തലശ്ശേരിയിലെ കാഴ്ചകൾ ആസ്വദിച്ചതിനു ശേഷം ഞങ്ങൾ പിന്നീട് കണ്ണൂർ ലക്ഷ്യമാക്കി നീങ്ങി. തലശ്ശേരിയ്ക്കും കണ്ണൂരിനും ഇടയിലുള്ള മുഴുപ്പിലങ്ങാട് ബീച്ച് ആയിരുന്നു ഞങ്ങളുടെ അടുത്ത ലക്‌ഷ്യം. മുഴുപ്പിലങ്ങാട് ബീച്ചിനെക്കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകും. കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച് ആണ് മുഴുപ്പിലങ്ങാട്. ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് എന്ന പദവിയും മുഴുപ്പിലങ്ങാടിനു സ്വന്തമാണ്.

അങ്ങനെ ഞങ്ങൾ യാത്രചെയ്ത് മുഴുപ്പിലങ്ങാട് ബീച്ചിൽ എത്തിച്ചേർന്നു. ബീച്ചിൽ ഇറങ്ങുന്ന വാഹനങ്ങൾക്ക് ടോൾ കൊടുക്കേണ്ടതാണ്. കാറിനു 30 രൂപയും ഓട്ടോയ്ക്ക് 20 രൂപയും ഇരുചക്രവാഹനങ്ങൾക്ക് 10 രൂപയും മറ്റു വലിയ വാഹനങ്ങൾക്ക് 50 രൂപയുമാണ് ടോൾ നിരക്ക്. ബീച്ചിന്റെ എൻട്രൻസിലും പരിസരത്തും നിർത്തിയിടുന്ന വാഹനങ്ങൾക്കും ഈ ടോൾ ബാധകമാണ്. അങ്ങനെ ഞങ്ങൾ 30 രൂപ ടോൾ കൊടുത്ത് ബീച്ചിലേക്ക് വാഹനം ഇറക്കി.

ഉച്ചസമയം ആയിരുന്നതിനാൽ നല്ല ചൂട് ആയിരുന്നു അവിടെ. അതുകൊണ്ട് അധികമാളുകൾ അവിടെ ഉണ്ടായിരുന്നില്ല. ബീച്ചിൽ വാഹനമിറക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ബീച്ചിൽ 20 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ വാഹനങ്ങൾ ഓടിക്കുവാൻ പാടുള്ളതല്ല. വെള്ളത്തിലേക്കും വാഹനം ഇറക്കുവാൻ പാടുള്ളതല്ല. അതുപോലെതന്നെ ഇവിടെ റേസിംഗ് പോലുള്ള അഭ്യാസപ്രകടനങ്ങളും അനുവദിക്കുന്നതല്ല. മദ്യപിച്ചു വന്നു വാഹനമോടിച്ച് പ്രശ്നമുണ്ടാക്കുന്നവർ പോലീസിന്റെയും പരിസരവാസികളുടെയും കരുത്ത് അറിയും.

ബീച്ചിൽ അധികം വെള്ളമുള്ളിടത്ത് വാഹനം പാർക്ക് ചെയ്‌താൽ ചിലപ്പോൾ പണികിട്ടുവാൻ സാധ്യതയുണ്ട്. മുൻപ് എനിക്ക് ഒരുതവണ പണി കിട്ടിയതുകൊണ്ടാണ് ഇത് പറയുന്നത്. അതുപോലെതന്നെ പൂഴിമണൽ കൂടുതൽ ഉള്ളിടത്തും വാഹനം അധികം ഓടിക്കുവാൻ ശ്രമിക്കരുത്. ബീച്ചിൽ വാഹനം ഇറക്കിയാൽ അധികം വൈകാതെ തന്നെ ഷോറൂമിൽ കൊണ്ടുപോയി ഒരു വാട്ടർ സർവ്വീസ് നടത്തുന്നത് ഉത്തമമായിരിക്കും.

ഞങ്ങൾ ബീച്ചിൽ അങ്ങിങ്ങോളം കാർ ഓടിച്ചു രസിച്ചു. ഞാൻ മുൻപ് പലതവണ ഇവിടെ വന്നിട്ടുള്ളതാണെങ്കിലും ശ്വേതയ്ക്ക് ഇത് ആദ്യത്തെ അനുഭവമായിരുന്നു. ബീച്ചിൽ ധാരാളം ആളുകൾ ഡ്രൈവിംഗ് പഠിക്കുവാനും മറ്റും എത്താറുണ്ട്. ഞങ്ങൾ പോയപ്പോഴും ഒന്നു രണ്ടുപേർ ഡ്രൈവിംഗ് പഠിക്കുന്നുണ്ടായിരുന്നു. ഏകദേശം നാല് കിലോമീറ്റർ വരെ ഈ ബീച്ചിലൂടെ നമുക്ക് വാഹനം ഓടിക്കുവാൻ കഴിയും. വേലിയേറ്റ സമയത്ത് വെള്ളം കയറി നനയുമ്പോൾ ഇവിടെയുള്ള മണലിന് ഉറപ്പ് വർദ്ധിക്കുന്നതിനാലാണ് ഇവിടെ വണ്ടികളുടെ ടയറുകൾ താഴ്ന്നു പോകാത്തത്.

