ഗ്വാളിയോറിലെ നാരായണം എന്ന കിടിലൻ ഹോട്ടലിലെ താമസത്തിനു ശേഷം ഞങ്ങൾ പിറ്റേന്ന് രാവിലെ തന്നെ മടക്കയാത്ര ആരംഭിച്ചു. ഗ്വാളിയോറിൽ നിന്നും മഹാരാഷ്ട്രയിലെ നാഗപ്പൂരിലേക്കാണ് ഇനി ഞങ്ങളുടെ യാത്ര. NH 44 ൽക്കൂടി ആയിരുന്നു ഞങ്ങളുടെ യാത്ര. ഹൈവേയിൽ തിരക്കുകൾ കുറവായിരുന്നു. പ്രത്യേകിച്ച് കാഴ്ചകളൊന്നും കാണുവാൻ ഇല്ലാതിരുന്നതിനാൽ ഞങ്ങൾ വേഗത്തിൽ അവിടം വിടുവാൻ ശ്രദ്ധിച്ചിരുന്നു.
ഞങ്ങൾ ആദ്യമായിട്ടായിരുന്നു മധ്യപ്രദേശിലെ ആ റോഡുകളിലൂടെ യാത്ര ചെയ്തിരുന്നത്. പോകുന്ന വഴിയിൽ അപ്രതീക്ഷിതമായി നല്ല മഴയും ലഭിക്കുകയുണ്ടായി. ചരിത്രപ്രധാനമായ ഒട്ടേറെ സ്ഥലങ്ങളുള്ള ഏരിയയിലൂടെയായിരുന്നു പിന്നീട് ഞങ്ങളുടെ യാത്ര. അതിൽ എടുത്തു പറയേണ്ട ഒരു സ്ഥലമാണ് താൻസി. പോകുന്നതിനിടെ കാലാവസ്ഥകൾ മാറിമറിഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് മഴ പോയി വെയിൽ വരികയും, പിന്നീട് മഴ വരികയുമൊക്കെ ചെയ്തിരുന്നു. നല്ല കിടിലൻ റോഡ് ആയതിനാലും, വാഹനത്തിരക്കുകൾ ഇല്ലാതിരുന്നതിനാലും ഞങ്ങൾക്ക് മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗത്തിൽ യാത്ര ചെയ്യുവാൻ സാധിച്ചു.
വരുന്നവഴിയിൽ ഹൈവേയിൽ ഒരിടത്ത് ലോക്കൽ ആളുകൾ കല്ലുകളും മറ്റും ഇട്ടു റോഡ് ബ്ലോക്ക് ആക്കി നിൽക്കുന്ന കാഴ്ച അകലെനിന്നേ ഞങ്ങൾ കണ്ടു. ആദ്യം ഒന്ന് ഭയന്നെങ്കിലും അടുത്തെത്തിയപ്പോഴാണ് അവർ അപ്പുറത്തെ ട്രാക്കിലേക്ക് വാഹനങ്ങളെ കടത്തിവിടുവാൻ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്ന് മനസിലായത്. ഞങ്ങൾ പൊയ്കൊണ്ടിരുന്ന ട്രാക്കിൽ ഒരു ലോറി കയറ്റം കയറാനാകാതെ പെട്ടു കിടക്കുകയായിരുന്നു. രണ്ടു ട്രാക്ടറുകൾ ഉപയോഗിച്ച് ആളുകൾ ലോറി കയറ്റുവാൻ ശ്രമിക്കുകയായിരുന്നു. അതാണ് അവർ റോഡ് ബ്ലോക്ക് ചെയ്തത്.
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഞങ്ങൾ ഹൈവേയുടെ അരികത്തുള്ള ഒരു ധാബയിൽ ഭക്ഷണം കഴിക്കുന്നതിനായി കയറി. പക്ഷേ എന്തോ അവിടത്തെ അന്തരീക്ഷം ഞങ്ങൾക്ക് അത്ര സുഖകരമായി തോന്നിയില്ല. അങ്ങനെ ഞങ്ങൾ അവിടെ നിന്നും ഒന്നും കഴിക്കുവാൻ നിൽക്കാതെ വീണ്ടും ഹൈവേയിൽ കയറി യാത്രയായി. പിന്നെയും ഞങ്ങൾ നൂറേനൂറിൽ പറപ്പിച്ച് ഹൈവേയിലൂടെ പാഞ്ഞു. സത്യത്തിൽ കൊച്ചി മാത്രമായിരുന്നു ഞങ്ങൾ രണ്ടുപേരുടെയും മനസ്സിലെ ലക്‌ഷ്യം. പക്ഷെ ഞങ്ങളുടെ യാത്ര പകൽ മാത്രമായതിനാൽ രാത്രികളിൽ എവിടെയെങ്കിലും തങ്ങേണ്ടി വരുമെന്നു മാത്രം.
