അഞ്ചു ദിവസത്തെ കിടിലൻ കപ്പൽയാത്രയും സിംഗപ്പൂർ സിറ്റി ടൂറും ഒക്കെ കഴിഞ്ഞു ഞങ്ങൾ സിംഗപ്പൂർ ചങ്കി എയർപോർട്ടിൽ എത്തിച്ചേർന്നു. ടീം ബോൺവോ അവിടെ നിന്നും കൊച്ചിയിലേക്കും ഞാൻ തായ്‌ലൻഡിലെ ബാങ്കോക്കിലേക്കും ആയിരുന്നു പറന്നത്. തായ്‌ലന്റിൽ നമ്മുടെ ഹാരിസ് ഇക്കയുമായി കുറച്ചുദിവസം അടിച്ചുപൊളിക്കണം. അതിനാണ് ഈ യാത്ര.

ചെക്ക് ഇൻ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുവാനായി സെൽഫ് ചെക്ക്-ഇൻ കിയോസ്‌ക്കുകൾ എയർപോർട്ടിൽ ഉണ്ടായിരുന്നു. യാത്രക്കാർക്ക് എളുപ്പത്തിൽ സ്വയം ചെക്ക് ഇൻ ചെയ്യാം. ഞാൻ അതുവഴി എളുപ്പത്തിൽ ചെക്ക് ഇൻ ചെയ്തു. അങ്ങനെ ബോർഡിംഗ് പാസ്സ് കരസ്ഥമാക്കി ഞാൻ ചെക്ക് ഇൻ ബാഗേജ് ഡ്രോപ്പ് ചെയ്തു.

ബാഗേജ് ഡ്രോപ്പ് ചെയ്തു കഴിഞ്ഞു പിന്നെ നേരെ സെക്യൂരിറ്റി ചെക്കിംഗിനായിരുന്നു ഞാൻ പോയത്. രണ്ടു മിനിട്ടുകൾക്കകം എല്ലാ ചെക്കിംഗും കഴിഞ്ഞു ഞാൻ സ്വതന്ത്രനായി. ഇനിയുള്ള സമയം ലോഞ്ചിൽ ഇരുന്നു വിശ്രമിക്കണം. അതിനു മുൻപായി ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലൂടെ കാഴ്ചകളെല്ലാം ഞാൻ കണ്ടുകൊണ്ടു നടന്നു.

സിംഗപ്പൂർ എയർപോർട്ട് ഒരു സംഭവം തന്നെയായിരുന്നു. ഒരു ചെറിയ ടൂറിനു വേണ്ട കാഴ്ചകളെല്ലാം അവിടെ നമുക്ക് കാണുവാനും അനുഭവിക്കുവാനും സാധിക്കും. ഹാരിസ് ഇക്ക തായ്‌ലൻഡിൽ 25 പേരോളമടങ്ങിയ ഒരു ടൂർ ടീമിനൊപ്പം മുന്നേ തന്നെ എത്തിയിട്ടുണ്ട്. ആ ടൂർ ടീം രണ്ടു ദിവസത്തിനുള്ളിൽ നാട്ടിലേക്ക് മടങ്ങും. അതിനു മുൻപ് ഒരു ദിവസം ഞാൻ അവരോടൊപ്പമായിരിക്കും ചെലവഴിക്കുക. അവർ പോയതിനു ശേഷമുള്ള അടുത്ത അഞ്ചു ദിവസങ്ങൾ ഹാരിസ് ഇക്കയുമായി അടിച്ചു പൊളിക്കും. അതായിരുന്നു ഞങ്ങളുടെ തായ്‌ലൻഡ് പ്ലാൻ.

