സിംഗപ്പൂരിൽ നിന്നും ബാങ്കോക്കിൽ വിമാനമിറങ്ങിയ ശേഷം അവിടുന്ന് നേരെ പട്ടായയിലേക്ക് ആയിരുന്നു ഞാൻ പോയത്. വെളുപ്പാൻകാലത്ത് ഞാൻ പട്ടായയിലെ ഞങ്ങൾക്ക് താമസം ഒരുക്കിയിരുന്ന ഹോട്ടലിൽ എത്തിച്ചേരുകയും, നല്ല യാത്രാക്ഷീണമുണ്ടായിരുന്നതിനാൽ വേഗം കിടന്നുറങ്ങുകയും ചെയ്തു.

രാവിലെ ലേശം വൈകി ഉറക്കമുണർന്ന ഞാനും ഹാരിസ് ഇക്കയും വേഗം റെഡിയായി കറങ്ങുവാനായി പുറത്തേക്ക് ഇറങ്ങി. ഞങ്ങൾ നേരെ പോയത് മക്ഡൊണാൾഡ്സിലേക്ക് ആയിരുന്നു. ഹാരിസ് ഇക്കയുടെ കൂടെയല്ലേ, ഹെവി ബ്രേക്ക്ഫാസ്റ്റ് തന്നെ ആയിരിക്കുമെന്ന് നിങ്ങൾക്കറിയാമല്ലോ. രാവിലെ തന്നെ ബാർബിക്യു ചിക്കൻ ആയിരുന്നു കഴിച്ചത്.

ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് അവിടത്തെ ബൈക്ക് ടാക്സിക്കാരെ ഞങ്ങൾ കണ്ടത്. നമ്മുടെ നാട്ടിൽ ഓട്ടോ വിളിച്ചു പോകുന്നതു പോലെ, തായ്‌ലൻഡിൽ ഒരാൾ മാത്രമാണുള്ളതെങ്കിൽ ബൈക്ക് ടാക്സികളെ ആശ്രയിക്കാവുന്നതാണ്. അതിപ്പോൾ യാത്രക്കാരൻ ആണായാലും പെണ്ണായാലും, രാത്രി വളരെ വൈകിയാണെങ്കിൽ പോലും സുരക്ഷിതമായി പോകേണ്ട സ്ഥലത്ത് എത്തിച്ചു തരും ഈ ബൈക്ക് ടാക്സിക്കാർ.

ഹെൽമറ്റ് ഒക്കെ ധരിച്ചുകൊണ്ട് ഞാനും ഹാരിസ് ഇക്കയും വെവ്വേറെ ബൈക്ക് ടാക്സികളിൽ കയറി. ഞാൻ കയറിയ ബൈക്ക് ഓടിച്ചിരുന്നത് ഒരു ചേച്ചിയായിരുന്നു. വാഹനങ്ങൾക്കിടയിലൂടെയും കുറുക്കുവഴികളിലൂടെയും ഓടിച്ച് ബൈക്ക് ടാക്സിക്കാർ ഞങ്ങളെ Gems Gallery യിൽ എത്തിച്ചു. 100 ബാത്ത് ആയിരുന്നു ഒരു ബൈക്ക് ടാക്സിയ്ക്ക് ഞങ്ങൾക്ക് ചെലവായത്.

ചൈനീസ് ന്യൂയറിൻ്റെ ഭാഗമായി അവിടെല്ലാം ചുവന്ന നിറം കൊണ്ട് അലങ്കരിച്ചിരുന്നു. ഗാലറിയിലെ ജീവനക്കാരും ചുവന്ന നിറത്തിലെ യൂണിഫോം ആയിരുന്നു ധരിച്ചിരുന്നത്. ജെംസ് ഗാലറിയിലെ കാഴ്ചകൾ ഇതോടൊപ്പമുള്ള വീഡിയോയിൽ കണ്ടു മനസ്സിലാക്കാം. ഗാലറിയിലെ കാഴ്ചകൾ കണ്ടു പുറത്തേക്ക് ഇറങ്ങിയപ്പോൾ ഹാരിസ് ഇക്കയുടെ Royalsky Holidays ൻറെ പാക്കേജ് ടൂറിൽ വന്ന മലയാളികളായ അതിഥികളുമായി വന്ന ബസ് കണ്ടു.

അങ്ങനെ ഞങ്ങൾ അവിടെ നിന്നും അവരോടൊപ്പം ബസ്സിൽക്കയറി പട്ടായയിലെത്തന്നെ പ്രശസ്തമായ ഫ്ലോട്ടിംഗ് മാർക്കറ്റിലേക്ക് നീങ്ങി. യാത്രയ്ക്കിടെ ഹാരിസ് ഇക്ക മൈക്കിലൂടെ സംസാരിച്ച് എല്ലാവരെയും രസിപ്പിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് അനുഭവങ്ങൾ പങ്കുവെക്കുവാൻ ഹാരിസ് ഇക്ക എന്നെയും ക്ഷണിച്ചു.

