ചൈനയിലെ യിവു നഗരത്തിൽ നിന്നും പിന്നീട് ഞങ്ങൾ പോയത് ഒരു ബുള്ളറ്റ് ട്രെയിൻ യാത്രയ്ക്കാണ്. ഹുനാൻ പ്രൊവിൻസിലുള്ള ഷാഞ്ചിയാജി എന്ന പ്രകൃതി രമണീയമായ സ്ഥലത്തേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. 850 കിലോമീറ്റർ ദൂരമായിരുന്നു ഞങ്ങൾക്ക് താണ്ടേണ്ടിയിരുന്നത്. ബുള്ളറ്റ് ട്രെയിനിൽ ഇത്രയും ദൂരം ഏകദേശം മൂന്നര മണിക്കൂർ കൊണ്ട് എത്തിച്ചേരുമെന്ന് സഹീർഭായി പറഞ്ഞു.

ഞങ്ങൾ ഒരു ടാക്സി പിടിച്ച് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്നു. ഒരു എയർപോർട്ടിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ആ റെയിൽവേ സ്റ്റേഷൻ. ബിസിനസ്സ് ക്ലാസിൽ ആയിരുന്നു ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ട്രെയിൻ ചാർജ്ജ് ഒരാൾക്ക് 8000 രൂപയോളം ആയിരുന്നു. യാത്ര ട്രെയിനിൽ ആണെങ്കിലും വിമാനത്തിലേതു പോലെ ബോർഡിംഗ് പാസ്സ് ഒക്കെ എടുക്കണമായിരുന്നു.

അങ്ങനെ ഞങ്ങൾ ക്യൂ നിന്ന് ബോർഡിംഗ് പാസ്സോക്കെ കരസ്ഥമാക്കി ടെർമിനലിൽ തന്നെയുള്ള ഒരു KFC യിൽ കയറി പാർസൽ വാങ്ങി. ബിസിനസ്സ് ക്ലാസ്സ് യാത്രക്കാർക്ക് ട്രെയിനിൽ ഭക്ഷണം കിട്ടുമെങ്കിലും അത് നമുക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ളവ ആയിരിക്കില്ല. അതുകൊണ്ടാണ് ഞങ്ങൾ പാർസൽ ഫുഡ് വാങ്ങി സൂക്ഷിച്ചത്.

എയർപോർട്ടിലേതു പോലത്തെ ചെക്കിംഗുകൾ ഒക്കെ കഴിഞ്ഞു ഞങ്ങൾ പ്ലാറ്റ്ഫോമിലേക്ക് നടന്നു. രാവിലെ 10.40 നായിരുന്നു ഞങ്ങളുടെ ട്രെയിൻ. അവിടത്തെ ട്രെയിനുകളെല്ലാം കൃത്യ സമയത്തു തന്നെ എത്തുമെന്നതിനാൽ ഞങ്ങൾ ഓടിയായിരുന്നു പ്ലാറ്റ്ഫോമിലേക്ക് പോയത്.

പ്ലാറ്റ്‌ഫോമുകൾ നമ്മുടെ നാട്ടിലേതു പോലത്തെ തന്നെയായിരുന്നു. എങ്കിലും നല്ല വൃത്തിയുള്ളവയായിരുന്നു. ട്രെയിൻ യാത്രക്കാർ അല്ലാതെ മറ്റാർക്കും പ്ലാറ്റഫോമിലേക്ക് കയറുവാൻ സാധിക്കാത്ത തരത്തിലാണ് അവയുടെ നിർമ്മിതി. അതൊരുകണക്കിന് നന്നായി. നമ്മുടെ നാട്ടിലും അങ്ങനെ തന്നെ വേണം എന്നാണ് എൻ്റെ അഭിപ്രായം.

അങ്ങനെ നിമിഷനേരത്തിനകം ഞങ്ങൾക്ക് പോകാനുള്ള ബുള്ളറ്റ് ട്രെയിൻ അവിടെയെത്തിച്ചേർന്നു. ഏറ്റവും മുന്നിലായിരുന്നു ഞങ്ങളുടെ കമ്പാർട്ട്മെന്റ്. ട്രെയിനിലേക്ക് കയറിയപ്പോൾ സ്വീകരിക്കുവാനായി ഒരു യുവതി അവിടെ നിൽക്കുന്നുണ്ടായിരുന്നു. വിമാനങ്ങളിൽ എയർഹോസ്റ്റസുമാർ വെൽക്കം ചെയ്യുന്നതു പോലെ. ട്രെയിനിന് ഉൾവശവും ഫ്ളൈറ്റിലെപ്പോലെ തന്നെയായിരുന്നു.

