എല്ലാ മാത്രാപിതാക്കളുടെയും ആഗ്രഹങ്ങളിൽ ഒന്നായിരിക്കും മക്കളോടൊപ്പം ആദ്യമായി ഒരു വിമാനയാത്ര നടത്തുക എന്നത്. അതുപോലെ ആഗ്രഹമുള്ളവരായിരുന്നു ഞങ്ങളുടെ അച്ഛനും അമ്മയും. പക്ഷേ ഇതുവരെ ഞങ്ങളോട് ഈ ആഗ്രഹത്തെക്കുറിച്ച് പറയാതെ അത് മനസ്സിൽ കൊണ്ടു നടക്കുകയായിരുന്നു രണ്ടുപേരും. ഞാൻ ഇന്ത്യയിലും പുറത്തുമായി ഒരുപാട് തവണ വിമാനയാത്രകൾ നടത്തിയിട്ടുണ്ട്. ആ വിശേഷങ്ങളൊക്കെ വീട്ടിൽ പറയുമ്പോൾ അച്ഛന്റെയും അമ്മയുടെയും മുഖത്തെ സന്തോഷം ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. അങ്ങനെയാണ് ഇരുവർക്കും ഒരു വിമാനയാത്ര സാധ്യമാക്കുവാൻ ഞാൻ തീരുമാനിച്ചത്.
അഹമ്മദാബാദിലേക്ക് ഞങ്ങൾ ഒരു ഫാമിലി ട്രിപ്പ് പ്ലാൻ ചെയ്തു വരികയായിരുന്നു. ആ അവസരത്തിലാണ് ഞങ്ങളുടെ യാത്ര വിമാനത്തിലാക്കുവാൻ ഞാൻ തീരുമാനിച്ചത്. അച്ഛനോടും അമ്മയോടും പറയാതെ തന്നെ ഞാൻ എല്ലാവർക്കുമായി കൊച്ചിയിൽ നിന്നും അഹമ്മദാബാദിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയുണ്ടായി. ഒരു സർപ്രൈസ് കൊടുക്കുവാനാണ് ഞാൻ ഉദ്ദേശിച്ചത് എങ്കിലും അനിയൻ അഭിയുടെ കയ്യിൽ നിന്നും സംഭവം പുറത്തായി. അങ്ങനെ സർപ്രൈസ് ചീറ്റിപ്പോയെങ്കിലും അവരുടെ മുഖത്തെ ആ സന്തോഷവും കണ്ണുകളിലെ തിരയിളക്കവും ഒരു മകൻ എന്ന നിലയ്ക്ക് എനിക്ക് സന്തോഷം നൽകുന്നതു തന്നെയായിരുന്നു.
അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി (അച്ഛൻ, അമ്മ, ഞാൻ, ശ്വേത, അഭി) കോഴഞ്ചേരിയിലെ വീട്ടിൽ നിന്നും കാറിൽ എറണാകുളത്തേക്ക് വരികയും അവിടെ ഒരു സുഹൃത്തിന്റെ വീട്ടിൽ കാർ കൊണ്ടിടുകയും ചെയ്തു. പിന്നീട് അവിടെ നിന്നും ഒരു ടാക്സി വിളിച്ചു ഞങ്ങൾ എയർപോർട്ടിലെത്തി. എട്ടു ദിവസത്തെ ട്രിപ്പ് ആയിരുന്നതിനാൽ അത്യാവശ്യം ലഗേജുകൾ ഞങ്ങളുടെ പക്കലുണ്ടായിരുന്നു. ഞങ്ങൾ എയർപോർട്ടിലെ ഡൊമസ്റ്റിക് ടെർമിനലിന് സമീപത്തായുള്ള അണ്ണാ കഫെയിൽ കയറി ഞങ്ങൾ ഭക്ഷണം കഴിച്ചു. എയർപോർട്ട് ടെർമിനലിനുള്ളിൽ കയറി ഫുഡ് കഴിക്കുകയാണെങ്കിൽ ചിലപ്പോൾ ഫ്‌ളൈറ്റ് ടിക്കറ്റിന്റെ തുകയെക്കാളും ഇരട്ടിയായേനെ. അങ്ങനെ ഭക്ഷണശേഷം ഞങ്ങൾ ടെർമിനലിലേക്ക് കയറി.
