ക് നാസറിക്ക കൂട്ടിക്കൊണ്ടു പോയി. ദ്വീപിൽ ‘നീര’ എന്നു പേരുള്ള ഒരു പാനീയം ലഭിക്കും. തെങ്ങിൽ നിന്നും എടുക്കുന്ന കള്ള് പോലുള്ള ഒരു ഐറ്റമാണ്. നീര ചെത്തുകാരനായ മൊയ്തീൻ ഇക്കയുടെ അടുത്തേക്കായിരുന്നു ഞങ്ങൾ പോയത്. മൊയ്തീൻ ഇക്ക നല്ല സിക്സ് പാക്ക് ബോഡിയോക്കെ കാണിച്ച് തമാശയൊക്കെ പറഞ്ഞുകൊണ്ട് ഞങ്ങളെ രസിപ്പിച്ചു. വൈകുന്നേരം ആറു മണിയ്ക്ക് വന്നാൽ നീര തരാമെന്നു മൊയ്തീനിക്ക ഏറ്റു.
അങ്ങനെ ഞങ്ങൾ അവിടെ നിന്നും നാസറിക്കയുടെ വീട്ടിലേക്ക് നീങ്ങി. വീട് എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് താമസിക്കുവാനായി ആദ്യം റെഡിയാക്കിയ വീട്. ഒരു കിടിലൻ ഗസ്റ്റ് ഹൗസ് എന്നു പറയാം. അവിടെ ഞങ്ങൾക്കായി ഭക്ഷണം തയ്യാറായിരുന്നു. നല്ല മീൻ കറിയും, മീൻ പൊരിച്ചതും, ബീൻസ് തോരനുമൊക്കെ കൂട്ടി രുചികരമായ ഒരു അടിപൊളി ഊണ്. ഈയടുത്ത് ഇത്ര രുചികരമായ ഒരു ഊണ് കഴിച്ചിട്ടില്ല. അത്രയ്ക്ക് ഗംഭീരം.
ഊണിനു ശേഷം ഞങ്ങൾ ലഗേജുകളുമായി ഒരു ഓട്ടോറിക്ഷയിൽ കയറി ബീച്ച് റിസോർട്ടിലേക്ക് യാത്രയായി. സക്കീർഹുസൈൻ എന്നൊരു നല്ലവനായ ഇക്കയായിരുന്നു ഞങ്ങളുടെ ഓട്ടോസാരഥി. കയറിയപാടെ ഇക്ക ഞങ്ങൾക്ക് അദ്ദേഹത്തിന്റെ വിസിറ്റിങ് കാർഡ് തന്നു. പേര്, അഡ്രസ്സ്, ഫോൺ നമ്പർ എന്നിവയ്ക്ക് പുറമെ “എല്ലാവർക്കും സ്നേഹം, ആരോടുമില്ല വെറുപ്പ്” എന്ന വാചകം കൂടി അതിൽ ചേർത്തിട്ടുണ്ടായിരുന്നു. സ്നേഹം കൊണ്ടാണോ, സന്തോഷം കൊണ്ടാണോ എന്തോ, സത്യം പറഞ്ഞാൽ എൻ്റെ കണ്ണുകൾ നിറഞ്ഞുപോയി. ലക്ഷദ്വീപിലെ ആളുകളുടെ മനോഭാവം ആ വാക്കുകളിൽ നമുക്ക് കാണാം, മനസിലാക്കാം.
അങ്ങനെ ഞങ്ങൾ ബീച്ച് റിസോർട്ടിൽ എത്തിച്ചേർന്നു. തിരികെ പോകുന്നതിനു മുൻപ് ഞങ്ങൾക്ക് നല്ല പാട്ടുകളൊക്കെ പാടി തന്നിട്ടാണ് സക്കീർ ഭായ് ഞങ്ങളോട് വിട പറഞ്ഞത്. വളരെ നല്ലൊരു മനുഷ്യൻ. ദ്വീപിൽ ഓരോ ആളുകളെയും പരിചയപ്പെടുമ്പോൾ നമുക്ക് എന്തോ ഒരു പോസിറ്റിവ് എനർജ്ജി ലഭിക്കുന്ന പോലെ. നമ്മുടെയുള്ളിൽ വെറുപ്പ്, ദേഷ്യം, അഹങ്കാരം തുടങ്ങിയ മോശം കാര്യങ്ങൾ ഉണ്ടെങ്കിൽ അവയൊക്കെ താനേ പൊയ്‌ക്കോളും. നമ്മളും അവരെപ്പോലെ നല്ല ക്ളീൻ മനുഷ്യരായി മാറും. മലയാളത്തിൽ പറഞ്ഞാൽ നല്ല പച്ചമനുഷ്യർ.
ലക്ഷദ്വീപിലെ വിശേഷങ്ങളും നന്മകളും അവസാനിക്കുന്നില്ല. ബാക്കി വിശേഷങ്ങൾ ഇനി അടുത്ത എപ്പിസോഡിൽ കാണാം. ലക്ഷദ്വീപ് യാത്രയുടെ കൂടുതൽ വിവരങ്ങൾക്ക്, Contact BONVO: 9446404216.