ലോഞ്ച് ആക്സസ് ഉണ്ടായിരുന്നതിനാൽ ഞാൻ അതിൽക്കയറി ഭക്ഷണമെല്ലാം കഴിച്ചു. സിംഗപ്പൂർ സമയം രാത്രി പത്തുമണി ആയതോടെ എൻ്റെ വിമാനത്തിലേക്കുള്ള ബോർഡിങ് ആരംഭിച്ചു. എയർഏഷ്യ ആയിരുന്നു നമ്മുടെ ഫ്‌ളൈറ്റ്. വിമാനത്തിൽ കയറിയശേഷം അധികം വൈകാതെ ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണു. രണ്ടു മണിക്കൂറുകൾക്കു ശേഷം വിമാനം ബാങ്കോക്കിൽ ലാൻഡ് ചെയ്യുവാനൊരുങ്ങുമ്പോൾ എയർ ഹോസ്റ്റസ് വന്നു എന്നെ വിളിച്ചുണർത്തി.

വിമാനം ലാൻഡ് ചെയ്തതിനു ശേഷം നേരെ ഇമിഗ്രെഷൻ ഏരിയയിലേക്ക് ഞാൻ ഓടി. വിസ ഓൺ അറൈവൽ ഫോമുകൾ പൂരിപ്പിച്ചതിനു ശേഷം അവിടെ എക്സ്പ്രസ്സ് കൗണ്ടറിൽ കൊണ്ടുപോയി പാസ്സ്‌പോർട്ട്, അവിടത്തെ ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ തുടങ്ങിയവയും ഒപ്പം 200 തായ് ബാത്തും (കറൻസി) കൂടി കൊടുത്തു. ഈ പൈസ ഒരുതരം കൈക്കൂലിയാണ് എന്നു വേണമെങ്കിൽ പറയാം. ഇതു കൊടുത്താൽ പിന്നെ അനാവശ്യ ചോദ്യങ്ങളും മറ്റുമൊന്നും ഇമിഗ്രെഷൻ ഓഫീസർ ചോദിക്കില്ലത്രേ.

അങ്ങനെ ഇമിഗ്രെഷൻ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഞാൻ പുറത്തേക്ക് കടന്നു. അവിടെ എന്നെ പിക്ക് ചെയ്യുവാനായി ഹാരിസ് ഇക്ക ഒരാളെ ഏർപ്പാടാക്കിയിരുന്നു. ആ പയ്യൻ എൻ്റെ പേരെഴുതിയ ബോർഡുമൊക്കെ പിടിച്ചു നിന്നിരുന്നതിനാൽ എളുപ്പത്തിൽ ബാക്കി കാര്യങ്ങളെല്ലാം നടന്നു. അങ്ങനെ അവിടെ നിന്നും കാറിൽക്കയറി നേരെ പട്ടായയിലേക്ക് പാഞ്ഞു.

രണ്ടു മണിക്കൂറുകൾ കഴിഞ്ഞു ഞങ്ങൾ പട്ടായയിൽ എത്തിച്ചേർന്നു. അപ്പോൾ സമയം വെളുപ്പിന് മൂന്നുമണി ആയിരുന്നു. പക്ഷെ പട്ടായ നഗരം അപ്പോഴും ഉണർന്നിരിക്കുകയായിരുന്നു. നേരെ ഹോട്ടലിലേക്ക് ചെന്നു. അവിടെ ആ സമയത്തും ഹാരിസ് ഇക്ക എന്നെ കാത്തിരിക്കുകയായിരുന്നു. നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ ഞാൻ നേരെ ഹാരിസ് ഇക്കയുടെ കൂടെ റൂമിലേക്ക് ചെന്നു. ഇനി ഒന്നുറങ്ങണം. എന്നിട്ടാകാം ബാക്കി പരിപാടികൾ. തായ്‌ലൻഡ് വിശേഷങ്ങൾ തുടങ്ങുന്നേയുള്ളൂ. അതെല്ലാം അടുത്ത ഭാഗങ്ങളിൽ കാണാം.

ഹണിമൂണോ, ഫാമിലി ട്രിപ്പോ, ഗ്രൂപ്പ് ടൂറോ ഏതുമായിക്കൊള്ളട്ടെ തായ്‌ലൻഡ്, മലേഷ്യ തുടങ്ങി ഏതു രാജ്യത്തേക്കുള്ള യാത്രാ പാക്കേജുകൾക്കും നിങ്ങൾക്ക് ഹാരിസ് ഇക്കയെ വിളിക്കാവുന്നതാണ്. വിളിക്കേണ്ട നമ്പർ – 98465 71800.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.