ബീച്ചിലെ ഒരിടത്തുള്ള കൽക്കെട്ടിൽ വെച്ച് ഞങ്ങൾ പരിസരവാസിയായ ഒരു പയ്യനെ പരിചയപ്പെട്ടു. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയായ ഫിനാസ് ആയിരുന്നു അത്. കൽക്കെട്ടിൽ പറ്റിപ്പിടിച്ചിരിക്കുന്ന കല്ലുമ്മേക്കായ് ഫിനാസ് ഞങ്ങൾക്ക് കാണിച്ചു തന്നു. അതിനെക്കുറിച്ച് ചെറിയൊരു ക്ലാസ്സും ഫിനാസ് ഞങ്ങൾക്ക് തരികയുണ്ടായി. ബീച്ച് ഒരിക്കലും മലിനമാക്കരുത് എന്നായിരുന്നു ഫിനാസിന് സഞ്ചാരികളോട് പറയുവാനുണ്ടായിരുന്നത്. നല്ലൊരു പയ്യനായിരുന്നു ഫിനാസ്… വളർന്നു വരുന്ന ഒരു ഉത്തമ പൗരൻ…

മുഴുപ്പിലങ്ങാട് ബീച്ചിൽ നിന്നും ഏകദേശം 200 മീറ്റർ ദൂരത്തായി ഒരു ദ്വീപ് സ്ഥിതി ചെയ്യുന്നുണ്ട്. അതാണ് പ്രസിദ്ധമായ ധർമ്മടം തുരുത്ത്. വേലിയിറക്ക സമയത്ത് ദ്വീപിലേക്ക് കടലിലൂടെ നടന്നുപോകാൻ സാധിക്കും. എന്നാൽ ഞങ്ങൾ പോയപ്പോൾ വെള്ളമുണ്ടായിരുന്നതിനാൽ നടന്നു പോകുവാൻ സാധിച്ചില്ല. ഏതാനും വർഷങ്ങളായി ഏപ്രിൽ – മെയ് മാസത്തിൽ ഇവിടെ ‘ബീച്ച് ഫസ്റ്റിവൽ’ നടക്കാറുണ്ട്. കടലിലെ സാഹസിക യാത്ര, ഉല്ലാസ യാത്രകൾ, കുട്ടികളുടെ വിനോദ പരിപാടികൾ, കലാ-സാംസ്ക്കാരിക പരിപാടികൾ, പ്രദർശനങ്ങൾ എന്നിവയെല്ലാം ആഘോഷത്തിന്റെ ഭാഗമായി ഇവിടെ ഒരുക്കാറുണ്ട്. ശൈത്യകാലങ്ങളിൽ ബീച്ചിലും ധർമ്മടം തുരുത്തിലും ഒക്കെ ധാരാളം ദേശാടന പക്ഷികൾ വിരുന്നു വരാറുണ്ട്. ആ സമയത്ത് ഇവിടങ്ങളിൽ നിരവധി ഫോട്ടോഗ്രാഫർമാർ വരാറുണ്ട്.

അങ്ങനെ മുഴുപ്പിലങ്ങാട് ബീച്ചിലെ ഡ്രൈവിംഗും കാഴ്ചകളും ആസ്വദിച്ചതിനു ശേഷം ഞങ്ങൾ കണ്ണൂരിലേക്ക് യാത്രയായി. കണ്ണൂരിലുള്ള വീഡിയോ ലിങ്ക്സ് എന്ന ഷോപ്പിൽ നിന്നും എനിക്ക് കുറച്ച് പർച്ചേസ് നടത്തുവാനുണ്ടായിരുന്നു. വേറൊന്നുമല്ല ക്യാമറയ്ക്ക് ഒരു സ്പെയർ ബാറ്ററിയും ചാർജ്ജറും. പിന്നീട് ഞങ്ങൾ പോയത് 200 വർഷത്തിലേറെ പഴക്കമുള്ള സെന്റ് ജോൺസ് CSI ചർച്ചിലേക്ക് ആയിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷന് തൊട്ടടുത്തു തന്നെയായിരുന്നു ഈ പള്ളിയും. അവിടത്തെ ഫാദർ രാജു അച്ചൻ എന്റെയൊരു സുഹൃത്ത് കൂടിയാണ്. ഇനി ഇന്ന് അവിടെയാണ് ഞങ്ങളുടെ താമസം. അവിടത്തെ വിശേഷങ്ങൾ ഇനി അടുത്ത എപ്പിസോഡിൽ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.