ആനക്കട്ടിയിലെ SR ജംഗിൾ റിസോർട്ടിലാണ് ഞങ്ങൾ ഇപ്പോൾ. സലീഷേട്ടനുമായുള്ള അടിപൊളി ട്രെക്കിംഗ് കഴിഞ്ഞു ഞങ്ങൾ ബ്രെക്ക് ഫാസ്റ്റ് കഴിക്കുവാനായി റെസ്റ്റോറന്റിലേക്ക് ചെന്നു. പുട്ടും കടലയും മുട്ടയും കപ്പയും പിന്നെ റാഗി കൊണ്ടുള്ള ഒരു ഉണ്ടയും… അടിപൊളി ഫുഡ് തന്നെ. ഭക്ഷണത്തിനു ശേഷം ഞങ്ങൾ റെസ്റ്റോറന്റിനും പരിസരത്തുമായി കുറച്ചു സമയം ചുമ്മാ നടന്നു. അപ്പോഴേക്കും സലീഷേട്ടൻ റെഡിയായി എത്തി. ഭവാനിപുഴയിൽ കുളിക്കുവാനാണ് ഇനി ഞങ്ങൾ പോകുന്നത്. റിസോർട്ടിൽ നിന്നും പുഴയിലേക്ക് നല്ല ദൂരമുണ്ടായിരുന്നതിനാൽ വണ്ടിയിൽ വേണം അവിടേക്ക് പോകുവാൻ. അങ്ങനെ തുറന്ന ജീപ്പിൽ സലീഷേട്ടനൊപ്പം ഞങ്ങൾ യാത്രയായി. എവിടേക്ക്… നമ്മുടെ ഭവാനിപ്പുഴയിലേക്ക്…

ജീപ്പ് യാത്ര കിടിലനായിരുന്നു കേട്ടോ. തമിഴ്‌നാട്ടിൽ നിന്നും ഞങ്ങൾ കേരളത്തിലേക്ക് കടന്നു. ഒരു പാലമാണ് ഇവിടെ രണ്ടു സംസ്ഥാനങ്ങളെ തമ്മിൽ വേർതിരിക്കുന്നത്. അതിർത്തിയിൽ നമ്മുടെ KSRTC ബസ്സുകൾ കിടക്കുന്നത് കണ്ടു. പാലക്കാട്, മണ്ണാർക്കാട് ഭാഗങ്ങളിൽ നിന്നും ഇവിടേക്ക് ബസ് സർവ്വീസുകൾ ലഭ്യമാണ്. പാലായിൽ നിന്നും ആനക്കട്ടിയിലേക്ക് ഒരു ഫാസ്റ്റ് പാസഞ്ചർ ബസ്സും സർവ്വീസ് നടത്തുന്നുണ്ട്. സമയവിവരങ്ങൾ അറിയണമെങ്കിൽ www.aanavandi.com സന്ദർശിച്ചാൽ മതി. കേരളത്തിലേക്ക് കടന്നപ്പോൾ റോഡിന്റെ അവസ്ഥ മോശമായി തുടങ്ങി. തമിഴന്റെ മുന്നിൽ മലയാളികൾ തലകുനിക്കുന്ന ഒരു നിമിഷമാണ് ഇത്.. ഒരു ആനവണ്ടിയുടെ പിന്നാലെ പിടിച്ച് ഞങ്ങളുടെ ജീപ്പ് ചീറിപ്പായാൻ തുടങ്ങി.

അങ്ങനെ ഞങ്ങൾ മെയിൻ റോഡിൽ നിന്നും മറ്റൊരു ചെറിയ റോഡിലേക്ക് കയറി. കുറച്ചു മുന്നോട്ടു പോയപ്പോൾ വഴിയരികിൽ കണ്ട ഒരു കടയുടെ മുന്നിൽ സലീഷ് ജീപ്പ് നിർത്തി. കാരണം തിരക്കിയപ്പോൾ ഞങ്ങൾ ശരിക്കും അത്ഭുതപ്പെട്ടുപോയി. പോകുന്ന വഴിയിൽ സലീഷേട്ടനെ കാത്ത് കുറച്ചു നായകൾ ഉണ്ടാകുമത്രേ. സ്ഥിരമായി സലീഷേട്ടൻ അവർക്ക് എന്തെങ്കിലുമൊക്കെ കഴിക്കാൻ വാങ്ങിക്കൊടുക്കുകയും ചെയ്യും. അവർക്കായി ബിസ്ക്കറ്റ് വാങ്ങുവാനാണ് പുള്ളി ഇപ്പോൾ വണ്ടി നിർത്തിയിരിക്കുന്നത്. സലീഷ് എന്ന പ്രകൃതി – ജീവ സ്നേഹിയായ മനുഷ്യന്റെ മുന്നിൽ അറ്റൻഷനായി നിന്നൊരു സല്യൂട്ട് കൊടുക്കുവാൻ തോന്നിയ നിമിഷമായിരുന്നു അത്. ബിസ്ക്കറ്റും വാങ്ങി ഞങ്ങൾ യാത്ര തുടർന്നു.

