ദുബായിൽ വന്നിട്ട് ഇത് മൂന്നാമത്തെ ദിവസം. ഉച്ച തിരിഞ്ഞു ഞങ്ങൾ റെഡിയായി റോയൽ ഗ്രിൽ റെസ്റ്റോറന്റിലേക്ക് യാത്രയായി. അവിടെ വെച്ച് ടെക് ട്രാവൽ ഈറ്റിനെ നെഞ്ചോട് ചേർത്ത് പിടിച്ച് കാണുന്ന കുറച്ച് കുടുംബങ്ങളുമായി ഒരു കൂടിച്ചേരൽ ഉണ്ട്. അതായിരുന്നു അന്നത്തെ ഞങ്ങളുടെ പ്രധാന പരിപാടി.

പതിവുപോലെ ലഞ്ച് റോയൽ ഗ്രിൽ റെസ്റ്റോറന്റിൽ നിന്നും തന്നെയായിരുന്നു ഞങ്ങൾ കഴിച്ചത്. നല്ല ചോറും ബീഫ് ഫ്രൈയും ഒക്കെയായിരുന്നു ഞങ്ങളുടെ ഭക്ഷണം. എന്നെക്കാൾ വലിയ ബീഫ് പ്രാന്തനായ എമിൽ അതു കണ്ടപ്പോൾ സന്തോഷവാനായി മാറി. ബീഫിന് പുറമെ തവയിൽ പൊരിച്ചെടുത്ത നെയ്‌മീൻ, ചെമ്മീനും മുരിങ്ങയ്ക്കായും കൂടിയുള്ള കറി തുടങ്ങിയ വ്യത്യസ്ത വിഭവങ്ങളുമായി ഞങ്ങളുടെ ഉച്ചഭക്ഷണം അടിപൊളിയായി.

ലഞ്ചിനു ശേഷം, ഫാമിലിയായിട്ടു വന്ന നമ്മുടെ സുഹൃത്തുക്കളോടൊപ്പം വിശേഷങ്ങൾ പങ്കുവെയ്ക്കുവാനായിരുന്നു പിന്നീട് ഞങ്ങൾ പോയത്. കൂട്ടത്തിൽ കുട്ടികളുടെ വക ചെറിയ ചെറിയ സമ്മാനങ്ങളും ഞങ്ങൾക്ക് ലഭിക്കുകയുണ്ടായി. അതിപ്പോൾ ഒരു ആശംസാ കാർഡ് ആണെങ്കിൽ പോലും അവരുടെ കയ്യക്ഷരത്തിൽ, അവരുടെ മനസ്സിൽ നിന്നും വരുന്ന വാക്കുകൾ കാണുമ്പോൾ ഞങ്ങൾക്കത് ഏതൊരു സമ്മാനത്തെക്കാളും വലുതായി മാറും. ചെറിയ കുട്ടികൾ മുതൽ പ്രായമുള്ള അമ്മമാർ വരെ ഞങ്ങളോടൊത്ത് വിശേഷങ്ങൾ പങ്കുവെക്കുവാൻ എത്തിയിരുന്നു. അവരോടൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾക്കു ശേഷം ഞങ്ങൾ പിന്നീട് അവിടെ നിന്നും കറങ്ങുവാനായി ഇറങ്ങി.

സമയം രാത്രിയായി തുടങ്ങിയിരുന്നു. പ്രശസ്തമായ ദുബായ് ഫ്രെയിം സന്ദർശിക്കുവാൻ ആയിരുന്നു ഞങ്ങൾ പോയത്. ദുബായുടെ ഹൃദയഭാഗമായ സബീൽ പാർക്കിലാണ് ദുബായ് ഫ്രെയിംസ്ഥിതി ചെയ്യുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ദുബായ് ഫ്രയിമിന് 150 മീറ്റര്‍ ഉയരവും, 95 മീറ്റര്‍ വീതിയുമുണ്ട്. 2013 ൽ പണി തുടങ്ങിയ ഈ നിർമ്മിതി പൂർത്തിയാക്കി 2018 ഓടെയായിരുന്നു. സന്ദർശകർക്ക് വ്യത്യസ്തമായ ഒരു ദൃശ്യാനുഭവമാണ് ദുബായ് ഫ്രെയിം നൽകുന്നത്. പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ.