അങ്ങനെ ഒടുവിൽ ഞങ്ങൾ ഫ്‌ളോട്ടിങ് മാർക്കറ്റിൽ എത്തിച്ചേർന്നു. അവിടെ പാർക്കിംഗിൽ ബസ് ഇറങ്ങിയശേഷം എല്ലാവരും ഫ്‌ളോട്ടിങ് മാർക്കറ്റിലേക്ക് നീങ്ങി. ഇതിനു മുൻപ് ആദ്യമായി ഞാൻ ഹാരിസ് ഇക്കയോടും പ്രശാന്തിനോടും ഒപ്പം ഫ്‌ളോട്ടിങ് മാർക്കറ്റിൽ വന്നത് വൈകുന്നേര സമയം ആയിരുന്നു. അതിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ചൈനീസ് ന്യൂയർ പ്രമാണിച്ച് നല്ല പരിപാടികളായിരുന്നു അവിടെ അവർ അറേഞ്ച് ചെയ്‌തിരുന്നത്‌.

ബോട്ടിംഗിനായുള്ള ടിക്കറ്റുകൾ എടുത്തശേഷം ഞങ്ങളെല്ലാവരും തലയിൽ തൊപ്പിയൊക്കെ വെച്ചു വഞ്ചിയിലേക്ക് കയറി. വെള്ളത്തിനു മുകളിൽ തടിയിൽ തീർത്ത മാർക്കറ്റിനിടയിലൂടെ ഞങ്ങൾ വഞ്ചിയിൽ നീങ്ങി. ഞങ്ങളുടെ വഞ്ചി മോട്ടോർ ഘടിപ്പിച്ചതായിരുന്നു. തുഴഞ്ഞു നീങ്ങുന്ന വഞ്ചികളിലെ യാത്രയാണ് കുറച്ചു കൂടി നല്ലത്. ശരിക്കും ഫ്‌ളോട്ടിങ് മാർക്കറ്റിലെ ഈ വഞ്ചി സവാരിയ്ക്ക് ഏറ്റവും ബെസ്റ്റ് വൈകുന്നേര സമയമാണ്. ഞങ്ങൾ ആദ്യമായി ഇവിടെ വന്നപ്പോൾ നേരം ഇരുട്ടിത്തുടങ്ങിയ സമയത്തായിരുന്നു വഞ്ചിയാത്ര പോയത്. അതൊരു പ്രത്യേക ഫീൽ ആയിരുന്നു.

ഞങ്ങളെക്കൂടാതെ മറ്റു ധാരാളം ടൂറിസ്റ്റുകളും ഫ്‌ളോട്ടിങ് മാർക്കറ്റിൽ ഉണ്ടായിരുന്നു. അതിൽ കൂടുതലും ചൈനക്കാർ ആയിരുന്നു. എല്ലാവരും നന്നായി ആസ്വദിക്കുന്നുണ്ടെന്നു അവരുടെ മുഖത്തു നോക്കിയാൽ മനസ്സിലാക്കാമായിരുന്നു. അങ്ങനെ ഞങ്ങൾ വഞ്ചി യാത്രയ്ക്ക് ശേഷം ജെട്ടിയിൽ ഇറങ്ങി മാർക്കറ്റിനുള്ളിലേക്ക് നടന്നു.

പിന്നെയങ്ങോട്ട് തുടങ്ങുകയായി വെറൈറ്റി ഭക്ഷണാനുഭവങ്ങൾ.. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന സഞ്ചാരികളെല്ലാം നല്ല ആകാംക്ഷയിലായിരുന്നു. പച്ചക്കുതിര, പട്ടുനൂൽപ്പുഴു, പുൽച്ചാടി, മുതലയിറച്ചി തുടങ്ങിയ കിടിലൻ തായ് സ്പെഷ്യൽ ഐറ്റങ്ങളൊക്കെ ഹാരിസ് ഇക്ക എല്ലാവരുടെയും മുന്നിൽ വെച്ച് കഴിച്ചു കാണിച്ചു. അതോടെ എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്ന അറപ്പും വല്ലായ്മയുമൊക്കെ മാറിക്കിട്ടി. പിന്നെ ആണെന്നും പെണ്ണെന്നും വ്യത്യാസമില്ലാതെ എല്ലാവരും ഇതു കഴിക്കുവാനായി തിക്കുംതിരക്കുമായി.

ഒരു ടൂർ ഏജൻസി മുതലാളി എന്ന ലേബലിൽ നിന്നും ആളുകളുടെ ഇടയിലേക്ക് അവരിലൊരാളായി മാറുന്നയാളാണ് ഹാരിസ് ഇക്ക. ഇത്തവണയും അത് എനിക്ക് നേരിട്ട് അനുഭവിക്കാൻ സാധിച്ചു. ടൂർ പോകുന്നെങ്കിൽ അത് ഇതുപോലുള്ള ആളുകളുടെ കൂടെ വേണം. അതാണ് അതിന്റെയൊരു ഇത്… മികച്ച യാത്രാപാക്കേജുകൾക്കായി ഹാരിസ് ഇക്കയുടെ Royalsky Holidays മായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ് : 9846571800.

തായ്‌ലൻഡ് വിശേഷങ്ങൾ തീരുന്നില്ല, ബാക്കി കാഴ്ചകളും വിശേഷങ്ങളുമൊക്കെ ഇനി അടുത്ത ഭാഗത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.