ബെംഗളൂരുവിൽ ചുമ്മാ കറങ്ങി നടക്കുവാൻ ഏറ്റവും ബെസ്റ്റ് BMTC യുടെ 147 രൂപയുടെ AC ബസ് പാസ്സ് എടുക്കുന്നതാണ്. അങ്ങനെ ഞങ്ങൾ പാസ്സ് എടുത്ത് ഞങ്ങൾ ബെംഗളൂരു നഗരത്തിലൂടെ കറക്കമാരംഭിച്ചു. ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിലെ കാഴ്ചകൾ കാണുക, വ്യത്യസ്തങ്ങളായ സ്ട്രീറ്റ് ഫുഡുകൾ പരീക്ഷിക്കുക എന്നിവയായിരുന്നു ഞങ്ങളുടെ പ്രധാന ലക്‌ഷ്യം.

ഞാൻ പണ്ട് പഠിച്ച കോളേജിലും മറ്റുമൊക്കെ സന്ദർശിച്ചു കഴിഞ്ഞ ശേഷം ഞങ്ങൾ വഴിയരികിൽ കണ്ട ഒരു ചെറിയ ഫുഡ് കടയിൽ അല്പം രുചി പരീക്ഷിക്കുവാനായി ചെന്നു. ഹിന്ദിക്കാർ നടത്തുന്ന കടയായതിനാൽ വ്യത്യസ്തങ്ങളായ വിഭവങ്ങളായിരുന്നു അവിടെ. മുളക് ബജി, ജിലേബി, കിഴങ്ങ് ബോണ്ട, സമൂസ, കച്ചോരി, ബ്രെഡ് പക്കോഡ എന്നിവയായിരുന്നു അവിടെ പ്രധാനമായും ഞങ്ങൾ കണ്ടത്.

എന്ത് ആദ്യം കഴിക്കണം എന്നാലോചിച്ച് കൺഫ്യൂഷനിൽ ആയിരുന്നു ഞങ്ങൾ. അവസാനം എനിക്കേറ്റവും ഇഷ്ടമുള്ള മുളക് ബജി വാങ്ങി. ഏതോ ഒരു ഇലയിലായിരുന്നു അവിടെ നിന്നും മുളക് ബജി ഞങ്ങൾക്ക് ലഭിച്ചത്. നല്ല എരിവും നല്ല രുചിയുമായിരുന്നു ബജിയ്ക്ക്. ബജിയുടെ കൂടെ തേങ്ങയരച്ചിട്ട് അതിൽ എന്തൊക്കെയോ ചേർത്ത പച്ച നിറത്തിലുള്ള ചമ്മന്തിയും ലഭിച്ചു.

അതിനുശേഷം അതിനടുത്തു കണ്ട മറ്റൊരുത്തി കടയിലേക്ക് ഞങ്ങളുടെ ശ്രദ്ധ നീങ്ങി. വട പാവും ദബേലിയും ആയിരുന്നു ഞങ്ങൾ അവിടെ നിന്നും പരീക്ഷിച്ചത്. ഫുഡ് വിഷയത്തിൽ എന്നെക്കാൾ കൂടുതൽ അറിവ് ഭാര്യ ശ്വേതയ്‌ക്കായിരുന്നു. അവിടെ ലഭിക്കുന്ന വ്യത്യസ്തങ്ങളായ വിഭവങ്ങളെക്കുറിച്ച് ശ്വേത എനിക്ക് ഒരു ക്ലാസ്സ് തന്നെ എടുത്തു തരികയുണ്ടായി. എന്തായാലും എല്ലാ വിഭവങ്ങൾക്കും അസാധ്യ രുചിയായിരുന്നു.

ഫുഡ് പരീക്ഷണത്തിനു ശേഷം പിന്നീട് ഞങ്ങൾ ബെംഗളൂരു മെട്രോയിൽ കയറുവാനായിരുന്നു പോയത്. മാറത്തഹള്ളി എന്ന സ്ഥലത്തായിരുന്നു ഞങ്ങൾ അപ്പോൾ നിന്നിരുന്നത്. ഇനി അവിടുന്ന് ബസ്സിൽ കയറി പോകണം. ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെയാണ് വഴിയരികിൽ കുറെ സൈക്കിളുകൾ നിരത്തി വെച്ചിരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. അന്വേഷിച്ചപ്പോഴാണ് കാര്യം മനസിലായത്. അത് വിൽക്കുവാൻ വെച്ചിരിക്കുന്നതായിരുന്നില്ല. ‘YULU’ എന്നൊരു ആപ്പ് ഉപയോഗിച്ച് വാടകയ്ക്ക് എടുക്കാവുന്ന സൈക്കിളുകൾ ആയിരുന്നു അവ. നമ്മുടെ മൊബൈൽഫോണിൽ അതിന്റെ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ട് സൈക്കിളിലുള്ള ബാർകോഡ് ആ ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്യുകയും അതുവഴി തന്നെ വാടക ഓൺലൈനായി പേ ചെയ്യുകയും ചെയ്യാം. പൈസ അടച്ച് സ്കാൻ ചെയ്‌താൽ മാത്രമേ സൈക്കിൾ അൺലോക്ക് ആവുകയുള്ളൂ. സംഭവം കൊള്ളാമല്ലേ.

