ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ട്രെയിൻ യാത്ര. അതായിരുന്നു കഴിഞ്ഞ ദിവസം ഞങ്ങൾ പൂർത്തിയാക്കിയത്. ഡൽഹിയിലേക്ക് ആയിരുന്നു ഞങ്ങളുടെ യാത്ര. അതിനായി ഞങ്ങൾ തിരഞ്ഞെടുത്ത ട്രെയിൻ തിരുവനന്തപുരം – നിസാമുദ്ധീൻ രാജധാനി എക്സ്പ്രസ്സ് ട്രെയിനായിരുന്നു. ഫസ്റ്റ് ക്ലാസ്സ് എസി കോച്ച് ആയിരുന്നു ഞങ്ങൾ യാത്രയ്ക്കായി ബുക്ക് ചെയ്തിരുന്നത്. ഭക്ഷണം, കുളിമുറി തുടങ്ങി ഒരു ഹോട്ടൽ മുറിക്ക് സമാനമായ സൗകര്യങ്ങളുള്ള ഈ ട്രെയിനിലെ ഫസ്റ്റ് AC യിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യണം എന്നുള്ളത് എന്റെ വലിയൊരു ആഗ്രഹമായിരുന്നു. തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് 16000 രൂപ മുടക്കിയാണ്‌ ഞങ്ങൾ രണ്ടുപേരും ഈ ട്രെയിൻ യാത്ര നടത്തിയത്. ഫ്‌ളൈറ്റ് ടിക്കറ്റിനേക്കാളും നിരക്ക് കൂടുതലാണ് രാജധാനി ട്രെയിനുകളിൽ. അതുകൊണ്ട് തന്നെ ട്രെയിൻ യാത്ര ആസ്വദിക്കാനും അതിന്റെ വീഡിയോ നിങ്ങൾക്കായി പകർത്താനും വേണ്ടിയാണ് ഈ യാത്ര ഞങ്ങൾ നടത്തിയത്.

അങ്ങനെ യാത്രയ്ക്കായി ഞങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചേർന്നു. രാത്രി 7.15 ഓടെ പുറപ്പെടേണ്ടിയിരുന്ന രാജധാനി എക്സ്പ്രസ്സ് എന്തോ കാരണത്താൽ 8 മണിക്കൂറോളം വൈകി വെളുപ്പിന് 3 മണി കഴിഞ്ഞിട്ടായിരുന്നു പുറപ്പെട്ടത്. ഞങ്ങൾ ഞങ്ങളുടെ കൂപ്പെ കണ്ടുപിടിച്ച് അതിനകത്ത് കയറി. രണ്ടുപേർക്ക് പറ്റിയ കൂപ്പെയായിരുന്നു ഞങ്ങളുടേത്. നല്ല രീതിയിലുള്ള സൗകര്യങ്ങളെല്ലാം ഞങ്ങളുടെ കോച്ചിൽ ഉണ്ടായിരുന്നു. അതിനിടെ TTR വന്നു ഞങ്ങളുടെ ടിക്കറ്റുകളൊക്കെ പരിശോധിച്ചു. നോർത്ത് ഇന്ത്യക്കാരനായ ഒരു പാവം മനുഷ്യനായിരുന്നു ഞങ്ങളുടെ TTR. തിരുവനന്തപുരം മുതൽ ന്യൂഡൽഹി (നിസാമുദ്ധീൻ) വരെ ഇദ്ദേഹമായിരിക്കും ഡ്യൂട്ടിൽ ഉണ്ടായിരിക്കുക.

