പിനാവാലയിലെ ആനകളുടെ ഓർഫനേജ്, അവിടത്തെ ആനകളുടെ നീരാട്ട് എന്നിവയൊക്കെ കണ്ടതിനു ശേഷം ഞങ്ങൾ അടുത്ത സ്ഥലത്തേക്ക് യാത്രയായി. ദാംബുള്ള എന്ന സ്ഥലത്തെ മലമുകളിലുള്ള ഒരു ഗുഹാ ക്ഷേത്രം കാണാനായിരുന്നു പിന്നീട് ഞങ്ങളുടെ യാത്ര.
സമയം ഉച്ചയോടടുത്തതിനാൽ ഞങ്ങൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. ഡ്രൈവർ ജനകയോട് ഞങ്ങൾ ഈ കാര്യം പറഞ്ഞപ്പോൾ ഉടൻ തന്നെ അദ്ദേഹം കാർ ഒരു ഇക്കോ ഫ്രണ്ട്ലി റെസ്റ്റോറന്റിലേക്ക് തിരിച്ചു. വളരെ ശാന്തമായ അന്തരീക്ഷമായിരുന്നു ആ പരിസരം.മുളങ്കാടുകൾക്കു നടുവിലായുള്ള ഒരു കിടിലൻ റെസ്റ്റോറന്റ് തന്നെയായിരുന്നു അത്. ഇക്കോ ഫ്രണ്ട്ലി ഒക്കെയായതിനാൽ വിഭവങ്ങൾക്ക് അത്യാവശ്യം നല്ല റേറ്റ് തന്നെയായിരുന്നു അവിടെ.
ഞങ്ങൾ ബുഫെ ലഞ്ച് ആയിരുന്നു തിരഞ്ഞെടുത്തത്. ധാരാളം വിഭവങ്ങളുടെ നീണ്ട ഒരു നിര തന്നെയായിരുന്നു അവിടെ. റേറ്റ് അൽപ്പം കത്തി ആയിരുന്നുവെങ്കിലും ഭക്ഷണം വളരെ രുചികരമായിരുന്നു. മുളങ്കാടുകൾക്ക് അരികിലായി, നല്ല കാറ്റൊക്കെ കൊണ്ട്, ഓപ്പൺ എയറിൽ ആയിരുന്നു ഞങ്ങൾ ഇരുന്നു ഭക്ഷണം കഴിച്ചത്. ഡ്രൈവർ ജനകയും അവിടെ നിന്നും ഭക്ഷണം കഴിച്ചു.
ഭക്ഷണത്തിനു ശേഷം ആശ്വാസത്തോടെ ഞങ്ങൾ ദാംബുള്ള ലക്ഷ്യമാക്കി യാത്ര തുടർന്നു. ഞങ്ങൾ ഭക്ഷണം കഴിക്കുവാൻ നിർത്തിയ സ്ഥലത്തു നിന്നും ഏകദേശം ഒന്നര മണിക്കൂറോളം യാത്രയുണ്ടായിരുന്നു ദാംബുള്ളയിലേക്ക്. പോകുന്ന വഴിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പ് ഞങ്ങൾ കണ്ടു. റോഡുകൾ ആണെങ്കിൽ നല്ല അടിപൊളി തന്നെയായിരുന്നു. നമ്മുടെ തമിഴ്‌നാട്ടിലെ കിടിലൻ റോഡുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു റോഡുകളുടെ ക്വാളിറ്റി.
ജനകയുടെ ഡ്രൈവിംഗ് നല്ല സ്മൂത്ത് ആയിരുന്നതിനാൽ ഞങ്ങൾ യാത്രയ്ക്കിടയിൽ കാറിലിരുന്ന് നന്നായി ഒന്നുറങ്ങി. നല്ല റോഡിലൂടെ കുറേദൂരം യാത്ര ചെയ്തതിനു ശേഷം പിന്നീട് ഞങ്ങൾ ചെറിയൊരു വഴിയിലേക്ക് കയറി. ഏതാണ്ട് ഒരു കാട് പോലെ തോന്നിപ്പിച്ച ആ സ്ഥലത്തുകൂടി ഞങ്ങൾ യാത്ര തുടർന്നു. വഴിയുടെ അപ്പുറത്തും ഇപ്പുറത്തുമായി ചില ചരിത്രപരമായ നിർമ്മിതികളുടെ അവശിഷ്ടങ്ങൾ കാണുവാൻ സാധിച്ചു. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സ്ഥലമാണ് അതെന്നു തോന്നുന്നു.
