തായ്ലാന്‍ഡ്‌ ട്രിപ്പിനു ശേഷമുള്ള ഞങ്ങളുടെ അടുത്ത ഇന്‍റര്‍നാഷണല്‍ ട്രിപ്പ് മലേഷ്യയിലേക്ക് ആയിരുന്നു. 2018 ഫെബ്രുവരി 16 നായിരുന്നു ഞങ്ങളുടെ യാത്ര. രാവിലെതന്നെ ഞാന്‍ കാറുമായി വീട്ടില്‍ നിന്നും എറണാകുളത്തേക്ക് തിരിച്ചു. എറണാകുളത്ത് ലുലു മാളിലൊക്കെ കയറി അത്യാവശ്യം ചെറിയൊരു ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് ഞാന്‍ നേരെ പോയത് ഞങ്ങളെ മലേഷ്യയിലേക്ക് കൊണ്ടുപോകുന്ന ഹാരിസ് ഇക്കയുടെ (RoyalSky Holidays) കളമശ്ശേരിയിലേക്കുള്ള ഓഫീസിലേക്കായിരുന്നു.

ഓഫീസില്‍ എത്തിയപ്പോള്‍ ഹാരിസ് ഇക്ക കുറച്ച് തിരക്കില്‍ ആയിരുന്നു. മലേഷ്യന്‍ ട്രിപ്പിനായി ഒരുങ്ങുന്ന തിരക്കും ഉണ്ട് കൂടെ. യാത്രാവശ്യത്തിനുള്ള പണം മലേഷ്യയിലെ കറന്‍സിയായ റിങ്കറ്റ് ആക്കി മാറ്റുകയായിരുന്നു ഹാരിസ് ഇക്ക. ഓഫീസില്‍ നിന്നും ഉച്ചതിരിഞ്ഞു ഞാനും ഹാരിസ് ഇക്കയും കൂടി ഇക്കയുടെ മാളയിലുള്ള വീട്ടിലേക്ക് യാത്രയായി.

പോകുന്ന വഴിക്ക് tech travel eat ന്‍റെ പ്രമോഷണല്‍ മാനേജറും ക്യാമറാമാനും ഒക്കെയായ പ്രശാന്തിനെ നോര്‍ത്ത് പറവൂരില്‍ നിന്നും പിക്ക് ചെയ്തു. ബാഗൊക്കെ പാക്ക് ചെയ്ത് പോകാന്‍ റെഡിയായി നില്‍ക്കുകയായിരുന്നു പ്രശാന്ത്‌. മാളയിലുള്ള ഹാരിസ് ഇക്കയുടെ വീട്ടില്‍ എത്തിയപ്പോള്‍ വൈകുന്നേരം ആയിരുന്നു. ഇക്കയുടെ വീട്ടുകാരെയൊക്കെ പരിചയപ്പെട്ടു. മൂന്നു മക്കളാണ് ഹാരിസ് ഇക്കയ്ക്ക്. എല്ലാവരും നല്ല കമ്പനിയായിരുന്നു. ചായകുടിയൊക്കെ കഴിഞ്ഞശേഷം എന്‍റെ പാക്കിംഗ് ആരംഭിച്ചു. ലുലു മാളില്‍ നിന്നും ഞാന്‍ ഒരു പുതിയ ട്രോളി ബാഗ് വാങ്ങിയിരുന്നു. ഏകദേശം 5000 രൂപയായി VIP യുടെ ആ ബാഗിന്.

ഡ്രസ്സും ആവശ്യം വേണ്ട മറ്റു സാധനങ്ങളും ഒക്കെ പുതിയ ബാഗില്‍ ഭദ്രമായി പാക്ക് ചെയ്തു വെച്ചു. ഇതിനിടെ ഹാരിസ് ഇക്ക ഡിന്നറിനായുള്ള ഭക്ഷണം ഒരുക്കിയിരുന്നു. ഏകദേശം 7.30 ഓടെ ഞങ്ങള്‍ ഭക്ഷണം കഴിച്ചു. കുറച്ചു സമയം കൂടി ഇരുന്നശേഷം ഞങ്ങള്‍ ഹാരിസ് ഇക്കയുടെ കാറില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് യാത്ര തിരിച്ചു. രാത്രി 11.10 നു ആയിരുന്നു ഞങ്ങളുടെ ഫ്ലൈറ്റ്. കൊച്ചിയില്‍ നിന്നും ക്വലാലംപൂരിലേക്കുള്ള എയര്‍ഏഷ്യ വിമാനത്തിലായിരുന്നു ഞങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

രാത്രി 9 മണിയോടെ ഞങ്ങള്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു. എയര്‍പോര്‍ട്ടിലെ വിശാലമായ കാര്‍ പാര്‍ക്കിംഗ് യാര്‍ഡില്‍ ഞങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്തു. ഒരു ദിവസത്തേക്ക് ഇവിടെ കാര്‍ പാര്‍ക്ക് ചെയ്യുവാന്‍ 250 രൂപയാണ് ചാര്‍ജ്. നല്ല കത്തി ചാര്‍ജ്ജാണ്. ആരോട് പറയാന്‍…എന്തോന്ന് പറയാന്‍….

എയര്‍പോര്‍ട്ടിലെ ചെക്ക് ഇന്‍ കൌണ്ടറുകളില്‍ തിരക്ക് കുറവായതിനാല്‍ ഞങ്ങളുടെ ചെക്ക് ഇന്‍ പെട്ടെന്നു കഴിഞ്ഞു. രണ്ടു ലഗേജുകള്‍ ഞങ്ങള്‍ ഫ്ലൈറ്റിലെ കാര്‍ഗോ സെക്ഷനില്‍ കയറ്റുവാനായി ചെക്ക് ഇന്‍ കൌണ്ടറില്‍ ഏല്‍പ്പിച്ചു. ഇമിഗ്രേഷന്‍ കൌണ്ടറിലും വല്യ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. എല്ലാ പരിശോധനകളും കഴിഞ്ഞശേഷം ഞങ്ങള്‍ ഗേറ്റിനരികിലുള്ള വെയിറ്റിംഗ് സെക്ഷനില്‍ ഇരുന്നു. ഹാരിസ് ഇക്കയും പ്രശാന്തും തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യുന്നുണ്ടായിരുന്നു.

അങ്ങനെ സമയമായപ്പോള്‍ ഞങ്ങള്‍ വിമാനത്തിലേക്ക് കയറി. ഫ്ലൈറ്റില്‍ അത്യാവശ്യം തിരക്കുണ്ടായിരുന്നു. ഇനി നാലു മണിക്കൂര്‍ യാത്രയാണ്. പതിയെ ഞങ്ങള്‍ ഉറക്കത്തിലേക്ക് വഴുതി വീഴട്ടെ…

മലേഷ്യ ട്രിപ്പ് പോകാൻ ഹാരിസ് ഇക്കയെ വിളിക്കാം: 9846571800

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.