ടിക്കറ്റ് പരിശോധനയൊക്കെ കഴിഞ്ഞതിനു ശേഷം ഞങ്ങൾ ആ കോച്ച് മുഴുവനും കാണുവാനായി അതിനകത്തുകൂടെ നടന്നു. ആദ്യം നോക്കിയത് വൃത്തിയുള്ള ടോയ്‌ലറ്റ് ഉണ്ടോയെന്നായിരുന്നു. യൂറോപ്യൻ, ഇന്ത്യൻ ക്ളോസറ്റുകൾ ഉള്ള ടോയ്‌ലറ്റുകളും കുളിക്കുന്നതിനായുള്ള ബാത്ത് റൂമും ഞങ്ങളുടെ കോച്ചിൽ ഉണ്ടായിരുന്നു. സഹിക്കാൻ കഴിയുന്ന വൃത്തിയൊക്കെ ടോയ്‌ലറ്റുകൾക്ക് ഉണ്ടായിരുന്നു.

ഞങ്ങൾ യാത്ര ചെയ്തിരുന്നത് രണ്ടുപേർക്ക് മാത്രമുള്ള കൂപ്പെയിൽ ആയിരുന്നുവെങ്കിലും അടുത്തായി നാലു പേർക്ക് വീതം യാത്ര ചെയ്യാവുന്ന കാബിനുകളും ഉണ്ട്. അതിനിടെ ഞങ്ങൾക്കായുള്ള കുടിവെള്ളവും പില്ലോകളും ബ്ലാങ്കറ്റുകളും ഒക്കെയായി ട്രെയിനിലെ അറ്റൻഡർ വന്നു. ഇത്രയും കാശു മുടക്കി യാത്ര ചെയ്യുന്നതല്ലേ, യാത്രയ്ക്കിടയിൽ നമുക്ക് ഭക്ഷണവും വെള്ളവുമെല്ലാം ടിക്കറ്റ് ചാർജ്ജിൽ അടങ്ങിയതാണ്.

ട്രെയിൻ എടുത്തു കൊല്ലം ഭാഗം കഴിഞ്ഞപ്പോൾ ഞങ്ങൾ പതിയെ ഉറക്കത്തിലേക്ക് നീങ്ങി. പിന്നെ രാവിലെയായപ്പോഴായിരുന്നു ഞങ്ങൾ ഉറക്കമെഴുന്നേറ്റത്. വണ്ടി ഷൊർണൂരിൽ എത്തിയപ്പോൾ ഞങ്ങൾക്കായുള്ള ചായയും ബ്രേക്ക് ഫാസ്റ്റുമായി ഒരു അറ്റൻഡർ എത്തി. ഹിന്ദിക്കാരനായ അറ്റൻഡറെ ശ്വേത ഹിന്ദിയൊക്കെ പറഞ്ഞുകൊണ്ട് കയ്യിലെടുക്കുന്നുണ്ടായിരുന്നു. ഉപ്പുമാവ്, ബ്രെഡ്, കോൺഫ്ലെക്സ്, ജ്യൂസ്, ഓംലറ്റ് തുടങ്ങിയവയായിരുന്നു ഞങ്ങളുടെ ബ്രേക്ക് ഫാസ്റ്റ്. നല്ല രുചിയുള്ള ഭക്ഷണമായിരുന്നു.

അങ്ങനെ ഞങ്ങൾ ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞപ്പോഴേക്കും ട്രെയിൻ ഷൊർണൂരിൽ നിന്നും വീണ്ടും യാത്ര തുടങ്ങിയിരുന്നു. കോച്ചുകളിൽ ഘടിപ്പിച്ചിട്ടുള്ള സ്പീക്കറുകളിലൂടെ ട്രെയിൻ നിർത്തുന്ന സ്റ്റേഷനുകളുടെ വിവരങ്ങൾ അനൗൺസ്മെന്റായി പറയുന്നുണ്ടായിരുന്നു. അതുപോലെ തന്നെ ഓരോ സ്റ്റേഷനിൽ നിന്നും കയറുന്ന യാത്രക്കാരെ സ്വാഗതം ചെയ്യുന്ന തരത്തിലുള്ള അനൗൺസ്മെന്റുകളും ഉണ്ട്.

