ആന്ധ്രാപ്രദേശിലെ ഞങ്ങളുടെ ആദ്യത്തെ ദിവസം പുലർന്നു. രാവിലെ തന്നെ റെഡിയായി ബ്രേക്ക് ഫാസ്റ്റിനു ആന്ധ്രാ സ്പെഷ്യൽ മസാല ദോശയും കഴിച്ചു ഞങ്ങൾ വിശാഖപട്ടണം ലക്ഷ്യമാക്കി യാത്ര തുടങ്ങി. പോകുന്ന വഴിയിൽ ആറുവരിപ്പാതയുള്ള ഒരു പാലം കാണുവാനിടയായി. വളരെ ആകർഷണീയമായി തോന്നിയതിനാൽ ഞങ്ങൾ അവിടെ വണ്ടി നിർത്തി ഇറങ്ങി. പെന്ന എന്ന നടിയുടെ മുകളിലൂടെ പണിതിരിക്കുന്ന ഒരു ഫലമായിരുന്നു അത്. നദി എന്നൊക്കെ പറച്ചിൽ മാത്രമായിരുന്നു. താഴെ കുറേക്കാലമായി വെള്ളം വറ്റിയ നിലയിലായിരുന്നു. അങ്ങകലെ ഫ്‌ളാറ്റുകൾ കെട്ടിപ്പടുത്തുയർത്തിയിരിക്കുന്നു. ഒരിക്കലും നമ്മുടെ നാട്ടിൽ ഇതുപോലെ നദികൾ കാലങ്ങളോളമായി വറ്റിപ്പോകാറില്ല. കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ എന്ന് ഞങ്ങൾ മനസ്സിലോർത്തു.

വഴിയിലുള്ള ടോൾ ബൂത്തിൽ ഫാസ്റ്റാഗ് സംവിധാനം ഇല്ലായിരുന്നതിനാൽ പണം കയ്യിൽ നിന്നും എടുത്തുകൊടുത്ത് ടോൾ അടച്ചു ഞങ്ങൾക്ക് യാത്ര ചെയ്യേണ്ടി വന്നു. ഹൈവേയുടെ അരികിൽ ധാരാളം മാങ്ങകൾ വിൽക്കുന്ന ചെറിയ തട്ടുകടകൾ കണ്ടു. ചില കടകളുടെയൊപ്പം കടക്കാർ താമസിക്കുന്ന വീടും കൂടിയുണ്ടായിരുന്നു. ഞങ്ങൾ അത്തരത്തിലുള്ള ഒരിടത്ത് വണ്ടി നിർത്തി അവരോട് ചെറിയ കുശലാന്വേഷണങ്ങളെല്ലാം നടത്തുകയും അവിടെ നിന്നും നല്ല പഴുത്ത മാങ്ങ ഞങ്ങൾ വാങ്ങുകയും ചെയ്തു. ഞങ്ങൾക്ക് അവിടെ നിന്നുകൊണ്ടു തന്നെ കഴിക്കുവാനായി രണ്ടു മാങ്ങകൾ അവർ മുറിച്ചു തന്നു. സത്യം പറയാമല്ലോ, നല്ല അടിപൊളി മധുരമുള്ള മാങ്ങയായിരുന്നു അത്. ‘ബങ്കനപ്പള്ളി’ മാമ്പഴം ആയിരുന്നു ഞങ്ങളുടെ സ്വാദ് മുകുളങ്ങളെ കൊതിപ്പിച്ച ആ ഐറ്റം. ഞാനും എമിലും മത്സരിച്ചു കഴിച്ചു ആ മാങ്ങകൾ തീർത്തു. മാങ്ങയണ്ടി മാത്രം ബാക്കിയായി. അങ്ങനെ ഞങ്ങൾ മാങ്ങ വില്പനക്കാരോട് ബൈ പറഞ്ഞുകൊണ്ട് വീണ്ടും യാത്ര തുടർന്നു.