പതിയെ റോഡ് എന്നു പറയുന്ന സംഭവം ഇല്ലാതെയായി. ഇനിയങ്ങോട്ട് കിടിലൻ ഓഫ് റോഡ് ആണ്. വെള്ളത്തിൽക്കൂടിയും ചെളിയിൽക്കൂടിയും സലീഷേട്ടൻ വളരെ ശ്രദ്ധയോടെയായിരുന്നു ജീപ്പ് ഓടിച്ചിരുന്നത്. കിടിലൻ എക്സ്പീരിയൻസ് ആയിരുന്നു. അങ്ങനെ ഞങ്ങൾ സ്ഥലത്തെത്തി. അവിടെയെത്തിയതും ഒരുകൂട്ടം നായ്ക്കൾ ഞങ്ങളെ പൊതിഞ്ഞു. നേരത്തെ പറഞ്ഞ സലീഷേട്ടന്റെ കൂട്ടുകാരാണ് അവർ. സലീഷേട്ടനെ കണ്ടപ്പോഴുള്ള അവരുടെ സ്നേഹപ്രകടനം… ഹോ… സത്യത്തിൽ കണ്ണു നിറഞ്ഞുപോയി. ഒരു മനുഷ്യന് പോലും ഇത്രയ്ക്ക് നന്ദി പ്രകടിപ്പിക്കുവാൻ കഴിയില്ല. അവിടെ ജീപ്പ് പാർക്ക് ചെയ്തിട്ട് വേണം ഇനി പുഴയിലേക്ക് നടക്കുവാൻ. നായ്ക്കൾ ഞങ്ങൾക്ക് മുന്നിൽ എസ്കോർട്ടായി നടന്നു. അങ്ങനെ ഞങ്ങൾ പുഴക്കരയിലെത്തി. അവിടെവെച്ച് സലീഷേട്ടൻ കയ്യിൽ കരുതിയ ബിസ്‌ക്കറ്റുകൾ നായ്ക്കൾക്ക് ഇട്ടു കൊടുക്കുകയും ചെയ്തു. അനുസരണയോടെ അവ അത് കഴിക്കുന്നതും നോക്കി പുഞ്ചിരിയോടെ ഞങ്ങളും.

കേരള – തമിഴ്‌നാട് അതിർത്തിയിലാണ് ഇവിടെ ഭവാനിപ്പുഴ. ഭവാനിപ്പുഴയെക്കുറിച്ച് നിങ്ങൾ ചെറുപ്പത്തിൽ സോഷ്യൽ സയൻസ് ക്ലാസ്സിൽ പഠിച്ചുകാണും. എന്നിരുന്നാലും കുറച്ചു വിവരങ്ങൾ ഞാൻ പറഞ്ഞു തരാം. കേരളത്തിൽ നിന്ന് ഉദ്ഭവിച്ച് തമിഴ്നാട്ടിലേയ്ക്ക് ഒഴുകുന്ന ഒരു നദിയാണ് ഭവാനിപ്പുഴ. കേരളത്തിലെ സൈലന്റ് വാലിയിൽ നിന്ന് ഉത്ഭവിക്കുന്ന ഈ നദി പാലക്കാട് ജില്ലയിലൂടെ ഒഴുകി കൽക്കണ്ടിയൂർ എന്ന സ്ഥലത്തു വച്ച് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നു. ഒപ്പംതന്നെ കേരളത്തിൽ നിന്നും കിഴക്കോട്ട് ഒഴുകുന്ന മൂന്നു നദികളിൽ ഒന്നാണ് ഭവാനി. കബനി, പാമ്പാർ എന്നിവയാണ് മറ്റു രണ്ടെണ്ണം. പ്രശസ്തമായ ശിരുവാണിപ്പുഴ ഭവാനിയുടെ പോഷകനദിയാണ്. തമിഴ്നാട്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ നദി കൂടിയായ, 400 കിലോമീറ്ററോളം നീളമുള്ള ഭവാനി ഈറോഡിനടുത്ത് കാവേരി നദിയുമായി കൂടിച്ചേരുന്നു.

