ആലപ്പുഴയുടെ സൗന്ദര്യം ഒളിഞ്ഞിരിക്കുന്നത് അവിടത്തെ കായലുകളിലും തുരുത്തുകളിലുമാണ്. എന്നാല്‍ ഇത്തവണ ആ സൗന്ദര്യം ഒന്നാസ്വദിച്ചു കളയാമെന്നു ഞാന്‍ അങ്ങു വിചാരിച്ചു. നെടുമുടിയിലെ ‘പാം ഡേയ്ല്‍’ റിസോര്‍ട്ടിലെ താമസമൊക്കെ കഴിഞ്ഞു നേരെ വെച്ചുവിട്ടു നെടുമുടി ബോട്ട് ജെട്ടിയിലേക്ക്. കാര്‍ അവിടെ പാര്‍ക്ക് ചെയ്തതിനുശേഷം തിരികെ റോഡിലേക്ക് വന്നു ഒരു കെഎസ്ആര്‍ടിസി ബസ് പിടിച്ച് ആലപ്പുഴയിലേക്ക് യാത്രയായി. ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നിന്നും നെടുമുടിയ്ക്കുള്ള ബോട്ടില്‍ യാത്ര ചെയ്യുകയാണ് എന്‍റെ ഇന്നത്തെ ലക്‌ഷ്യം. അതിനുവേണ്ടിയാണ് കാര്‍ നെടുമുടി ജെട്ടിയില്‍ കൊണ്ടുപോയി പാര്‍ക്ക് ചെയ്തത്. അതാകുമ്പോള്‍ ബോട്ട് യാത്ര കഴിഞ്ഞാല്‍ നേരെ കാറുമെടുത്ത് വീട്ടിലേക്ക് പോകാമല്ലോ…

അങ്ങനെ ഞാന്‍ കയറിയ ഓര്‍ഡിനറി ബസ് ആലപ്പുഴ ബോട്ട് ജെട്ടിയിലെത്തി. അപ്പോള്‍ ഏകദേശം 3 മണിയൊക്കെ കഴിഞ്ഞിട്ടുണ്ടായിരുന്നു. എനിക്കു പോകേണ്ട നെടുമുടി ‘സൂപ്പര്‍ എക്സ്പ്രസ്സ്’ ബോട്ട് ഞാന്‍ ജെട്ടിയിലേക്ക് ചെന്നയുടനെ അവിടെ എത്തിച്ചേര്‍ന്നു. കുറച്ചു സമയത്തിനു ശേഷം ഈ ബോട്ട് നെടുമുടിയ്ക്ക് യാത്രയാരംഭിക്കും. സ്കൂള്‍ വിട്ട സമയമായതിനാല്‍ ബോട്ടില്‍ നിറയെ വിദ്യാര്‍ത്ഥികളായിരുന്നു. കൂടാതെ സാധാരണക്കാരായ യാത്രക്കാരും ഉണ്ടായിരുന്നു. ബോട്ടിനുള്ളിലാകെ കലപില ശബ്ദം.. എല്ലാവരും വിശേഷങ്ങളൊക്കെ പറഞ്ഞു ചിരിച്ചുകൊണ്ട് ഇരിക്കുന്നു.

എടുത്തു പറയേണ്ട പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ആലപ്പുഴ മുതൽ നെടുമുടി വരെയുള്ള ഒന്നര മണിക്കൂർ കായൽ യാത്രയ്ക്ക് ഒരാൾക്ക് മുടക്കേണ്ടി വന്ന തുക വെറും 12 രൂപ മാത്രമാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു സോഡാ സർബത്ത് കുടിക്കുന്ന കാശ് മുടക്കിയാൽ നമുക്ക് ലഭിക്കുന്നത് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഒരു കിടിലൻ ബോട്ട് യാത്രയായിരിക്കും. ഹൗസ്ബോട്ട് എടുത്തു യാത്ര ചെയ്യുവാൻ സാമ്പത്തിക സ്ഥിതി അനുവദിക്കാത്ത സാധാരണക്കാർക്ക് കുറഞ്ഞ ചാർജ്ജുള്ള ഈ ബോട്ട് സർവ്വീസുകൾ വഴി നല്ലൊരു അവസരം നമ്മുടെ സർക്കാരായിട്ടു തന്നിരിക്കുകയാണ്.