നല്ല കിടിലൻ ഹൈവേ ആയിരുന്നതിനാൽ 100 – 110 കി.മീ. സ്പീഡിൽ ആയിരുന്നു ഞങ്ങൾ പോയിരുന്നത്. ചില കാറുകാരൊക്കെ 110 നും മേലെ സ്പീഡ് എടുത്തു ഞങ്ങളെ വെട്ടിച്ചുകൊണ്ട് പോകുന്നുണ്ടായിരുന്നു. “സ്പീഡ് ത്രിൽസ്, ബട്ട് കിൽസ്” എന്ന വാക്കുകൾ ഓർമ്മയിലുണ്ടായിരുന്നതിനാൽ ഞങ്ങൾ ആരോടും മത്സരത്തിനു നിന്നില്ല. പോകുന്ന വഴിയിൽ നെല്ലൂരിനും ഹോങ്കോളിനും ഇടയിലായി ഒരു ടോൾപ്ലാസയ്ക്ക് മുകളിൽ ഹോട്ടൽ പ്രവർത്തിക്കുന്നത് കണ്ടു. ആദ്യമായിട്ടായിരുന്നു ഒരു ടോൾ പ്ലാസയ്ക്ക് മുകളിൽ ഒരു റെസ്റ്റോറന്റ് കാണുന്നത്. നിർഭാഗ്യവശാൽ നേരത്തെ ഭക്ഷണം കഴിച്ചിരുന്നതിനാൽ ഞങ്ങൾക്ക് ആ റെസ്റ്റോറന്റിൽ കയറുവാൻ സാധിച്ചില്ല.

മുൻപ് പറഞ്ഞ ടോൾ പ്ലാസയിൽ എല്ലാ ലെയ്‌നിലും ഫാസ്റ്റാഗ് ഉണ്ടായിരുന്നതിനാൽ എളുപ്പത്തിൽ ഞങ്ങൾ ടോൾ കൊടുത്തു കടന്നു. അപ്പോഴാണ് വീഡിയോ കണ്ടു പരിചയമുള്ള ഒരു ഫാമിലി കാറിൽ വന്നു എന്നെ പരിചയപ്പെടുന്നത്. ആദ്യം വിചാരിച്ചു മലയാളി ഫാമിലി ആണെന്ന്. പക്ഷെ അവരോട് സംസാരിച്ചപ്പോഴാണ് ആന്ധ്രാക്കാർ ആണെന്നു മനസ്സിലായത്. തെലുങ്ക് നാട്ടിലും നമുക്ക് Subscribers ഉണ്ടെന്ന കാര്യം എന്നെ വളരെയധികം സന്തോഷിപ്പിച്ചു. അങ്ങനെ ഹൈവേയിലൂടെ സഞ്ചരിച്ചു ഞങ്ങൾ കൃഷ്ണാ നദിയൊക്കെ കടന്നു വിജയവാഡയിൽ എത്തിച്ചേർന്നു. വിജയവാഡയിലെ ജോയ് ആലുക്കാസ് ഷോറൂമിലെ മലയാളി ജീവനക്കാർ ഞങ്ങൾക്ക് ചെറിയൊരു സ്വീകരണം ഒരുക്കിയിരുന്നു. ഒപ്പം ഞങ്ങളുടെ ആ ദിവസത്തെ ഊണ് അവരുടെ വകയായിരുന്നു. നല്ല നാടൻ ചോറും മീന്കറിയുമൊക്കെ കൂട്ടി അടിപൊളി ഊണായിരുന്നു അവർ ഞങ്ങൾക്കായി ഒരുക്കിയത്. ഊണിനു ശേഷം കുറച്ചു സമയം ഞങ്ങൾ അവരോടൊപ്പം ചെലവഴിക്കുകയുണ്ടായി. ജോയ് ആലുക്കാസിലെ സുഹൃത്തുക്കളോട് യാത്ര പറഞ്ഞുകൊണ്ട് ഞങ്ങൾ വിശാഖപട്ടണം ലക്ഷ്യമാക്കി നീങ്ങി.

വിജയവാഡയിൽ നിന്നും വിശാഖപട്ടണത്തിലേക്കുള്ള റോഡ് അതുവരെ കണ്ടപോലത്തെ അത്രയ്ക്ക് മികച്ചതായിരുന്നില്ല. കൂടാതെ ലോറിക്കാരാണെങ്കിൽ വല്ലാതെ പേടിപ്പിച്ചുകൊണ്ടുള്ള റാഷ് ഡ്രൈവിംഗും. ഇതുവഴി യാത്ര പോകുന്നവർ ഡ്രൈവിംഗിൽ അൽപ്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. വഴിയിൽ പലയിടത്തും അപകട സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ കാണാമായിരുന്നു. ചിലയിടങ്ങളിൽ തെങ്ങുകളും മരങ്ങളുമൊക്കെ കണ്ടെങ്കിലും അവിടെയൊക്കെ ഒരു തുള്ളി വെള്ളം കിട്ടുവാനുള്ള വകുപ്പ് പോലും ഉണ്ടായിരുന്നില്ല. ചൂട് ആണെങ്കിൽ അതികഠിനവും.

