ചൈനയിലെ മുന്തിരിത്തോട്ടങ്ങൾ സന്ദർശിച്ച ശേഷം ഞങ്ങൾ അടുത്ത ലൊക്കേഷൻ തേടി യാത്രയായി. ഗ്രാമങ്ങൾ, ഗ്രാമങ്ങൾ എന്നു പറഞ്ഞുകൊണ്ട് യാത്ര തുടർന്നെങ്കിലും തനിഗ്രാമങ്ങളൊന്നും ഞങ്ങൾക്ക് കാണുവാൻ സാധിച്ചില്ല. എങ്കിലും നിരാശപ്പെടാതെ ഞങ്ങൾ യാത്ര തുടർന്നു.
കുറച്ചു ദൂരം ചെന്നപ്പോൾ നമ്മുടെ ഹൈവേ ഓരങ്ങളിൽ കാണപ്പെടുന്നതു പോലെ വഴിയരികിൽ കരിമ്പ് വിൽക്കുന്ന കച്ചവടക്കാരെ കണ്ടു. ചൈനയിൽ കരിമ്പിന്റെ ചാർജ്ജ് കൊടുക്കുന്നത് ഡിജിറ്റൽ പേയ്‌മെന്റ് വഴിയാണ് എന്ന ഒരു വ്യത്യാസം മാത്രമേയുള്ളൂ. കച്ചവടക്കാരെല്ലാം വളരെ സൗഹാർദ്ദപരമായാണ് ഞങ്ങളോട് പെരുമാറിയത്. കരിമ്പിനാണെങ്കിൽ നല്ല രുചിയും ഉണ്ടായിരുന്നു. അങ്ങനെ വാങ്ങിയ കരിമ്പിന്റെ ബാക്കി കട്ട് ചെയ്തതിനു ശേഷം ഞങ്ങൾ പാർസലായി വാങ്ങി കാറിൽക്കയറി യാത്ര തുടർന്നു.
പിന്നെയും കുറച്ചുദൂരം കൂടി മുന്നോട്ടു പോയിക്കഴിഞ്ഞപ്പോൾ ഞങ്ങൾ തനിനാടനായ ഒരു പ്രദേശത്ത് എത്തിച്ചേർന്നു. അങ്ങനെ ഒടുവിൽ ഞങ്ങൾ ചൈനയിലെ നെൽപ്പാടങ്ങൾക്കു നടുവിലെത്തി. മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള ആ പാടത്തിനു നടുവിലൂടെയുള്ള കോൺക്രീറ്റ് റോഡിലൂടെ ബൈജു ചേട്ടൻ ജാഗ്വാർ കാർ ഓടിച്ചു നോക്കി. ഞാനും സഹീർ ഭായിയും കാറിനു വെളിയിലിറങ്ങി വീഡിയോ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്നു.
പാടത്തിനു നടുവിലൂടെയുള്ള വഴിയിൽക്കൂടി പോയിപ്പോയി ഞങ്ങൾ ഏതാണ്ട് തമിഴ്‌നാട് മോഡൽ ഒരു ഏരിയയിൽ എത്തിച്ചേർന്നു. പിന്നെയും പാടത്തിനു നാടുവിലൂടെയായി ഞങ്ങളുടെ യാത്ര. നല്ല ഫോട്ടോജെനിക് ആയിട്ടുള്ള ഒരു പ്രദേശമായിരുന്നു അത്. ചൈനയിൽ വന്നിട്ട് ഇത്രയും ദിവസമായിട്ട് ഇതുപോലെ മനോഹരമായ ഒരു സ്ഥലം ഇപ്പോഴാണ് കാണുന്നത്. പാടത്തിനു നടുവിലൂടെ പോകുന്തോറും വഴിയുടെ വീതി കുറഞ്ഞു കുറഞ്ഞു വന്നിരുന്നു. ഒരു കാറിനു മാത്രം പോകാവുന്ന തരത്തിലായി വഴി. വഴിയുടെ തൊട്ടരികിൽ ചെറിയൊരു കനാലും ഉണ്ടായിരുന്നു. ഒരു കണക്കിനായിരുന്നു ബൈജു ചേട്ടൻ സാഹസികമായി വണ്ടിയോടിച്ചത്. ഒടുവിൽ ഞങ്ങൾ വീതിയുള്ള മറ്റൊരു വഴിയിൽ ചെന്നു കയറി.
അപ്പോൾ സമയം വൈകുന്നേരം നാലുമണി ആയിട്ടുണ്ടായിരുന്നു. പാടങ്ങൾക്കപ്പുറം സൂര്യൻ അസ്തമിക്കുന്നതിനായുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു. അസ്തമയക്കാഴ്ചകൾ കാണുവാൻ സമയമില്ലാതിരുന്നതിനാൽ ഞങ്ങൾ പെട്ടെന്ന് ആ ഗ്രാമത്തിൽ നിന്നും തിരികെ ടൗണിലേക്ക് യാത്രയായി. യിവു നഗരത്തിലേക്ക് ആയിരുന്നു ഞങ്ങളുടെ മടക്കയാത്ര.
മടക്കയാത്രയിൽ ബ്രിട്ടീഷ് – കൊളോണിയൽ മാതൃകയിലുള്ള കുറെ കെട്ടിടങ്ങൾ കാണുവാൻ സാധിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടൽ റൂം വെക്കേറ്റ് ചെയ്തിരുന്നതിനാൽ അന്നത്തെ ദിവസം ഞങ്ങൾ താമസിക്കുവാൻ പ്ലാനിട്ടിരുന്നത് സഹീർ ഭായിയുടെ വീട്ടിൽ ആയിരുന്നു. സ്വന്തമായി കുക്ക് ചെയ്ത് ഡിന്നറൊക്കെ കഴിച്ചു അന്നത്തെ ദിവസം അടിച്ചു പൊളിക്കുവാൻ ഞങ്ങൾ തീരുമാനിച്ചു. ഡിന്നറിനു പാകം ചെയ്യാനുള്ള സാധനങ്ങളെല്ലാം ഞങ്ങൾ ടൗണിൽ നിന്നും വാങ്ങി നേരെ സഹീർഭായിയുടെ വീട്ടിലേക്ക് യാത്രയായി. To contact Saheer Bhai in China : https://www.instagram.com/saheerchn/, Whatsapp: 008615669591916.