അങ്ങനെ കുറച്ചു സമയതിനുശേഷം ബോട്ട് ഞങ്ങളെയും കൊണ്ട് യാത്രയാരംഭിച്ചു. അവിടുന്നങ്ങോട്ട് കാഴ്ചകളുടെ കാണാപ്പൂരമായിരുന്നു.  ആലപ്പുഴയിലെ പതിവുകാഴ്ചയാണ് വിനോദസഞ്ചാരികളുമായി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍. കായലില്‍ അങ്ങിങ്ങോളം വഞ്ചികളും ഹൗസ് ബോട്ടുകളും കാണാമായിരുന്നു. ഞാന്‍ കയറിയ ബോട്ട് ജെട്ടികളില്‍ അടുക്കുകയും ആളുകള്‍ കയറിയിറങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു. സൂപ്പര്‍ എക്സ്പ്രസ്സ് ബോട്ട് ആയതിനാല്‍ എല്ലാ ജെട്ടിയിലും ബോട്ട് അടുക്കില്ല.

വിജനമായ കായൽ തുരുത്തുകളും തെങ്ങിൻ തോപ്പുകളും കുട്ടനാട്ടിലെ ജീവിത കാഴ്ചകളും യാത്രയുടെ ഭാഗമായി അടുത്ത് കാണാനാകും.കായലിന്‍റെ വിരിമാറിലൂടെ ബോട്ട് നീങ്ങുമ്പോള്‍ കണ്ണിന് ഇമ്പമേകുന്ന കാഴ്ചകളോടൊപ്പം ആ നാടിന്‍റെ – നാട്ടുകാരുടെ ജീവിതവും നാം കാണുകയാണ്. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട് എന്താവശ്യത്തിനും വള്ളം അല്ലങ്കില്‍ ബോട്ടിനെ ആശ്രയിക്കേണ്ടി വരുന്ന ഒരു ജനതയുടെ ജീവിതം.

വൈകുന്നേരങ്ങളില്‍ ആലപ്പുഴയുടെ ഭംഗി മനോഹരമാണ്.അങ്ങകലെ പച്ചപ്പട്ട് വിരിച്ച നെല്‍വയലുകള്‍ക്കകലെ അസ്തമയ സൂര്യന്‍ വെള്ളത്തിലും ആകാശത്തിലും ചുവപ്പ് ചായം പൂശുന്നു. ഞാന്‍ കയറിയ ബോട്ടിലെ യാത്രക്കാരെല്ലാം പല പല ജെട്ടികളിലായി ഇറങ്ങിയിരുന്നു. അവസാനം ഞാനും കുറച്ച് സ്കൂള്‍ കുട്ടികളും മാത്രമായി ബോട്ടില്‍. ബോട്ട് ജീവനക്കാരെല്ലാം വളരെ സൗഹൃദപരമായാണ്‌ എല്ലാവരോടും ഇടപെട്ടിരുന്നത്. ഞങ്ങള്‍ വീഡിയോ എടുക്കുന്നത് കണ്ടപ്പോള്‍ അവര്‍ കാര്യം തിരക്കുകയുണ്ടായി. ഞാന്‍ സംഭവം പറഞ്ഞപ്പോള്‍ പിന്നെ അവര്‍ക്കും താല്‍പര്യമായി. ഓരോ സ്ഥലങ്ങളെക്കുറിച്ചും മറ്റും അവര്‍ വാ തോരാതെ സംസാരിച്ചു. ബോട്ട് ജീവനക്കാരെല്ലാം തന്നെ പരിസരപ്രദേശങ്ങളില്‍ ഉള്ളവരാണ്.

കുറേ സമയത്തിനു ശേഷം ബോട്ട് നെടുമുടി ജെട്ടിയില്‍ അടുത്തു. അവിടെ നിന്നും ആലപ്പുഴയിലേക്ക് പോകാനുള്ളവര്‍ ജെട്ടിയില്‍ ബോട്ടും കാത്തു നില്‍ക്കുകയായിരുന്നു. അങ്ങനെ ആലപ്പുഴയില്‍ നിന്നും ഒന്നരമണിക്കൂര്‍ നീണ്ട എന്‍റെ ബോട്ട് യാത്ര ഇവിടെ അവസാനിക്കുകയാണ്. സാധാരണക്കാരനും കായല്‍ യാത്ര ആസ്വദിക്കാം… നമ്മുടെ സര്‍ക്കാര്‍ അതിനു ഇങ്ങനെയൊരു അവസരം ഒരുക്കിയിട്ടുണ്ട് എന്ന് അറിയാത്തവര്‍ ഇനിയെങ്കിലും അറിയണം. വീഡിയോ കാണുക ഇഷ്ടമായെങ്കിൽ നിങ്ങളുടെ കൂട്ടുകാരുമായി ഷെയർ ചെയ്യുക.

കവർ ചിത്രം – Got from Google. Credits to Respected Photographer.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.