പോകുന്ന വഴിയ്ക്ക് ചിലയിടങ്ങളിൽ ഗൂഗിൾ മാപ്പ് ഷോർട്ട് കട്ട് വഴികൾ കാണിച്ചു തന്നെങ്കിലും ഒറ്റനോട്ടത്തിൽ വഴി മോശമായി തോന്നിയതിനാൽ അടുത്തു പാർക്ക് ചെയ്തിരുന്ന ലോറിക്കാരോട് വഴി ചോദിച്ചപ്പോൾ നേരെയുള്ള നല്ല വഴി പറഞ്ഞു തന്നു. അങ്ങനെ ഗൂഗിൾ മാപ്പിനെ പറ്റിച്ചു ഞങ്ങൾ ലോറിക്കാർ പറഞ്ഞ നല്ല വഴിയിലൂടെ യാത്ര തുടർന്നു. രാത്രിയോടെ ഞങ്ങൾക്ക് വിശാഖപട്ടണത്ത് എത്തുവാൻ സാധിക്കും. അവിടെ ഞങ്ങൾക്ക് താജ് ഹോട്ടലിൽ ഫ്രീയായി താമസവും ഭക്ഷണവുമെല്ലാം നമ്മുടെ ഒരു ഫോളോവറും വിശാഖപട്ടണം താജ് ഗേറ്റ് വേ ഹോട്ടലിലെ റെസ്റ്റോറൻറ് മാനേജരുമായ ഭരത് ഒരുക്കിയിട്ടുണ്ടായിരുന്നു.

അങ്ങനെ ഞങ്ങൾ രാത്രിയോടെ വിശാഖപട്ടണത്തെ താജ് ഹോട്ടലിൽ എത്തിച്ചേർന്നു. മികച്ച രീതിയിലുള്ള സ്വീകരണമായിരുന്നു ഞങ്ങൾക്ക് അവിടെ ലഭിച്ചത്. അവിടത്തെ ജീവനക്കാരെല്ലാം വന്നു ഞങ്ങളെ പരിചയപ്പെടുകയുണ്ടായി. തിരുവനന്തപുരം സ്വദേശിയായ ഭരത് ഞങ്ങൾക്ക് ഹോട്ടലിനെക്കുറിച്ചുള്ള വിവരങ്ങളൊക്കെ പറഞ്ഞു തന്നു. ഞങ്ങളെ റൂമിൽ കൊണ്ടുചെന്നാക്കുകയും ചെയ്തു. റൂമിൽ ചെന്നു കുളിച്ചു ഫ്രഷായ ശേഷം ഞങ്ങൾ ഹോട്ടലിലെ റെസ്റ്റോറന്റിലേക്ക് പോയി. ഡിന്നറിനു ഞങ്ങൾക്ക് വ്യത്യസ്തമായ വിഭവങ്ങളായിരുന്നു ഭരത് ഒരുക്കിയിരുന്നത്. അതിനിടെ 35 വർഷമായി അതേ ഹോട്ടലിൽ ഷെഫായി ജോലിചെയ്യുന്ന ബംഗാൾ സ്വദേശി സെബാസ്റ്റ്യൻ മൊണ്ടലിനെ പരിചയപ്പെടുകയുണ്ടായി. രാജകീയമായ രീതിയിൽ ഡിന്നറൊക്കെ കഴിച്ചശേഷം ഞങ്ങൾ ഭരത്തിന്റെ കൂടെ ഹോട്ടലൊക്കെ ഒന്നു ചുറ്റിക്കറങ്ങുവാനായി പോയി. ഹോട്ടലിന്റെ അപ്പുറത്ത് നാലുവരിപ്പാതയാണ്. അതിനു തൊട്ടപ്പുറത്തായി കടലും. അറബിക്കടലല്ല, ബംഗാൾ ഉൾക്കടൽ.. അതെ പണ്ട് സോഷ്യൽ സയൻസിൽ നമ്മൾ പഠിച്ച അതേ ബംഗാൾ ഉൾക്കടൽ തന്നെ.

കുറച്ചു സമയം ഭരതുമായി വിശേഷങ്ങൾ പങ്കുവെച്ച ശേഷം, അടുത്ത ദിവസം രാവിലെ പകൽവെളിച്ചത്തിൽ ഹോട്ടലിലെ കാഴ്ചകളൊക്കെ കാണാം എന്നു തീരുമാനിച്ചു കൊണ്ട് ഞങ്ങൾ ഉറങ്ങുവാനായി റൂമിലേക്ക് പോയി.

Our Sponsors: 1) Dream Catcher Resort, Munnar: 97456 37111, 2) SR Jungle Resort, Anaikatty: 89739 50555, 3) Goosebery Mens Apparel: http://goosebery.co.in , 4) Rotary Club Kochi United, 5) DBS Automotive: 97452 22566, 6) Kairali Ford: 81380 14455. Special Thanks to 1) Le Meridien, Kochi, 2) Redband Racing, Thrissur, 3) Nexus Communication, Penta Menaka, Kochi.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.