ഞങ്ങൾക്ക് നന്നായി വിശപ്പ് അനുഭവപ്പെട്ടിരുന്നുവെങ്കിലും വഴിയരികിൽ വേറെ ഹോട്ടലുകൾ ഒന്നും കാണുവാൻ സാധിക്കാതിരുന്നതിനാൽ യാത്ര അങ്ങ് നീണ്ടുപോയി. കുറേദൂരം ചെന്നപ്പോൾ റോഡ് പണിമൂലം ഞങ്ങൾക്ക് ഒരു ടൈഗർ റിസർവ്വിലൂടെ പോകേണ്ടതായി വന്നു. മഴയും റോഡിലെ ചെളിയും പിന്നെ ലോറികളുടെ തിരക്കും മൂലം ഞങ്ങൾക്ക് അൽപ്പം നല്ലരീതിയിൽത്തന്നെ ബ്ലോക്ക് അനുഭവിക്കേണ്ടി വന്നു.
പ്രതീക്ഷിച്ചതിലും വലുതായിരുന്നു ഞങ്ങൾക്ക് മുന്നിലെ ലോറികളുടെ നിര. ഞങ്ങൾ ശരിക്കും പെട്ടുപോയ അവസ്ഥയിലായിരുന്നു. അതുപോലുള്ള ബ്ലോക്ക്. ഞങ്ങൾ വലതുവശത്തു കണ്ട ഒരു വഴിയിലൂടെ കാർ കയറ്റിക്കൊണ്ടുപോയി. ചെറിയ വാഹനങ്ങൾക്ക് പോകുവാൻ പറ്റാത്ത തരത്തിൽ ചെളിനിറഞ്ഞ ഒരു വഴിയായിരുന്നു അത്. ഭാഗ്യവശാൽ ഞങ്ങളുടെ ഫോർച്യൂണർ ചെളിയിൽ പൂണ്ടുപോയില്ല. അങ്ങനെ ഏതാണ്ട് ഒരുമണിക്കൂർ ബ്ലോക്കിൽ കിടന്ന ഞങ്ങൾ ആ ചെളിനിറഞ്ഞ ഷോർട്ട് കട്ടിലൂടെ ബ്ലോക്ക് ഒഴിവാക്കി രക്ഷപ്പെട്ടു.
അങ്ങനെ രാത്രി പത്തുമണിയോടെ ഞങ്ങൾ നാഗ്‌പൂരിൽ എത്തിച്ചേർന്നു. നല്ല വിശപ്പുണ്ടായിരുന്നതിനാൽ ഞങ്ങൾ ആദ്യം കണ്ട നല്ലൊരു ഹോട്ടലിൽ കയറി മസാലദോശയും മറ്റും കഴിച്ചു. നാഗ്‌പൂരിൽ ഞങ്ങൾ ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തിരുന്നു. പാർക്കിംഗ് സൗകര്യങ്ങളെല്ലാം ഉണ്ടെന്ന് ഓൺലൈനിൽ കണ്ടെങ്കിലും അവിടത്തെ പാർക്കിംഗ് ഏരിയയിൽ ആളുകൾ തോന്നിയപോലെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നതിനാൽ ഞങ്ങൾക്ക് വണ്ടി പാർക്ക് ചെയ്യുവാൻ നന്നേ കഷ്ടപ്പെടേണ്ടി വന്നു. അതിനുശേഷം ഞങ്ങൾ റൂമിൽ ചെന്ന് വിശ്രമിക്കുകയും കുറച്ചു സമയം വീഡിയോ എഡിറ്റ് ചെയ്ത ശേഷം ഉറങ്ങുവാൻ കിടക്കുകയും ചെയ്തു.
Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 9659850555, 8973950555. 3) Goosebery Mens Apparel: http://goosebery.co.in (TECHTRAVELEAT എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 25% ഡിസ്‌കൗണ്ട് ലഭിക്കും). 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi. 4) Royalsky Holidays – 9846571800.