കൊൽക്കത്തയിലെ ഞങ്ങളുടെ ആദ്യ ദിനം പുലർന്നു. ഞങ്ങൾ രാവിലെ തന്നെ റെഡിയായി ഹോട്ടലിനു വെളിയിലിറങ്ങി. അവിടെ ഞങ്ങളെക്കാത്ത് നമ്മുടെ ഫോളോവേഴ്സും തൃശ്ശൂർ സ്വദേശികളുമായ ജോസഫ് ചേട്ടനും ഭാര്യ ഹെന്ന ചേച്ചിയും നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കൊൽക്കത്തയിലെ കറക്കം ഇന്ന് ഇവരുടെയൊപ്പമാണ്. ഹൗറ ബ്രിഡ്‌ജ് കാണുവാനാണ് ഞങ്ങൾ ആദ്യമായി തീരുമാനിച്ചത്. അങ്ങനെ ഹോട്ടലിനു മുന്നിൽ നിന്നും പഴയ ഒരു മഞ്ഞ അംബാസിഡർ ടാക്സി കാർ പിടിച്ച് ഞങ്ങൾ അവിടേക്ക് യാത്രയായി. ഞാൻ മുന്നിലും ജോസഫേട്ടനും ഹെന്ന ചേച്ചിയും എമിലും പിന്നിലുമായിരുന്നു ഇരുന്നിരുന്നത്.
മഞ്ഞ ടാക്സിക്കാർ വളരെയധികം വേഗത്തിലായിരുന്നു വണ്ടിയോടിക്കുന്നത്. പൊതുവെ അവരെക്കുറിച്ച് അങ്ങനെയാണത്രെ അവിടെ അഭിപ്രായം. രാവിലെ ഓഫീസ് ടൈം തുടങ്ങുന്ന സമയമായിരുന്നതിനാൽ വഴിയിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. പോകുന്ന വഴിയിൽ ഓട്ടോ സ്റ്റാൻഡ് പോലെ ആളുകൾ വലിച്ചു കൊണ്ടുപോകുന്ന സൈക്കിൾ റിക്ഷകളുടെ സ്റ്റാൻഡ് കണ്ടു. കൊൽക്കൊത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയം ഒക്കെ കഴിഞ്ഞു ഞങ്ങൾ അവസാനം ഹൂഗ്ലി നദിക്കരയിൽ എത്തിച്ചേർന്നു. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടൽ മുതൽ ഇവിടെ വരെ 150 രൂപയായിരുന്നു ടാക്സി ഫെയർ. കാശും കൊടുത്തു മഞ്ഞ ടാക്സിക്കാരനെ ഞങ്ങൾ പറഞ്ഞയച്ചു.
അവിടെ ഒരു ഫെറി സർവ്വീസ് ഉണ്ടായിരുന്നു. ഞങ്ങൾ ടിക്കറ്റെടുത്ത് ചെറിയൊരു ബാർജ്ജിനു സമാനമായ ബോട്ടിലേക്ക് കയറി. അവിടെനിന്നും ഹൗറ ഭാഗത്തേക്കാണ് ബോട്ട് പോകുന്നത്. ഹുഗ്ലീ നദിയുടെ പശ്ചിമതീരത്ത് സ്ഥിതി ചെയ്യുന്ന വ്യവസായ നഗരമാണ് ഹൗറ. നല്ല കിടിലൻ കാഴ്ചകളായിരുന്നു ആ ബോട്ട് യാത്ര ഞങ്ങൾക്ക് സമ്മാനിച്ചത്. അങ്ങനെ ഞങ്ങളുടെ ബോട്ട് ഹൗറ ജെട്ടിയിൽ എത്തിച്ചേർന്നു. ബോട്ടിറങ്ങി വെളിയിലേക്ക് കടന്നപ്പോൾ ഞങ്ങൾ എത്തിച്ചേർന്നത് ഹൗറ റെയിൽവേ സ്റ്റേഷന് മുന്നിലായിരുന്നു. ചിത്രങ്ങളിൽ മാത്രം കണ്ടു പരിചയമുള്ള മനോഹരമായ ആ റെയിൽവേ സ്റ്റേഷൻ ഇതാ കണ്മുന്നിൽ.. 1854-ൽ നിർമ്മിച്ചതാണ് ഈ സ്റ്റേഷൻ.
റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ഞങ്ങൾ ഒരു യൂബർ ടാക്സി വിളിച്ച് ഹൗറ പാലത്തിലൂടെ യാത്ര തിരിച്ചു. കൊൽക്കത്തയേയും ഹൗറയേയും ബന്ധിപ്പിച്ചുകൊണ്ട് ഹൂഗ്ലീ നദിക്കു കുറുകെയുള്ള ഉരുക്കുപാലമാണ് ഹൗറ പാലം അഥവാ രബീന്ദ്രസേതു. 1942-ൽ പണി പൂർത്തിയായ ഈ പാലത്തിന് 1965-ലാണ് രബീന്ദ്രസേതു എന്ന് നാമകരണം ചെയ്തത്. 1943 ഫെബ്രുവരി 3 നാണ് പൊതുജനങ്ങൾക്കായി പാലം തുറന്നുകൊടുത്തത്. മദ്ധ്യഭാഗത്ത് 457.5 മീറ്റർ സ്പാൻ ഉള്ള ഈ പാലത്തിന്റെ മൊത്തം നീളം 829 മീറ്റർ ആണ്. ഇതിനു മുകളീൽ 70 അടി വീതിയിൽ 8 വരിപ്പാതയാണുള്ളത്. ഇതിനു പുറമേ നടപ്പാതയുമുണ്ട്. ഹൌറപ്പാലം 1942-ൽ പൂർത്തിയാക്കുന്നതിനു മുൻപ് ചങ്ങാടങ്ങൾകൂട്ടിക്കെട്ടിയുണ്ടാക്കുന്ന പാലത്തിലൂടെയായിരുന്നു നദി മുറിച്ചു കടന്നിരുന്നത്.
ഇനി ഞങ്ങളുടെ പ്ലാൻ കൊൽക്കത്തയിലെ ട്രാമിൽ കയറുക എന്നതായിരുന്നു. അങ്ങനെ ഞങ്ങൾ കാത്തുനിന്നു ട്രാം വന്നപ്പോൾ അതിൽ കയറി. റോഡിലെ പാലത്തിലൂടെ ബസ് പോലെ ഓടിക്കുന്ന ഒരു സെറ്റപ്പ്. അതാണ് ട്രാം. പോകുന്ന വഴിയിൽ ആളുകൾ കൈകാണിച്ചു നിർത്തി യാത്ര ചെയ്യുന്നുണ്ട് ഈ വ്യത്യസ്തമായ വാഹനത്തിലൂടെ. മുൻപേ പല വീഡിയോകളിൽക്കൂടി കണ്ടിട്ടുണ്ടെങ്കിലും ഇത് നേരിൽക്കണ്ടപ്പോൾ സത്യത്തിൽ എനിക്കൊരു അമ്പരപ്പായിരുന്നു. ട്രാമിൽ ബസ്സിലെപ്പോലെ തന്നെ കാക്കി ഷർട്ടണിഞ്ഞ ഡ്രൈവർ ചേട്ടനും കണ്ടക്ടർ ചേട്ടനും ഉണ്ടായിരുന്നു. വീഡിയോ പകർത്തുന്നത് കണ്ടപ്പോൾ കണ്ടക്ടർ ചേട്ടന് നല്ല സന്തോഷം. തിരക്കേറിയ റോഡിനിടയിലൂടെ മറ്റു വാഹനങ്ങളിൽ മുട്ടി മുട്ടിയില്ല എന്ന രീതിയിലായിരുന്നു ട്രാം പൊയ്‌ക്കൊണ്ടിരുന്നത്.
അങ്ങനെ ട്രാമിലെ യാത്രയ്ക്ക് ശേഷം ഞങ്ങൾ തിരികെ ഹോട്ടലിലേക്ക് യാത്ര തിരിച്ചു. കൊൽക്കത്തയിലെ വിവിധ സ്ഥലങ്ങൾ ഞങ്ങളെ കാണിക്കാമെന്നു ജോസഫേട്ടനും ഹെന്ന ചേച്ചിയും പറഞ്ഞുവെങ്കിലും സമയക്കുറവു മൂലം ഞങ്ങൾ അത് പിന്നീടൊരിക്കലാകാം എന്നു തീരുമാനിച്ചു ഞങ്ങൾ ഒരു യൂബർ ടാക്സി പിടിച്ചു ഹോട്ടലിലേക്ക് പോയി.
Our Sponsors: 1) Dream Catcher Resort, Munnar: 9745637111. 2) SR Jungle Resort, Anaikatty: 89739 50555. 3) Goosebery Mens Apparel: http://goosebery.co.in . 4) Rotary Club Kochi United. 5) DBS Automotive: 97452 22566. 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi. 2) Redband Racing, Thrissur. 3) Nexus Communication, Penta Menaka, Kochi.
1 comment
Actually your videos are encouraging me a lot to visit more place which you had visited…