അങ്ങനെ ഞങ്ങൾ ഭവാനിയുടെ മടിയിലേക്ക് ഇറങ്ങി. ശാന്തമായി ഒഴുകിക്കൊണ്ടിരുന്ന ഭവാനിപുഴയിൽ അത്യാവശ്യം നല്ല ഒഴുക്ക് ഉണ്ടായിരുന്നു. എങ്കിൽക്കൂടിയും അപകട സാധ്യതയില്ലാത്ത ഇടമായിരുന്നു അത്. പുഴയിൽ കുളിക്കുന്നതിന്റെ ആ ഒരു ഫീൽ ഒരു സ്വിമ്മിങ് പൂളിൽ കുളിച്ചാലും കിട്ടില്ല. നീന്തലറിയാത്ത ഞാനും ആന്റണിയും പുഴയിൽ തിമിർത്തു രസിച്ചു. കോയമ്പത്തൂർ സിറ്റി മുഴുവനും കുടിക്കുന്നത് ഈ ഭവാനിപ്പുഴയിലെ വെള്ളമാണത്രേ. നല്ല അടിപൊളി അനുഭവമായിരുന്നു പുഴയിലെ ആ കുളി. ഏകദേശം മുക്കാൽ മണിക്കൂറോളം ഞങ്ങൾ പുഴയിൽ കുളിച്ചു രസിച്ചു. എത്ര നേരം അവിടെ കിടന്നാലും മതിവരില്ല. ഈ സമയമത്രയും ഞങ്ങളെ കാത്ത് നായ്ക്കൾ കരയിൽ കിടക്കുകയായിരുന്നു. അവർ ആദ്യമേ തന്നെ കുളി കഴിഞ്ഞു കയറിയതായിരുന്നു. നല്ല അനുസരണയുള്ള നായ്ക്കൾ. ഞങ്ങൾ കുളിയൊക്കെ കഴിഞ്ഞു തിരിച്ചു കയറി നായ്ക്കളെയും കൊണ്ട് തിരികെ ജീപ്പിനരികിലേക്ക് നടന്നു. പുഴയിൽ നിന്നും അവിടേക്ക് അഞ്ച് മിനിട്ടു ദൂരം നടക്കണം. നായ്ക്കളോടു ടാറ്റാ പറഞ്ഞുകൊണ്ട് ഞങ്ങൾ റിസോർട്ടിലേക്ക് യാത്രയായി.

വരുന്ന വഴിയിൽ ഞങ്ങൾ ഒരിടത്തു നിർത്തി കുലുക്കി സർബത്ത് കുടിച്ചു. കടക്കാരൻ സലീഷേട്ടന്റെ ഒരു സുഹൃത്ത് കൂടിയാണ്. അങ്ങനെ വന്ന വഴിയേ ഞങ്ങൾ റിസോർട്ടിലേക്ക് തിരിച്ചെത്തി. റിസോർട്ടിലെത്തിയപ്പോൾ സമയം ഉച്ചയായിരുന്നു. പുഴയിൽ തിമിർത്തു രസിച്ചിരുന്നതിനാൽ എല്ലാവര്ക്കും നല്ല വിശപ്പും ഉണ്ടായിരുന്നു. റിസോർട്ടിൽ എത്തിയതും നേരെ ഞങ്ങൾ ഭക്ഷണം കഴിക്കുവാനായി ഓടി. നല്ല അടിപൊളി ഫുഡ് ആയിരുന്നു. മട്ടണും ചിക്കനും മീനുമൊക്കെ നിറഞ്ഞ ഒരു കിടിലൻ ബുഫെ ലഞ്ച്. അഞ്ഞൂറ് രൂപയാണ് ഈ ബുഫെ ലഞ്ചിന്‌ ഇവിടെ ചാർജ്ജ്. അഞ്ഞൂറ് രൂപയ്ക്ക് വളരെ ലാഭമാണ് ധാരാളം വിഭവങ്ങൾ നിറഞ്ഞ ഈ ഊണ്. ഊണ് കഴിഞ്ഞ ശേഷം ഞങ്ങൾ റൂമിലേക്ക് നടന്നു. ഇനി കുറച്ചു സമയം വിശ്രമിക്കണം. അതിനു ശേഷം മറ്റൊരു കാര്യം കൂടിയുണ്ട്. ഞങ്ങൾ ഇന്ന് റൂം മാറുകയാണ്. വീട്ടിലേക്ക് പോകാനൊന്നുമല്ലാട്ടോ.. ഇന്ന് ഇനി ഞങ്ങൾ താമസിക്കുവാൻ പോകുന്നത് ഇവിടത്തെ കിടിലനായ ഹണിമൂൺ സ്യൂട്ടിലേക്കാണ്. ഹണിമൂൺ സ്യൂട്ടിലെ വിശേഷങ്ങൾ ഇനി അടുത്ത എപ്പിസോഡിൽ പറയാം. ഇപ്പോൾ ഞങ്ങൾക്ക് നല്ല ക്ഷീണമുണ്ട്. ഒന്ന് വിശ്രമിക്കട്ടെ…

എസ് ആർ ജങ്കിൾ റിസോർട്ടിൽ ഓൺലൈൻ ബുക്കിംഗ് സൗകര്യം ഇല്ലെന്ന കാര്യം ആരും മറക്കല്ലേ. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും നേരിട്ട് വിളിക്കുക: 8973950555.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.