ദുബായിൽ വന്നിട്ട് ഇത് രണ്ടാം ദിവസം. രാവിലെ ഉണർന്നയുടനെ നേരെ റൂമിന്റെ ഗ്ലാസ് വിൻഡോയിലൂടെ നോക്കിയപ്പോൾ കണ്ടത് മനോഹരമായ ദുബായ് കാഴ്ചകൾ ആയിരുന്നു. ശ്വേതയാണെങ്കിൽ മേക്കപ്പ് ചെയ്യുവാനുള്ള ഒരുക്കത്തിലും. അങ്ങനെ ഞങ്ങൾ വേഗം റെഡിയായി ഹോട്ടലിന്റെ താഴത്തെ നിലയിലേക്ക് നീങ്ങി. അപ്പോഴേക്കും എമിലും റെഡിയായി എത്തിയിരുന്നു. താഴെ ഞങ്ങളെക്കാത്ത് റോയൽ ഗ്രിൽ റെസ്റ്റോറന്റിന്റെ ആളുകൾ എത്തിയിരുന്നു.

അങ്ങനെ ഞങ്ങൾ അവരോടൊപ്പം കാറിൽക്കയറി റോയൽ ഗ്രിൽ റെസ്റ്റോറന്റിലേക്ക് യാത്രയായി. പോകുന്ന വഴി നല്ല രീതിയിലുള്ള പൊടിക്കാറ്റ് കാണുവാൻ സാധിച്ചു. ആദ്യം അത് കണ്ടപ്പോൾ കോടമഞ്ഞാണോ എന്ന് ശ്വേത ഒരുനിമിഷം സംശയിച്ചു. പിന്നീടാണ് പൊടിക്കാറ്റാണ് കക്ഷിയെന്നു മനസ്സിലായത്. ഒടുവിൽ ഞങ്ങൾ റെസ്റ്റോറന്റിൽ എത്തിച്ചേർന്നു. അവിടെ ഞങ്ങളെക്കാത്ത് യൂട്യൂബർസ്‌ എത്തിത്തുടങ്ങിയിരുന്നു. ചെന്നപാടെ അവരെയല്ലാം പരിചയപ്പെടുകയും പിന്നീട് ബ്രേക്ക്ഫാസ്റ്റ് കഴിക്കുവാനായി റെസ്റ്റോറന്റിലേക്ക് നീങ്ങുകയും ചെയ്തു.

അപ്പവും കടലക്കറിയും ആയിരുന്നു ഞങ്ങൾ ബ്രേക്ക്ഫാസ്റ്റായി കഴിച്ചത്. അതോടൊപ്പം മുട്ട റോസ്റ്റും ഉണ്ടായിരുന്നു. സ്ഥലം ദുബായ് ആയിരുന്നുവെങ്കിലും രുചി നമ്മുടെ സ്വന്തം കേരളത്തിലേത് തന്നെയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഡിന്നറിനു കഴിച്ച മീൻകറിയുടെ രുചി അപ്പോഴും ഞങ്ങളുടെ നാവിൽ നിന്നും പോയിരുന്നില്ല. ബ്രേക്ക് ഫാസ്റ്റിനു ശേഷം ഞങ്ങൾ അന്നത്തെ പ്രധാന പ്രോഗ്രാമായിരുന്ന ടെക് ട്രാവൽ ഈറ്റ് മീറ്റപ്പിനായി തയ്യാറാക്കിയിരുന്ന ഇടത്തേക്ക് ചെന്നു.

പ്രവാസികളായ, കേരളത്തിൽ നിന്നുള്ള വ്ലോഗർമാരായിരുന്നു മീറ്റപ്പിൽ പങ്കെടുക്കുവാനായി അവിടെ എത്തിയിരുന്നത്. കേരളത്തിലെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിൽ നിന്നുള്ളവർ വരെ മീറ്റപ്പിൽ പങ്കെടുത്തു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. വന്നവരെല്ലാം ഞങ്ങളോടൊപ്പം നിന്ന് എല്ലാവരെയും പരിചയപ്പെടുകയും സ്വയം പരിചയപ്പെടുത്തുകയുമൊക്കെ ചെയ്തു. പിന്നീട് മറ്റുള്ളവരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമൊക്കെ ഞാനും ശ്വേതയും എമിലും ഉത്തരം നൽകി. വളരെ രസകരമായ നിമിഷങ്ങൾക്കായിരുന്നു അന്ന് റോയൽ ഗ്രിൽ റെസ്റ്റോറന്റ് സാക്ഷ്യം വഹിച്ചത്.

എല്ലാവരുമൊത്തുള്ള വിശേഷങ്ങൾ പങ്കുവെക്കലുകൾക്കും ചോദ്യങ്ങൾക്കും ശേഷം ഞങ്ങൾ എല്ലാവരും ചേർന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയുണ്ടായി. അതിനുശേഷം എല്ലാവരും ചേർന്നുള്ള ലഞ്ച് ആയിരുന്നു അടുത്ത പരിപാടി. പലതരത്തിലുള്ള വ്യത്യസ്തങ്ങളായ, രുചികരമായ വിഭവങ്ങൾ നിറഞ്ഞ ഒരു ബുഫെ ലഞ്ച് ആയിരുന്നു ഞങ്ങൾക്കായി റോയൽ ഗ്രിൽ റെസ്റ്റോറന്റ് തയ്യാറാക്കിയിരുന്നത്. ഒരു ഫ്രണ്ട്ലി മീറ്റപ്പ് എന്നതിലുപരി ഒരു ഫാമിലി മീറ്റപ്പ് ആയി ഈ പ്രോഗ്രാം മാറി എന്നത് എല്ലാവർക്കും സന്തോഷം പകരുന്ന ഒരു കാര്യമായിരുന്നു.

അങ്ങനെ ലഞ്ചിനു ശേഷം ഞങ്ങൾ തിരികെ ഹോട്ടലിലേക്ക് യാത്രയായി. ഇനി വൈകീട്ട് 4 മണിക്ക് വീണ്ടും റോയൽ ഗ്രിൽ റെസ്റ്റോറന്റിൽ വെച്ച് ഒരു സബ്സ്ക്രൈബേഴ്‌സ് മീറ്റപ്പ് കൂടിയുണ്ട്. അതിനായി ഒരു കിടിലൻ സർപ്രൈസ് കൂടി ബാക്കിവെച്ചിട്ടായിരുന്നു ഞങ്ങളുടെ ഹോട്ടലിലേക്കുള്ള മടക്കം. ആ സർപ്രൈസും മീറ്റപ്പ് വിശേഷങ്ങളുമൊക്കെ ഇനി അടുത്ത എപ്പിസോഡിൽ കാണാം. Royal Grill Restaurant: 048829020, 0568002524.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.