Road, Rail, Water, Air തുടങ്ങി നിലവിലുള്ള എല്ലാത്തരം യാത്രാമാർഗ്ഗങ്ങളിലും ഞാൻ കയറിയിട്ടുണ്ട്. എന്നാൽ കപ്പൽ യാത്ര എന്നത് ഒരു സ്വപ്നമായി അവശേഷിച്ചിരുന്നു. മുൻപ് കൊച്ചിയിൽ വെച്ച് കപ്പൽ നിർത്തിയിട്ടപ്പോൾ ഒന്നു രണ്ടു പ്രാവശ്യം വ്ലോഗ് ചെയ്യുവാനായി കയറിയിട്ടുണ്ട് എന്നതൊഴിച്ചാൽ കപ്പലിൽ യാത്ര ചെയ്യുവാൻ അവസരം ലഭിച്ചിരുന്നില്ല.
അങ്ങനെയിരിക്കെയാണ് നമ്മുടെ മാനുക്കയുടെ BONVO ടീമിനൊപ്പം സിംഗപ്പൂർ – മലേഷ്യ – തായ്‌ലൻഡ് റൂട്ടിൽ ഒരു ക്രൂയിസ് യാത്ര തരപ്പെട്ടത്. കൊച്ചിയിൽ നിന്നും ശ്രീലങ്കയിലെ കൊളംബോ വഴി സിംഗപ്പൂരിലേക്ക് ഞങ്ങൾ ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിലായിരുന്നു യാത്ര പ്ലാൻ ചെയ്തത്. കൊളംബോയിൽ മണിക്കൂറുകൾ കാത്തുകിടക്കണമെന്നതിനാൽ അവിടെ നിന്നും ട്രാൻസിസ്റ്റ് വിസ എടുത്ത് ശ്രീലങ്ക കറങ്ങുവാനായി ഞങ്ങൾ പദ്ധതിയിട്ടിരുന്നു.
അങ്ങനെ കൊച്ചി എയർപോർട്ടിൽ നിന്നും ഞങ്ങൾ കൊളംബോയിലേക്ക് ആദ്യം വിമാനം കയറി. വിമാനത്തിൽ എന്റെയൊപ്പം ഇരുന്നിരുന്നത് ഈ ട്രിപ്പിലുള്ള ഒരാളായ തൃശ്ശൂർ സ്വദേശി നിസ്സാർ ആയിരുന്നു. വിൻഡോ സീറ്റുകൾ ഫുൾ ആയിരുന്നതിനാൽ നടുവിലത്തെ സീറ്റുകൾ ആയിരുന്നു ഞങ്ങൾക്ക് ലഭിച്ചത്.
വിമാനം പറന്നുയർന്നു കുറച്ചു സമയത്തിനകം തന്നെ യാത്രക്കാർക്കായുള്ള ഭക്ഷണവുമായി എയർഹോസ്റ്റസുമാർ എത്തി. ഭക്ഷണമൊക്കെ കഴിച്ചു ഞങ്ങൾ അൽപനേരം വിശ്രമിച്ചു. അങ്ങനെ എളുപ്പത്തിൽ ഞങ്ങൾ ശ്രീലങ്കയിൽ ലാൻഡ് ചെയ്തു. പുറത്തേക്ക് പുറത്തേക്ക് കറങ്ങുവാൻ പ്ലാനുണ്ടായിരുന്നതിനാൽ ഞങ്ങൾ വേഗം തന്നെ ടെർമിനലിലേക്ക് ചെന്നു.
ഇന്ത്യക്കാർക്ക് ശ്രീലങ്കയിലേക്ക് വിസ സൗജന്യമാണ്. അങ്ങനെ ട്രാൻസിസ്‌റ്റ് വിസയ്ക്കുള്ള നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കി ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. മുന്നേ തന്നെ കൊളംബോ സിറ്റി ടൂർ ക്രമീകരിച്ചതനുസരിച്ച് അവിടെ ഞങ്ങളെ കാത്ത് ഒരു ബസ് ഉണ്ടായിരുന്നു. എല്ലാവരും ബസ്സിൽ കയറി കൊളംബോ നഗരത്തിലൂടെ യാത്രയാരംഭിച്ചു. ഒരു വലിയ ബസ്, ഒരു മിനി ബസ് എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകൾ ആയിട്ടായിരുന്നു ഞങ്ങളുടെ യാത്ര.
ശ്രീലങ്കയിൽ ഇതിനു മുന്നേ വന്നിട്ടുണ്ടെങ്കിലും ബസ് യാത്ര ഇതാദ്യമായിരുന്നു. ബസ്സിൽ ഞങ്ങളുടെ സഹായത്തിനായി ഒരു ഗൈഡും ഉണ്ടായിരുന്നു. നമ്മളിൽ അധികമാരും അറിയാത്ത വിശേഷങ്ങളെല്ലാം ഗൈഡ് എല്ലാവർക്കുമായി വിശദീകരിച്ചു തന്നിരുന്നു. ചെറിയ റോഡുകൾ പിന്നിട്ട ശേഷം ബസ് പിന്നീട് കിടിലൻ ഹൈവേയിലൂടെയായി യാത്ര.
പോകുന്ന വഴി ഞങ്ങൾക്ക് ഭക്ഷണം കഴിക്കുവാനായി ഒരു ഹോട്ടലിനു മുന്നിൽ ബസ്സുകൾ നിർത്തി. മനോഹരമായ ഒരു കായൽത്തീരത്ത് ആയിരുന്നു ആ റസ്റ്റോറന്റ് സ്ഥിതി ചെയ്തിരുന്നത്. നീണ്ട വിഭവങ്ങളുടെ നിരയുള്ള ബുഫേ ആയിരുന്നു റെസ്റ്റോറന്റിൽ ഉണ്ടായിരുന്നത്. വ്യത്യസ്തങ്ങളായ, രുചികരമായ വിഭവങ്ങളും രുചിച്ചുകൊണ്ട് ഞങ്ങൾ ലഞ്ച് പൂർത്തിയാക്കി. ഞങ്ങളുടെ യാത്ര വീണ്ടും തുടർന്നു. ബാക്കി വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ കാണാം. To contact Bonvo: +91 85940 22166, +91 75940 22166.