കഴിഞ്ഞ ഓഗസ്റ്റ് 29 നു ആയിരുന്നു എന്റെയും ശ്വേതയുടെയും വിവാഹം. കല്യാണത്തിന് ശേഷം ഞങ്ങൾ ആദ്യമായി ഒന്നിച്ചു യാത്ര പോയത് തിരുപ്പതിയിലേക്ക് ആയിരുന്നു. ഞങ്ങളുടെ ഒരു ഫാമിലി തീർത്ഥയാത്ര ആയിരുന്നു അത്. ആളുകൾ കൂടുതലുള്ളതിനാൽ പതിവിൽ നിന്നും വ്യത്യസ്തമായി ഒരു 7 സീറ്റുള്ള കാർ റെന്റിനു എടുത്തിട്ടായിരുന്നു ഞങ്ങൾ യാത്ര പോയത്. ആ യാത്രയ്ക്കു ശേഷം പിന്നീട് ഞങ്ങൾ പോയത് ഗോവയിലേക്ക് ആയിരുന്നു. ഗോവയിലും പരിസരത്തുമുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കുക, അതുകഴിഞ്ഞു അവിടെ ഹണിമൂൺ ആഘോഷിക്കുക. ഇതായിരുന്നു ഞങ്ങളുടെ യാത്രയുടെ ഉദ്ദേശ്യം. അമ്പലങ്ങളിലും മറ്റും കയറുന്നതിനാൽ ശ്വേതയുടെ അച്ഛനും അമ്മയും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു.

അങ്ങനെ ഞങ്ങൾ ഞങ്ങളുടെ സ്വന്തം ശകടമായ ചുവന്ന ഇക്കോസ്പോർട്ടിൽ യാത്രയാരംഭിച്ചു. കോഴഞ്ചേരിയിൽ നിന്നും തുടങ്ങിയ ഞങ്ങളുടെ യാത്ര മംഗലാപുരത്തായിരുന്നു ചെന്നു നിന്നത്. ആ ദിവസം ഞങ്ങൾ അവിടെ തങ്ങി. പിന്നീട് കൊല്ലൂർ മൂകാംബികയിലേക്കും അവിടുന്ന് ഗോവ റൂട്ടിലെ ക്ഷേത്രങ്ങളിലേക്കും ഒക്കെ യാത്രയായി. ആദ്യം ക്ഷേത്ര ദർശനം, എന്നിട്ടാകാം ഹണിമൂൺ ഒക്കെ.

ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാകും കേരളത്തിൽ ഇത്രയേറെ ക്ഷേത്രങ്ങൾ ഉണ്ടായിട്ടും ഇവരെന്തിനാ വണ്ടിയും ഓടിച്ച് അങ്ങ് ഗോവയിലേക്ക് പോകുന്നത് എന്ന്. കാര്യം പറഞ്ഞു തരാം. ഹിന്ദു മതത്തിലെ ഗൗഡ സാരസ്വത ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ടവരാണ് ഞാനും ശ്വേതയുമെല്ലാം. ശരിക്കും ഞങ്ങളുടെ പൂർവ്വികർ ഗോവയിലും പരിസരത്തുമായിരുന്നു. എന്നാൽ പോർച്ചുഗീസുകാരുടെ ആഗമനത്തോടെ അവിടെ പ്രശ്നങ്ങൾ ഉണ്ടാകുകയും ഈ വിഭാഗത്തിൽപ്പെട്ടവരെ അവർ മതം മാറുവാൻ നിർബന്ധിക്കുകയുമായിരുന്നു. ചിലരെല്ലാം മതം മാറ്റത്തിനു വിധേയരാകുകയും അതിനു താല്പര്യമില്ലാതിരുന്നവർ ഗത്യന്തരമില്ലാതെ കേരളത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുകയുമായിരുന്നു. അമ്പലങ്ങൾ നിന്നിടത്ത് ഗോവയിൽ പള്ളികൾ ഉയരുകയും ചെയ്തു. പിന്നീട് പോർച്ചുഗീസുകാരുടെ പിൻവാങ്ങലോടെ ഇത്തരത്തിൽ മാറ്റപ്പെട്ട ക്ഷേത്രങ്ങൾ വീണ്ടെടുക്കുകയായിരുന്നു. അതുകൊണ്ട് ഇപ്പോഴും ഇവിടത്തെ മിക്ക ക്ഷേത്രങ്ങൾക്കും ഒരു പള്ളിയുടെ രൂപഭാവമായിരിക്കും കാണുവാൻ സാധിക്കുക. ഞങ്ങളുടെ കുലദൈവത്തിൻ്റെ ക്ഷേത്രങ്ങൾ കൂടുതലും ഗോവയിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടാണ് ഞങ്ങൾ ഇത്രയും ദൂരം സഞ്ചരിച്ച് ഇവിടെയെത്തി ക്ഷേത്ര ദർശനങ്ങൾ നടത്തുന്നത്.