അങ്ങനെ ഞങ്ങൾ സ്ഥലത്തെത്തിച്ചേർന്നു. താഴെ വണ്ടികൾ പാർക്ക് ചെയ്തിട്ടു സ്റ്റെപ്പ് കയറി കുന്നിൻ മുകളിലേക്ക് പോകേണ്ടതായുണ്ട്. അവിടെയാണ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ധാരാളം കുരങ്ങന്മാർ ആ പരിസരങ്ങളിൽ ഉണ്ടായിരുന്നു. സന്ദർശകർ കൊടുക്കുന്ന ഭക്ഷണ സാധനങ്ങൾ പ്രതീക്ഷിച്ചായിരുന്നു അവരുടെ ആ ഇരിപ്പ്. ഗുഹാക്ഷേത്രത്തിലേക്ക് പോകുവാനായി ഒരാൾക്ക് 1500 ശ്രീലങ്കൻ രൂപയാണ് ചാർജ്ജ്. ഏതാണ്ട് 750 ഇന്ത്യൻ രൂപയോളം വരും.
ഞങ്ങൾ ടിക്കറ്റുകൾ എടുത്തിട്ട് മലമുകളിലേക്ക് സ്റ്റെപ്പ് കയറുവാൻ തുടങ്ങി. പടികൾ കയറുവാൻ ശ്വേതയ്ക്ക് നല്ല മടിയായിരുന്നു ആദ്യം. ഒടുവിൽ ഞാൻ നിർബന്ധിച്ചു പുള്ളിക്കാരിയെ മുകളിലേക്ക് ആനയിച്ചു. ജനക ഞങ്ങൾക്ക് മുന്നേ വഴികാട്ടിയെപ്പോലെ, ഞങ്ങൾക്ക് കയറുവാൻ പ്രചോദനം നൽകിക്കൊണ്ട് നടക്കുന്നുണ്ടായിരുന്നു. മുകളിലേക്ക് പോകുന്ന വഴിയിൽ ചിലയിടങ്ങളിൽ കച്ചവടക്കാർ സ്ഥാനമുറപ്പിച്ചിരിക്കുന്നത് കാണാമായിരുന്നു.
ഞങ്ങൾ കയറിപ്പോകുമ്പോൾ കുറെ ടൂറിസ്റ്റുകൾ താഴേക്ക് ഇറങ്ങി വരുന്നുണ്ടായിരുന്നു. അവരെല്ലാം ഞങ്ങളെ നോക്കി അഭിവാദ്യം ചെയ്യുകയും ഞങ്ങൾ തിരിച്ചു അവരെയും അഭിവാദ്യം ചെയ്യുകയും ചെയ്തു. ഒടുവിൽ കയറിക്കയറി ഞങ്ങൾ ആ കുന്നിൻമുകളിൽ എത്തിച്ചേർന്നു. ഏതാണ്ട് പത്തു മിനിറ്റോളം മാത്രമേ എടുത്തുള്ളൂ മുകളിലെത്തുവാൻ. ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതിനു മുൻപായി നമ്മുടെ ചെരിപ്പുകൾ ഊരണമായിരുന്നു. ഞങ്ങൾ ചെരിപ്പുകൾ ഊരി ക്ഷേത്രത്തിനു വെളിയിൽ അവ സൂക്ഷിക്കുന്ന സ്ഥലത്ത് ഏൽപ്പിച്ചു. ഒരു ജോഡി ചെരിപ്പ് സൂക്ഷിക്കുന്നതിന് 25 രൂപയായിരുന്നു ചാർജ്ജ്.
ക്ഷേത്രപരിസരത്തെ കാഴ്ചകൾ വളരെ മനോഹരമായിരുന്നു. വീശിയടിക്കുന്ന കാറ്റ് എല്ലാവർക്കും ഒരു ഉന്മേഷം പകരുന്നുണ്ടായിരുന്നു. ഈ ക്ഷേത്രത്തെക്കുറിച്ച് പറയുകയാണെങ്കിൽ, പണ്ടുകാലത്ത് ഇതൊരു ബുദ്ധക്ഷേത്രം ആയിരുന്നില്ല. പണ്ടുകാലത്ത് രാജാക്കന്മാർ ഒളിവിൽ താമസിക്കുവാനായി ഉപയോഗിച്ചിരുന്ന ഗുഹകളായിരുന്നു ഇവ. പിന്നീട് കാലക്രമേണ ഇവിടെ ബുദ്ധ സന്യാസികൾ വരികയും ഇത് ബുദ്ധക്ഷേത്രമായി മാറുകയുമായിരുന്നു.രണ്ടായിരത്തിലധികം വർഷങ്ങൾ പഴക്കമുണ്ട് ഈ ഗുഹാ ക്ഷേത്രങ്ങൾക്ക്.