ഞങ്ങൾ കോഴിക്കോട് എത്തിയപ്പോൾ ഞങ്ങളുടെ ട്രെയിനിൽ എക്സ്ട്രാ ഒരു എഞ്ചിൻ കൂടി ഘടിപ്പിക്കുന്നത് കണ്ടു. അത് എന്തിനാണാവോ? ചിലപ്പോൾ നല്ല പുള്ളിംഗ് കിട്ടാൻ വേണ്ടിയായിരിക്കും. ട്രെയിൻ കോഴിക്കോട് വിട്ടപ്പോൾ ഞാൻ കുളിക്കുവാൻ കയറി. ആദ്യമായിട്ടായിരുന്നു ഓടുന്ന ട്രെയിനിൽ നിന്നുകൊണ്ടൊരു കുളി. അല്പം ബാലൻസ് ചെയ്ത് നിന്നു വേണം കുളിക്കുവാൻ. ഇതിപ്പോൾ എസി കോച്ച് ആയതിനാൽ കുളിക്കാനൊക്കെ സാധിച്ചു. വല്ല ജനറലോ സ്ലീപ്പറോ ഒക്കെ ആണെങ്കിൽ ടോയ്‌ലറ്റിൽ കയറുവാൻ പോലും സാധിക്കുമായിരുന്നില്ല. അത്രയ്ക്ക് അലമ്പാണ് നോർത്ത് ഇന്ത്യയിലെ ട്രെയിൻ യാത്രകൾ.

അങ്ങനെ ഉച്ചയായപ്പോൾ ഞങ്ങൾ കാസർഗോഡ് ഭാഗത്ത് എത്തിയിരുന്നു. കാസർഗോഡ് ഈ രാജധാനി എക്സ്പ്രസിന് സ്റ്റോപ്പ് ഇല്ലെന്നത് ഒരു ചെറിയ പോരായ്മയായി എനിക്ക് തോന്നി. ട്രെയിനിലെ ലഞ്ചിന്റെ സമയമായി. ഭക്ഷണത്തിനു മുൻപ് ആദ്യം സൂപ്പ് ആണ് ഞങ്ങൾക്ക് സെർവ് ചെയ്തത്. നല്ല രുചിയുള്ള ടൊമാറ്റോ സൂപ്പ് ആയിരുന്നു ഞങ്ങൾക്ക് ലഭിച്ചത്. സൂപ്പ് കുടിച്ചു കഴിഞ്ഞപ്പോഴേക്കും ഞങ്ങളുടെ ലഞ്ച് എത്തിച്ചേർന്നു. ചോറ്, ചപ്പാത്തി, ചിക്കൻ കറി, പരിപ്പ് കറി, വെണ്ടയ്ക്ക റോസ്റ്റ്, തൈര് എന്നിവയടങ്ങിയതായിരുന്നു ലഞ്ച്. ഇതിൽ ചപ്പാത്തിയും വേജ് കറികളും ശ്വേതയ്ക്കുള്ളതാണ്. ഭക്ഷണത്തിനു ശേഷം അൽപ്പം നുണയുവാൻ മധുരം കൂടി ലഞ്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ഭക്ഷണം നല്ല രുചിയോടെ തന്നെ ഞങ്ങൾ കഴിച്ചു.

അപ്പോഴേക്കും ട്രെയിൻ മംഗലാപുരം സ്റ്റേഷനിൽ എത്തിയിരുന്നു. ഇനി മംഗലാപുരത്ത് 15 മിനിറ്റുകളോളം സമയം ട്രെയിൻ നിർത്തിയിടും എന്നാണു അറിഞ്ഞത്. മംഗലാപുരം വരെ നാം സ്ഥിരം കാണുന്ന കാഴ്ചകളൊക്കെ തന്നെയാണ്. എന്നാൽ കൊങ്കൺ റൂട്ടിലേക്ക് കടക്കുമ്പോഴാണ്‌ ഇനി കാഴ്ചകളുടെ പൂരം. മംഗലാപുരം മുതൽ ഡൽഹി വരെയുള്ള ബാക്കി കാഴ്ചകളും വിശേഷങ്ങളും ഇനി അടുത്ത എപ്പിസോഡിൽ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.