ഞങ്ങൾ കയറി സീറ്റിൽ ഇരുന്നപ്പോഴേക്കും ട്രെയിൻ സ്റ്റേഷനിൽ നിന്നും വിട്ടിരുന്നു. സീറ്റിനരികിലെ വിൻഡോയിലൂടെ നോക്കിയപ്പോൾ നല്ല കാഴ്ചകൾ കണ്ടു തുടങ്ങി. പെട്ടെന്നു തന്നെ ട്രെയിൻ വേഗതയാർജ്ജിച്ചു. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിലായിരുന്നു ട്രെയിൻ പൊയ്‌ക്കൊണ്ടിരുന്നത്. ഇത്രയും വേഗത്തിൽ സഞ്ചരിച്ചിട്ടും ഒന്ന് ഉലയുക പോലും ചെയ്തിരുന്നില്ല എന്നതായിരുന്നു അത്ഭുതം.

അതിനിടെ ഞങ്ങൾക്കായുള്ള ഭക്ഷണവുമായി ട്രെയിനിലെ ഹോസ്റ്റസ് എത്തിച്ചേർന്നു. ഞങ്ങൾ കൈയിൽ കരുതിയിരുന്ന KFC ചിക്കൻ മാറ്റിവെച്ചിട്ട് ട്രെയിൻ ഫുഡ് എങ്ങനെയുണ്ടെന്നു രുചിച്ചു നോക്കി. വലിയ കുഴപ്പമൊന്നും തോന്നിച്ചില്ല എങ്കിലും നമ്മുടെയാളുകൾക്ക് ആ രുചി ചിലപ്പോൾ ഇഷ്ടപ്പെടില്ല. അങ്ങനെയിരിക്കെ ട്രെയിൻ ഒരു ജനവാസമേഖലയിൽ എത്തിച്ചേർന്നു. അതോടെ വേഗത അൽപ്പം കുറയുകയും ചെയ്തു. അധികം വൈകാതെ ട്രെയിൻ ഒരു സ്റ്റേഷനിൽ നിർത്തി. ആളുകളെ ഇറക്കിയും കയറ്റിയും ട്രെയിൻ വീണ്ടും യാത്രയാരംഭിച്ചു.

ഞങ്ങൾ സീറ്റിൽ നിന്നും എഴുന്നേറ്റ് ട്രെയിനിനകം മുഴുവനും കാണുവാനായി നടത്തം തുടങ്ങി. ഞങ്ങൾ യാത്ര ചെയ്തിരുന്ന ബിസിനസ്സ് ക്ലാസ്സ് പിന്നിട്ട് ഇക്കോണമി ക്ലാസ്സിലേക്ക് നീങ്ങി. ഇക്കോണമി ക്ലാസ്സും വളരെ മികച്ചത് തന്നെയായിരുന്നു. 3×2 എന്ന രീതിയിലായിരുന്നു സീറ്റുകൾ അവിടെ ക്രമീകരിച്ചിരുന്നത്. ട്രെയിൻ സ്പീഡിൽ പൊയ്‌ക്കൊണ്ടിരുന്നുവെങ്കിലും കോച്ചുകളിലൂടെ നടക്കുവാൻ ഞങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല.

പാൻട്രി കാറിലൊക്കെ ചെന്നു ഒരു ചായയും വാങ്ങി തിരിച്ചു വന്നു ഞങ്ങൾ സീറ്റിലിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളുടെ സീറ്റിനു മുന്നിലിരിക്കുന്ന ചൈനക്കാർ ചീട്ടുകളി ആരംഭിച്ചു. ചുമ്മാ കളിയല്ല, നല്ല ഒച്ചയും ബഹളവും ഉണ്ടാക്കി നല്ല കട്ടലോക്കൽ സ്റ്റൈലിൽ കളി. അങ്ങനെ ചൈനയിൽ വന്നിട്ട് ചീട്ടുകളി സംഘത്തെ കാണുവാൻ സാധിച്ചു. അവിടെ ചീട്ടുകളിക്കാരെ പോലീസ് പിടിക്കില്ലായിരിക്കും.

അങ്ങനെ കാഴ്ചകളും കണ്ടുകൊണ്ട്, ബൈജു ചേട്ടന്റെ ലണ്ടൻ യാത്രയുടെ ബാക്കി വിശേഷങ്ങളും കേട്ടുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. ഞങ്ങളുടെ ഈ യാത്ര അവസാനിക്കുന്നത് ഷാൻഷാ എന്ന സ്ഥലത്താണ്. ബാക്കി വിശേഷങ്ങൾ ഇനി അടുത്ത എപ്പിസോഡിൽ. To contact Saheer Bhai in China : https://www.instagram.com/saheerchn/, Whatsapp: 008615669591916.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.