ക്ഷേത്ര ദർശനങ്ങൾ നടത്തിയതിനു ശേഷം അങ്ങനെ ഞങ്ങളുടെ ഗോവൻ കറക്കം ആരംഭിച്ചു. ആദ്യമായി ഞങ്ങൾ പോയത് താമ്പടി സുർള എന്ന സ്ഥലത്തേക്ക് ആയിരുന്നു. നല്ല വെറൈറ്റി പേര് അല്ലെ? ശരിക്കും ഒരു ഫോറസ്റ്റ് ഏരിയയാണിത്. ഇവിടെ ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. അവിടേക്ക് ആണ് ഞങ്ങളുടെ യാത്ര. പോകുന്നവഴി ചെറിയൊരു നദി കണ്ടപ്പോൾ ഞങ്ങൾ വണ്ടി നിർത്തി അവിടെയിറങ്ങുകയുണ്ടായി. സംഭവം നല്ല രസമായിരുന്നുവെങ്കിലും തീരത്ത് ആളുകൾ മാലിന്യങ്ങൾ കൊണ്ടിട്ടിരിക്കുന്ന കാഴ്ച വളരെ അരോചകമായിരുന്നു. അങ്ങനെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. മനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ട് ഞങ്ങൾ താമ്പടി സുർളയിലെത്തി.

കാർ പാർക്ക് ചെയ്തശേഷം ഞങ്ങൾ പതിയെ നടക്കുവാൻ തുടങ്ങി. ചെറിയൊരു തോട് എന്നു തോന്നിപ്പിക്കുന്ന കാട്ടരുവിയും അതിനു മീതെ പാലവും ഒക്കെയായി വളരെ മനോഹരമായിരുന്നു അവിടം. വെള്ളത്തിൽ ഇറങ്ങിക്കുളിക്കുവാൻ പാടുള്ളതല്ല എന്ന് അവിടെ എഴുതിയിരുന്നു. വളരെ ചെറിയൊരു ക്ഷേത്രമാണെങ്കിലും അവിടത്തെ അന്തരീക്ഷം വളരെ മനോഹരമായിരുന്നു. അത്യന്തം നിശബ്ദത ഇഷ്ടപ്പെടുന്നവർക്ക് ഈ സ്ഥലം നന്നായി ബോധിക്കും. UNESCO യുടെ കീഴിലാണ് ഇപ്പോൾ ഈ ക്ഷേത്രം പരിപാലിക്കപ്പെടുന്നത്. അതിരാവിലെയോ അതോ വൈകുന്നേരമോ ഇവിടം സന്ദർശിക്കുന്നതാണ് ഉത്തമം. ഏതു തരക്കാർക്കും ഇഷ്ടപ്പെടുന്ന ഒരു സ്ഥലമാണിത്. അടുത്ത തവണ ഗോവയിൽ പോകുമ്പോൾ ഈ ക്ഷേത്രം കൂടി സന്ദർശിക്കുവാൻ ശ്രമിക്കുക.

ക്ഷേത്രത്തിലെ സന്ദർശനമൊക്കെ കഴിഞ്ഞ ശേഷം പിന്നീട് ഞങ്ങൾ പോയത് പ്രശസ്തമായ ധൂത് സാഗർ വെള്ളച്ചാട്ടത്തിനു സമീപത്തുള്ള കുലേം എന്ന സ്ഥലത്തേക്ക് ആയിരുന്നു. ശരിക്കും അതൊരു ട്രെക്കിംഗ് ഏരിയയായിരുന്നു. ഒക്ടോബർ മുതൽ മെയ് വരെയുള്ള സമയത്ത് ഇവിടെ നിന്നും ജീപ്പിൽ ധൂത് സാഗറിലേക്ക് പോകുവാൻ സാധിക്കുമെന്ന് അവിടെ കണ്ട ഒരു ചേട്ടൻ ഞങ്ങളോട് പറയുകയുണ്ടായി. തൊട്ടടുത്തായി കുലേം റെയിൽവേ സ്റ്റേഷൻ ഉണ്ടായിരുന്നു. ഞങ്ങൾ അവിടെയെത്തുമ്പോൾ ഒരു ഗുഡ്‌സ് ട്രെയിൻ അതുവഴി കടന്നു പോകുകയായിരുന്നു. കയറ്റവും ഇറക്കവുമുള്ള റെയിൽപ്പാത ആയിരുന്നതിനാൽ ഇതുവഴിയുള്ള ട്രെയിനുകൾക്ക് ഒന്നിലധികം എഞ്ചിനുകൾ ഘടിപ്പിച്ചിട്ടുണ്ടാകും. ഞങ്ങൾ കണ്ട ഗുഡ്‌സ് ട്രെയിനിന്റെ പിന്നിൽ മാത്രം മൂന്നു ഡീസൽ എഞ്ചിനുകളായിരുന്നു ഉണ്ടായിരുന്നത്.

കുറച്ചു സമയം ആ പഴയ റെയിൽവേ സ്റ്റേഷൻ്റെ ഭംഗി ആസ്വദിച്ചു ചുറ്റിക്കറങ്ങിയ ശേഷം ഞങ്ങൾ പിന്നീട് മഡ്‌ഗാവ് റെയിൽവേ സ്റ്റേഷനിലേക്ക് ആയിരുന്നു പോയത്. ശ്വേതയുടെ അച്ഛനെയും അമ്മയെയും നാട്ടിലേക്ക് യാത്രയയയ്ക്കുവാൻ വേണ്ടിയായിരുന്നു അത്. ഇനിയുള്ള ദിവസങ്ങളിൽ ഗോവയിൽ ഞങ്ങൾ മാത്രമായി ഹണിമൂൺ അടിച്ചു പൊളിക്കുവാൻ പോകുകയാണ്. അപ്പോൾ ശരി… ഞങ്ങൾ കുറച്ചു ദിവസം ഞങ്ങളുടെ ലോകത്തേക്ക് പോകട്ടെ…

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.