ഞങ്ങൾ രാത്രി സമയത്തായിരുന്നു അവിടെ എത്തിച്ചേർന്നത്, എന്നതിനാൽ അതിൻ്റെ സൗന്ദര്യം നല്ല രീതിയിൽത്തന്നെ ആസ്വദിക്കുവാൻ സാധിച്ചു. ശിഹാബ് ഇക്ക ഞങ്ങൾക്കായി അവിടേക്കുള്ള പ്രവേശന ടിക്കറ്റുകൾ നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നതിനാൽ താമസം നേരിടാതെ ഞങ്ങൾക്ക് അവിടെ പ്രവേശിക്കുവാനായി. അന്നത്തെ പ്രവേശനം അവസാനിക്കുന്നതിനു തൊട്ടു മുൻപായിട്ടായിരുന്നു ഞങ്ങൾ അവിടെ പ്രവേശിച്ചത്. ഭാഗ്യം, അല്ലെങ്കിൽ ആ ഭാഗ്യം കൈവിട്ടു പോയേനെ.

താഴെ നിന്നും മുകളിലെ നിലയിലേക്ക് പോകുവാനായി ലിഫ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. വളരെ വേഗത്തിൽ ലിഫ്റ്റുകൾ മുകളിലേക്കും താഴേക്കും പോകുന്നത് പുറമെ നിന്നും കാണാവുന്നതാണ്. ഫ്രയിമിനകത്ത്‌ കുറെ വിർച്വൽ റിയാലിറ്റികളും 3D കാഴ്ചകളും സെറ്റ് ചെയ്തിട്ടുണ്ട്. ദുബൈയുടെ ചരിത്രം മുഴുവനും അവിടെ നിന്നും നമുക്ക് മനസിലാക്കിയെടുക്കാവുന്നതാണ്.

അതുപോലെതന്നെ അവിടത്തെ എടുത്തുപറയേണ്ട മറ്റൊരു ആകർഷണം, മുകളിലുള്ള ചില്ലുകൊണ്ട് ഉണ്ടാക്കിയ നടപ്പാലമാണ്. ദുബൈയുടെ ആകാശക്കാഴ്ചകൾ അവിടെ നിന്നും മനോഹരമായി കാണാവുന്നതാണ്. ഒരു വശത്തു ഓൾഡ് ദുബൈയും മറുവശത്ത് പുതിയ ദുബൈയും. പകൽ ആയിരുന്നെങ്കിൽ ഒന്നുകൂടി വ്യക്തമായി കാഴ്ചകൾ കാണുവാൻ സാധിക്കുമായിരുന്നു. എങ്കിലും രാത്രിക്കാഴ്ചകളും അടിപൊളി തന്നെയായിരുന്നു.

മുകളിലെ കാഴ്ചകൾ ആസ്വദിച്ചതിനു ശേഷം ഞങ്ങൾ പിന്നീട് നീങ്ങിയത് ഒരു വിർച്വൽ റിയാലിറ്റി ഷോ കാണുവാനായിരുന്നു. 50 വർഷം കഴിഞ്ഞാൽ ദുബായ് എങ്ങനെയായിരിക്കുമെന്ന് ഈ ഷോയിലൂടെ നമ്മളെ കാണിച്ചു തരികയാണ്. അവിടത്തെ അറേഞ്ച്മെന്റുകൾ കിടിലൻ തന്നെയായിരുന്നു. ഒരു നിമിഷം നമ്മൾ മറ്റേതോ ലോകത്ത് എത്തിയപോലുള്ള പ്രതീതിയായിരുന്നു ലഭിച്ചത്. അങ്ങനെ കാഴ്ചകളെല്ലാം ആസ്വദിച്ചതിനു ശേഷം ഞങ്ങൾ ദുബായ് ഫ്രയിമിൽ നിന്നും പുറത്തേക്ക് കടന്നു.

തിരികെ പോകുന്ന വഴി ഒരു ജ്യൂസ് കുടിക്കുവാനായി അൽ ഇജാസ എന്നുപേരുള്ള കഫറ്റേരിയയിൽ കയറി. ആ ഏരിയയിൽ നല്ല പ്രശസ്തിയുള്ള കഫറ്റേരിയയായതിനാലാകണം അവിടെ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. വ്യത്യസ്തമായ ജ്യൂസുകൾക്കൊപ്പം വിവിധ തരത്തിലുള്ള സ്നാക്സുകളും ഞങ്ങൾ ഓർഡർ ചെയ്തു. അതിനുശേഷം ഞങ്ങൾ തിരികെ ഹോട്ടലിലേക്ക് യാത്രയായി. ഇനി അടുത്ത ദിവസം ബുർജ്ജ് ഖലീഫയിലേക്ക് പോകേണ്ടതാണ്. ആ വിശേഷങ്ങളൊക്കെ അടുത്ത ഭാഗത്തിൽ വായിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.