കൊച്ചി എയർപോർട്ടിലെ പഴയ ഇന്റർനാഷണൽ ടെർമിനലാണ് ഇപ്പോൾ ഡൊമസ്റ്റിക് ആക്കിമാറ്റിയിരിക്കുന്നത്. സത്യം പറഞ്ഞാൽ ഇപ്പോഴത്തെ പുതിയ ഇന്റർനാഷണൽ ടെര്മിനലിനേക്കാൾ വളരെ ആകര്ഷകമാക്കിയിട്ടുണ്ട് ഡൊമസ്റ്റിക്ക് ടെർമിനൽ. കേരളീയ കലാരൂപങ്ങളുടെ മനോഹരമായ മാതൃകകൾ ഇവിടെയുണ്ട്. യാത്രക്കാരെല്ലാം ഇവിടെ നിന്നുകൊണ്ട് ഫോട്ടോകൾ എടുക്കുന്ന തിരക്കിലായിരുന്നു. ഞങ്ങളും എടുത്തു ചിത്രങ്ങൾ.. അല്ല പിന്നെ…
ഇൻഡിഗോ എയർലൈൻസ് ആയിരുന്നു ഞങ്ങളുടെ ഫ്‌ളൈറ്റ്. ഞങ്ങൾ ചെക്ക് – ഇൻ നടപടിക്രമങ്ങളെല്ലാം കഴിഞ്ഞു സെക്യൂരിറ്റി ചെക്കും കഴിഞ്ഞു ഞങ്ങൾ ഗേറ്റിനരികിലെ വെയ്റ്റിങ് ഏരിയയിൽ ചെന്ന് ബോർഡിംഗിനായി കാത്തിരിപ്പ് തുടർന്നു. അതിനിടയിൽ അച്ഛനുമമ്മയും ചേർന്നു സെൽഫിയൊക്കെ എടുത്തു സമയം കളയുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങളുടെ ബോർഡിംഗ് ആരംഭിച്ചു. ഫ്ളൈറ്റിലെ സൈഡ് സീറ്റിൽ അമ്മയായിരുന്നു ഇരുന്നത്. തൊട്ടടുത്ത് അച്ഛനും പിന്നെ ശ്വേതയുമായിരുന്നു. ഞാനും അഭിയും അതിനു സമാന്തരമായ റോയിലെ തൊട്ടടുത്ത സീറ്റുകളിലും ഇരുന്നു.
ബോർഡിംഗ് കഴിഞ്ഞു അൽപ്പസമയത്തിനു ശേഷം ഫ്ലൈറ്റ് ടേക്ക് ഓഫ് ചെയ്യുകയുണ്ടായി. വിമാനം പറന്നുയരുന്ന സമയത്ത് അച്ഛനും അമ്മയും വളരെ അത്ഭുതകരമായായിരുന്നു ഇരുന്നിരുന്നത്. എന്തായാലും അവരുടെ ഒരു ജീവിതാഭിലാഷം ഇന്ന് സാക്ഷാത്കരിച്ചിരിക്കുകയാണ്. ഏകദേശം രണ്ടര മണിക്കൂർ ആകാശ യാത്രയ്ക്കു ശേഷം ഞങ്ങൾ അഹമ്മദാബാദിൽ ലാൻഡ് ചെയ്തു. അവിടെ ഞങ്ങൾക്ക് കുറച്ചു ദിവസം കറങ്ങുവാനുള്ളതിനാൽ ഞങ്ങൾ Zoom കാർ വാടകയ്ക്ക് എടുക്കുകയാണ് ചെയ്തത്. എയർപോർട്ടിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരത്തായാണ് Zoom Car ന്റെ പിക്കപ്പ് ഉള്ളത്. അച്ഛനെയും അമ്മയെയും ശ്വേതയെയും എയർപോർട്ടിൽ നിർത്തി ഞാനും അനിയനും കൂടി ഒരു ഓട്ടോറിക്ഷയിൽ അവിടേക്ക് യാത്രയായി.
പുതിയ മോഡൽ ഫോർഡ് എക്കോസ്പോർട്ട് ആയിരുന്നു ഞങ്ങൾ തിരഞ്ഞെടുത്തത്. മൊബൈൽ ആപ്പ് വഴിയുള്ള നടപടിക്രമങ്ങൾക്കു ശേഷം ഞങ്ങൾ കാറുമായി ബാക്കിയുള്ളവരെ പിക്ക് ചെയ്യുവാനായി എയർപോർട്ടിലേക്ക് യാത്രയായി. എയർപോർട്ടിൽ ചെന്ന് ലഗേജുകളെല്ലാം കാറിന്റെ ഡിക്കിയിൽ കയറ്റി ഞങ്ങൾ താമസിക്കുവാനായി ബുക്ക് ചെയ്തിരുന്ന ഹോട്ടലിലേക്ക് തിരിച്ചു.
എയർപോർട്ടിൽ നിന്നും ഏകദേശം 14 കിലോമീറ്ററുകളോളമുണ്ടായിരുന്നു ഹോട്ടലിലേക്ക്. അഹമ്മദാബാദിലെ റോഡുകൾ എല്ലാംതന്നെ വളരെ മനോഹരമായിരുന്നു. അതിലും മികച്ചതായിരുന്നു അവിടെ കണ്ട കാഴ്ചകളെല്ലാം. അങ്ങനെ കാഴ്ചകളെല്ലാം കണ്ടുകൊണ്ട് ഞങ്ങൾ ഹോട്ടലിലെത്തിച്ചേർന്നു. അഞ്ചുപേർക്ക് താമസിക്കുവാനായി ഞങ്ങൾ രണ്ടു റൂമുകൾ ആയിരുന്നു ബുക്ക് ചെയ്തിരുന്നത്. എല്ലാത്തിനും കൂടി 25,000 രൂപയോളമായി. ഹോട്ടലിൽ കുറച്ചു സമയം വിശ്രമിക്കണം, അതിനുശേഷം ഫുഡ് എക്‌സ്‌പ്ലോർ ചെയ്യുവാനായി ഒന്നു പുറത്തു പോകണം.. ഇതാണ് ഇനിയുള്ള പ്ലാൻ. ആ വിശേഷങ്ങളൊക്കെ അടുത്ത ഭാഗത്തിൽ…