അങ്ങനെ ഞങ്ങൾ രണ്ടു ബസ് മാറികയറി ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷന്റെ അടുത്ത എത്തിച്ചേർന്നു. മെട്രോ സ്റ്റേഷന് സമീപത്തായി ഒരു പാനിപൂരി വിൽക്കുന്ന കട ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പിന്നെ ഒന്നും ആലോചിച്ചില്ല, മെട്രോ റൈഡിനു മുൻപായി ഓരോ പാനിപൂരി ഞങ്ങൾ അകത്താക്കി. മെട്രോ സ്റ്റേഷന് മുന്നിലായി വളരെ വിലക്കുറവിൽ ടൂവീലറുകൾ റെന്റിനു കൊടുക്കുന്ന ഒരു കട ഞങ്ങൾ കണ്ടു. ഇവിടെ വരുന്നവർക്ക് വേണമെങ്കിൽ ടൂവീലർ വാടകയ്ക്ക് എടുക്കുകയും ചെയ്യാം.

അങ്ങനെ പുറത്തെ കാഴ്ചകൾ ആസ്വദിച്ചതിനു ശേഷം ഞങ്ങൾ മെട്രോ സ്റ്റേഷന് അകത്തേക്ക് കയറി. മജെസ്റ്റിക് വരെയായിരുന്നു ഞങ്ങൾ ടിക്കറ്റ് എടുത്തത്. വെറും 30 രൂപ മാത്രമായിരുന്നു ചാർജ്ജ്. നമ്മുടെ കൊച്ചി മെട്രോയിൽ നിന്നും വ്യത്യസ്തമായി ഇവിടെ പേപ്പർ ടിക്കറ്റുകൾക്ക് പകരം ടോക്കൺ സംവിധാനമാണ്. അതുപോലെ ബെംഗളൂരു മെട്രോയിൽ സ്ത്രീകൾക്ക് കയറുവാനായി മാത്രം പ്രത്യേകം ക്യൂ ഒക്കെ ഉണ്ടായിരുന്നു. ട്രെയിൻ വന്നു നിന്നപ്പോൾ ഞങ്ങൾ പെട്ടെന്ന് കയറുകയും സീറ്റ് പിടിക്കുകയും ചെയ്തു. നല്ല തിരക്ക് ആയിരുന്നു മെട്രോയിൽ. ട്രെയിൻ മജെസ്റ്റിക്കിൽ എത്തിയപ്പോൾ അതിലുണ്ടായിരുന്ന മുക്കാൽഭാഗത്തോളം ആളുകളും അവിടെയിറങ്ങി.

ഞാൻ ആദ്യമായിട്ടായിരുന്നു മജെസ്റ്റിക്കിലെ മെട്രോ സ്റ്റേഷനിൽ വരുന്നത്. ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ എന്നിവയെല്ലാം അടുത്തടുത്തായിരുന്നു അവിടെ. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും കള്ളന്മാരുടെ പ്രധാനകേന്ദ്രമാണ് അവിടം. മൊബൈൽഫോണുകൾ പോലും കയ്യിൽ പിടിച്ചു നടക്കുവാൻ പറ്റാത്ത അവസ്ഥ. തക്കം കിട്ടിയാൽ അത് തട്ടിപ്പറിച്ചു കൊണ്ട് ഓടുവാൻ നോക്കിയിരിക്കുന്ന കള്ളന്മാർ അവിടെയെല്ലായിടത്തുമുണ്ട്. ഞങ്ങൾ വളരെ സൂക്ഷിച്ചായിരുന്നു അവിടെ നടന്നിരുന്നത്.

കുറച്ചു സമയം ഞങ്ങൾ അവിടെയെല്ലാം കറങ്ങി നടന്നതിനു ശേഷം കാലിയടിച്ചു വന്ന ഒരു വോൾവോ ബസ്സിൽ കയറി ഞങ്ങൾ ശാന്തി നഗറിലേക്ക് യാത്രയായി. അങ്ങനെ ഞങ്ങൾ താമസിക്കുന്ന ഹോട്ടലിനു മുന്നിൽത്തന്നെ ഞങ്ങൾ ബസ്സിറങ്ങി. ഇനി റൂമിൽ ചെന്നിട്ടു അൽപ്പം വിശ്രമിക്കണം. അതിനുശേഷം പറ്റിയാൽ രാത്രി ഒന്നു കറങ്ങാനിറങ്ങണം. അല്ലെങ്കിൽ കറക്കം അടുത്ത ദിവസം. എന്തായാലും ആ കാഴ്ചകളെല്ലാം അടുത്ത എപ്പിസോഡിൽ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.