അവിടെ കല്ലുകളിൽ ഈ ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മറ്റേതോ ഭാഷയിൽ കൊത്തിവെച്ചിട്ടുണ്ടായിരുന്നു. ക്ഷേത്രത്തിൽ ക്യാമറ അനുവദനീയമായിരുന്നതിനാൽ ഞങ്ങൾക്ക് അവിടെയെല്ലാം ഷൂട്ട് ചെയ്യുവാൻ സാധിച്ചു. അഞ്ച് ഗുഹാക്ഷേത്രങ്ങളിൽ ആദ്യത്തെ ക്ഷേത്രത്തിനുള്ളിൽ വലിയൊരു പാറക്കല്ലിൽ കൊത്തിയ, കിടക്കുന്ന രീതിയിലുള്ള ശ്രീ ബുദ്ധന്റെ പ്രതിഷ്ഠയാണ് ഉള്ളത്. ധാരാളം ചുമർചിത്രങ്ങളും അവിടെ നമുക്ക് കാണുവാൻ സാധിക്കും. രണ്ടാമത്തെ ക്ഷേത്രം പൊക്കം കുറവായിരുന്നെങ്കിലും കുറച്ചു കൂടി വിസ്താരമുള്ളവയായിരുന്നു. അങ്ങനെ ഞങ്ങൾ അവിടത്തെ ഗുഹാക്ഷേത്രങ്ങളെല്ലാം സന്ദർശിച്ചതിനു ശേഷം അവിടെ നിന്നും ഇറങ്ങുവാൻ തുടങ്ങി. അപ്പോഴേക്കും ചെറിയ രീതിയിൽ മഴ പൊടിഞ്ഞു തുടങ്ങി.നല്ല കാറ്റ് കൂടിയുണ്ടായിരുന്നതിനാൽ മഴ ചെറിയ ചാറ്റലിൽ മാത്രമായി ഒതുങ്ങി. ഞങ്ങൾ എളുപ്പത്തിൽ താഴെയിറങ്ങി.
അവിടെ നിന്നും ഞങ്ങൾ ദാംബുള്ള നഗരത്തിലൂടെ യാത്ര തുടങ്ങി. കൊളംബോ പോലെത്തന്നെ ശ്രീലങ്കയിലെ ഒരു പ്രധാനപ്പെട്ട നഗരമായിരുന്നു ദാംബുള്ള. കുറച്ചു കഴിഞ്ഞു ഞങ്ങൾ നഗരപരിധി പിന്നിട്ട് വീണ്ടും ഒരു ഗ്രാമപ്രദേശത്തുകൂടി യാത്രയാരംഭിച്ചു. പോകുന്ന വഴിയിൽ ചിലയിടങ്ങളിൽ ചെക്കിംഗ് ഉണ്ടായിരുന്നു. തീവ്രവാദി ആക്രമണത്തിനു ശേഷം ഇപ്പോൾ ശ്രീലങ്കയിൽ സുരക്ഷാ പരിശോധന കർശനമാക്കിയിട്ടുണ്ട്.
അവിടെയുള്ള ഒരു മനോഹരമായ റിസോർട്ടിൽ ആയിരുന്നു ഞങ്ങളുടെ അന്നത്തെ താമസം റെഡിയാക്കിയിരുന്നത്. ചെറിയൊരു കാടിനു നടുവിൽ സ്ഥിതി ചെയ്യുന്ന റിസോർട്ട് പരിസരങ്ങൾ വളരെ ശാന്തവും മനോഹരവുമായിരുന്നു. അവിടവിടെയായി സ്ഥിതി ചെയ്യുന്ന കോട്ടേജുകൾ, സ്വിമ്മിംഗ് പൂൾ, റെസ്റ്റോറന്റ്, വാക്കിംഗ് ഏരിയ തുടങ്ങിയവയെല്ലാം അവിടെ കാണാമായിരുന്നു. അവിടെ കണ്ട ഒരു കോട്ടേജിലെ മുകൾ നിലയിലായിരുന്നു ഞങ്ങളുടെ റൂം. റൂമിന്റെ കാര്യം പറയുകയേ വേണ്ട, അടിപൊളി തന്നെയായിരുന്നു. യാത്രയൊക്കെ കഴിഞ്ഞു ക്ഷീണിച്ചിരുന്നതിനാൽ ഞങ്ങൾ ഡിന്നർ കഴിച്ചതിനു ശേഷം അധികം വൈകാതെ വിശ്രമത്തിലേക്കും അവിടെ നിന്നും ഉറക്കത്തിലേക്കും വഴുതി വീണു.