ആഗോള ഹോട്ടല്‍ ശൃംഖലയായ അക്കോര്‍ ഗ്രൂപ്പിനു കീഴിലുള്ള പഞ്ചനക്ഷത്ര ബിസിനസ് ഹോട്ടല്‍ ബ്രാന്‍ഡായ ‘നോവോടെല്‍’ കാക്കനാട് ഐഇന്ഫോപാര്ക്കിനു സമീപമാണ് പ്രവർത്തിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ അക്കോര്‍ ഹോട്ടല്‍സും കേരളത്തിലെ മുന്‍നിര ബിസ്സിനസ്സ് ഗ്രൂപ്പായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പും ചേര്‍ന്നാണ് കേരളത്തിലെ ആദ്യ നോവോടെല്‍ ഹോട്ടല്‍ ഇവിടെ യാഥാര്‍ത്ഥ്യമാക്കിയത്. വൈഫൈ സൗകര്യത്തോടുകൂടിയ 128 വിശാലമായ മുറികളാണ് നോവോടെല്ലില്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ എട്ടെണ്ണം സ്യൂട്ടാണ്. ഒരെണ്ണം ഭിന്നശേഷിയുള്ളവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്നു.

ഞാനും കൂടി അംഗമായ ‘ഒക്കോ’ (Original Content Creators Organization) എന്നു പേരുള്ള ഗ്രൂപ്പിന്റെ ഗെറ്റ് ടുഗെതർ പരിപാടിയ്ക്കായാണ് നോവോടെൽ ഹോട്ടൽ ഞങ്ങൾ എല്ലാവരും ചേർന്ന് ബുക്ക് ചെയ്തത്. ഞാനും എന്റെ അനിയനും കൂടിയാണ് നോവോടെല്ലിൽ താമസിക്കുവാനായി വന്നത്. ഫൈവ് സ്റ്റാർ ഹോട്ടലിലെ താമസം ഒന്നാലോചിച്ചു നോക്കിക്കേ. ഹോട്ടലിൽ ഞങ്ങളാണ് ആദ്യം എത്തിച്ചേർന്നത്. നേരെ പോയത് ഞങ്ങളുടെ റൂമിലേക്ക് ആയിരുന്നു. നാലാം നിലയിലായിരുന്നു ഞങ്ങളുടെ റൂം. നല്ല അടിപൊളി റൂം. രണ്ടു ബെഡ്ഡുകളുള്ള ഞങ്ങളുടെ റൂമിൽ വലിയ LED ടിവി, മിനി ബാർ, സ്നാക്ക്സ് എന്നിവയുണ്ടായിരുന്നു. മേശപ്പുറത്ത് ഒരു മൈതാനം പോലെ എന്തോ ഒന്ന് അലങ്കരിച്ചു വെച്ചിരിക്കുന്നത് കണ്ടിട്ടാണ് അതിനടുത്തേക്ക് ഞാൻ ചെന്നത്. അപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം തിരിച്ചറിഞ്ഞത്. അത് വെറും കാഴ്ചയ്ക്കുള്ള അലങ്കാരം മാത്രമല്ല. നമുക്ക് കഴിക്കുവാനുള്ള നല്ല ഒന്നാന്തരം ചോക്കലേറ്റ് ആണ്. അനിയനെക്കൊണ്ട് ഞാൻ അത് രുചിപ്പിച്ചു നോക്കി. അടിപൊളി.

റൂമൊക്കെ ചുറ്റിക്കണ്ട ശേഷം ഞങ്ങൾ താഴേക്ക് ഇറങ്ങി. ഞങ്ങളുടെ കൂടെയുള്ളവർ താഴെ എത്തിയിരിക്കുന്നു. ഓരോരുത്തരായിട്ടു വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. താഴെയിറങ്ങി എല്ലാവരെയും വിഷ് ചെയ്തു. ഹോട്ടലുകാർ എല്ലാവര്ക്കും വെൽക്കം ഡ്രിങ്ക് നൽകുകയും കുറി തൊട്ടു സ്വീകരിക്കുകയും ഒക്കെ ചെയ്തു. എല്ലാവരും വന്നു കഴിഞ്ഞപ്പോൾ ഞങ്ങൾ ഗ്രൂപ്പ് മീറ്ററിംഗിനായി ഗംഭീരമായ ബോർഡ് റൂമിൽ ഒത്തുകൂടി. പിന്നീട് നടന്നത് തീ പാറുന്ന ചർച്ചകൾ.. ഇത്രയും നാൾ കൊച്ചി എംജി റോഡിലെ ഐബിസ് ഹോട്ടലിൽ ആയിരുന്നു ഞങ്ങളുടെ പരിപാടികൾ എല്ലാംതന്നെ നടത്തിയിരുന്നത്. ഇപ്പോൾ അക്കോർ ഗ്രൂപ്പിന്റെ തന്നെയായ നോവോടെൽ കാക്കനാട് തുടങ്ങിയപ്പോൾ അവിടേക്ക് മാറ്റിയതാണ്.

പിന്നീട് ഞങ്ങൾ ഭക്ഷണം കഴിക്കുവാനായി റെസ്റ്റോറന്റിലേക്ക് നീങ്ങി. സ്‌ക്വയര്‍ എന്നായിരുന്നു റെസ്റ്റോറന്റിന്റെ പേര്. ദിവസവും പ്രവര്‍ത്തിക്കുന്ന ഈ റെസ്റ്റോറന്റിൽ തനി നാടന്‍ – മലബാര്‍ വിഭവങ്ങള്‍ മുതല്‍ വിദേശ വിഭവങ്ങള്‍ വരെ ലഭിക്കും. പേരറിയാത്ത വിഭവങ്ങളും ഉണ്ടായിരുന്നു. കൂടുതലൊന്നും ഞങ്ങൾ ചിന്തിക്കുവാൻ നിന്നില്ല. കണ്ട് ഇഷ്ടപ്പെട്ടത് എടുത്തങ്ങു കഴിക്കുകയായിരുന്നു ഞങ്ങൾ. ഭക്ഷണശേഷം കുറച്ചു സമയം ഞങ്ങൾ കുശലം പറഞ്ഞു സമയം കളഞ്ഞു. പിന്നീട് സ്വിമ്മിങ് പൂളിലേക്ക് ആയിരുന്നു ഞങ്ങൾ പോയത്. മുകളിലെ നിലയിലാണ് സ്വിമ്മിങ് പൂൾ . അതും ബാൽക്കണിയിൽ. വിദേശരാജ്യത്തെ ഏതോ ഹോട്ടലിൽ ചെന്ന പ്രതീതിയായിരുന്നു പൂള് കണ്ടപ്പോൾ ഞങ്ങൾക്ക് അനുഭവപ്പെട്ടത്. ആദ്യം പൂളിൽ എത്തിയപ്പോൾ നല്ല മഴയായിരുന്നു. മഴ മാറിയിട്ടു വേണം ഞങ്ങൾക്ക് പൂളിൽ ഇറങ്ങുവാൻ. മഴ മാറുന്നതുവരെ ഞങ്ങൾ ഹോട്ടലിലെ ജിമ്മിൽ പോയി കുറച്ചു സമയം കൊളസ്‌ട്രോൾ കളയുവാനുള്ള മാർഗ്ഗം നോക്കി. ചുമ്മാ…

മഴ മാറിയതിനു ശേഷം ഞങ്ങൾ പൂളിലേക്ക് പോയി. അവിടെ എല്ലാവരും പൂളിൽ ഇറങ്ങി കുളിയും കളിയും ഒക്കെ തുടങ്ങിയിരുന്നു. പൂളിലെ ആർമ്മാദത്തിനു ശേഷം ഞങ്ങൾ ഡിന്നർ കഴിക്കുവാനായി ഞങ്ങൾ റെസ്റ്റോറന്റിൽ ഒത്തുകൂടി. ഒത്തിരി വിഭവങ്ങൾ നിറഞ്ഞ ഒരു ബുഫെ ആയിരുന്നു ഡിന്നർ. വിവരിക്കുവാൻ വാക്കുകളില്ല. ഞങ്ങളുടെ കൂട്ടത്തിലെ രാജഗോപാൽ സാറിന്റെ ഭാര്യ റൂബി ചേച്ചിയുടെ ബർത്ത്ഡേ പാർട്ടിയും അന്ന് അവിടെ റസ്റ്റോറന്റിൽ വെച്ച് നടത്തുകയുണ്ടായി. ഭക്ഷണമൊക്കെ കഴിച്ചു നിറഞ്ഞപ്പോൾ ഞങ്ങൾക്ക് ഉറക്കം വന്നു തുടങ്ങിയിരുന്നു. രാവിലെ എട്ടുമണിയായപ്പോൾ ഞങ്ങൾ എഴുന്നേറ്റു റെഡിയായി ബ്രെക്ക് ഫാസ്റ്റ് കഴിക്കുവാനായി പോയി. ഭക്ഷണത്തിന്റെ കാര്യത്തിൽ ഈ ഹോട്ടലിൽ ഒരു കോംപ്രമൈസും ഇല്ല. ഹോട്ടലിലെ എക്സിക്യൂട്ടീവ് ഷെഫ് രാജേഷിനൊപ്പം കുറച്ച് കുക്കിംഗ് ആക്ടിവിറ്റിയിൽ കൂടി പങ്കെടുക്കുവാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായി. നീരാളി ഫ്രൈ ആയിരുന്നു ഷെഫ് സ്പെഷ്യൽ ആയി ഉണ്ടാക്കിയത്.

അങ്ങനെ ഞങ്ങളുടെ ഇത്തവണത്തെ ഒത്തുചേരൽ കാക്കനാട്ടെ നോവോടെൽ ഹോട്ടലിൽവെച്ച് അതി ഗംഭീരമായി നടത്തപ്പെട്ടു. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. ഹോട്ടലിന്റെ സർവ്വീസിൽ എല്ലാവരും തൃപ്തരുമായിരുന്നു. സമ്മേളനം, വിവാഹം, മറ്റു ചടങ്ങുകള്‍ എന്നിവ നടത്താന്‍ മൂന്ന് മീറ്റിങ്ങ് റൂമുകള്‍ നോവോടെല്ലിലുണ്ട്. ഇതില്‍ 200 ആളുകളെ വരെ ഉള്‍ക്കൊളളാനാവും. നോവോടെല്ലില്‍ നിന്ന് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേയ്ക്ക് 40 മിനിറ്റ് കൊണ്ട് റോഡ് മാര്‍ഗം എത്താം. എറണാകുളം റയില്‍വേ സ്റ്റേഷനിലേയ്ക്ക് 30 മിനിറ്റ് ഡ്രൈവ് ചെയ്ത് എത്താനാവും. കേരളത്തിലെ ഏറ്റവും വലിയ അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലായും നോവോടെല്ലിനു സമീപമാണ്. അൽപ്പം പണം മുടക്കാൻ താല്പര്യമുണ്ടെങ്കിൽ നിങ്ങൾക്കും നോവോട്ടെല്ലിലെ വിശേഷങ്ങളും സേവനങ്ങളും നേരിട്ട് അനുഭവിച്ചറിയാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.